Tuesday 31 March 2015

ലോഹം


മാതൃഭൂമി വാരാന്തപ്പതിപ്പ്‌ 15 മാർച്ച്‌ 2015




"എന്താടീ കൊച്ചേ, ഈ നേരത്ത്‌...?"

മിണ്ടാനാവാത്തവളാണെന്ന് അറിയാമായിരുന്നിട്ടും അയാൾ വെറുതെ ചോദിച്ചു. ആലയിൽ തിളച്ചുകൊണ്ടിരുന്ന ഇരുമ്പിന്‌ മറയാൻ വിതുമ്പുന്ന സൂര്യന്റെ നിറമായിരുന്നു. ലോഹത്തിൽ വീണുകൊണ്ടിരുന്ന ഓരോ അടിക്കും മേൽക്കൂര ഇളകിക്കരഞ്ഞു. 

പഴകിപ്പിഞ്ഞിയ വേഷത്തിനുള്ളിൽ പെണ്ണായിത്തുടങ്ങുന്നതിന്റെ മുഴുപ്പുകളിലേക്ക്‌ അയാളുടെ കണ്ണുകൾ ഇടക്കിടെ പാറിവന്നുകൊണ്ടിരിക്കുന്നത്‌ അവൾ അറിയുന്നുണ്ടായിരുന്നു. പലവിധ ഉപകരണങ്ങളും ആയുധങ്ങളും കൂട്ടിയിട്ടിരുന്ന മൂലയിലെ പൊക്കമില്ലാത്ത ഇരുമ്പുപീഠത്തിൽ അയാൾക്കെതിരെ പതർച്ചകളില്ലാതെ അവൾ ഇരുന്നു. വളഞ്ഞുയർന്ന പുരികങ്ങൾ ഒരിക്കൽക്കൂടി അർത്ഥഗർഭമായ ചോദ്യം തൊടുത്തപ്പോൾ, ചുരുട്ടിപ്പിടിച്ചിരുന്ന കടലാസുതുണ്ട്‌ അവൾ നീട്ടി. 

ചുറ്റിക താഴെവെച്ച്‌, ചുണ്ടിന്റെ വശങ്ങളിലൂടെ ഒലിച്ചിറങ്ങിയ മുറുക്കാൻനീര്‌ ഇടതുകൈയ്യാൽ തുടച്ച്, അയാൾ അതു വാങ്ങി. നോട്ടുപുസ്തകത്തിൽ നിന്നും കീറിയെടുത്ത ആ ഒറ്റവരയൻ താൾ നിവർത്തവെ, അയാൾ ആ ചിത്രം കണ്ടു. പെൻസിൽമുനയാൽ രാകിയ ഒരു കഠാരയുടെ വായ്ത്തലത്തിളക്കം!

പരുക്കൻനിലത്ത്, അടിച്ചുടച്ച മൺകുടുക്കയിലെ നാണയങ്ങളുടെ ചിലമ്പലിൽ ആലയോടൊപ്പം അയാളും നടുങ്ങി.

O

8 comments:

  1. മാതൃഭൂമി വരാന്തപ്പതിപ്പില്‍ വായിച്ചു.
    ഇഷ്ടപ്പെട്ടിരുന്നു ഈ ഇരുതലമൂര്‍ച്ചയുള്ള കഥ.
    ഇപ്പോള്‍ അഭിപ്രായം രേഖപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
    ആശംസകള്‍

    ReplyDelete
  2. കാലഭംഗി ചിത്രത്തിന്

    ReplyDelete
  3. ബൈ ദ വേ ആ കൊച്ച് എന്തുകൊണ്ട് ആലയില്‍ പോയി എന്നതാണ് സദാചാര വാദിയായ എന്റെ ചോദ്യം?

    ReplyDelete
  4. ഒരു ചിത്രം ആയിരം വാക്കുകള്‍ക്ക് സമം
    ഒരു കഥ ആയിരം വാക്കുകള്‍ക്ക് സമം

    ReplyDelete