Sunday 19 February 2012

കാവലാൾ

മാതൃനാട്‌ മാസിക, 2011 മെയ്‌





       പ്രിസണർ എസ്കോർട്ട്‌ ഡ്യൂട്ടി കഴിഞ്ഞ്‌ ക്ഷീണിതനായി വന്നുകയറുമ്പോൾ ക്യാമ്പ്‌ ഉച്ചവെയിലിന്റെ കുടപിടിച്ചു നിൽക്കുകയായിരുന്നു. പൊള്ളുന്ന മണൽത്തരികളിൽ ഒരു നിഴലുകളും സൂര്യൻ അപ്പോൾ വീഴ്ത്തുന്നുണ്ടായിരുന്നില്ല. ആയുധങ്ങൾ സൂക്ഷിക്കുന്ന 'ബെൽ ഓഫ്‌ ആംസ്‌' അടഞ്ഞുകിടന്നിരുന്നതിനാൽ കൈവിലങ്ങ്‌ ക്വാർട്ടർ ഗാർഡിലേൽപ്പിച്ച്‌ ബാരക്കിലേക്ക്‌ നടന്നു. പുതിയ സീലിംഗിനു കീഴെ, നൂറുകണക്കിന്‌ യൂണിഫോമുകൾ മുഷിഞ്ഞഗന്ധം പടർത്തി നിരന്നു കിടക്കുന്നതിനു താഴെയായി ഇരുമ്പുകട്ടിലുകൾ മാത്രം വിശ്രമിച്ചു. പൊടിയും വിയർപ്പും തുരുമ്പും കൂടിക്കലർന്ന മനംമടുപ്പിക്കുന്ന ഗന്ധം വായുവിലൂടെ പാറിനടക്കുണ്ടായിരുന്നു.

ആരും തന്നെയില്ല.

നഗരക്കുരുക്കിലും പാറാവുസ്ഥലങ്ങളിലും സമരമുഖങ്ങളിലുമെല്ലാം ചിതറിക്കിടന്നും അനുധാവനം ചെയ്തും മറ്റുള്ളവർ ഇപ്പോൾ വിയർക്കുകയായിരിക്കുമല്ലോ എന്നോർത്തുകൊണ്ട്‌ യൂണിഫോമിന്റെ കുടുക്കുകളഴിക്കുമ്പോൾ, മെസ്‌കോൾ മുഴങ്ങി. ബ്യൂഗിളിന്റെ തുളയ്ക്കുന്ന ഒച്ച ആസ്ബെസ്റ്റോസ്‌ മേൽക്കൂരകൾക്ക്‌ മുകളിലൂടെ നഗരത്തിലേക്ക്‌ നേർത്തുനേർത്ത്‌ പോയി. ഭക്ഷണം കഴിക്കാൻ തോന്നുന്നേയില്ല. വിശപ്പെന്ന വികാരത്തെ മനസും ശരീരവും ചിലപ്പോഴൊക്കെ ബോധപൂർവ്വമോ അല്ലാതെയോ വിട്ടുകളയുന്നുണ്ട്‌. കുഞ്ഞുശാരിക്ക്‌ പനിയാണെന്നറിഞ്ഞിട്ടും ഇടയ്ക്കൊന്നു വിളിച്ച്‌ വിവരം തിരക്കാൻപോലും നേരംകിട്ടുന്നില്ല. വല്ലപ്പോഴും മാത്രം അച്ഛന്റെ ഒരു നോട്ടമോ കരസ്പർശമോ ഏറ്റുകൊണ്ട്‌ അവൾ വളരുന്നു. അവളുടെ അമ്മ കിടക്കയിൽ നീലിച്ചുകിടന്ന ദിവസം മുതൽ താളം തെറ്റിയതാണ്‌. ആദ്യമൊക്കെ കണ്ണീരൊഴുക്കിയെങ്കിലും ബോർഡിംഗ്‌ സ്കൂൾ ജീവിതവുമായി അവളിപ്പോൾ ഏറെക്കുറെ ഇണങ്ങിച്ചേർന്നിരിക്കുന്നു.

നല്ല ഉഷ്ണം.

കറുത്തനിറത്തിൽ ചതുരാകൃതിയിലുള്ള പഴയ സ്വിച്ച്‌ താഴേക്ക്‌ വലിച്ചിട്ടപ്പോൾ, മുരൽച്ചയോടെ ഫാൻ കറങ്ങിത്തുടങ്ങി. ചെറുകാറ്റ്‌ വന്നുതൊട്ടപ്പോൾ തെല്ലാശ്വാസമായി. ഇരുമ്പുകട്ടിലിലിരുന്നുകൊണ്ട്‌ ബൂട്ടുകളിൽ നിന്ന് വിയർത്തകാലുകൾ വലിച്ചെടുത്തു. വാസ്തവത്തിൽ, ബൂട്ടിനുള്ളിലെ സോക്സിട്ട കാലുകൾ പോലെയായിത്തീർന്നിരിക്കുന്നു ജീവിതം. വെന്ത്‌, വിയർത്ത്‌, മുഷിഞ്ഞ ഗന്ധം പേറി... ഏതോ ഉത്തരവുകൾക്കനുസരിച്ച്‌ യാന്ത്രികമായി ചലിച്ചുകൊണ്ടിരിക്കുന്നു. അറിയാത്ത വഴികളിലൂടെ പോകുന്നു, ദൂരങ്ങൾ പിന്നിടുന്നു, ഇടത്തേക്കും വലത്തേക്കും തിരിയുന്നു. ഒരു വലിയ ഡ്രംബീറ്റിനു കാതോർത്തുകൊണ്ട്‌ ചുവടുകൾ അലഞ്ഞുകൊണ്ടേയിരിക്കുകയാണ്‌.

കട്ടിലുകൾക്ക്‌ പിന്നിൽ നിരനിരയായി അനേകമനേകം ഇരുമ്പുപെട്ടികളാണ്‌- പഴയ ട്രങ്കുകൾ. ഒരു താഴുകൊണ്ടും ബന്ധിക്കപ്പെടാതെ, തുറന്ന പുസ്തകങ്ങൾ പോലെ കിടക്കുന്ന പെട്ടികളിലൊന്ന് എന്റേതാണ്‌. ആർക്കു വേണമെങ്കിലും ഒരു എമർജൻസിയിൽ ഉള്ളിലടങ്ങിയിരിക്കുന്ന ജംഗമങ്ങൾ ഉപയോഗിക്കാൻ പാകത്തിൽ ഒരു പൊതുമുതലായിത്തീർന്നിരിക്കുന്നു, അത്‌. അടിവശം പൊളിയാറായ ബൂട്ടുകൾ, ഉറക്കുത്തുകൾ വീണ ലാത്തി, മങ്ങിയ പച്ചനിറത്തിലെ പെയിന്റടർന്നു തുടങ്ങിയ ഹെൽമറ്റ്‌, മുഷിഞ്ഞ ബെൽറ്റ്‌, ഉണങ്ങിപ്പിടിച്ച പോളിഷുള്ള ചെറിയ തകരടിൻ, നാരുകൾ തേഞ്ഞു തീർന്ന ബ്രഷ്‌... ഇത്രയുമാണ്‌ പെട്ടിക്കുള്ളിലെ വസ്തുക്കൾ. ഒരു ജോഡി വൂളൻ സോക്സുമുണ്ട്‌.

തുരുമ്പിന്റെ മേലാവരണമുള്ള പെട്ടിയുടെ കൊളുത്തിൽ തൊട്ടപ്പോൾ തന്നെ എന്തോ ഒന്നനങ്ങി. പെട്ടി ഒന്നു വിറച്ചോ? എന്താണത്‌....?

വിരലുകൾ മരവിച്ചു നിൽക്കേ, പെട്ടി വീണ്ടുമനങ്ങി. നടുക്കം കൈവിരലുകളിൽ നിന്ന് കാലുകളിലേക്ക്‌ പടർന്നത്‌ പെട്ടെന്നാണ്‌. തുറന്നുകിടന്നിരുന്ന നേരത്ത്‌ എന്തോ പെട്ടിക്കുള്ളിൽ കയറിപ്പറ്റിയിട്ടുണ്ട്‌. ഒരു സഹായത്തിനായി ഞാൻ ചുറ്റും നോക്കി. ആരെങ്കിലും ഒന്നിങ്ങോട്ടു കടന്നുവന്നിരുന്നെങ്കിൽ എന്നോർത്തുപോയി. കടുംനീലനിറമുള്ള ഇരുമ്പുകട്ടിലിനടിയിലായി ഒരു കെയ്‌ൻ കിടന്നിരുന്നത്‌ അപ്പോഴാണ്‌ കണ്ണുകൾ കണ്ടുപിടിച്ചത്‌. മെല്ലെ കുനിഞ്ഞെടുത്ത്‌, അതിന്റെ ഒരഗ്രം കൊണ്ട്‌ പെട്ടിയുടെ മൂടി പതുക്കെ ഉയർത്തി.

ശ്‌ ....ശ്‌ ...

വിചിത്രശബ്ദത്തോടെ ബൂട്ടുകൾക്കിടയിൽ നിന്ന് പൊടുന്നനെ ഉഗ്രമൂർത്തി ഫണമുയർത്തി. ഞെട്ടലിൽ, പിന്നിലേക്ക്‌ വേച്ചുപോകാതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ പെട്ടിയുടെ മൂടി ഒച്ചയുണ്ടാക്കിക്കൊണ്ട്‌ അടഞ്ഞു. ഗാർഡിൽ പോയി വിവരമറിയിച്ചാലോ എന്നാലോചിച്ചുവെങ്കിലും വേണ്ടെന്നുറപ്പിച്ചു. കാരണം, അപകടകാരിയെങ്കിലും അറിയാതെ വന്നുപെട്ട ഈ അതിഥിയുടെ ജീവിതം ഇവിടം കൊണ്ടവസാനിപ്പിക്കുവാൻ എന്തുകൊണ്ടോ ഞാനാഗ്രഹിച്ചില്ല.

കെയ്‌ൻ കൊണ്ടുതന്നെ വീണ്ടും മേൽമൂടി സാവധാനത്തിൽ ഉയർത്തി. ഇക്കുറി അതിന്‌ എന്നെ ഭയപ്പെടുത്താനായില്ല. കറുപ്പുനിറത്തിൽ സ്വർണ്ണവർണ്ണം വിലയിച്ചുകിടക്കുന്നു. വിടർന്നു നിൽക്കുന്ന ഫണത്തിന്‌ ഒത്തനടുവിലായി ആ മായാമുദ്ര. കെയ്‌ൻ വട്ടത്തിലൊന്നു ചുഴറ്റിയപ്പോൾ നാവിൻതുമ്പുകൾ വിറപ്പിച്ചുകൊണ്ട്‌ വേഗത്തിൽ മുന്നോട്ടാഞ്ഞു. പ്രകോപിക്കപ്പെട്ടാൽ, അടുത്ത നീക്കമെന്തായിരിക്കുമെന്ന് ഗണിക്കാനാവില്ല.

ചലിച്ചുകൊണ്ടിരിക്കുന്ന നാവിനിടയിലൂടെ വിഷപ്പല്ലുകൾ ഒരുനോട്ടം കണ്ടു.

കാവിന്റെ പിന്നിലുള്ള പഴയവീട്ടിൽ വാടകയ്ക്ക്‌ താമസിക്കുകയായിരുന്നു അന്ന്. കാവിനുള്ളിൽ നിറയെ നാഗങ്ങളായിരുന്നു. രാപകലെന്നില്ലാതെ നടവഴികളിലെല്ലാം അവ സ്വൈരവിഹാരം നടത്തുന്നത്‌ കണ്ടിട്ടുണ്ട്‌. വരാന്തയിലേക്കും വീടിനുള്ളിലേക്കും അവ ചിലപ്പോൾ കടന്നുവന്നു. അവൾക്ക്‌ പക്ഷേ, വലിയ ഭയമായിരുന്നു. ദിനവും മുടങ്ങാതെ കാവിൽ വിളക്കുവെച്ചു. വെളുത്തുള്ളി മണക്കുന്ന രാവുകളിൽ ഭയന്നുവിറച്ച്‌ കിടക്കയിൽ എന്നെ ചുറ്റിപ്പിടിച്ചിരുന്ന് വെളുപ്പിച്ച എത്ര രാവുകൾ..? കുഞ്ഞുശാരി ഉണ്ടായതിൽപ്പിന്നെ അവൾ മനസ്സു കൈവിട്ടുപോകുന്ന അവസ്ഥയിലേക്കെത്തിയിരുന്നതായി പലപ്പോഴും തോന്നിയിരുന്നു. ഈ വീട്ടിൽ നിന്ന് മറ്റെവിടേക്കെങ്കിലും നമുക്കുപോകാം എന്നുള്ള വിലാപം ഞാൻ കേട്ടതേയില്ലല്ലോ. ഒടുവിൽ, നീലിച്ച കൈകൾക്കുള്ളിൽ കുഞ്ഞിനെ അവൾ സുരക്ഷിതമാക്കിവെച്ചു.

ഇന്നിപ്പോൾ ഇതെന്റെ ഊഴമായിരിക്കും. എനിക്കായി മാത്രമുള്ള സമ്മാനമാണ്‌ ഇവിടെ ഈ ഇരുമ്പുപെട്ടിക്കുള്ളിൽ കാത്തിരിക്കുന്നത്‌. തീർച്ചയായും പ്രിയപ്പെട്ടവളെ... മനസ്സു പൊട്ടിത്തകർന്നു പോകാതിരിക്കാൻ എനിക്കു നിന്റെ അടുത്തേക്ക്‌ വരേണ്ടതുണ്ട്‌. ഇത്രനാളും ഞാൻ ഇതിനായി പ്രതീക്ഷിക്കുകയായിരുന്നു.

ഏതോ ഉൾപ്രേരണയാൽ, വിവേചിച്ചറിയാനാകാത്ത ഏതോ വിചിത്രമായ ഉണർവ്വിനാൽ കണ്ണുകൾ മുറുകെയടച്ചുകൊണ്ട്‌, കെയ്‌ൻ താഴേക്കിട്ട്‌ ഞാൻ രണ്ടുകൈകളും നീട്ടിപ്പിടിച്ചു. വരൂ, എന്നെ തൊടൂ... നാവിൻതുമ്പുകൊണ്ട്‌, കുരുന്നുപല്ലുകൾ കൊണ്ട്‌.... ഈ നിമിഷം എന്നെ വെള്ളിച്ചിറകുകളുള്ള നീലത്തുമ്പിയാക്കൂ...

വഴുക്കുന്ന ഒരു സ്പർശനത്തിനു കാത്തുകൊണ്ട്‌ ഏറെനേരം നിന്നു. 'അച്ഛാ...' കുഞ്ഞുശാരി വന്നു വിരലിൽ തൊട്ടു. അവളുടെ അമ്മ, എന്റെ ചെവിക്കു പിന്നിലായി മൃദുവായി ചുംബിച്ചു.

കണ്ണുതുറന്നപ്പോൾ പെട്ടിയിൽ നിന്നും മെല്ലെ ഊർന്നിറങ്ങുകയായി. പുളയുന്ന വെളിച്ചം പെട്ടിയുടെ വശങ്ങളിലൂടെ, പൊടിയിൽ കനത്ത വരകൾ തീർത്തുകൊണ്ട്‌ ഭിത്തിയിലൂടെ ഉയർന്ന്, തുറന്ന ജനാലയുടെ താഴ്‌ന്ന പടികളിലൂടെ വരാന്തയിലേക്കിറങ്ങി, മഴവെള്ളസംഭരണിയുടെ അരികുകൾപറ്റി കാഴ്ചയിൽ നിന്ന് പതുക്കെപ്പതുക്കെ മറയുന്നു. അധിനിവേശത്തിന്റെ കാലം മുതൽ ഇഴഞ്ഞുതുടങ്ങിയ ഒരു ദു:സ്വപ്നം അതാ... കാണാമറയത്തേക്ക്‌ പോകുന്നു.

മാറ്റത്തിന്റെ കാഹളമെന്നു തോന്നിപ്പിക്കുന്ന ഒരു ബ്യൂഗിൾധ്വനി അകലെയെവിടെയോ നിന്നുയർന്നു വരുന്നത്‌ ഉൾക്കാതുകൾ അറിഞ്ഞു. അസാധാരണമായ ഈണത്തിലുള്ള ആ നേർത്തവീചികൾ അലയടിച്ചുകൊണ്ടിരിക്കുമ്പോൾ വെയിൽ ചായാൻ തുടങ്ങിയിരുന്നു.

പെട്ടിക്കുള്ളിൽ നിന്ന് അതിഥി ഒഴിഞ്ഞുപോയിരിക്കുന്നു. അതിനോടൊപ്പം ആനേരം വരെ ഹൃദയത്തിനുള്ളിൽ അസ്വസ്ഥതകൾ പെരുക്കിക്കൊണ്ടിരുന്ന ഒരു ഭാരം കൂടി വിട്ടൊഴിഞ്ഞിരിക്കുന്നു. തടാകം പോലെ ശാന്തമായ മനസ്സുമായി പെട്ടിയെ സമീപിക്കുമ്പോൾ വൂളൻ സോക്സുകൾക്കിടയിൽ എന്തോ തിളങ്ങുന്നത്‌ കണ്ണിൽപ്പെട്ടു. സോക്സുകൾ നീക്കിയപ്പോൾ വിസ്മയിച്ചുപോയി - തിളങ്ങുന്ന സുന്ദരമായ ഒരു മുട്ട !

ഭയാനകമായ ഒരു മൗനത്തിലാണ്‌ കിടന്നിരുന്നതെങ്കിലും, അത്‌ പകലിന്റെ പ്രകാശം പുറപ്പെടുവിച്ചു. ജീവനും മരണവും ഒരേപോലെ ധ്യാനത്തിലിരിക്കുന്ന, എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു 'ഷെൽ'! ജനങ്ങളുടെ ജീവനും സ്വത്തിനും കാവലാളായ ഒരു നീതിപാലകന്റെ മനസ്സ്‌, പ്രോട്ടോക്കോൾ മറന്നുകൊണ്ട്‌, ഔദ്യോഗികമുദ്രകളൊന്നുമില്ലാതെ സല്യൂട്ട്‌ ചെയ്തുനിൽക്കുമ്പോൾ ഒരു കാറ്റ്‌ ജനാല വഴി ഓടിയെത്തി മുഖത്തു തൊട്ടു. മരങ്ങളുടെ, ഇലകളുടെ ചലിക്കുന്ന നിഴലുകൾ മണൽത്തരികളുമായി വിരലുകൾ കോർത്തു.

 
O
മാതൃനാട്‌ മാസിക, 2011 മെയ്‌


32 comments:

  1. ജീവനും മരണവും ഒരേ പോലെ ധ്യാനത്തിലിരിക്കുന്ന, എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു ഷെൽ - അതാണു ഓരോ ജന്മവും. സ്നേഹത്തിനും സഹിഷ്ണുതയ്ക്കും ശേഷമാണു നിയമത്തിനു സാധൂകരണം. എന്നാൽ നിയമപാലകർ ഇന്നു അധികാരവർഗ്ഗത്തിന്റെ ആയുധമായും "നഗരക്കുരുക്കുകളിലും പാറാവുസ്ഥലങ്ങളിലും സമരമുഖങ്ങളിലുമെല്ലാം ചിതറിക്കിടന്നും അനുധാവനം ചെയ്തും" സമൂഹത്തിനു കല്ലെറിയാനുള്ള പ്രതിരൂപങ്ങളായും രൂപാന്തരപ്പെട്ടിരിക്കുന്നു. സാമൂഹികനീതിപോലും നിഷേധിക്കപ്പെട്ട്, സ്വകുടുംബ സന്തോഷങ്ങളെ അടിയറവെച്ചു് കടുത്ത മാനസിക വ്യഥകളിൽ ആത്മധൈര്യം നഷ്ടപ്പെട്ട കാവലാളുകളുടെ ഒരു ലേ-ഔട്ട് കഥയുടെ ബാരിക്കേഡിനു പിന്നിൽ. ഫണനാഗങ്ങൾ കാവലാളുകളായിരുന്ന ഒരു കാലഘട്ടത്തിന്റെ പിൻഗാമി അഭയം തേടി, തന്റെ നിധി നിയമപാലകനെ ഏൽപ്പിച്ചു പിന്മടങ്ങുന്ന ഒരു കാഴ്ച. അതിനപ്പുറം, ഓരോ ജീവനും തന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തുന്നത് സൃഷ്ടിയുടെ സുവർണ്ണ മുഹൂർത്തങ്ങളിലാണെന്ന ബോധം. അതാണു കഥാകാരനു കഥയിൽ കണ്ടു കിട്ടുന്നതും വായനക്കാരനു കഥയിലൂടെ കരഗതമാകുന്നതും. അഭിനന്ദനങ്ങള്‍.

    ReplyDelete
  2. ഒന്ന് രോമാഞ്ചമണിയിച്ച് തിരിച്ചു പോയ മരണത്തിന് ഒരു സല്യൂട്ട്...

    ReplyDelete
    Replies
    1. ആന്തരിക ബഹുമാനം മടക്കുന്നു .... Viddiman

      Delete
  3. ഇത് ഞാന്‍ എവിടെയോ വായിച്ചതാണല്ലോ ..ഈ ബ്ലോഗില്‍ അല്ല ,ഏതെന്കിലും ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിധീകരിചിരുന്നോ?കമ്മ്നെറ്റ്‌ ചെയ്ത നല്ല ഓര്‍മ്മ ,,,,ഏതായാലു മനോഹരമായ എഴുത്ത് ..ഇനിയും തുടരുക ...അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. പ്രിയ സിയാഫ്‌,
      മാതൃനാടിലും ഗ്രൂപ്പുകളിലും കേളികൊട്ടിലും അല്ലാതെ ഇത്‌ ഷെയർ ചെയ്തിട്ടില്ല സിയാഫ്‌. ഇനി എന്താണെന്നറിയില്ല . നന്ദി. അക്ഷരസ്നേഹം !

      Delete
  4. നരേഷന്‍ മികച്ചതാണ്..

    ReplyDelete
    Replies
    1. സ്നേഹം... മനോരാജ്‌ !

      Delete
  5. കേളികൊട്ടിൽ വായിച്ചതായി ഓർക്കുന്നു...വീണ്ടും വായിയ്ക്കാൻ അവസരം കിട്ടിയതിൽ സന്തോഷം...!
    നല്ല എഴുത്ത്...അഭിനന്ദനങ്ങൾ...!

    ReplyDelete
    Replies
    1. ആദ്യകാലം മുതൽക്ക്‌ കേളികൊട്ടിന്റെ സ്ഥിരം വായനക്കാരിയായ വർഷിണി ടീച്ചർക്ക്‌ ലവണതീരത്തേക്ക്‌ സ്വാഗതം. നന്ദി !

      Delete
  6. veendum vaaikkan thonnunnu nalla ezhuthukalkabhinadanangal

    ReplyDelete
  7. മികവുറ്റ രചനയ്ക്ക് അഭിനന്ദനങ്ങള്‍.. അക്ഷരങ്ങള്‍ക്ക് താങ്കളുടെ തൂലികതുമ്പിലൂടെ മാറ്റേറുന്നു.

    ReplyDelete
    Replies
    1. നന്ദി ... ലവണതീരത്തേക്ക്‌ വീശിയ ഇലഞ്ഞിപ്പൂമണം..

      Delete
  8. കൊളോണിയലിസത്തിന്‍റെ കാലം മുതല്‍ക്ക്‌ ഇഴഞ്ഞുതുടങ്ങിയ ഒരു ദു:സ്വപ്നം അതാ ... കാണാമറയത്തേക്ക് പോകുന്നു.
    പുനര്‍വായനക്കുതകുന്ന രചന...ഇനിയും നല്ല രചനകള്‍ ആ തൂലികയില്‍ നിന്ന് പിറവിയെടുക്കട്ടെ...
    എല്ലാ വിധ ഭാവുകങ്ങളും...

    ReplyDelete
    Replies
    1. സ്നേഹം ..കോയക്കുട്ടി .... എല്ലാ പിന്തുണയ്ക്കും ...

      Delete
  9. ലവണ തീരത്തില്‍ ആദ്യം എത്തുകയാണ് എന്ന് തോന്നുന്നു. നന്നായി എഴുതി അവതരിപ്പിച്ചു. ബ്ലോഗില്‍ ഇത്തരം രചനകള്‍ കുറവാണ്. ഭാവുകങ്ങള്‍ നേരുന്നു.

    ReplyDelete
    Replies
    1. നന്ദി ശ്രീ kanakkoor ..

      Delete
  10. വഴുക്കുന്ന ഒരു സ്പര്‍ശനത്തിന് കാത്തുകൊണ്ട് ഞാൻ ഏറെനേരം നിന്നു.
    "അച്ഛാ .." കുഞ്ഞുശാരി വന്നു വിരലിൽ തൊട്ടു.
    അവളുടെ അമ്മ എന്‍റെ ചെവിക്കുപിന്നിലായി മൃദുവായി ചുംബിച്ചു.

    ReplyDelete
    Replies
    1. വായിച്ചറിഞ്ഞതിലുള്ള സ്നേഹം Roshan

      Delete
  11. മനസ്സിനെ സ്പര്‍ശിക്കുന്ന കഥ... കാക്കിക്കുള്ളിലെ നല്ലൊരു ഹൃദയം ആരും പൊതുവേ കാണാറില്ല.... ഇഷ്ടപ്പെട്ടവരില്‍ നിന്നും അകന്നു ഇഷ്ടമില്ലാത്തത് ചെയ്യുന്നു...

    ReplyDelete
    Replies
    1. നന്ദി അംജത്‌ .... കൊളോണിയലിസത്തിന്റെ കാലത്ത്‌ രൂപം കൊണ്ട പോലീസ്‌ നിയമങ്ങളും കീഴ്‌വഴക്കങ്ങളും എത്ര പരിഷ്കരിച്ചാലും ഇഴഞ്ഞ്‌ അകലെ മറഞ്ഞാലും ഷെല്ലിനുള്ളിലെ ജീവൻ പോലെ അവശേഷിക്കും എന്നുള്ള ആശങ്ക പകരാനായോ ?

      Delete
  12. ഇക്കഥകളൊക്കെ വളരെ ഇഷ്ടപ്പെടുന്നു

    ReplyDelete
  13. ഒത്തിരി സ്നേഹം. എല്ലാ കഥകളും ആഴത്തിൽ വായിച്ച മനസ്സിന്‌ ...

    ReplyDelete
  14. കഥ പറയുന്ന രീതി ഇഷ്ടപ്പെടുന്നു പിന്നെ കഥയും......................
    സല്യൂട്ട്

    ReplyDelete
  15. നല്ല ശൈലി, അഭിനന്ദനങ്ങള്‍ !

    ReplyDelete
  16. മികച്ചതായീ കഥ..

    ReplyDelete
  17. ആത്മ സംഘർഷങ്ങളുടെ കാവലാൾ. നല്ല കഥ

    ReplyDelete
  18. ഓർമകളിൽ ഒരു ഭയം മിന്നി മറഞ്ഞു ...ഇപ്പോൾ ശാന്തമായി .........

    ReplyDelete