Monday 29 October 2012

കെന്നൽ കാമനകൾ


സമകാലിക മലയാളം വാരിക, 26 ഒക്ടോബർ 2012
        രുളിനെ വകഞ്ഞുകൊണ്ട്‌ ഒരു പോലീസ്‌ ജീപ്പിന്റെ പ്രകാശം അതിവേഗതയിൽ വന്ന് സഡൻബ്രേക്കിട്ടു. പുലരാറായ നേരത്ത്‌, പതിവുപോലെ നീട്ടിപ്പാടിക്കൊണ്ടിരുന്ന കുയിലുകൾ കശുമാവിൻകൊമ്പുകൾ വിട്ടു പറന്നു. ദുരൂഹവും അവ്യക്തവുമായ സ്വപ്നത്തിന്റെ ജീപ്പിൽ നിന്ന് ഒരു ഭ്രമാത്മകചിത്രത്തിൽ നിന്നെന്ന പോലെ ഞാൻ ഉണർച്ചയിലേക്കിറങ്ങി.

വിശാലമായ പരേഡ്‌ മൈതാനം ചുറ്റിവന്ന കിഴക്കൻകാറ്റ്‌, സായുധ റിസർവ്വ്‌ ക്യാമ്പിന്റെ നെടുനീളൻ ബാരക്കുകളുടെ മേൽക്കൂരകളെ അപ്പോൾ ചെറുതായി വിറപ്പിച്ചു. കെന്നലിനോട്‌ ചേർന്നുള്ള 'പട്ടിബാരക്ക്‌' എന്നറിയപ്പെടുന്ന വലിയ ഹാളിന്റെ സൈഡ്റൂമിൽ ഞരങ്ങുന്ന ഇരുമ്പുകട്ടിലിൽ ഞാൻ കമ്പിളിക്കുള്ളിലേക്ക്‌ കുറേക്കൂടി ചുരുണ്ടുകയറി. ഇന്നലെ, നിരാശയോടെ മടങ്ങിയ ഇൻവെസ്റ്റിഗേഷൻ ടീം, രാത്രി വൈകുവോളം വല്ലാതെ വിയർപ്പിച്ചുകളഞ്ഞു. മുൻസിപ്പൽ സ്റ്റേഡിയം മുതൽ ഇല്ലിക്കൽ വരെ മീനച്ചിലാറിന്റെ തീരത്തുകൂടി ഓടിത്തളർന്നതു മിച്ചം. ഇങ്ങനെ തെളിവുകൾ ഒന്നുംതന്നെ ലഭിക്കാതിരിക്കുന്നത്‌ വളരെ അപൂർവ്വമാണ്‌.

 കെന്നലിൽ നിന്ന് അനക്കങ്ങൾ കേട്ടുതുടങ്ങിക്കഴിഞ്ഞു. സരമ അതിരാവിലെ തന്നെ ഉണരും. ഇന്നലെ കൊടുത്ത ഗന്ധത്തിനു പിന്നാലെ കിലോമീറ്ററുകളോളം ഓടിത്തളർന്നവളായിട്ടും, പതിവു സമയത്തു തന്നെ ഉണർന്നിരിക്കുന്നു. കൃത്യമായ ദിനചര്യകളാണ്‌ അവൾക്കുള്ളത്‌. നാലുമാസം പ്രായമുള്ളപ്പോൾ, അക്കാദമിയിലെ പരിശീലനകാലത്ത്‌ എന്നോടൊപ്പം ചേർന്നവളാണ്‌ സരമ.

 എന്റെ കൈവെള്ളയിൽ നിന്നാണ്‌ അവൾ നിഷ്ഠകളിലേക്ക്‌ പിച്ചവെച്ചത്‌. പ്രാഥമികമര്യാദകളും സമയക്രമവും ഹൗസ്‌-ബ്രേക്കിംഗും ട്രാക്കിംഗും അവൾ എത്ര കുറഞ്ഞ സമയത്തിനുള്ളിലാണ്‌ പഠിച്ചെടുത്തത്‌ ? എന്റെ കണ്ണുകളിൽ നിന്ന് ആജ്ഞ തിരിച്ചറിയാവുന്ന തലത്തിലേക്ക്‌ സരമ എത്തിയത്‌ ആഴ്ചകൾ കൊണ്ടാണ്‌. ഇന്നവൾ അനവധി കേസുകൾക്ക്‌ തുമ്പുണ്ടാക്കിയ മികച്ച ട്രാക്കർ ഡോഗായി പേരെടുത്തുകഴിഞ്ഞു. പരിശീലനകാലം ഞങ്ങളിൽ തീർത്ത ഇഴയടുപ്പം അളക്കാനാവില്ല. അതുവരെ നായ്ക്കളെ പ്രിയമല്ലാതിരുന്ന എനിക്ക്‌ സരമ തുറന്നിട്ടുതന്ന സ്നേഹത്തിന്റെ ലോകത്തിന്‌ അതിർത്തികളുമില്ല. ദേവശുനിയായ സരമ, ഇതിഹാസത്തിൽ ഉഷസ്സിന്റെ പ്രകാശമാണ്‌.-സത്യത്തിനു മുൻപേ നടക്കുന്നവൾ. ദേവലോകത്ത്‌ ഇന്ദ്രന്റെ വഴികാട്ടി; അസുരന്മാരാൽ മോഷ്ടിക്കപ്പെട്ട പശുക്കളെ വീണ്ടെടുത്തവൾ !

 കെന്നലിനു മുകളിലേക്ക്‌ ചാഞ്ഞു കിടക്കുന്ന ഞാവൽമരത്തിൽ നിന്ന് അപ്പോൾ പഴങ്ങൾ പൊഴിഞ്ഞുവീണ്‌ ഷീറ്റുകളിൽ ഒച്ചയുണ്ടാക്കി. രാത്രി മുഴുവൻ ഞാവൽപ്പഴങ്ങളുടെ താളമാണിപ്പോൾ. പൊഴിയുന്ന ഞാവൽപഴങ്ങളുടെ ശബ്ദത്തെയും കരിയിലക്കിളികൾ വട്ടം കൂടുന്നതിന്റെ ബഹളത്തെയും മറികടന്നുകൊണ്ട്‌ ആ സമയം വാതിലിൽ മുട്ടുകേട്ടു. പിന്നാലെ സാറേ എന്ന വിളിയും- റെജിയുടെ ശബ്ദം. ക്യാമ്പ്‌ ഫോളോവറായ റെജി, കെന്നൽ വൃത്തിയാക്കുന്നതിനായി എത്തിക്കഴിഞ്ഞു. കമ്പിളിക്കുള്ളിൽനിന്ന് ഇനി തണുപ്പിലേക്കിറങ്ങണം.

 കാക്കിപ്പാന്റും മുഷിഞ്ഞ വെള്ളഷർട്ടും  ധരിച്ച റെജി, ചെവികൾ ചേർത്തു കെട്ടിയിരുന്ന ചുവന്ന തോർത്ത്‌ തലയിൽ നിന്നെടുത്തു കുടഞ്ഞുകൊണ്ട്‌ നമസ്കാരം പറഞ്ഞു. താക്കോൽക്കൂട്ടമെടുത്തു കൊണ്ട്‌ ഞാൻ റെജിയോടൊപ്പം ചെന്ന് ഷെഡ്ഡുകൾ ഓരോന്നായി തുറന്നു.

 ജില്ലാ പോലീസ്‌ കെന്നലിൽ സരമയെ കൂടാതെ രണ്ട്‌ പുരുഷപ്രജകൾ കൂടിയുണ്ട്‌ - ആൽഫിയും പോളിയും. പ്രായാധിക്യത്താൽ അവശനായ ആൽഫി, രോഗബാധിതനുമാണ്‌. ഡ്യൂട്ടികൾക്കൊന്നും ഇപ്പോൾ കൊണ്ടുപോകാറില്ലാത്തതു കൊണ്ടും വ്യായാമം ചെയ്യാതെ ഉണ്ടുറങ്ങി കഴിയുന്നതു കൊണ്ടും ഒരു വിഷാദരോഗം അവനെ പിടികൂടിയിട്ടുണ്ടെന്നുള്ള ഡോക്ടറുടെ കണ്ടെത്തലിനെ ഞാൻ എതിർക്കാൻ പോയില്ല. അവന്റെ വിഷാദഭാവത്തിന്റെ കാരണങ്ങൾ അതൊന്നുമല്ലെന്ന് എനിക്ക്‌ വ്യക്തമായി അറിയാം. അടക്കിവെച്ച തൃഷ്ണകളുടെ പതിഞ്ഞ നിശ്വാസങ്ങൾ കെന്നൽഗ്രില്ലുകളുടെ ചതുരക്കളങ്ങളിലൂടെ പുറത്തുപോകാനാകാതെ പതറി നിൽക്കുന്നതും പൊട്ടിയൊഴുകാൻ വെമ്പുന്ന നീരുറവ പാറക്കെട്ടിനുള്ളിൽ തുടികൊള്ളുന്നതു പോലെയുള്ള ഒച്ചകൾ മുഴങ്ങുന്നതും എത്ര കാലങ്ങളായി ഇവിടെ അനുഭവപ്പെടുന്നു.

 യുവാവായ പോളി, കെന്നലിന്റെ ശബ്ദവും ഊർജ്ജവുമാണ്‌. ലാബ്രഡോർ ഇനത്തിൽപ്പെട്ട അവൻ, ഇവിടെയെത്തിച്ചേർന്നിട്ട്‌ രണ്ടുവർഷമേ ആകുന്നുള്ളൂ. സരമയുടെ അനക്കം കേൾക്കുന്നതോടെ തന്നെ അവൻ പ്രഭാതാലസ്യം വിട്ടുണരും. മൂന്ന് ചെറുഷെഡ്ഡുകൾ ഉൾക്കൊള്ളുന്ന പോലീസ്‌ കെന്നലിന്റെ മധ്യഭാഗത്തുള്ള താവളത്തിലെ വീതിയേറിയ പലകയിൽ നിന്ന് തണുപ്പാർന്ന ടൈലിലേക്ക്‌ ഇറങ്ങിവന്ന് പോളിക്ക്‌ ഒരു കുടഞ്ഞെറിയലുണ്ട്‌. കഴുത്തിലെ മാംസപേശികളും വാലും  പ്രത്യേകതാളത്തിൽ വിറയ്ക്കുന്നത്‌ ഒരു കാഴ്ച തന്നെയാണ്‌. സ്നിഫർ ഡോഗായ പോളിക്ക്‌, നഗരത്തിൽ സ്ഫോടനഭീഷണികളുണ്ടാകുന്ന സമയത്തും മയക്കുമരുന്നു വേട്ട നടക്കുമ്പോഴുമാണ്‌ കൂടുതൽ അദ്ധ്വാനം. അല്ലാത്തപ്പോൾ, റെയിൽവേ സ്റ്റേഷനിലേയും നഗരസിരാകേന്ദ്രത്തിലേയും ആന്റി -സബൊട്ടാഷ്‌ ടീമിനോടൊപ്പമുള്ള പതിവ്‌ ചെക്കിംഗ്‌ കഴിഞ്ഞാൽ സ്വസ്ഥം.

 സരമയും പോളിയും വാതിൽക്കൽ വന്നുനിന്ന് എന്റെ വിളിക്കായി കാതോർത്തു. ആജ്ഞ ലഭിക്കാതെ ആരും പുറത്തേക്ക്‌ വരില്ല. ആൽഫി ഇപ്പോഴും ഉണർന്നിട്ടില്ല. ഈയിടെയായി അവൻ ഉറക്കമുണരണമെങ്കിൽ സൂര്യന്റെ ഇളംചൂടറിയണം എന്നായിട്ടുണ്ട്‌. മൂന്നു ഷെഡ്ഡുകളും തുറന്നിട്ടശേഷം ഞാൻ സരമയെ വിളിച്ചു.

"സരമാ ... ഹീൽ !"
 
അവൾ ഓടി എന്റെ ഇടതുവശത്തായി വന്ന് ശരീരം വിറപ്പിച്ച്‌ ,വാലാട്ടി സ്നേഹം പ്രകടിപ്പിച്ച്‌, ആർദ്രതയോടെ ഒന്നു നോക്കി, നിലകൊണ്ടു. ഞാനാണ്‌ അവളുടെ യഥാർത്ഥ യജമാനനെന്ന് ഓർമ്മയിൽ നിന്ന് പറിച്ചെറിയാനാവാത്ത വണ്ണം സരമയിൽ പതിഞ്ഞു കിടപ്പുണ്ട്‌. എവിടെ, എത്ര ദൂരത്തു നിന്ന് കണ്ടാലും ഏതു നായയും തങ്ങളുടെ മാസ്റ്ററെ തിരിച്ചറിയും. വൺ ഡോഗ്‌ വൺ മാസ്റ്റർ എന്നാണ്‌ കീഴ്‌വഴക്കം. കെന്നലിലുള്ള എല്ലാ അംഗത്തിനും നിശ്ചയിക്കപ്പെട്ട സ്ഥിരം യജമാനന്മാർ ഉണ്ടെങ്കിലും പലപ്പോഴും ആ രീതി പാലിക്കാൻ കഴിയാറില്ല. സ്ഥലം മാറ്റവും പ്രോമോഷനും ലോക്കൽ ട്രാൻസ്ഫറും ദീർഘകാല ലീവുകളും കാരണം നായ്ക്കൾക്ക്‌ അവരുടെ യജമാനന്മാർ കാലാകാലങ്ങളിൽ മാറിക്കൊണ്ടിരിക്കും. എനിക്കിനി എന്നാണ്‌ സരമയെ വിട്ടുപോകേണ്ടി വരുന്നത്‌ എന്നറിയില്ല. 

 ‘ലീഷ്‌’ എടുത്ത്‌ സരമയെ ബന്ധിച്ച ശേഷം, പോളിയെ വിളിച്ചു. അവൻ ചുറുചുറുക്കോടെ ഓടി വന്ന് ഹീൽ ചെയ്തു. ആൽഫി മൂന്നാമത്തെ വിളിക്കാണ്‌ മടിയോടെ എഴുന്നേറ്റു വന്നത്‌. മൂന്നുപേരെയും കൃത്യമായ അകലം പാലിച്ചുകൊണ്ടാണ്‌ കെട്ടിയത്‌. ഇല്ലെങ്കിൽ കാര്യങ്ങൾ വഷളാകും. ആൽഫിക്ക്‌ പോളിയോട്‌ ഉള്ളിൽ നീരസമുണ്ട്‌. തരം കിട്ടിയാൽ മുരണ്ടുകൊണ്ട്‌ ചെല്ലും. ഒന്നുരണ്ടു തവണ ആക്രമണത്തിനുള്ള വട്ടം കൂട്ടിയതാണ്‌. കൃത്യസമയത്ത്‌ കണ്ടതുകൊണ്ട്‌ കുഴപ്പമുണ്ടായില്ല. ആൽഫിക്ക്‌ പോളിയോടുള്ള ശത്രുതയ്ക്ക്‌ കാരണം എന്തെന്ന് എനിക്കു മാത്രമേ അറിയൂ. ഒരു പക്ഷേ, സരമയ്ക്കും.

 ജില്ലാ പോലീസ്‌ ഡോഗ്‌ സ്ക്വാഡിൽ എന്നെ കൂടാതെ മറ്റു മൂന്നു സിവിൽ പോലീസ്‌ ഓഫീസർമാർ കൂടി സബ്‌-ഇൻസ്പെക്ടർ ഗോപിനാഥനൊപ്പം ഡ്യൂട്ടി ചെയ്യുന്നുണ്ട്‌. സ്ക്വാഡിന്റെ ഓഫീസർ-ഇൻ-ചാർജ്ജായ അദ്ദേഹം അടുത്തുള്ള ക്വാർട്ടേഴ്സിൽ തന്നെയാണ്‌ വാസം. നഗരത്തെ വിറപ്പിച്ച കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, എല്ലാവരും രാവിലെ തന്നെ എത്തും. ഇന്നും തിരക്കേറിയ ദിവസമായിരിക്കുമെന്നതിന്‌ ഒരു സംശയവുമില്ല. എന്തായാലും നേരത്തെ തന്നെ ജോലികൾ തീർത്തു നിൽക്കാം.

 ഫ്രിഡ്ജിൽ നിന്ന് പാലെടുത്ത്‌, മൂന്നു പാത്രങ്ങളിലായി പകർന്ന്, ബിസ്കറ്റും ബ്രെഡിന്റെ ചെറുകഷ്ണങ്ങളുമിട്ടു വെച്ചു. നായ്ക്കൾക്ക്‌ ദിവസവും രണ്ടുനേരമാണ്‌ ഭക്ഷണം. ലഘുവായ പ്രഭാതഭക്ഷണമായ പാലും ബിസ്കറ്റും കഴിച്ചു കഴിഞ്ഞാൽ പിന്നെ വൈകുന്നേരം ചോറും ഇറച്ചിയും കാബേജും കൂടി വേവിച്ച്‌, അൽപം മഞ്ഞൾപൊടി ചേർത്തു കുഴച്ചു നൽകും.

പാൽപ്പാത്രം അടുത്തേക്ക്‌ വെച്ചപ്പോൾ പോളി ധൃതി കൂട്ടി. 'നോ!' എന്ന ശാസനയിൽ അവൻ പെട്ടെന്നു തന്നെ അടക്കമുള്ളവനായി. മൂന്നുപേർക്കും സ്പീക്ക്‌ ഔട്ട്‌ ചെയ്യാനുള്ള അവസരം കഴിഞ്ഞതിനു ശേഷം മാത്രമാണ്‌ ആഹാരം കഴിക്കാനുള്ള അനുവാദം. ക്യാമ്പ്‌ ആകമാനം പ്രകമ്പനം കൊണ്ട, ഒരേപോലെയുള്ള കുരകളിൽ മൂവരുടെയും ഉള്ളിൽ തടഞ്ഞുനിന്ന അമിതവായു പുറന്തള്ളപ്പെടുകയും, ബ്രേക്ക്ഫാസ്റ്റ്‌ ആരംഭിക്കുകയും ചെയ്തു. ആൽഫിക്ക്‌ ആഹാരത്തോട്‌ തീരെ മടുപ്പാണ്‌. അവൻ പാൽപ്പാത്രം ഒന്നു മണപ്പിച്ച ശേഷം പിൻവാങ്ങി. ലീഷിൽ പിടിച്ച്‌ മുഖമടുപ്പിച്ചുകൊണ്ട്‌ ഒന്നുരണ്ടു തവണ ശാസിക്കേണ്ടി വന്നു, അൽപമൊന്ന് അകത്താക്കാൻ. അപ്പോഴേക്കും സരമയും പോളിയും പാത്രം വൃത്തിയാക്കി വെച്ചു.  

ഓരോരുത്തരായി അവരവരുടെ ഇടങ്ങളിൽ  പോയി പ്രാഥമികകൃത്യങ്ങൾ നിർവ്വഹിച്ച്‌, തിരികെ വന്നപ്പോഴേക്കും റെജി ജോലി തീർത്ത്‌ പോകാനൊരുങ്ങി നിൽക്കുന്നുണ്ടായിരുന്നു. ലോഷന്റെ നേർത്തഗന്ധമുള്ള കൂടുകളിലേക്ക്‌ മൂവരെയും കടത്തിവിട്ടിട്ട്‌, ഞാൻ മുറിയിലെ മേശമേലിരുന്ന ജനറൽ ഡയറിയിൽ അന്നത്തെ ദിവസം രേഖപ്പെടുത്തിവെച്ചു. ഗോപിനാഥൻസാറും മറ്റുള്ളവരും എത്തുമ്പോൾ ഞാൻ പണിയെല്ലാം തീർത്ത്‌, യൂണിഫോമിനുള്ളിലേക്ക്‌ കടക്കാൻ തുടങ്ങുകയായിരുന്നു. വയർലെസ്‌ സന്ദേശം വന്ന ഉടൻതന്നെ ഞങ്ങൾ ജില്ലാ പോലീസ്‌ ആസ്ഥാനത്തേക്ക്‌ തിരിച്ചു.

നഗരം വിറങ്ങലിച്ചുപോയ പൈശാചികകൃത്യം നടന്നത്‌, സ്റ്റേഡിയത്തിനു പിന്നിലുള്ള റോഡിന്റെ എതിർവശത്തുള്ള വീട്ടിലാണ്‌. അൻപത്തിരണ്ടുകാരിയായ, അവിവാഹിതയായി കഴിയുന്ന സ്ത്രീയാണ്‌ ദാരുണമായി കൊലചെയ്യപ്പെട്ടിരിക്കുന്നത്‌. അജ്ഞാതമായ കാരണങ്ങളാൽ തിരുവസ്ത്രമുപേക്ഷിച്ച അവർ, കഴിഞ്ഞ ആറുവർഷങ്ങളായി ആ വീട്ടിൽ ഒറ്റയ്ക്ക്‌ താമസിക്കുകയായിരുന്നത്രേ. സഭ വിട്ടുവെങ്കിലും അവർ ഇപ്പോഴും കർത്താവിന്റെ മണവാട്ടികൾക്ക്‌ വസ്ത്രം തുന്നിക്കൊടുത്താണ്‌ ജീവിതം കഴിച്ചുകൂട്ടിയിരുന്നത്‌. സ്വീകരണമുറിയിൽ തയ്യൽമെഷീനിന്റെ താഴെയായി നിശ്ചലമായി കിടന്ന  നഗ്നശരീരത്തിനു മുകളിലായി, ധരിച്ചിരുന്ന വസ്ത്രമെടുത്ത്‌ പുതപ്പിച്ച നിലയിലാണ്‌ ഇന്നലെ അവരെ കണ്ടെത്തിയത്‌. ശാരീരികമായി കീഴ്പ്പെടുത്തിയതിന്റെ പ്രാഥമിക തെളിവുകളിൽ നിന്ന്, ഫോറൻസിക്‌  സംഘം വരുന്നതിനു മുൻപേ തന്നെ സരമ സ്മെല്ലെടുത്ത്‌, സ്റ്റേഡിയം കടന്ന് ഇല്ലിക്കൽ വരെ ഓടിയെങ്കിലും ആറിന്റെ തീരത്തുവെച്ച്‌ ഇന്നലെ അന്വേഷണം അവസാനിപ്പിക്കേണ്ടി വന്നു.
ഇന്ന് അവിടെ നിന്നാണ്‌ തുടങ്ങേണ്ടത്‌.

റേഞ്ച്‌ ഐ.ജി അടക്കമുള്ള പോലീസ്‌ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്‌. സരമ എല്ലാവർക്കുമിടയിൽ രാജകീയപ്രൗഡിയോടെ നിന്നു. ജനക്കൂട്ടം ആരാധനയോടെ സരമയിൽ കണ്ണെറിയുന്നതു കണ്ടുകൊണ്ട്‌, ഞാനും ലീഷിന്റെ ഒരറ്റത്ത്‌ ഊർജ്ജം ഏറ്റുവാങ്ങി നിലകൊണ്ടു. കണ്ണുകളിൽ പ്രകാശമൊളിപ്പിച്ചു വെച്ച, നായ്ക്കളുടെ ദേവതയായ സരമ, തന്നെ നിരീക്ഷിക്കുന്ന കണ്ണുകൾക്കിടയിൽ നിന്നുകൊണ്ട്‌ എന്റെ ആജ്ഞ കിട്ടുവാനായി കാത്തു. ഈർപ്പണിഞ്ഞു നിന്ന നാസികത്തുമ്പിൽ അവൾ, ഗന്ധങ്ങളുടെ ആഗിരണത്തിനായി ഘ്രാണകോശങ്ങളെ സജ്ജമാക്കിക്കഴിഞ്ഞു.

ആറിന്റെ തീരത്തുവെച്ച്‌ ഇന്നലെ കൈവിട്ട ഗന്ധം വീണ്ടെടുത്തുകൊണ്ട്‌ സരമ, വന്ന വഴിയെ തന്നെ തിരികെ നീങ്ങാനാരംഭിച്ചു. വീണ്ടും നഗരത്തിലേക്ക്‌ പ്രവേശിച്ച അവൾ, ലോറിത്താവളത്തിനടുത്തുള്ള മൈതാനത്തേക്ക്‌ അടികൾവെച്ചു. വൻ ജനാവലിയാണ്‌ പിന്നാലെയുള്ളത്‌. മൈതാനത്തിനു പിന്നിലുള്ള ഒരു ചെറുകുന്നിന്റെ വശത്തായി നഗരമാലിന്യങ്ങൾ നിക്ഷേപിക്കുന്ന ഇടത്തിൽ വന്ന്, അവൾ നിന്നു. ചീഞ്ഞളിഞ്ഞ പഴങ്ങളുടെയും പച്ചക്കറികളുടെയും മാംസാവശിഷ്ടങ്ങളുടെയും ഒപ്പം വിസർജ്ജ്യവസ്തുക്കളുടെയും ഗന്ധം അവളെ ആകെ കുഴപ്പിച്ചുവെന്ന് എനിക്ക്‌ മനസിലായി.

ഞാൻ ഗോപിനാഥൻസാറിനെ ഒന്നു പാളിനോക്കി. അദ്ദേഹം നിരാശയോടെ കണ്ണുകൾ താഴ്ത്തി. ചവറുകൂനയിലേക്ക്‌ കയറാൻ തുടങ്ങിയ സരമയെ ഞാൻ ബലമായി പിടിച്ചുനിർത്തി. വിസർജ്ജ്യവസ്തുക്കളുടെ ഗന്ധം എപ്പോഴും ട്രാക്കർ ഡോഗുകളെ വഴി തിരിച്ചുവിടും. പിൻതുടർന്നു വന്ന ഗന്ധത്തെ വിട്ടിട്ട്‌ അവർ പുതിയ ഗന്ധത്തിന്റെ ആകർഷണവലയത്തിലേക്ക്‌ കടക്കും. കഠിനപരിശീലനം കൊണ്ടും മാറാത്ത ചില അടിസ്ഥാനസ്വഭാവങ്ങൾ !

പുതിയ ഗന്ധത്തിൽ ആകൃഷ്ടയായ സരമ  പിൻമാറാൻ കൂട്ടാക്കാതെ നിന്നു. പൊതുജനത്തിനു മുമ്പിൽ നാണക്കേടിനു പാത്രമാകാതെ ഞാൻ യുക്തിപൂർവ്വം സരമയെ പിന്നിലേക്ക്‌ വലിച്ചു. അന്വേഷണചുമതലയുള്ള ഡി.വൈ.എസ്‌.പി  നെറ്റിചുളിച്ചു നോക്കി. അദ്ദേഹം കയ്യിലിരുന്ന മൊബൈൽ ഫോൺ ഇപ്പോൾ ഞെരിച്ചുപൊട്ടിക്കുമെന്ന് തോന്നി. സരമയ്ക്ക്‌ എന്താണ്‌ പറ്റിയത്‌? അവൾ ഇത്രയും നിരാശപ്പെടുത്തിയ അവസരം ഉണ്ടായിട്ടില്ല. സങ്കടവും ദേഷ്യവും എല്ലാം കൊണ്ട്‌ കണ്ണുനിറഞ്ഞു വന്നു. അങ്ങനെ രണ്ടാം ദിവസവും, തുമ്പൊന്നും ലഭിക്കാതെ ജില്ലാ പോലീസ്‌ ഡോഗ്‌ സ്ക്വാഡിനു പരാജിതരായി മടങ്ങേണ്ടിവന്നു.

തിരികെ കെന്നലിൽ പ്രവേശിക്കുന്നതിനു മുമ്പായി സരമ എന്നെ ഒന്നു നോക്കി. അവളും ആകെ വിഷണ്ണയായിരുന്നു. എന്റെ നിരാശയിൽ അവളും ചേരുന്നതറിഞ്ഞ്‌, ഞാൻ കഴുത്തിലൂടെ കയ്യിട്ട്‌ ചുറ്റിപ്പിടിച്ച്‌ നെറ്റിമേൽ ഉമ്മവെച്ചു.

"ഗുഡ്‌ സരമാ .... ഗുഡ്‌ വർക്ക്‌ ...!" ഞാനവളെ സമാധാനിപ്പിച്ചു.

എന്നോട്‌ ക്ഷമിക്കൂ. എനിക്ക്‌ ഇന്ന് എന്റെ ജോലി കൃത്യമായി ചെയ്യാൻ സാധിച്ചില്ല എന്നു പറഞ്ഞു കൊണ്ട്‌ അവൾ കണ്ണുകൾ പതിയെ അടച്ചുതുറന്നു. എന്നോട്‌ കൂടുതൽ ചേർന്നു നിന്നു.

അവളുടെ മുഖം ഞാൻ പതിയെ പിടിച്ചുയർത്തി. കണ്ണുകളിൽ വല്ലാത്ത ഒരു വിളർച്ച. ഡോക്ടറെ നാളെത്തന്നെ കാണണം. ആ നേരത്ത്‌, അടുത്ത ഷെഡ്ഡിൽ നിന്ന് പോളി മുരണ്ടു. പതിവില്ലാതെ അവൻ ഉച്ചസ്ഥായിയിൽ കുരച്ചു. അസ്വസ്ഥനാകാൻ തുടങ്ങുന്നതിന്റെ ശബ്ദവിന്യാസങ്ങളാണ്‌ ഉണരുന്നത്‌. എന്തുപറ്റി ആവോ ?

സരമ  ഉള്ളിലേക്ക്‌ കടന്നു കഴിഞ്ഞ്‌, ഞാൻ ഷെഡ്ഡിന്റെ വാതിൽ അടയ്ക്കാൻ തുടങ്ങുമ്പോഴാണ്‌ അത്‌ ശ്രദ്ധയിൽ പെട്ടത്‌. വെളുത്ത  സിറാമിക്‌ ടൈലിൽ കൊച്ചുകൊച്ചു ചുവന്ന പൊട്ടുകൾ !

കെന്നലിനു മുകളിൽ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ അപ്പോൾ ഞാവൽപഴങ്ങൾ ഉതിർന്നു വീണു. ഋതുഭേദങ്ങളുടെ ഒരു കാറ്റ്‌ അകലെയെവിടെയോ നിന്ന് ഓടിവന്നു. അത്‌ വകവെക്കാതെ സൂര്യൻ, എല്ലാ ശക്തിയോടും കൂടി ജ്വലിച്ചുയർന്ന് കോശങ്ങളോളം കടന്ന്  ഉഷ്ണമറിയിച്ചു. ആ ചൂടിൽ, കെന്നൽഗ്രില്ലുകളുടെ ചതുരക്കളങ്ങളിലൂടെ ഒരു ഗന്ധം അടങ്ങിത്തുടങ്ങിയ കാറ്റിനൊപ്പം കടന്ന് ഉണർന്നു തുടങ്ങിയ ചോദനകളെ ഉദ്ദീപിപ്പിക്കാനെന്നവണ്ണം അലയടിച്ചു. പോളിയോടൊപ്പം ആൽഫിയും ഉറക്കെ ശബ്ദമുണ്ടാക്കി. 

മധുരസ്മരണകളുടെ പിടിച്ചുനിർത്താനാവാത്ത വേലിയേറ്റത്തിലാണ്‌ ആൽഫി ഉണർന്നതെങ്കിൽ, ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വൈദ്യുതസ്പർശം ഉള്ളിലൂടെ കടന്നുപോയപ്പോഴാണ്‌ പോളി പിടഞ്ഞത്‌. ശുഭ്രകാമനകളുടെ ഗന്ധവുമായി ആ കാറ്റ്‌ വീണ്ടും വീണ്ടും വീശിയടിച്ചു. പോലീസ്‌ കെന്നലിലെ എല്ലാ നായ്ക്കളും ജീവിതകാലം മുഴുവൻ ഈ ഉഷ്ണം അനുഭവിച്ചു തീർക്കാൻ വിധിക്കപ്പെട്ടവരാണ്‌. സേനയിലെ പെൺപ്രജകളാണ്‌ സ്വതസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ താരതമ്യേന മികച്ചവരെന്നിരിക്കേ, കാമപൂരണത്തിനുള്ള ഓരോ അവസരവും അവർക്ക്‌ വിലക്കപ്പെട്ടിരിക്കുന്നു. ഒരിക്കൽ അമ്മയായി മാറിക്കഴിഞ്ഞാൽ അവരുടെ കർമ്മകാണ്ഡം അവസാനിക്കുകയായി. അതേ കാരണത്താൽ, വിലപ്പെട്ട സേവനത്തിന്റെ ആവശ്യകത മുൻനിർത്തി, ചോദനകളെല്ലാം തടഞ്ഞു വെയ്ക്കപ്പെട്ടിരിക്കുന്നു. പാറക്കെട്ടിനുള്ളിൽ നിന്നുള്ള ഉറവയുടെ മുഴക്കം കെന്നലിലാകമാനം നിറയുന്നു. ഞാൻ സൈഡ്‌ റൂമിൽ കയറി വാതിലടച്ചു. ഒപ്പം കാതുകളും.

അന്നേ ദിവസം വൈകുന്നേരം ആരും ഭക്ഷണമെടുത്തില്ല - സരമയും പോളിയും ആൽഫിയും ആരും വിശപ്പറിഞ്ഞതേയില്ല.  ശാസനകളൊന്നും തന്നെ വിലപ്പോയില്ല. ഭക്ഷണത്തിനായി പുറത്തിറക്കിയ നേരത്ത്‌ പോളി, സരമയുടെ അടുത്തെത്താനുള്ള വ്യഗ്രത കാണിച്ചുകൊണ്ട്‌ ലീഷിൽ നിന്ന് കുതറാൻ ശ്രമിച്ചുകൊണ്ടിരുന്നു. പോളിയുടെ ചലനങ്ങൾ ആൽഫിയെ അപ്പോൾ കൂടുതൽ കൂടുതൽ പ്രകോപിപ്പിച്ചു. അവൻ നിർത്താതെ കുരച്ചുകൊണ്ടിരുന്നു.

ഡ്യൂട്ടി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങാനൊരുങ്ങവേ, അന്നത്തെ നൈറ്റ്‌ ഡ്യൂട്ടിക്ക്‌ നിയോഗിതനായ അൻസാറിന്റെ വീട്ടിൽ നിന്ന് ഗർഭിണിയായ ഭാര്യയ്ക്ക്‌ സുഖമില്ലെന്നറിയിച്ചു കൊണ്ട്‌ ഫോൺ വന്നു. അൻസാറിനെ സമാധാനിപ്പിച്ച്‌ വീട്ടിലേക്കയക്കുമ്പോൾ, തുടർച്ചയായി രണ്ടു ദിവസം ഡ്യൂട്ടി ചെയ്യേണ്ടിവന്ന സാഹചര്യത്തെക്കുറിച്ചോർത്ത്‌ ഞാൻ ഒട്ടും വേവലാതിപ്പെട്ടില്ല. എവിടെയായാലും ഒറ്റയ്ക്ക്‌ കഴിച്ചുകൂട്ടേണ്ട രാത്രികളാണ്‌ എനിക്കുള്ളത്‌. ജീവിതകാലം മുഴുവൻ മകനുവേണ്ടി കഷ്ടപ്പെട്ട ഒരമ്മ ലോകം വിട്ടുപോയതിനു ശേഷം പഴകിയ വീട്ടിനുള്ളിൽ ഞാൻ ഒറ്റയ്ക്കായി തീർന്നതാണ്‌. ഒറ്റയ്ക്കുള്ള പാചകം, ഒറ്റയ്ക്കുള്ള ഉറക്കം, ഒറ്റയ്ക്കുള്ള ജീവിതം, സ്വപ്നങ്ങൾ .... ഇതിനിടയിൽ ഹൃദയത്തിന്റെ കവാടങ്ങൾ തള്ളിത്തുറന്നുകൊണ്ട്‌ അവിചാരിതമായി പോലും ആരും തന്നെ കടന്നുവന്നതുമില്ല. അതിനാൽ എവിടെയായാൽ എനിക്കെന്ത്‌? ഇവിടെയാകുമ്പോൾ എന്റെ പ്രിയപ്പെട്ടവർ കൂട്ടിനുണ്ട്‌. പക്ഷെ, ഇന്നെന്റെ സ്വസ്ഥത കെടുത്തുന്നത്‌ നിർത്താതെ വീശിക്കൊണ്ടിരിക്കുന്ന അടങ്ങാത്ത കാമനകളുടെ തീക്കാറ്റാണ്‌. എന്നാലും സാരമില്ല, അൻസാറിന്റെ സാന്നിധ്യം അവന്റെ ഭാര്യയ്ക്ക്‌ ഇന്ന് ഏറ്റവും ആവശ്യമാണ്‌. അവർ സുഖമായിരിക്കട്ടെ.

എനിക്കും വിശപ്പ്‌ തീരെ തോന്നിയില്ല. മെസ്സിൽ നിന്നും കൊണ്ടുവെച്ച കഞ്ഞി അതേപടി മൂടിവെച്ചു. ടി.വി ഓൺ ചെയ്യാൻ തുടങ്ങിയപ്പോൾ ഗോപിനാഥൻ സാറിന്റെ കോൾ വന്നു.
സന്തോഷമുള്ള വാർത്തയാണ്‌.

കൊലക്കേസ്‌ പ്രതിയെ പിടികൂടിയിരിക്കുന്നു. ബസ്‌ സ്റ്റാൻഡിലും കോളേജ്‌ പരിസരങ്ങളിലും കഞ്ചാവ്‌ വിറ്റു നടക്കുന്ന ‘കറുപ്പ്‌ രാഘവൻ’ എന്ന പ്രതിയെ ലോറിത്താവളത്തിനടുത്തുള്ള ചവറുകൂനയ്ക്ക്‌ പിന്നിൽ വരണ്ടുകിടക്കുന്ന ഓടയ്ക്കുള്ളിലെ അവന്റെ പുതിയ സങ്കേതത്തിൽ നിന്ന് സാഹസികമായി പോലീസ്‌ പിടികൂടിയ വാർത്ത, ചാനലിലും മിന്നിമറഞ്ഞു.  

ആകെ സ്തബ്ധനായി ഇരിക്കാനേ കഴിഞ്ഞുള്ളൂ. ദൈവമേ... ആ നിമിഷം ഞാൻ സരമയെ പിന്നോട്ട്‌ വലിച്ചില്ലായിരുന്നെങ്കിൽ...? അവളുടെ ട്രാക്ക്‌ കൃത്യമായിരുന്നു. അവളുടെ സ്പന്ദനങ്ങളെയെല്ലാം അറിയാമെന്ന് അഹങ്കരിച്ചിരുന്ന എനിക്ക്‌ തെറ്റിയല്ലോ. മനുഷ്യമനസ്സിലെ സത്യമെന്ന പ്രഭാതത്തിലേക്കുള്ള മാർഗ്ഗദർശിയായ സരമയെന്ന  വെളിച്ചത്തിന്‌ ഒരിക്കലും തെറ്റുപറ്റില്ല എന്നും അസുരന്മാർ ശ്രമിച്ചു പരാജയപ്പെട്ടതുപോലെ ഒരു ബാഹ്യശക്തികൾക്കും അവളെ പ്രലോഭിപ്പിക്കാൻ കഴിയില്ല എന്നും ഓർക്കേണ്ടതായിരുന്നു. ഔദ്യോഗികജീവിതത്തിൽ പൊൻതൂവലായേക്കാവുന്ന മഹത്തായ ഒരു കാൽവെയ്പ്പിൽ നിന്നു മാത്രമല്ല, കൃത്യനിർവ്വഹണത്തിൽ നിന്നുകൂടിയാണല്ലോ സരമയെ ഞാൻ പിന്നോക്കം പിടിച്ചുവലിച്ചത്‌. ഈ തെറ്റിന്‌ ഞാൻ എന്തു പ്രായശ്ചിത്തം ചെയ്യും ? സരമാ ... വെളിച്ചത്തിന്റെ വഴി തെളിച്ചവളേ ... എന്നോട്‌ പൊറുക്കൂ ..!

ഞാൻ ചാനലുകൾ മാറി മാറി നോക്കി. ഇല്ല എവിടെയും സരമയെക്കുറിച്ച്‌ ഒന്നും പറയുന്നില്ല. അവൾ ചിത്രത്തിൽ നിന്ന് പാടേ മറഞ്ഞിരിക്കുന്നു. കാമത്തെ ശരീരത്തിൽ നിന്നിറക്കിവിട്ട ഒരു സാധുവിന്റെ മേൽ ദാഹം തീർത്തു കൊലപ്പെടുത്തിയ അസുരനെ, കയ്യോടെ പിടിച്ചതിന്‌ അഭിവാദ്യം അർപ്പിച്ചുകൊണ്ട്‌ പ്രകടനം വരുന്നു. ഞാൻ ടി.വി ഓഫ്‌ ചെയ്തു.

വിശേഷമൊന്നുമില്ലാതെ അന്നേ ദിവസം കടന്നുപോയെന്നും നായ്ക്കൾ സുഖമായിരിക്കുന്നുവെന്നും എല്ലാം ഭദ്രമെന്നും ജനറൽ ഡയറിയിലെ പതിവു വാചകങ്ങൾ രേഖപ്പെടുത്തിയിട്ട്‌ ഞാൻ,  ഭദ്രത ഉറപ്പുവരുത്താനായി കെന്നലിന്റെ ഭാഗത്തേക്ക്‌ ചെന്നു. ക്യാമ്പിനു മുകളിൽ കത്തിനിൽക്കുന്ന വാതകവിളക്കിന്റെ പ്രകാശം പട്ടിബാരക്കിന്റെ മുറ്റത്തോളം വീണുകിടന്നു. മൂന്നുപേരും ഇതുവരെ ഉറക്കമായിട്ടില്ല. പോളി, അസ്വസ്ഥനായി ഉലാത്തുന്നു. ആൽഫി നീണ്ടുനിവർന്നു കിടന്ന് പലകയുടെ വശങ്ങളിൽ കടിച്ചുകൊണ്ടിരിക്കുന്നു. സരമ ആലസ്യത്താൽ വിശ്രമിക്കുകയായിരുന്നു. അവളെ നോക്കിനിൽക്കേ, എന്നിൽ കുറ്റബോധത്തിന്റെ കുമിളകൾ നിറഞ്ഞ്‌, വീർത്തുപൊട്ടാൻ തുടങ്ങി.

ഞാൻ പോക്കറ്റിൽ നിന്ന് താക്കോൽക്കൂട്ടമെടുത്തു.

ആ നേരം ആകാശത്തുകൂടി ഒരു മിന്നൽപിണർ പാഞ്ഞു. പിറകെ, ഭൂമിയെ ശക്തമായി പിടിച്ചുകുലുക്കിക്കൊണ്ട്‌ ഇടിവെട്ടി. ഒന്നൊന്നായി ഞാൻ കെന്നലിന്റെ മൂന്നു ഷെഡ്ഡുകളും തുറന്നിട്ടു. കനത്ത തുള്ളികളുമായെത്തിയ വേനൽമഴയിലേക്ക്‌ രണ്ടുപേർ നനഞ്ഞിറങ്ങുമ്പോൾ, ഒരാൾ കനത്ത പലകയിലേക്ക്‌ പല്ലുകളാഴ്ത്തിക്കൊണ്ട്‌ കൂട്ടിനുള്ളിൽത്തന്നെ കിടന്നു. സിരകളെ ഉന്മത്തമാക്കുന്ന ഗന്ധത്തെ തിരഞ്ഞു കൊണ്ട്‌, കോശങ്ങളോളം  ആഴ്‌ന്നുകിടന്ന കാമനകളെ ശമിപ്പിക്കാനെന്നവണ്ണം സൂചിമുനകൾ തുളഞ്ഞിറങ്ങുമ്പോൾ ഒരു ഓപ്പെറയിലെന്ന പോലെ ഇരുളിൽ മൃദുതാളങ്ങളുണർത്തി, ഞാവൽപഴങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.

O