Sunday 12 April 2015

കർത്തരീമുഖം


വാരാദ്യമാധ്യമം 2015 ഏപ്രിൽ 12   ക്യാപ്‌ തലയിൽ നിന്നെടുത്തപ്പോഴാണ്‌ അതിലാകെ നനവു വീണിരിക്കുന്നതറിയുന്നത്‌. നിലാവിനൊപ്പം എത്ര സാന്ദ്രമായാണ്‌ മഞ്ഞു പെയ്യുന്നത്‌? ആട്ടം നടക്കുന്നു-സന്താനഗോപാലം. പ്രധാന ഉത്സവമൊന്നുമല്ല; മറ്റെന്തോ വിശേഷാൽദിനം. ക്ഷേത്രമുറ്റത്തെ തുറന്ന സ്റ്റേജാണെങ്കിലും കസേരകൾ നിരത്തിയിട്ടുണ്ട്‌; അതിൽ പകുതിയോളം നിറഞ്ഞ കാണികൾ.

കഥകളി പണ്ടേ പ്രിയമാണ്‌. പദങ്ങൾ ഉയർന്നും താഴ്‌ന്നും വീശിക്കൊണ്ടിരിക്കുന്നതു കൊണ്ടു മാത്രമാണ്‌ അങ്ങോട്ടുമിങ്ങോട്ടും ചായാതെ ഇങ്ങനെ പിടിച്ചുനിൽക്കുന്നത്‌. അല്ലെങ്കിൽ കണ്ണുകളിൽ ഇടയ്ക്കിടെ ഭാരം തൂക്കിവെക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഉറക്കത്തിന്‌ കീഴ്പ്പെട്ടുപോയേനേ. ക്ഷീണാധിക്യത്തിൽ ഇങ്ങനെ ഒരേനിൽപ്പ്‌ തുടരുന്നത്‌ അത്ര പന്തിയല്ലെന്നറിയാം. സ്റ്റേജിന്റെ വശങ്ങളിലൂടെ ഒന്നു നടന്നുവരാം. കടലക്കച്ചവടക്കാരന്റെ മുന്നിൽപ്പോയി രണ്ടു വർത്തമാനം പറയാം. ഡ്യൂട്ടി തുടങ്ങുമ്പോൾ ഒറ്റയ്ക്കായിരുന്നില്ല. ഏതോ മദ്യപൻ വീട്ടിലെ മരത്തിൽ തൂങ്ങിയെന്നുള്ള വിവരമറിഞ്ഞ്‌ ജീപ്പുവന്ന് മറ്റു രണ്ടുപേരെ എടുത്തുകൊണ്ടുപോയി. ഇവിടമാണെങ്കിൽ ചെറിയ ചില പ്രശ്നങ്ങളൊക്കെയുള്ള സ്ഥലം കൂടിയാണ്‌.

ഷൂലേസ്‌ ഒന്നു അയച്ചുകെട്ടി നിവർന്നു. പുറത്ത്‌ ചെറു തണുപ്പുണ്ടെങ്കിലും ഉള്ളു നിറയെ ഉഷ്ണം.

ചാർജ്ജ്‌ വറ്റിയ ഫോൺ കീശയിലങ്ങനെ ചത്തുകിടപ്പായിട്ട്‌ നേരമേറെയായി. വൈകുന്നേരമൊന്ന് വിളിച്ചു മിണ്ടാൻ പറ്റിയത്‌ കാര്യമായി. കഴിഞ്ഞ രാത്രിയിലും അസ്വസ്ഥതകൾ അവളെ ഉറക്കിയിട്ടില്ല. രണ്ടുതവണ അബദ്ധം പിണഞ്ഞിട്ടുള്ളതിനാൽ ഇക്കുറി വളരെ ശ്രദ്ധിക്കണമെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിരിക്കുന്നു. വയറും താങ്ങി, നോക്കിനോക്കിയിരുന്ന് പാവം ഇപ്പോൾ വിഷമിക്കുന്നുണ്ടാവും. രണ്ടു മതക്കാരായാൽ എല്ലാ ദൈവങ്ങളും അടുക്കാതെ മാറിനിൽക്കുമെന്ന് മുന്നേയ്ക്കുമുന്നേ തെളിഞ്ഞതാണല്ലോ. രക്തത്തിലുള്ള ഒരാളുടെയും സഹായമില്ല.

വീട്ടിലേക്ക്‌ നടന്നുപോകാവുന്ന ദൂരമേയുള്ളൂ. എന്നാലും ഡ്യൂട്ടി കഴിയാതെ പോകുന്നതെങ്ങനെ..? ഇന്നേവരെ കൃത്യനിർവ്വഹണത്തിൽ ഒരു വിലോപവും കാണിച്ചിട്ടില്ല.

“സാറിന്‌ ഒറക്കം വരുന്നെന്ന് തോന്നുന്നല്ലോ. ദാ, ഇതു പിടി, ഒന്നു കൊറിച്ചാൽ ഉഷാറാകും.”

ഒരു കുമ്പിൾ നീണ്ടുവന്നു. തല വെട്ടിച്ചുകൊണ്ടുള്ള ഒരു നോട്ടത്തിലൂടെ  അതു നിരസിച്ചു.

അപ്പോൾ അവൻ ഒരു കസേര എടുത്തുകൊണ്ടുവന്നിട്ടു. ആ പ്രലോഭനത്തെ അത്രപെട്ടെന്ന് കുത്തിക്കെടുത്താനായില്ല. ഒരു മനോധർമ്മത്തിൽ ശ്രദ്ധയർപ്പിച്ചുകൊണ്ട്‌ അമർന്നിരുന്നത്‌ ഓർമ്മയുണ്ട്‌. കണ്ണുതുറക്കുമ്പോൾ അരങ്ങിലെ നിലവിളക്കണഞ്ഞിരിക്കുന്നു. ആരുമില്ല. ഒഴിഞ്ഞ ഇരിപ്പിടങ്ങൾ. വൈദ്യുതവെളിച്ചങ്ങൾക്ക്‌  ചുറ്റും പ്രാണികൾ പാറി മടുത്തിരിക്കുന്നു. വിശാലമായ പൂഴിപ്പരപ്പിനു നടുവിലെ ചുറ്റുമതിലിനുള്ളിൽ ക്ഷേത്രം ഉറങ്ങുന്നു. നേരമെത്രയായി പോലും..?

പൊതുസ്ഥലങ്ങളിൽ ജോലിയെടുക്കുമ്പോൾ ഇങ്ങനെ കണ്ണടഞ്ഞു പോകാറുള്ളതല്ല. ഇരുന്നുറങ്ങുന്ന പോലീസുകാരൻ മറ്റുള്ളവർക്കെപ്പോഴും ഒരു കോമാളിയാണ്‌. ഒന്നു തട്ടിവിളിക്കാതെ ആ കടലക്കച്ചവടക്കാരൻ പൊയ്ക്കളഞ്ഞല്ലോ, മഹാപാപി.

ഷൂലേസ്‌ മുറുക്കി, പതുക്കെ എഴുന്നേറ്റ്‌ തൊപ്പി തലയിൽ ഉറപ്പിച്ചു. ഇനി നടക്കാം.

അല്ലാ, ആരോ കസേരകൾക്കിടയിൽ കിടന്നുറങ്ങുന്നുണ്ടല്ലോ. ആരാണ്‌...? എന്തായാലും ഒന്നു നോക്കിപ്പോകാം. ങേ, ഇതൊരു സ്ത്രീയാണല്ലോ!  ചരിഞ്ഞു കിടക്കുന്ന അവളുടെ വയർ പുറത്തേക്കുന്തി നിൽക്കുന്നു. ഉറക്കം തന്നെയല്ലേ..? ലാത്തി കൊണ്ട്‌ കാലുകളിൽ ഒന്നു തട്ടി, രണ്ടുമൂന്നു തവണ വിരലുകൾ മൂക്കിനടുത്ത്‌ വെച്ച്‌ ഉറപ്പിക്കേണ്ടി വന്നു. കാലുകൾക്കിടയിലൂടെ ചുവപ്പ്‌ മണ്ണിലേക്കൊഴുകിക്കിടക്കുന്നത്‌ പിന്നെയാണ്‌ കണ്ടത്‌. അങ്ങോട്ട്‌ നോക്കാൻ ഭയം തോന്നി. ഒരു വിറയൽ സിരകളിലൂടെ ശരീരമാകമാനം ഓടി.

ഡ്യൂട്ടി തുടരുകയാണ്‌.

മറ്റൊരു മനുഷ്യജീവിയുടെയും സാന്നിധ്യമില്ലാതെ, മണൽപ്പുറം മഞ്ഞുതുള്ളികളാൽ നനഞ്ഞു കിടന്നു. ക്ഷേത്രവും ദൈവവും ഉറക്കം തന്നെ. നായ്ക്കൾ നിലാവത്ത്‌ അങ്ങിങ്ങ്‌ ഓടി നടക്കുന്നുണ്ട്‌. നേരം വെളുക്കുംവരെ; ആരെങ്കിലുമെത്തിച്ചേരും വരെ, അലർട്ടായിരിക്കണം. കണ്ണുകളും കാതുകളും തുറന്നുപിടിച്ച്‌, നിലയ്ക്കാൻ തുടങ്ങുന്ന രാത്രിയുടെ പദതാളങ്ങളെ മെല്ലെ ഉള്ളിലേക്കാവാഹിച്ചു.


O

8 comments: