വീട്ടിൽനിന്നും റെയിൽവേ സ്റ്റേഷൻ വരെയുള്ള രാവിലത്തെ പതിവു ബൈക്ക് യാത്ര പല പല കാഴ്ചകൾ എറിഞ്ഞു തരാറുണ്ട്. സത്യത്തിൽ പോലീസുദ്യോഗം, ഏതു ചുറ്റുപാടുകളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുള്ള ഒരു അപൂർവ്വകണത്തെ സ്വഭാവത്തിലലിയിച്ചു തന്നിട്ടുണ്ട്.
സൂര്യൻ ശക്തിയറിയിച്ചു തുടങ്ങുന്ന വെയിലിന് ഒരു മൃദുഭാവമാണ് അല്ലേ?
അതേ ഭാവമായിരുന്നു, അവർക്കും.
പത്തും പന്ത്രണ്ടും വയസ്സ് തോന്നിക്കുന്ന രണ്ടാൺകുട്ടികൾ. ഒരാൾ ഒരു പഴകിയ ബിഗ്‌ഷോപ്പറും അപരൻ ഒരു ചോറ്റുപാത്രവും വഹിച്ചുകൊണ്ട് എല്ലാ ദിവസവും എനിക്കെതിരേ വരും. തീർത്തും നിഷ്കളങ്കമായ അവരുടെ ശരീരചലനങ്ങളെക്കുറിച്ചോ, എവിടേക്കാണ് ഈ നേരത്ത് അവർ ദിവസവും പോകുന്നതെന്നോ ഉള്ള ചിന്തകൾക്കപ്പുറം, പഴയ ചില ഓർമകളിലേക്ക് മനസ്സ് ആർദ്രമാകാറാണ് പതിവ്.
ഞാൻ അവർക്ക് ഒരു ചിരിനൽകും. അവർ തിരിച്ചും.
ഞാൻ അവർക്ക് ഒരു ചിരിനൽകും. അവർ തിരിച്ചും.
ഓർമകൾക്ക് എള്ളുപൂത്ത മണമാണ്.
മുഴച്ചും തെറിച്ചും നിൽക്കുന്ന മുനയൻ കല്ലുകളുള്ള ചെങ്കൽപ്പാതയിലൂടെ അനുജനോടൊപ്പം ഞാൻ നടക്കുകയായിരുന്നു. പടിഞ്ഞാറൻ കാറ്റുവന്ന് ഞങ്ങളുടെ മുടിയിലൊക്കെ തൊട്ടു തലോടി. കടലിന്റെ ഉപ്പുള്ള സ്പർശം. സഞ്ചിയും ചോറ്റുപാത്രങ്ങളുമായി ഞങ്ങൾ നടന്നു. പാടത്താകെ അപ്പോൾ എള്ളിൻചെടികൾ പൂത്തു നിന്നിരുന്നു.
ബസ് നിർത്തുന്ന കവലയിൽ ഒരു പലചരക്കുകടയും തുന്നൽപ്പീടികയുമുണ്ടായിരുന്നു. തയ്ച്ചു കൊണ്ടിരുന്ന മേസ്തിരി കണ്ണടയ്ക്കു മുകളിലൂടെ കണ്ണുപുറത്തേക്കിട്ട് നോക്കുന്നതിനിടയിൽ ബസു വന്നു.
ചുവന്ന നീളൻ വണ്ടി.
ചുവന്ന നീളൻ വണ്ടി.
വണ്ടിയിൽ കയറിയാൽ പിന്നെ ചോദ്യങ്ങളാണ്. കഴിവതും ഒന്നിനും മറുപടി പറയാതെ ചിരിയിൽ ഒതുക്കും. വിചാരിക്കുമ്പോഴൊക്കെ ഒരു അന്തർമുഖ പരിവേഷം എടുത്തണിയാനുള്ള ശേഷി സ്വായത്തമാക്കിയിരുന്നു. ചില ചോദ്യങ്ങളെ ഒഴിവാക്കാൻ അതു പ്രയോജനപ്പെടും. തിരക്കു തീരെ കുറവുള്ള ബസ്സിൽ ഞങ്ങൾ ചേർന്നിരുന്നു. ഞാൻ പുറത്തെ കാഴ്ചകൾ ഒന്നൊഴിയാതെ ഉള്ളിലെ ഫ്രെയിമിൽ പതിപ്പിച്ചുകൊണ്ടിരുന്നു.
അരമണിക്കൂർ യാത്ര തികച്ചുണ്ട്. ടൗണിൽ ബസിറങ്ങിയാൽ അൽപദൂരമേയുള്ളു. നീലച്ചായമടിച്ച ബഹുനില കെട്ടിടം. വശങ്ങളിലൂടെ പായൽ ചില കടുത്ത ചിത്രങ്ങൾ വരച്ചിട്ടിരുന്നു. അവധി ദിവസമായതിനാൽ താഴത്തെ പെയിന്റുകട അടഞ്ഞുകിടക്കും. തൊട്ടുമുകളിലെ രണ്ടുനിലകളിലായി നിറയെ ലോഡ്ജുമുറികളായിരുന്നു. അവിടെ താമസക്കാർ ഞായറാഴ്ച പൊതുവേ കുറയും. എങ്കിലും ചില മുറികളിലെ തുറന്നിട്ട വാതിലിലൂടെ സിഗററ്റുപുക ഇഴഞ്ഞെത്തുന്നത് കാണാം. അപാരമായ ഒരു നിശബ്ദത ഇടനാഴികളിലൂടെ എപ്പോഴും വീശിക്കൊണ്ടിരിക്കും. ടെറസിൽ പലകകൾ കൊണ്ടു നിർമ്മിച്ച മൂന്നുമുറികളും ഒരു ഷെഡ്ഡുമുണ്ടായിരുന്നു. ഷെഡ്ഡിനോട് ചേർന്നുള്ള മുറിയുടെ വാതിൽക്കൽ അച്ഛൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ കയറി വരുന്നത് മുകളിൽ നിന്നുതന്നെ അച്ഛനു കാണാം.
മുഷിഞ്ഞ ബെഡുള്ള പഴയ കട്ടിലിൽ ഞങ്ങൾ ഇരുന്നു. സഞ്ചിയും ചോറ്റുപാത്രവും ഒതുക്കിവെച്ചു. സ്റ്റൗവിൽ അച്ഛൻ അപ്പോൾ കാപ്പി തിളപ്പിച്ചു തന്നു. നെഞ്ചൊപ്പം വളർന്ന അച്ഛന്റെ താടിരോമങ്ങളിൽ സിഗററ്റുകറയുടെ നിറം ഇഴകളിട്ടു കിടന്നു.
ഞങ്ങൾക്ക് അച്ഛനെ ഭയമായിരുന്നു.
എങ്കിലും സ്നേഹമായിരുന്നു.
എന്തിനാണ് അച്ഛൻ അമ്മയെയും ഞങ്ങളെയും വിട്ട് ഈ കുടുസ്സുമുറിയിൽ വന്നു താമസിക്കുന്നത്..?
പാവം അമ്മ എത്ര കഷ്ടപ്പെടുന്നു...?
കുഞ്ഞുമനസ്സിൽ കുറേയേറെ ചോദ്യങ്ങളുണ്ടായിരുന്നു. പക്ഷെ ഉള്ളിൽ നിന്നും ഒരിക്കലും ഒന്നും പുറത്തേക്ക് വന്നില്ല. എപ്പോൾ വേണമെങ്കിലും അച്ഛനിൽ സംഭവിക്കാവുന്ന ആ നിറംമാറ്റം പലപ്പോഴും കണ്ടു ഭയന്നിട്ടുള്ളതാണ്.
ചതുരക്കള്ളികളിൽ കരുക്കൾ നിരത്തി അനുജനോടൊപ്പം അച്ഛൻ ചെസ് കളിക്കാൻ തുടങ്ങിയപ്പോൾ ഞാൻ പുറത്ത് കടന്ന് ഷെഡ്ഡിനരികിലേക്ക് നീങ്ങി. അതിനുള്ളിൽ നിറയെ പല നിറത്തിലുള്ള ഉപയോഗശൂന്യമായ പെയിന്റുകൾ നിറഞ്ഞ വലിയ ടിന്നുകൾ ഉണ്ടായിരുന്നു. ഇക്കുറി പച്ചയും വെളുപ്പും നിറമുള്ള ചായങ്ങൾ ചെറിയ ടിന്നുകളിലേക്ക് ഞാൻ പകർന്നു. ഓരോ ആഴ്ചയും എന്റെ ഇൻസ്ട്രമെന്റ് ബോക്സ് സ്കൂളിലെത്തുന്നത് ഓരോ ഡിസൈനിലായിരിക്കും. അച്ഛനുമായുള്ള ഓരോ സമാഗമത്തിന്റെയും ഓർമ്മയ്ക്ക് ഓരോ തവണയും ഞാൻ അതിന്മേലുള്ള ചിത്രങ്ങൾ പലവിധ വർണ്ണങ്ങളാൽ മാറ്റിമാറ്റി വരച്ചു.
ടെറസിൽ നിന്നാൽ ആകാശത്തെ തൊടാമായിരുന്നു.
താഴത്തെ മുറികളിലെവിടെയോ നിന്ന് ആരോ ഓടക്കുഴൽ വായിക്കുന്നത് കേൾക്കാനായി. ഒരിക്കൽ ആ മുറിയുടെ അടുത്തുവരെ പോയതാണ്. പിന്നെ മടിച്ചു. ആരായിരിക്കും ഇത്ര സങ്കടത്തോടെ അത് വായിക്കുന്നതെന്ന് അറിയണമെന്നുണ്ടായിരുന്നു. എന്നാൽ ഒരിക്കൽപ്പോലും അയാൾ പുറത്തേക്ക് വന്നില്ല.
ടെറസിൽ നിന്നും താഴേക്ക് നോക്കിയാൽ വാഹനങ്ങൾ ഒന്നിടവിട്ട് പോകുന്നത് കാണാം. അങ്ങനെ നിൽക്കുമ്പോൾ വെയിലിനു കനം വെച്ചുവരും. അച്ഛൻ ഊണ് കഴിക്കാൻ വിളിക്കും. സഞ്ചിയിലും ചോറ്റുപാത്രത്തിലുമായി കൊണ്ടുവന്ന ചോറും വിഭവങ്ങളും ഞങ്ങൾ മൂന്നുപേരും കൂടിയാണ് വിളമ്പുന്നത്.
അച്ഛനു പ്രിയപ്പെട്ട വിഭവങ്ങൾ.
വെളുപ്പിനുണർന്ന് അമ്മ അച്ഛനായി വെച്ചുണ്ടാക്കിയ കറിക്കൂട്ടുകൾ. അതിൽ നിറയെ സ്നേഹമുണ്ടായിരുന്നു. ഞങ്ങൾ അച്ഛനോടൊപ്പം വയറുനിറയെ ഉണ്ടു. എന്നിട്ടും അച്ഛൻ മാത്രം, രുചികളിലൊളിപ്പിച്ചു വെച്ച ആ സ്നേഹം കണ്ടില്ല. അതിനു വീണ്ടും വർഷങ്ങൾ കഴിയേണ്ടിവന്നു.
എന്തിനവർ അത്രയുംകാലം രണ്ടിടങ്ങളിലായി കഴിഞ്ഞു?ചോദ്യം ഇന്ന് അപ്രസക്തമാണ്.
അമ്മയുടെ ചിറകിനുള്ളിലായി മാത്രം പതുങ്ങിക്കഴിയവേ നഷ്ടപ്പെട്ടുപോയ ചിലതെല്ലാം ഒരിക്കലും ഇനി വീണ്ടെടുക്കാനാവില്ല. ഒരുമിക്കലിന്റെ, സന്തോഷത്തിന്റെ നാളുകൾ കടന്നു വന്നപ്പോഴേക്കും ഞങ്ങൾ കുട്ടികളല്ലാതായിക്കഴിഞ്ഞിരുന്നു.
ഇക്കുറി അവർ ചിരി മടക്കിയില്ല.
കണ്ണുകൾ താഴ്ത്തി ബിഗ് ഷോപ്പറും ചോറ്റുപാത്രവുമായി അവർ മെല്ലെ നടന്നുപോയി.
നേരം പോയി. ഇന്നിനി പരശുറാം കിട്ടില്ലെന്നുള്ളത് തീർച്ചയാണ്.
O
മുറിവുണങ്ങാത്ത ഓര്‍മ്മകള്‍.
ReplyDeleteചില സന്തോഷങ്ങള്‍ മഴത്തുള്ളികള്‍ പോലെ ഇലച്ചാര്‍ത്തില്‍ തങ്ങി നില്‍ക്കുന്നു. എങ്കിലും അവ പൊഴിയാതിരിക്കില്ല.
നന്മകള്‍ നേരുന്നു.
അതേ ജോസ്‌ലെറ്റ്, ചിലതൊക്കെ അങ്ങനെ ചിതറണം. പെയ്യണം. അങ്ങനെയാണ് അവ ശമിക്കുക
Deleteചിലകാഴ്ചകള്‍ നമ്മെ, നമ്മള്‍ പിന്നിട്ട വഴികളിലേക്ക് തിരഞ്ഞുനോക്കാന്‍ പ്രേരിപ്പിക്കുകയും അവിടെയുണ്ടായ നഷ്ടസ്വപ്നങ്ങളുടെ ഓര്‍മ്മകള്‍ മനസ്സില്‍ നൊമ്പരമായി മാറുകയും ചെയ്യുന്നു.
ReplyDeleteനന്നായിരിക്കുന്നു രചന
ആശംസകള്‍
നന്ദി, സി വി സർ... പുതിയ റോഡിലൂടെ നടക്കുമ്പോഴെല്ലാം അടിയിലമർന്നുപോയ പഴയ ചെമ്മൺപാതയുടെ പൊടിമണം ഉയരുന്നത് അറിയാനാകും...
Deleteനല്ല വായനാസുഖം പകര്‍ന്ന കുറിപ്പ്
ReplyDeleteസ്നേഹം, സിയാഫ്
Deleteവഴിയോരക്കാഴ്ചകളുടെ കെമിസ്ട്രി ഇതാണ്....
ReplyDeleteഅതു നമ്മുടെ അകക്കാഴ്ചകളുടെ ജാലകം തുറക്കും
നല്ല കുറിപ്പ്
മാഷേ, പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരി. ചില ജാലകങ്ങൾ തുറക്കാൻ ചില
Deleteരാസപ്രവർത്തനങ്ങൾ വേണം
എന്നെ സങ്കടപ്പെടുത്തി ഈ അക്ഷരങ്ങള്‍..
ReplyDeleteകാരണം അതു തന്നെയാണ്.. സ്നേഹം കാണാനാവാത്തത്.. കാലങ്ങള്‍ ഇങ്ങനെ കടന്നു പോവുന്നത്..
ഞാനറിഞ്ഞപ്പോഴേക്കും എന്ന് പറയാന്‍ തുടങ്ങുമ്പോള്‍ നാഴികമണികള്‍ നമുക്കായി ചലിക്കാതാകുന്നത്..
നല്ല കുറിപ്പ്. .. അഭിനന്ദനങ്ങള്‍..
സത്യം Echmukutty :(
Deleteഅക്ഷരങ്ങൾക്ക് പിന്നിലെ നൊമ്പരം വായിച്ചറിയാൻ സാധിക്കുന്നുണ്ട് ,നന്നായി എഴുതി .
ReplyDeleteസ്നേഹത്തോടെ ....
നന്ദി, ദീപു ജോർജ്ജ്
Deleteനല്ല ഓര്‍മ്മക്കുരിപ്പ്
ReplyDeleteThanx, Rosili Joy :)
Deleteമുഴച്ചും തെറിച്ചും നിൽക്കുന്ന മുനയൻ കല്ലുകളുള്ള ചെങ്കൽപ്പാതയിലൂടെ നടക്കുന്നതിന്റെ വേദനയോര്‍മ്മകള്‍. ഓര്‍മ്മകളിലൂടെ നടക്കാതിരിക്കുന്നതും വേദനയാകും. നിറയെ ഓര്‍മ്മകള്‍ ഉള്ളവര്‍ക്ക് കാണുന്നിടത്തെല്ലാം നോവുണര്‍ത്തുന്ന ഓര്‍മ്മത്താളുകള്‍ തന്നെ
ReplyDelete:(
Deleteഓർമ്മയിലെ വിസ്മരിക്കാണാകാത്ത
ReplyDeleteചില നൊമ്പരങ്ങളാണ് ഈ കുറിപ്പുകൾ
ചിലത് അങ്ങനെയാണല്ലോ. എത്ര തൂത്തെറിഞ്ഞാലും വിട്ടുപോകാത്തവ..
Deleteനോവിച്ചു ഈ ഓര്‍മ്മക്കുറിപ്പ്...
ReplyDeleteവായിച്ചു മുഴുപ്പിക്കുന്നതിനെ മുന്നേ നേരം പോയി ... പക്ഷെ വാക്കുകൾ ഹൃദയത്തിൽ കുരുങ്ങി ....അപ്രസക്തമായ ചോദ്യങ്ങളുടെ തുടര്ച്ചയാണ് ചിലപ്പോൾ ജീവിതം എന്ന് തോന്നിപോകും... അല്ലെങ്കിൽ കൃത്യമായ ഒരു ഉത്തരം തരാൻ കഴിയാതെ ....
ReplyDelete