Sunday 19 February 2012

കാവലാൾ

മാതൃനാട്‌ മാസിക, 2011 മെയ്‌





       പ്രിസണർ എസ്കോർട്ട്‌ ഡ്യൂട്ടി കഴിഞ്ഞ്‌ ക്ഷീണിതനായി വന്നുകയറുമ്പോൾ ക്യാമ്പ്‌ ഉച്ചവെയിലിന്റെ കുടപിടിച്ചു നിൽക്കുകയായിരുന്നു. പൊള്ളുന്ന മണൽത്തരികളിൽ ഒരു നിഴലുകളും സൂര്യൻ അപ്പോൾ വീഴ്ത്തുന്നുണ്ടായിരുന്നില്ല. ആയുധങ്ങൾ സൂക്ഷിക്കുന്ന 'ബെൽ ഓഫ്‌ ആംസ്‌' അടഞ്ഞുകിടന്നിരുന്നതിനാൽ കൈവിലങ്ങ്‌ ക്വാർട്ടർ ഗാർഡിലേൽപ്പിച്ച്‌ ബാരക്കിലേക്ക്‌ നടന്നു. പുതിയ സീലിംഗിനു കീഴെ, നൂറുകണക്കിന്‌ യൂണിഫോമുകൾ മുഷിഞ്ഞഗന്ധം പടർത്തി നിരന്നു കിടക്കുന്നതിനു താഴെയായി ഇരുമ്പുകട്ടിലുകൾ മാത്രം വിശ്രമിച്ചു. പൊടിയും വിയർപ്പും തുരുമ്പും കൂടിക്കലർന്ന മനംമടുപ്പിക്കുന്ന ഗന്ധം വായുവിലൂടെ പാറിനടക്കുണ്ടായിരുന്നു.

ആരും തന്നെയില്ല.

നഗരക്കുരുക്കിലും പാറാവുസ്ഥലങ്ങളിലും സമരമുഖങ്ങളിലുമെല്ലാം ചിതറിക്കിടന്നും അനുധാവനം ചെയ്തും മറ്റുള്ളവർ ഇപ്പോൾ വിയർക്കുകയായിരിക്കുമല്ലോ എന്നോർത്തുകൊണ്ട്‌ യൂണിഫോമിന്റെ കുടുക്കുകളഴിക്കുമ്പോൾ, മെസ്‌കോൾ മുഴങ്ങി. ബ്യൂഗിളിന്റെ തുളയ്ക്കുന്ന ഒച്ച ആസ്ബെസ്റ്റോസ്‌ മേൽക്കൂരകൾക്ക്‌ മുകളിലൂടെ നഗരത്തിലേക്ക്‌ നേർത്തുനേർത്ത്‌ പോയി. ഭക്ഷണം കഴിക്കാൻ തോന്നുന്നേയില്ല. വിശപ്പെന്ന വികാരത്തെ മനസും ശരീരവും ചിലപ്പോഴൊക്കെ ബോധപൂർവ്വമോ അല്ലാതെയോ വിട്ടുകളയുന്നുണ്ട്‌. കുഞ്ഞുശാരിക്ക്‌ പനിയാണെന്നറിഞ്ഞിട്ടും ഇടയ്ക്കൊന്നു വിളിച്ച്‌ വിവരം തിരക്കാൻപോലും നേരംകിട്ടുന്നില്ല. വല്ലപ്പോഴും മാത്രം അച്ഛന്റെ ഒരു നോട്ടമോ കരസ്പർശമോ ഏറ്റുകൊണ്ട്‌ അവൾ വളരുന്നു. അവളുടെ അമ്മ കിടക്കയിൽ നീലിച്ചുകിടന്ന ദിവസം മുതൽ താളം തെറ്റിയതാണ്‌. ആദ്യമൊക്കെ കണ്ണീരൊഴുക്കിയെങ്കിലും ബോർഡിംഗ്‌ സ്കൂൾ ജീവിതവുമായി അവളിപ്പോൾ ഏറെക്കുറെ ഇണങ്ങിച്ചേർന്നിരിക്കുന്നു.

നല്ല ഉഷ്ണം.

കറുത്തനിറത്തിൽ ചതുരാകൃതിയിലുള്ള പഴയ സ്വിച്ച്‌ താഴേക്ക്‌ വലിച്ചിട്ടപ്പോൾ, മുരൽച്ചയോടെ ഫാൻ കറങ്ങിത്തുടങ്ങി. ചെറുകാറ്റ്‌ വന്നുതൊട്ടപ്പോൾ തെല്ലാശ്വാസമായി. ഇരുമ്പുകട്ടിലിലിരുന്നുകൊണ്ട്‌ ബൂട്ടുകളിൽ നിന്ന് വിയർത്തകാലുകൾ വലിച്ചെടുത്തു. വാസ്തവത്തിൽ, ബൂട്ടിനുള്ളിലെ സോക്സിട്ട കാലുകൾ പോലെയായിത്തീർന്നിരിക്കുന്നു ജീവിതം. വെന്ത്‌, വിയർത്ത്‌, മുഷിഞ്ഞ ഗന്ധം പേറി... ഏതോ ഉത്തരവുകൾക്കനുസരിച്ച്‌ യാന്ത്രികമായി ചലിച്ചുകൊണ്ടിരിക്കുന്നു. അറിയാത്ത വഴികളിലൂടെ പോകുന്നു, ദൂരങ്ങൾ പിന്നിടുന്നു, ഇടത്തേക്കും വലത്തേക്കും തിരിയുന്നു. ഒരു വലിയ ഡ്രംബീറ്റിനു കാതോർത്തുകൊണ്ട്‌ ചുവടുകൾ അലഞ്ഞുകൊണ്ടേയിരിക്കുകയാണ്‌.

കട്ടിലുകൾക്ക്‌ പിന്നിൽ നിരനിരയായി അനേകമനേകം ഇരുമ്പുപെട്ടികളാണ്‌- പഴയ ട്രങ്കുകൾ. ഒരു താഴുകൊണ്ടും ബന്ധിക്കപ്പെടാതെ, തുറന്ന പുസ്തകങ്ങൾ പോലെ കിടക്കുന്ന പെട്ടികളിലൊന്ന് എന്റേതാണ്‌. ആർക്കു വേണമെങ്കിലും ഒരു എമർജൻസിയിൽ ഉള്ളിലടങ്ങിയിരിക്കുന്ന ജംഗമങ്ങൾ ഉപയോഗിക്കാൻ പാകത്തിൽ ഒരു പൊതുമുതലായിത്തീർന്നിരിക്കുന്നു, അത്‌. അടിവശം പൊളിയാറായ ബൂട്ടുകൾ, ഉറക്കുത്തുകൾ വീണ ലാത്തി, മങ്ങിയ പച്ചനിറത്തിലെ പെയിന്റടർന്നു തുടങ്ങിയ ഹെൽമറ്റ്‌, മുഷിഞ്ഞ ബെൽറ്റ്‌, ഉണങ്ങിപ്പിടിച്ച പോളിഷുള്ള ചെറിയ തകരടിൻ, നാരുകൾ തേഞ്ഞു തീർന്ന ബ്രഷ്‌... ഇത്രയുമാണ്‌ പെട്ടിക്കുള്ളിലെ വസ്തുക്കൾ. ഒരു ജോഡി വൂളൻ സോക്സുമുണ്ട്‌.

തുരുമ്പിന്റെ മേലാവരണമുള്ള പെട്ടിയുടെ കൊളുത്തിൽ തൊട്ടപ്പോൾ തന്നെ എന്തോ ഒന്നനങ്ങി. പെട്ടി ഒന്നു വിറച്ചോ? എന്താണത്‌....?

വിരലുകൾ മരവിച്ചു നിൽക്കേ, പെട്ടി വീണ്ടുമനങ്ങി. നടുക്കം കൈവിരലുകളിൽ നിന്ന് കാലുകളിലേക്ക്‌ പടർന്നത്‌ പെട്ടെന്നാണ്‌. തുറന്നുകിടന്നിരുന്ന നേരത്ത്‌ എന്തോ പെട്ടിക്കുള്ളിൽ കയറിപ്പറ്റിയിട്ടുണ്ട്‌. ഒരു സഹായത്തിനായി ഞാൻ ചുറ്റും നോക്കി. ആരെങ്കിലും ഒന്നിങ്ങോട്ടു കടന്നുവന്നിരുന്നെങ്കിൽ എന്നോർത്തുപോയി. കടുംനീലനിറമുള്ള ഇരുമ്പുകട്ടിലിനടിയിലായി ഒരു കെയ്‌ൻ കിടന്നിരുന്നത്‌ അപ്പോഴാണ്‌ കണ്ണുകൾ കണ്ടുപിടിച്ചത്‌. മെല്ലെ കുനിഞ്ഞെടുത്ത്‌, അതിന്റെ ഒരഗ്രം കൊണ്ട്‌ പെട്ടിയുടെ മൂടി പതുക്കെ ഉയർത്തി.

ശ്‌ ....ശ്‌ ...

വിചിത്രശബ്ദത്തോടെ ബൂട്ടുകൾക്കിടയിൽ നിന്ന് പൊടുന്നനെ ഉഗ്രമൂർത്തി ഫണമുയർത്തി. ഞെട്ടലിൽ, പിന്നിലേക്ക്‌ വേച്ചുപോകാതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ പെട്ടിയുടെ മൂടി ഒച്ചയുണ്ടാക്കിക്കൊണ്ട്‌ അടഞ്ഞു. ഗാർഡിൽ പോയി വിവരമറിയിച്ചാലോ എന്നാലോചിച്ചുവെങ്കിലും വേണ്ടെന്നുറപ്പിച്ചു. കാരണം, അപകടകാരിയെങ്കിലും അറിയാതെ വന്നുപെട്ട ഈ അതിഥിയുടെ ജീവിതം ഇവിടം കൊണ്ടവസാനിപ്പിക്കുവാൻ എന്തുകൊണ്ടോ ഞാനാഗ്രഹിച്ചില്ല.

കെയ്‌ൻ കൊണ്ടുതന്നെ വീണ്ടും മേൽമൂടി സാവധാനത്തിൽ ഉയർത്തി. ഇക്കുറി അതിന്‌ എന്നെ ഭയപ്പെടുത്താനായില്ല. കറുപ്പുനിറത്തിൽ സ്വർണ്ണവർണ്ണം വിലയിച്ചുകിടക്കുന്നു. വിടർന്നു നിൽക്കുന്ന ഫണത്തിന്‌ ഒത്തനടുവിലായി ആ മായാമുദ്ര. കെയ്‌ൻ വട്ടത്തിലൊന്നു ചുഴറ്റിയപ്പോൾ നാവിൻതുമ്പുകൾ വിറപ്പിച്ചുകൊണ്ട്‌ വേഗത്തിൽ മുന്നോട്ടാഞ്ഞു. പ്രകോപിക്കപ്പെട്ടാൽ, അടുത്ത നീക്കമെന്തായിരിക്കുമെന്ന് ഗണിക്കാനാവില്ല.

ചലിച്ചുകൊണ്ടിരിക്കുന്ന നാവിനിടയിലൂടെ വിഷപ്പല്ലുകൾ ഒരുനോട്ടം കണ്ടു.

കാവിന്റെ പിന്നിലുള്ള പഴയവീട്ടിൽ വാടകയ്ക്ക്‌ താമസിക്കുകയായിരുന്നു അന്ന്. കാവിനുള്ളിൽ നിറയെ നാഗങ്ങളായിരുന്നു. രാപകലെന്നില്ലാതെ നടവഴികളിലെല്ലാം അവ സ്വൈരവിഹാരം നടത്തുന്നത്‌ കണ്ടിട്ടുണ്ട്‌. വരാന്തയിലേക്കും വീടിനുള്ളിലേക്കും അവ ചിലപ്പോൾ കടന്നുവന്നു. അവൾക്ക്‌ പക്ഷേ, വലിയ ഭയമായിരുന്നു. ദിനവും മുടങ്ങാതെ കാവിൽ വിളക്കുവെച്ചു. വെളുത്തുള്ളി മണക്കുന്ന രാവുകളിൽ ഭയന്നുവിറച്ച്‌ കിടക്കയിൽ എന്നെ ചുറ്റിപ്പിടിച്ചിരുന്ന് വെളുപ്പിച്ച എത്ര രാവുകൾ..? കുഞ്ഞുശാരി ഉണ്ടായതിൽപ്പിന്നെ അവൾ മനസ്സു കൈവിട്ടുപോകുന്ന അവസ്ഥയിലേക്കെത്തിയിരുന്നതായി പലപ്പോഴും തോന്നിയിരുന്നു. ഈ വീട്ടിൽ നിന്ന് മറ്റെവിടേക്കെങ്കിലും നമുക്കുപോകാം എന്നുള്ള വിലാപം ഞാൻ കേട്ടതേയില്ലല്ലോ. ഒടുവിൽ, നീലിച്ച കൈകൾക്കുള്ളിൽ കുഞ്ഞിനെ അവൾ സുരക്ഷിതമാക്കിവെച്ചു.

ഇന്നിപ്പോൾ ഇതെന്റെ ഊഴമായിരിക്കും. എനിക്കായി മാത്രമുള്ള സമ്മാനമാണ്‌ ഇവിടെ ഈ ഇരുമ്പുപെട്ടിക്കുള്ളിൽ കാത്തിരിക്കുന്നത്‌. തീർച്ചയായും പ്രിയപ്പെട്ടവളെ... മനസ്സു പൊട്ടിത്തകർന്നു പോകാതിരിക്കാൻ എനിക്കു നിന്റെ അടുത്തേക്ക്‌ വരേണ്ടതുണ്ട്‌. ഇത്രനാളും ഞാൻ ഇതിനായി പ്രതീക്ഷിക്കുകയായിരുന്നു.

ഏതോ ഉൾപ്രേരണയാൽ, വിവേചിച്ചറിയാനാകാത്ത ഏതോ വിചിത്രമായ ഉണർവ്വിനാൽ കണ്ണുകൾ മുറുകെയടച്ചുകൊണ്ട്‌, കെയ്‌ൻ താഴേക്കിട്ട്‌ ഞാൻ രണ്ടുകൈകളും നീട്ടിപ്പിടിച്ചു. വരൂ, എന്നെ തൊടൂ... നാവിൻതുമ്പുകൊണ്ട്‌, കുരുന്നുപല്ലുകൾ കൊണ്ട്‌.... ഈ നിമിഷം എന്നെ വെള്ളിച്ചിറകുകളുള്ള നീലത്തുമ്പിയാക്കൂ...

വഴുക്കുന്ന ഒരു സ്പർശനത്തിനു കാത്തുകൊണ്ട്‌ ഏറെനേരം നിന്നു. 'അച്ഛാ...' കുഞ്ഞുശാരി വന്നു വിരലിൽ തൊട്ടു. അവളുടെ അമ്മ, എന്റെ ചെവിക്കു പിന്നിലായി മൃദുവായി ചുംബിച്ചു.

കണ്ണുതുറന്നപ്പോൾ പെട്ടിയിൽ നിന്നും മെല്ലെ ഊർന്നിറങ്ങുകയായി. പുളയുന്ന വെളിച്ചം പെട്ടിയുടെ വശങ്ങളിലൂടെ, പൊടിയിൽ കനത്ത വരകൾ തീർത്തുകൊണ്ട്‌ ഭിത്തിയിലൂടെ ഉയർന്ന്, തുറന്ന ജനാലയുടെ താഴ്‌ന്ന പടികളിലൂടെ വരാന്തയിലേക്കിറങ്ങി, മഴവെള്ളസംഭരണിയുടെ അരികുകൾപറ്റി കാഴ്ചയിൽ നിന്ന് പതുക്കെപ്പതുക്കെ മറയുന്നു. അധിനിവേശത്തിന്റെ കാലം മുതൽ ഇഴഞ്ഞുതുടങ്ങിയ ഒരു ദു:സ്വപ്നം അതാ... കാണാമറയത്തേക്ക്‌ പോകുന്നു.

മാറ്റത്തിന്റെ കാഹളമെന്നു തോന്നിപ്പിക്കുന്ന ഒരു ബ്യൂഗിൾധ്വനി അകലെയെവിടെയോ നിന്നുയർന്നു വരുന്നത്‌ ഉൾക്കാതുകൾ അറിഞ്ഞു. അസാധാരണമായ ഈണത്തിലുള്ള ആ നേർത്തവീചികൾ അലയടിച്ചുകൊണ്ടിരിക്കുമ്പോൾ വെയിൽ ചായാൻ തുടങ്ങിയിരുന്നു.

പെട്ടിക്കുള്ളിൽ നിന്ന് അതിഥി ഒഴിഞ്ഞുപോയിരിക്കുന്നു. അതിനോടൊപ്പം ആനേരം വരെ ഹൃദയത്തിനുള്ളിൽ അസ്വസ്ഥതകൾ പെരുക്കിക്കൊണ്ടിരുന്ന ഒരു ഭാരം കൂടി വിട്ടൊഴിഞ്ഞിരിക്കുന്നു. തടാകം പോലെ ശാന്തമായ മനസ്സുമായി പെട്ടിയെ സമീപിക്കുമ്പോൾ വൂളൻ സോക്സുകൾക്കിടയിൽ എന്തോ തിളങ്ങുന്നത്‌ കണ്ണിൽപ്പെട്ടു. സോക്സുകൾ നീക്കിയപ്പോൾ വിസ്മയിച്ചുപോയി - തിളങ്ങുന്ന സുന്ദരമായ ഒരു മുട്ട !

ഭയാനകമായ ഒരു മൗനത്തിലാണ്‌ കിടന്നിരുന്നതെങ്കിലും, അത്‌ പകലിന്റെ പ്രകാശം പുറപ്പെടുവിച്ചു. ജീവനും മരണവും ഒരേപോലെ ധ്യാനത്തിലിരിക്കുന്ന, എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു 'ഷെൽ'! ജനങ്ങളുടെ ജീവനും സ്വത്തിനും കാവലാളായ ഒരു നീതിപാലകന്റെ മനസ്സ്‌, പ്രോട്ടോക്കോൾ മറന്നുകൊണ്ട്‌, ഔദ്യോഗികമുദ്രകളൊന്നുമില്ലാതെ സല്യൂട്ട്‌ ചെയ്തുനിൽക്കുമ്പോൾ ഒരു കാറ്റ്‌ ജനാല വഴി ഓടിയെത്തി മുഖത്തു തൊട്ടു. മരങ്ങളുടെ, ഇലകളുടെ ചലിക്കുന്ന നിഴലുകൾ മണൽത്തരികളുമായി വിരലുകൾ കോർത്തു.

 
O
മാതൃനാട്‌ മാസിക, 2011 മെയ്‌


ഹൈഡ്ര

വാരാദ്യമാധ്യമം, 2012 ജനുവരി 22




ര്‍ക്കിലടയാളങ്ങള്‍ ക്രമമായി വീണുകിടക്കുന്ന പഞ്ചാരമണ്ണില്‍ ഇളവെയില്‍ ചിതറാന്‍ തുടങ്ങുന്നത് കണ്ടുകൊണ്ടാണ് ഉണര്‍ന്നത്. അടുക്കളയില്‍ രമ പെരുമാറുന്നത് കേള്‍ക്കാം. കയ്യെത്തിച്ച് വാര്‍ഡ്രോബിന് മുകളിലിരുന്ന റിമോട്ട് എടുത്ത് സെറ്റ് ഓണ്‍ ചെയ്തു. സന്തൂറില്‍ നിന്നും ഇടറി വീഴുന്ന നാദത്തിനൊപ്പം സുഖദമായ സ്വരത്തില്‍ അശോക്‌ ഖോസ്ല പാടുന്നു. ജനാലയിലൂടെ വീണ്ടും പുറത്തേക്ക് നോക്കി. പുളിമരത്തിനു താഴെ ഓണത്തിന് കെട്ടിയ ഊഞ്ഞാല്‍ ഈറനുണങ്ങിത്തുടങ്ങുന്നു. കോഴികള്‍ തൊടിയിലൂടെ ഓരോന്തിന് പിന്നാലെ പായുന്നു. രണ്ടുമൂന്ന് പഴുത്ത പ്ലാവിലകള്‍ മുറ്റത്തെ ശൂന്യതയെ ഭേദിച്ചുകൊണ്ട് വീഴുകയും പ്ലാവില്‍നിന്ന് ഒരു പച്ചിലക്കിളി പറന്നുപോകുകയും ചെയ്തു.

വല്ലാത്ത ക്ഷീണം.

ഇന്നലെ ഗിരീഷിനോടൊപ്പം പങ്കിട്ട റോയല്‍ സ്റ്റാഗ്‌ സിരകളില്‍ ഇപ്പോഴും മേഞ്ഞു നടക്കുന്നുണ്ടെന്നു തോന്നുന്നു. ഖോസ്ലയെ പാടാന്‍ വിട്ടിട്ട്, തണുത്ത കാപ്പി ഒറ്റവലിക്ക് കുടിച്ച ശേഷം, ഞാന്‍ പടിഞ്ഞാറ്റയിലേക്കിറങ്ങി. രാത്രി പെയ്ത മഴ പച്ചപ്പുകള്‍ക്കിടയില്‍ പതുങ്ങി നില്‍ക്കുന്നത് കണ്ടു. ചേമ്പിന്‍കൂട്ടങ്ങള്‍ക്കപ്പുറം ശാന്തമായിക്കിടക്കുന്ന  കായല്‍പ്പരപ്പില്‍ അങ്ങിങ്ങ്  കൊച്ചു കൊച്ചു വയലറ്റ്പൊട്ടുകള്‍ പോലെ, കുളവാഴപ്പൂക്കൾ.

ഇന്നലത്തെ കാല്‍പ്പാടുകള്‍ തിരഞ്ഞ് ഞാന്‍ നടന്നു. ഒക്കെ മഴ മായ്ച്ചിരിക്കുന്നു. കഴിഞ്ഞരാത്രി, നനഞ്ഞൊലിച്ച്‌ കായല്‍ക്കരയിലേക്ക് വന്നത് ആരുമറിയാതെയാണ്; രമ പോലും. അവള്‍ നല്ല ഉറക്കമായിരുന്നു. ഒരാഴ്ചക്കാലമെടുത്ത്‌ രൂപപ്പെടുത്തിയ പദ്ധതിയുമായി ബന്ധപ്പെട്ട ചില ദൗത്യങ്ങൾ, അടിയന്തിരമായി അവനെ ഏൽപ്പിക്കേണ്ടതുണ്ടായിരുന്നു.

മഴതോര്‍ന്ന പുലരിയില്‍ ജലം ശാന്തമായിക്കിടന്നു. കായലിന്‍റെ തെക്കേകോണിലെ കല്‍ക്കെട്ടുകള്‍ക്കരികില്‍ വന്ന് പതിഞ്ഞ ശബ്ദത്തില്‍ ഞാനവനെ വിളിച്ചു.

"കാര്‍ക്കിനസ്!"

ജലവിതാനത്തിൽ ചെറുകുമിളകളുണ്ടാക്കിക്കൊണ്ട്‌ അവൻ പൊടുന്നനെ ഉയർന്നുവന്നു. ഒരു മാത്രികവിദ്യാലെന്നവണ്ണം എന്റെ ശബ്ദം അവൻ തിരിച്ചറിയുന്നത്‌ അത്ഭുതമാണ്‌. മുത്തുകൾ പോലെ മിന്നിത്തിളങ്ങുന്ന കണ്ണുകൾ. ഏതിരുട്ടിലും പച്ചയ്ക്കും വെളുപ്പിനുമിടയിലെ ആ ചുവപ്പുരാശി തിളങ്ങി നില്‍ക്കും. രാകി മൂര്‍ച്ചപ്പെടുത്തി വെച്ചതുപോലെ അരിപ്പല്ലുകള്‍ നിറഞ്ഞ പടവാളുകൾ. ഒരു നക്ഷത്രസമൂഹം മുഴുവന്‍ പ്രതിഫലിക്കുന്ന പടച്ചട്ടയണിഞ്ഞ്, യുദ്ധപ്പുറപ്പാടിൽ, ആയുധമേന്തി നില്‍ക്കുന്ന പടനായകന്‍- കാര്‍ക്കിനസ്! വലിപ്പത്തില്‍ അവന്‍ ഏതു ഞണ്ടുകളെയും തോല്‍പ്പിക്കും. ശാസ്ത്രീയമായി അവൻ ഡെക്കാപ്പോഡ് ക്രസ്റ്റേസിയനെന്നോ ഫൈലം ആര്‍ത്രോപോഡയെന്നോ ആയിരിക്കണം. പഴയ ജന്തുശാസ്ത്രപാഠങ്ങൾക്ക്‌ ഇപ്പോൾ അത്ര തെളിച്ചമുള്ള ജീവസാന്നിധ്യമില്ല.

ഒരു തുലാവര്‍ഷക്കാലത്ത്, ഒടഞ്ചിയില്‍ കുടുങ്ങിയനിലയിലാണ് എനിക്കവനെ കിട്ടുന്നത്. പച്ചോല ഇരുവശവും മെടഞ്ഞ് മധ്യത്തില്‍ രണ്ടായി ഒടിച്ച്, അറ്റങ്ങള്‍ കൂട്ടിക്കെട്ടി ഇഴക്കയര്‍ കൊണ്ട് നെയ്തെടുത്ത ഒടഞ്ചി. പാപ്പിമൂപ്പത്തിയാണ് എന്നെ ഒടഞ്ചിയുണ്ടാക്കാന്‍ പഠിപ്പിച്ചത്. അവര്‍ ഇന്നില്ല . തൊണ്ട് തല്ലി, കയര്‍ പിരിച്ച്, ചന്തയില്‍ കൊണ്ടുപോയി വിറ്റുകിട്ടുന്നതുകൊണ്ട്‌ ജീവിതം കഴിച്ചിരുന്ന മൂപ്പത്തി ഏക മകന്‍റെ ചവിട്ടേറ്റാണ് മരിച്ചത്.

കരയോട് ചേര്‍ത്തു നാട്ടിയ ബലമുള്ള കമ്പിന്മേല്‍ കയര്‍കെട്ടി ഒടഞ്ചി വെള്ളത്തിലേക്കിടും. തിരികെ വലിച്ചടുപ്പിക്കുമ്പോള്‍ നിറയെ മീനുകളുണ്ടാവും. കരിമീനുകളാണെങ്കില്‍ ഒടഞ്ചിക്ക് ഒരു പെടപെടപ്പാണ്. ചിലപ്പോള്‍ മുഴുത്ത വരാലുകൾ, സിലോപ്പിയ, ബ്ലാഞ്ചി, പുളവന്മാർ, ഞണ്ടുകൾ..... ഞണ്ടുകള്‍ പെട്ടാല്‍പ്പിന്നെ ഒരു മീനുകളും ഒടഞ്ചിയിലേക്ക് വരില്ല. അങ്ങനെയുള്ള ഒരു ദിവസമാണ് അവനെ അമളിപറ്റിയ നിലയില്‍ ഞാന്‍ നേര്‍ക്കുനേരേ കാണുന്നത്. കെണിയില്‍പ്പെട്ടുവെങ്കിലും അവന്‍ ഒട്ടും പതറിയിരുന്നില്ല. വാളുകള്‍ വീശി എനിക്കുനേരേ ചീറിയടുത്തു. യുവത്വത്തിന്റെ വീറും, അടങ്ങാത്ത ശൗര്യവും. എനിക്കവനെ ഒറ്റനോട്ടത്തിലിഷ്ടമായി. ഏതോ ജന്മാന്തരബന്ധത്തിന്‍റെ വയലറ്റ്പൂക്കള്‍ വിടര്‍ന്നത് പോലെ....

ഒടഞ്ചി തിരികെ വെള്ളത്തിലേക്ക് മുക്കി ഞാന്‍ അവനെ സ്വതന്ത്രനാവാന്‍ അനുവദിച്ചു. വലിയ കാലുകള്‍ വലിച്ചുവെച്ച്, ജലത്തിലേക്ക് ഊളിയിടുമ്പോള്‍ പളുങ്കുകണ്ണുകള്‍ കൊണ്ട് അവൻ നന്ദിപൂർവ്വം എന്നെ നോക്കി. ആ നിമിഷം മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളായി. പകലും രാത്രിയുമെല്ലാം മറ്റാരുമില്ലാത്ത നേരത്ത് ഞങ്ങള്‍ കണ്ടുമുട്ടി. എന്‍റെ വിളികേട്ടാല്‍ എവിടെയായിരുന്നാലും  നിമിഷനേരംകൊണ്ട് അവന്‍ ജലപ്പരപ്പിലേക്കുയര്‍ന്നു വരും. പുരാതനമായ ഒരു ഭാഷയില്‍ ഞങ്ങള്‍ സംസാരിച്ചു. പഴയ പോരാട്ടങ്ങളുടെ വീരഗാഥകൾ ചൊല്ലിപ്പറഞ്ഞു. ആരോടും തുറന്നുപറയാതെ നീറിക്കൊണ്ടിരുന്ന വ്യക്തിപരമായ ചില പ്രശ്നങ്ങൾ പോലും പങ്കിടാൻ കഴിയുന്ന ഉറ്റസുഹൃത്തുക്കളായി ഞങ്ങൾ മാറി.

പകപോക്കലിന്‍റെ ഒരു യുദ്ധത്തിന് ഇന്ന്  ഞാനവനെ സേനാനായകനായി നിയോഗിച്ചിരിക്കുകയാണ്, അതീവ രഹസ്യമായി.

 ഓഫീസിലേക്കുള്ള  പതിവുയാത്രയിൽ, ഇന്നവന്‍ എന്നെ അനുഗമിക്കും. പരശുറാം എക്സ്പ്രസ്സിന്‍റെ പിന്നില്‍ നിന്നുള്ള അഞ്ചാമത്തെ ബോഗിയില്‍ എന്നോടൊപ്പം  ഇന്ന് അവനുമുണ്ടാകും-കാര്‍ക്കിനസ്. എനിക്കല്ലാതെ മറ്റെല്ലാവര്‍ക്കും അദൃശ്യനായി ....

"നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് ലേര്‍ണാ തടാകത്തിന്‍റെ ആഴങ്ങളിലുള്ള അധോലോകത്തിന്‍റെ കാവല്‍ക്കാരനായ ഹൈഡ്രയെ*, ഹെറാക്ലിസ്സിനെതിരായുള്ള യുദ്ധത്തില്‍ അനുഗമിച്ചത് പോലെ നീ ഇന്ന് എന്നോടൊപ്പം വരിക! കാര്‍ക്കിനസ് എന്ന പേരിട്ടുവിളിച്ചത് എന്തുകൊണ്ടാണെന്നാണ് നിന്‍റെ വിചാരം?"

കൈകളൊതുക്കി സേനാനായകന്റെ അവതാരമെടുക്കാൻ അവൻ സജ്ജനായി.

കുളിച്ചു റെഡിയായി വന്നപ്പോഴേക്കും രമ ബാഗില്‍ ടിഫിനെടുത്തുവെച്ച് ബ്രേക്ക്ഫാസ്റ്റ് വിളമ്പി കഴിഞ്ഞിരുന്നു. വരാലുകറിയില്‍ മുക്കി ചപ്പാത്തി കഴിക്കുമ്പോള്‍ , തുറന്നുവെച്ചിരുന്ന ബാഗിലേക്ക് അവന്‍ കയറിക്കൂടുന്നത് ഞാന്‍ പാളി നോക്കി.

"ഇന്നെന്താ ഒരു വല്ലായ്മ ?"

രമയുടെ ചോദ്യത്തിന് ഞാന്‍ മറുപടി നല്‍കിയില്ല.നേരം വൈകിയിരിക്കുന്നു.

ഓടിക്കിതച്ചു സ്റ്റേഷനിലെത്തുമ്പോൾ, ദൂരെ വളവില്‍ പെരുമ്പാമ്പിന്‍റെ ഉടലുമായി പരശുറാം പുളഞ്ഞുവരുന്നത് കണ്ടു. ഗോപിസാറിന്‍റെയും സുരേന്ദ്രന്‍മാഷിന്‍റെയും ജീനയുടെയും കണ്ണുവെട്ടിക്കുക ഇന്നത്ര എളുപ്പമാവില്ല. തിരക്കിലൂടെ ഊളിയിട്ട് പതിവു കമ്പാര്‍ട്ട്മെന്റില്‍ തന്നെ കയറി. പിന്നില്‍ നിന്നുള്ള അഞ്ചാമത്തെ ബോഗി. കയറിയപ്പോള്‍ തന്നെ കണ്ണുകള്‍ യാന്ത്രികമായി അയാളെ അന്വേഷിച്ചു - എവിടെ അയാൾ?

അതെ അവിടെത്തന്നെയുണ്ട്. കഷണ്ടിത്തലയും സ്വര്‍ണഫ്രെയിമുള്ള കണ്ണടയും നെറ്റിയിലെ നീളന്‍മറുകും ... ദൃഷ്ടിപഥത്തില്‍ നിന്നും വിട്ടുപോകാതെ, രണ്ട് സീറ്റ് മുന്നിലായി ഞാന്‍ ഇരിപ്പിടം കണ്ടെത്തി. ശനിയാഴ്ച ദിവസമായതിനാല്‍ ഏറെയും അപരിചിതരായ ദൂരയാത്രക്കാരാണ്. ഭാഗ്യവശാൽ ഗോപിസാറിന്റെയും മറ്റുള്ളവരുടെയും കണ്ണിൽപ്പെട്ടതുമില്ല. അവർ ഈ ബോഗിയിൽ തന്നെയുണ്ടാവും. ദൗത്യം തീരുന്നതുവരെ അവരെ കാണാതിരിക്കട്ടെ!
പരശുറാം ചൂളം വിളിച്ചു പാഞ്ഞു.

കണ്ണുകള്‍ വീണ്ടും അയാളെ തേടിച്ചെന്നു....ഹെറാക്ലിസ്! അതെ അയാള്‍ തന്നെ. അയാള്‍ക്കെതിരായി അവളുമുണ്ട് - മാലിനി. അവള്‍ കൊഞ്ചിക്കുഴയുന്നു. കുടഞ്ഞിട്ടു ചിരിക്കുന്നു. ഞാന്‍ ബാഗ് ചേര്‍ത്തു പിടിച്ചു.

"കാര്‍ക്കിനസ് ! അതാ അവന്‍ അവിടെയുണ്ട്. കഷണ്ടിത്തലയും സ്വര്‍ണഫ്രെയിമുള്ള കണ്ണടയും നെറ്റിയിലെ നീളന്‍മറുകും.... പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ? നിനക്ക് പണി തുടങ്ങാന്‍ നേരമായി..."

ഞാന്‍ ബാഗിന്‍റെ സിപ്പ് പതുക്കെ വലിച്ചു. അപ്പോഴാണ്‌ പൊട്ടി വീണത്‌ പോലെ ഷറഫുദ്ദീന്‍ അവതരിച്ചത്.

"നിങ്ങള്‍ ആരും രാവിലെ റെയില്‍വേ സ്റ്റേഷനില്‍ ഓടരുത്! ട്രെയിന്‍ വന്നുനിന്നാലുടന്‍ തെക്കുഭാഗത്ത്‌ നില്‍ക്കുന്നവര്‍ വടക്കോട്ടോടും.വടക്ക് നില്‍ക്കുന്നവര്‍ തെക്കോട്ടോടും. മദ്ധ്യഭാഗത്ത് നില്‍ക്കുന്നവരോ, നാലുപാടും ചിതറിയോടും. കണ്ടാല്‍ മാന്യന്മാർ, കോട്ടും സ്യൂട്ടുമിട്ട് സുന്ദരന്മാർ. എന്നാല്‍ സ്റ്റേഷനില്‍ വണ്ടി വന്നു നിന്നാലോ.... അന്തംവിട്ട ഓട്ടമാണ്‌. ഇനിയിപ്പോ മന്ത്രിയാന്ന് പറഞ്ഞാലും മുണ്ടും മടക്കിക്കുത്തിയോടും. എന്നാല്‍ എന്‍റെ ഈ പുസ്തകം നിങ്ങളുടെ കൈവശമുണ്ടെങ്കിൽ, നിങ്ങള്‍ക്ക് അത്രപെട്ടെന്ന് ഓടേണ്ടിവരില്ല. അത്ര പെട്ടെന്ന് .....? "

ഷറഫുദ്ദീന്‍ റെയില്‍വേയുടെ ഏറ്റവും പുതിയ സമയവിവരമുള്ള പുസ്തകം വില്‍ക്കുകയാണ്. വാഗ്ദ്ധോരണികളിലൂടെ രംഗം കൊഴുപ്പിച്ചെങ്കിലും, പുസ്തകം ആരും വാങ്ങിയില്ല. 'ഇതൊക്കെ ആരോട് പറയാന്‍' എന്ന ആത്മഗതവുമായി അയാള്‍ അടുത്ത കമ്പാര്‍ട്ട്മെന്റിലേക്ക് പോയി. ബാഗിന് മുകളില്‍കൂടി ഞാന്‍ വിരലുകളോടിച്ചു. പടച്ചട്ടയുടെ കാഠിന്യം സ്പര്‍ശനത്തിലറിഞ്ഞു.

ചെങ്ങന്നൂര്‍ മുതല്‍ മഴ പെയ്യാനാരംഭിച്ചു. സൈഡ്‌ ഷട്ടറുകള്‍ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ അടഞ്ഞു. ചരലുകള്‍ പോലെ വണ്ടിക്ക് മുകളില്‍ തുള്ളികൾ പതിക്കുമ്പോൾ, കൊള്ളാം ഉചിതമായ സമയം എന്നോർത്തു. ആ നേരം പാന്‍ട്രി വേഷത്തില്‍ ബെന്‍സിലാല്‍ വന്നു. കാതില്‍ കടുക്കനിട്ട്, ചുവന്ന പൊട്ടുകുത്തി, കണ്ണില്‍ കരിമഷിയെഴുതി അയാൾ കിലുങ്ങിയെത്തി.

"ലേ, പൂരിമസാലാ ലേ... ലേ, മസാല്‍ദോശാ ലേ... ലേ, ഇഡ്ഡലിവടാ  ലേ..."

പാൻട്രിവാലകൾക്ക്‌ അവരുടേതായ ചില ശബ്ദവിന്യാസങ്ങളുണ്ട്‌. തിരക്കിനിടയിലൂടെയുള്ള അവരുടെ ചലനങ്ങൾക്ക്‌ ഒരു പ്രത്യേകതാളമാണ്‌. യാന്ത്രികതയിൽ മുങ്ങിയ ജീവിതം അവരുടെ മുഖങ്ങളിൽ നിർവ്വികാരതയുടെ പർദ്ദയിട്ടിരിക്കുന്നു. ബെൻസിലാലിന്റെ ശബ്ദത്തിന്‌ ഒരു വീയ്‌തുളിയുടെ മൂർച്ചയാണ്‌. 'ഗബ്ബാർസിംഗ്‌' എന്നാണ്‌ അയാൾ സ്ഥിരംയാത്രക്കാരുടെ ഇടയിൽ അറിയപ്പെടുന്നത്‌. പരശുറാമിന്‍റെ അഴകായ ഗബ്ബാര്‍സിംഗ് തിരക്കിനിടയിലൂടെ ഒരു അരയന്നത്തെപ്പോലെ  നടന്നുപോയി.

മഴ തോര്‍ന്നിട്ടില്ല. ഷട്ടറുകള്‍ അടഞ്ഞുതന്നെ കിടക്കുന്നു. ആരും എന്നെ ശ്രദ്ധിക്കുന്നതുമില്ല. ഇതുതന്നെ ഏറ്റവും അനുയോജ്യമായ സമയം. ബാഗ്‌ മെല്ലെ തുറന്നുകൊടുത്തപ്പോൾ, കാര്‍ക്കിനസ് ആയുധധാരിയായി പുറത്തേക്കിറങ്ങി. എനിക്കല്ലാതെ മറ്റൊരാൾക്കും അവനെ കാണാനാവില്ല.
"കാര്‍ക്കിനസ് ! അതാ, അവന്‍ അവിടെയുണ്ട് . പോകൂ .. പോയ്‌ വരൂ ..."

നിലത്ത് പടര്‍ന്നൊഴുകുന്ന വെള്ളത്തിലൂടെ കാര്‍ക്കിനസ് അടിവെച്ചടിവെച്ച് അയാള്‍ക്കരികിലേക്ക് നീങ്ങി. പെരുമ്പറ മുഴുങ്ങുന്ന ഹൃദയത്തോടെ ഞാൻ നിമിഷങ്ങളെണ്ണി.

"ഹെറാക്ലിസ് ഇതാ നിനക്ക് ഞാനൊരു ഷോക്ക് തരുവാന്‍ പോകുകയാണ്. ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയാത്ത ഒന്ന് ! തയ്യാറായിക്കൊള്ളൂ.... പലനാളുകളായി നീ എനിക്കുമേല്‍ വാരിവിതറിയ കൊടുംപീഡനങ്ങള്‍ക്കെല്ലാം ഒറ്റ മറുപടി. എനിക്കെതിരെ നീ നയിച്ച യുദ്ധങ്ങള്‍ക്ക് ഒരു താക്കീത് .... വരാന്‍ പോകുന്ന നിന്‍റെ നരകജീവിതത്തിന് ഒരടയാളം ..!"

കാര്‍ക്കിനസ് അയാളുടെ കാല്‍ച്ചുവട്ടിലെത്തി. ഞാന്‍ രണ്ട് പേരെയും മാറിമാറി നോക്കി. ആഹ്ലാദവും ആകാംക്ഷയും കൊണ്ട് എന്‍റെ ഉള്ളു പിടഞ്ഞു.

"കാര്‍ക്കിനസ് .. വേഗം .. വേഗം ..."

മാലിനിയില്‍ നിന്നും മുഖമെടുക്കാതെ ജോയിന്റ് രജിസ്ട്രാര്‍ ശങ്കരക്കുറുപ്പ്, ഇടതുകാലുയര്‍ത്തി ഒന്നു ചവിട്ടി. ആയുധമുയർത്തി ദൗത്യനിർവ്വഹണത്തിനായി തയ്യാറെടുത്തു നിന്നിരുന്ന കാർക്കിനസ്‌ ഇളംനീല പ്രതലത്തോട്‌ ചേർന്ന് ചതഞ്ഞരഞ്ഞുപോയി.

കോടാനുകോടി നക്ഷത്രങ്ങളെ പേറിയിരുന്ന കാഠിന്യമേറിയ സുരക്ഷാകവചം നൊടിനേരത്തില്‍ തവിടുപൊടിയായി. ചുവപ്പുരാശിയാല്‍ അതിരുകള്‍ വരച്ചിരുന്ന ഖഡ്ഗങ്ങള്‍ ദൂരെത്തെറിച്ചു കിടന്നു. കഷണ്ടിത്തലയില്‍ വിരലുകളോടിച്ച്, ഒരു ഗൂഡസ്മിതത്തോടെ ശങ്കരക്കുറുപ്പ് പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്നു.

ആരും ഒന്നുമറിഞ്ഞില്ല.

ഈ സമയം, ഒന്‍പതുതലകളും നീണ്ട കൈകാലുകളും ഉള്ളിലേക്ക് ചുരുക്കി, പന്തുപോലെയായിത്തീര്‍ന്ന ഞാന്‍, മറ്റൊരു  മൂര്‍ച്ചയേറിയ വാള്‍ത്തല മുകളില്‍  മിന്നുന്നതും കാത്ത്, സീറ്റില്‍ ചുരുണ്ടിരുന്നു.

(*ഗ്രീക്കുപുരാണത്തിൽ, ഹെർക്കുലീസിന്റെ ജൈത്രയാത്രകളിലെ രണ്ടാംദൗത്യത്തിൽ കാർക്കിനസ്‌ എന്ന പ്രതിരോധവുമായെത്തുന്ന ഹൈഡ്രയെന്ന കഥാപാത്രം)                         
                                                                                                                            
O

വാരാദ്യമാധ്യമം, 2012 ജനുവരി 22


പുകമഞ്ഞ് പോലെ

മാതൃനാട്‌ മാസിക, ഒക്ടോബർ 2012




                   ഭൂമിശാസ്ത്രത്തെയും ചരിത്രത്തെയും തൊടാതെ ഒരു യാത്രകളുമില്ലെന്ന്, പണ്ട് പരിഷത്തിന്റെ പുസ്തകങ്ങളുമായി നടക്കുന്ന കാലത്ത് പ്രകാശൻ കുഴിത്തുറ പറയും. എന്നാൽ  സ്കൂൾ കാലങ്ങളിലെങ്ങും  ഈ വിഷയങ്ങളോടൊന്നും തന്നെ താല്പര്യമേതും തോന്നിയിട്ടില്ലെങ്കിലും, പ്രകാശൻ എവിടെ നിന്നോ വായിച്ചെടുത്ത് വിളമ്പുന്ന ചരിത്രത്തിന്റെ നൂലുകളും നൂലാമാലകളും എനിക്ക് താല്പര്യമായി തുടങ്ങിയത് ഏറെക്കാലം മുമ്പൊന്നുമല്ല. അക്കാലത്ത് പ്രകാശൻ, ആദിനാട്ടുള്ള ഒരു പാരലൽ കോളേജിൽ  ചരിത്രം പഠിപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളാരും തന്നെ അയാൾക്കുണ്ടായിരുന്നില്ല. എന്നോടു മാത്രം പ്രകാശൻ അതിരുവിടാത്ത ഒരടുപ്പം കാട്ടി എന്നുള്ളത്‌ വിചിത്രം.


ഒരിക്കൽ ടൗണിൽ പോയി സത്യൻ അന്തിക്കാടിന്റെ ഒരു സിനിമ  കണ്ടു  മടങ്ങുമ്പോൾ എനിക്ക്  തോന്നി, ഇങ്ങനെയൊന്നും ജീവിച്ചാൽ പോരാ..... എന്തെങ്കിലും ഒരു പണി വേണം. അങ്ങനെയാണ് ചങ്ങനാശേരിയിലുള്ള രഘുരാമൻ ചെട്ടിയാരുടെ സോപ്പുവിതരണകമ്പനിയിൽ കൊണ്ടുചെന്ന് ജീവിതം വെച്ചുകൊടുക്കുന്നത്. സോപ്പ് കൂടാതെ ചെട്ടിയാർക്ക് ഒരു പ്രമുഖ കമ്പനിയുടെ ബാറ്ററിയുടെയും ഡിസ്ട്രിബ്യുഷനുണ്ടായിരുന്നു. അഞ്ചു വാനുകളും ഒരു ലോറിയും, കോട്ടയത്തും അതിർത്തി ജില്ലകളിലുമായി നിരന്തരം സോപ്പും ബാറ്ററിയും നിറച്ച് ഓടി.

അതിലൊരു വാനിൽ, കെ.കെ. റോഡ്‌ വഴി ഇടുക്കിയുടെ പല പല  കൊച്ചുസിറ്റികളിലേക്കുള്ള ഭാരിച്ച യാത്രകളിൽ, ഡ്രൈവർ ഉണ്ണിയേട്ടനോടൊപ്പം ഞാനും ചേർന്നു. പണ്ട്   സ്വന്തമായുണ്ടായിരുന്ന  കൊക്കോ കച്ചവടം  പൊളിഞ്ഞപ്പോൾ  തടിയമ്പാട് നിന്നും ചങ്ങനാശേരിയിലെത്തി ചെട്ടിയാരോടൊപ്പം കൂടിയ പ്രാരാബ്ധക്കാരൻ  ഉണ്ണിരാജൻ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശ്രദ്ധാലുവായ ഡ്രൈവറാണ്. ആ വൈരക്കണ്ണുകൾ ഏതു മഞ്ഞിലും തുളയ്ക്കും. തേയിലനാമ്പുകൾക്ക് മുകളിലൂടെ വാഹനപാതയിലേക്ക് ഇറങ്ങിക്കിടക്കാറുള്ള വെള്ളപ്പുതപ്പ് ഭേദിക്കുവാൻ  ‍ഒരു ഫോഗ് ലാമ്പിന്റെയും ആവശ്യമില്ല. ഏതു വളവിലും മിന്നുന്ന കൈകൾ. പർവ്വതനിരയുടെ പനിനീരുമായി ഒഴുകുന്ന പുഴയുടെ പാട്ടാണ്   ഇഷ്ടന്  ഏറെ പ്രിയം.ആ ശബ്ദസൗകുമാര്യം നുകർന്ന് ചൊക്കംപെട്ടിമലയും മുല്ലപ്പെരിയാർതടങ്ങളും  എത്രയോ തവണ പുളകമണിഞ്ഞിരിക്കണം. കുളിരും കൊണ്ടു  വടക്കുപടിഞ്ഞാറോട്ട്   കുണുങ്ങിയൊഴുകി അവൾ കൊടുങ്ങല്ലൂർ കായലിലേക്ക് പോയി. ചൂർണിയെന്ന പേരും അവൾക്കുണ്ടെന്ന് പ്രകാശനാണ് പറഞ്ഞു തന്നിട്ടുള്ളത്. ചരിത്രമന്വേഷിച്ചു പോയ പ്രകാശൻ   കുറെക്കാലം വിജയാബാറിലെ ബെയററായിരുന്നു. നീല വെളിച്ചമുള്ള ലഹരിയുടെ ഭൂമികയിൽ അവൻ  നാഗത്താൻമാർക്ക് സോമരസം വിളമ്പി.

പ്രകാശനാണ്‌ ഹൈറേഞ്ചിന്റെ ചരിത്രം ഒരിക്കൽ വരച്ചുകാണിച്ചത്‌. ബ്രിട്ടീഷുകാർ പീരുമേട്ടിലെ തേയിലക്കാടുകൾ വാണിരുന്ന കാലത്ത് ഹൈറേഞ്ചിൽ നിന്ന് തുറമുഖങ്ങളിലേക്ക് തേയില കൊണ്ടു വന്നിരുന്ന കാളവണ്ടിക്കാർ പണി മുടക്കിയപ്പോൾ, സമരമൊതുക്കാൻ  മൂന്ന് ലോറികൾ ഇംഗ്ലണ്ടിൽ നിന്ന് കൊണ്ടു വന്നത്രേ. അന്ന് പീരുമേട്തോട്ടങ്ങളെ നാട്ടിൻപുറവുമായി  ബന്ധിപ്പിച്ചിരുന്ന ഒരേയൊരു കാളവണ്ടിപ്പാതയിലൂടെ മുകളിലേക്ക്  കയറിയ ആ ലോറികൾ ചുരം പിടിച്ചില്ലെന്നും കുറേക്കാലം അവ കാറ്റും മഴയും മഞ്ഞും വെയിലുമേറ്റ് മുണ്ടക്കയത്ത് കിടന്നെന്നും ഒരു കഥയുണ്ട്. അല്ല ചരിത്രമെന്ന് പ്രകാശൻ !

ഹൈറേഞ്ചിലേക്കുള്ള യാത്രകളിലെല്ലാം തന്നെ മുണ്ടക്കയത്തെത്തുമ്പോൾ ആ കാറ്റ് എന്നെ തൊടാറുണ്ട്‌. വാനിന്  പുറത്തേക്ക് കണ്ണുകൾ അറിയാതെ പരതും. ആ ലോറികൾ? അവയ്ക്ക് എന്ത് സംഭവിച്ചിരിക്കും? ഒരടയാളം പോലും അവശേഷിപ്പിക്കാതെ മണ്ണോടു ചേർന്നോ? അതോ വെള്ളക്കാർ ഇംഗ്ലണ്ടിലേക്ക് തന്നെ തിരികെ കൊണ്ടുപോയോ? അതുമല്ലെങ്കിൽ ചരിത്രസ്മാരകങ്ങളായി ഇന്നും പരിരക്ഷിച്ചു പോരുന്ന കേരളത്തിലെ റോഡുകളിൽ കൂടി ഭാരവും പേറി ഉലഞ്ഞിരിക്കുമോ ?
ആർക്കറിയാം !

എന്തായാലും യുറോപ്യൻ അധിനിവേശത്തിന്റെയും തോട്ടസംസ്കൃതിയുടെയും ആ കാലത്ത്,ചുരം കയറാതെ, ഒരു തകർന്ന വെല്ലുവിളിയുടെ ശേഷിപ്പായി  കിടന്ന ആ മൂന്ന് ലോറികളുടെയും ആത്മാവുകൾ മുണ്ടക്കയം-പീരുമേട് വഴികളിലുണ്ടാവും എന്ന് എന്തുകൊണ്ടോ ഞാൻ വിശ്വസിച്ചു. കുട്ടിക്കാനത്ത് എത്തുമ്പോഴാണ് ആ തോന്നൽ കൂടുതൽ അനുഭവപ്പെടുക. ഏതെങ്കിലും ഒരു ഹെയർപിൻ  വളവിലെ മഞ്ഞ് തുളച്ചു കൊണ്ട് അവ ഓർക്കാപ്പുറത്ത് മുരണ്ടു വരുമെന്ന് എപ്പോഴും ഞാൻ ഭയപ്പെട്ടു.

അന്ന് ഒരു റംസാൻ നോമ്പുകാലത്ത് സബ്‌ സ്റ്റോക്കിസ്റ്റിനുള്ള ലോഡുമായി കട്ടപ്പനയ്ക്ക് പോകുകയായിരുന്നു. മുണ്ടക്കയത്ത്‌ നിന്ന് തിരിയുമ്പോൾ പതിവ് പോലെ കണ്ണുകൾ ഒരു ഓട്ടപ്രദക്ഷിണം നടത്തി.

"എന്നാ കുഞ്ഞേ തെരയുന്നെ...ങാ ആ ലോറികളായിരിക്കും
അല്ലേ ?  ഇതൊക്കെ ആരും    പറഞ്ഞൊണ്ടാക്കിയ കഥകളായിരിക്കുകേല.  ഞാനും കേട്ടിട്ടൊണ്ട്.... പീരുമേട്ടിലെ തോട്ടങ്ങളൊക്കെ വെള്ളക്കാരുടേതാർന്നു. അതൊറപ്പ്  തന്നെയാ. പിന്നെ അവര് പോയ്ക്കഴിഞ്ഞപ്പളാ  തിരുവന്തപുരത്തൂന്നു രാജാവും റാണിയുമൊക്കെ വന്ന് പാർത്തത്."

"ങാഹാ അത് കൊള്ളാമല്ലോ.... ഉണ്ണ്യേട്ടനിതൊക്കെ അറിയുമോ ? "

"ഓ അതൊക്കെ എല്ലാർക്കും അറിയുന്ന കാര്യമാണന്നേ... ആരോട് ചോദിച്ചാലും പറയും. അങ്ങ് തലസ്ഥാനത്ത്‌ ചൂട് കേറുമ്പോ രാജാവും റാണിയും പരിവാരങ്ങളുമെല്ലാം മല കേറിയിങ്ങുപോരും. കുട്ടിക്കാനത്ത് നല്ല തണുപ്പല്ലായോ.. ചൂട് തീരുന്നത് വരെ പാട്ടും മേളവുമായിട്ടങ്ങു കൂടും. അങ്ങനയാ കാർന്നോമ്മാര് പറഞ്ഞ് കേട്ടിട്ടുള്ളത്. എന്നാലും ഈ  ലോറിക്കഥയൊന്നും ഞാൻ കേട്ടിട്ടൊള്ളതല്ല.. കേട്ടോ." 


ഞാൻ  ചിരിച്ചു.

ഉണ്ണിയേട്ടന് ചിലതൊക്കെ അറിയാം. വാമൊഴികൾ ചരിത്ര സത്യങ്ങളിലേക്കുള്ള ജനാലകളാണ്. നൂറ്റാണ്ടിനപ്പുറമുള്ള ഭരണസംസ്കാരത്തിന്റെ തുടിപ്പുകൾ പേറുന്ന രാജവംശങ്ങളുടെ വേനൽക്കാലവസതികളിൽ കാലം മായ്ക്കാത്ത ഏകാന്തമുദ്രകളുണ്ടാവും. കാലാകാലങ്ങളിൽ തലസ്ഥാനനഗരിയിൽ വിളംബരം ചെയ്യപ്പെട്ടിരുന്ന ഉത്തരവുകളും നിയമങ്ങളും ഭരണ സംഹിതകളുമൊക്കെ ആ അകത്തളങ്ങളിൽ ഉരുവം കൊണ്ടിട്ടുണ്ട്. പീരുമുഹമ്മദ്‌ എന്ന സിദ്ധന്റെ ഖബറിടവും പാഞ്ചാലിമേടും  പരുന്തുംപാറയും....

 ഇപ്രകാരമുള്ള ഭൂമിശാസ്ത്രമെല്ലാം എന്നിൽ കുത്തി നിറച്ച, പ്രകാശൻ കുഴിത്തുറ കഴിഞ്ഞവർഷം ഡിസംബറിൽ ആത്മഹത്യ ചെയ്തു. നാട്ടിൽ നിന്നും അവൻ സ്ഥിരമായി വണ്ടികയറി വന്നെത്താറുള്ള കുട്ടിക്കാനത്തെ പരുന്തുംപാറയിൽ നിന്ന് അവൻ ഒരു പരുന്തായി പറന്നു. ഏക സഹോദരി ഒരുവനോടൊപ്പം  ഒളിച്ചോടി  പോകുകയും അമ്മ ഹൃദയാഘാതം വന്ന് മരിക്കുകയും ചെയ്തപ്പോൾ ഒറ്റയ്ക്കായി തീർന്ന പ്രകാശൻ ഒരു ദിവസമങ്ങ് സ്വയം സ്വതന്ത്രനാകാൻ തീരുമാനിക്കുകയായിരുന്നു. എന്തിനാണവൻ ‌അത് ചെയ്തതെന്ന് ഞാൻ ഒട്ടും മനസ്സ് പുണ്ണാക്കിയില്ല. കാരണം അങ്ങനെ ചെയ്തില്ലെങ്കിൽ അവൻ പ്രകാശനാവുന്നത് എങ്ങനെ? ചരിത്രത്തിൽ ഒരടയാളവും വരച്ചിടാതെ മഞ്ഞുപാളികളിൽ പറന്നുനടക്കുന്ന പരുന്തായി മാറുന്നതെങ്ങനെ?

ഇങ്ങനെയെല്ലാം ഓരോന്ന് അലയടിച്ചുകൊണ്ടിരുന്ന നേരത്ത് വണ്ടി കുട്ടിക്കാനം ചുരം കയറുകയായിരുന്നു.   കാലങ്ങൾക്ക്  മുമ്പ്‌ മലഞ്ചരക്കുകളുമായി  കാളവണ്ടികൾ മാത്രം സഞ്ചരിച്ചിരുന്ന വഴികൾ ഇന്ന്  റബ്ബറൈസ് ചെയ്തിട്ടിരിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത   വാഹനങ്ങൾ ഓടുന്ന നീലിച്ച കറുപ്പിന് താഴെ,ചരിത്രം അമർന്നു കിടന്നു.

 കുട്ടിക്കാനവും  ഏലപ്പാറയും ചപ്പാത്തും കടന്ന് വണ്ടി കട്ടപ്പനയിലെത്തി. ലോഡിറക്കാൻ അധികസമയമെടുത്തില്ല. അഞ്ചുപേർ തകൃതിയായി പണിയെടുത്തു.
ഷോപ്പിലിരുന്ന് പണമെണ്ണി തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ ചെറുതായി മഴ തൂളി. മഴ കൂടിയാൽ മടക്കയാത്ര ദുരിതമാകുമല്ലോ എന്നോർത്തു. എന്തായാലും പെട്ടെന്നു തന്നെ ആകാശം തെളിഞ്ഞു.
കട്ടപ്പന അക്ഷരാർത്ഥത്തിൽ ഒരു ടൗണായി വളർന്നു കഴിഞ്ഞു. ബഹുനിലക്കെട്ടിടങ്ങൾ ധാരാളമായി ഉയർന്നുവന്നിട്ടുണ്ട്‌,അടുത്തകാലത്തായി. മലഞ്ചരക്ക്‌ വ്യാപാരത്തെ മറികടന്നുകൊണ്ട്‌ അനവധി ബിസിനസുകൾ തഴച്ചു തുടങ്ങിയിരിക്കുന്നു. ഷോപ്പിംഗ്‌ മാളുകളും ജൂവലറികളും ടൂറിസ്റ്റ്‌ ഹോമുകളും തലയുയർത്തി നിന്നു. ഒരു മഴയുടെ ഭീഷണി നിലനിൽക്കെ, ഉള്ള സമയത്തിന്‌ ഉണ്ണിയേട്ടനോടൊപ്പം പതിവു കേന്ദ്രം സന്ദർശിച്ചതിനു ശേഷമാണ് മലയിറങ്ങി തുടങ്ങിയത്. പോരുന്ന വഴി മാട്ടുക്കട്ടയിൽ നിർത്തി അൽപം ഉണക്കമീൻ വാങ്ങി.
സിരകളിൽ ചൂട് പടർത്തിയ  വാറ്റുചാരായവും തണുപ്പുമായുള്ള മത്സരം ഏതാണ്ട് അവസാനിക്കാറായപ്പോൾ കുട്ടിക്കാനത്തിന്റെ കോടമഞ്ഞ്‌ കണ്ണുകളെ മൂടിത്തുടങ്ങി.  ബേക്കറികൾക്കും ചെറിയ പലചരക്കുകടകൾക്കും ചായക്കടകൾക്കും മീതെ മരിയൻ കോളേജും പിന്നെ പെട്രോൾബങ്കിനുമിടയിൽ കുട്ടിക്കാനം അപ്പോൾ മഞ്ഞിൽ പുതഞ്ഞ് മിണ്ടാതെ കിടക്കുകയായിരുന്നു .

കണ്ണിമചിമ്മുന്ന നേരത്ത്, എവിടെ നിന്നാണ് ഈ പുകമഞ്ഞിറങ്ങി വരുന്നത് ? കാഴ്ചകളെ മൂടിക്കൊണ്ട്, ഞരമ്പുകളിലേക്ക് തണുപ്പ് പടർത്തിക്കൊണ്ട്, ചൂളമരങ്ങളെ പുതപ്പിച്ചു കൊണ്ട് വെളുപ്പ്‌ വന്നു നിറയുന്നത്?

അതിശയമാണ്.
താഴെ അഗാധതയിൽ മഞ്ഞുപലകകൾ നിരന്നു കഴിഞ്ഞു.
കനമേറിയ പഞ്ഞിക്കെട്ടുകൾ .
തേയിലത്തുമ്പുകൾ തണുത്തു കിടുങ്ങി.

ബ്രേക്ക് ലൈനർ ഉരഞ്ഞ് തീരുന്ന ഗന്ധം വല്ലാത്ത മനംപിരട്ടലുണ്ടാക്കും. വാൻ ചുരമിറങ്ങി ക്കൊണ്ടിരുന്നു. ഞാൻ വിൻഡ്ഷീൽഡ് അടച്ചിട്ടു. ഫോഗ് ലാമ്പിന്റെ മഞ്ഞ  വെളിച്ചത്തിൽ മുൻപിലെ റോഡ്‌ ഒഴുകി നടക്കുന്നത് ശ്രദ്ധിച്ചുകൊണ്ട് പിന്നിലേക്ക്‌ തലചായ്ക്കുമ്പോൾ, ഉണ്ണിയേട്ടൻ പതിവു പാട്ട് മൂളി. തേക്കടി,  വണ്ടിപ്പെരിയാർ, പാമ്പനാർ, ചപ്പാത്ത് വഴി ആ സമയം പെരിയാർ നിറവൈദ്യുതിയോടെ  ചെറുതോണിയിലേക്കൊഴുകി.

"എന്നാ മഞ്ഞാ   ഇത്? ഇന്ന് കുറച്ചു കടുപ്പം തന്നാ കേട്ടോ... വണ്ടിയങ്ങ് സൈഡാക്കിയാലെന്നാന്ന് ഓർക്കുവാരുന്ന്. "

ഉണ്ണിയേട്ടൻ നാവെടുത്ത്‌ വളച്ചില്ല, എവിടെ നിന്നെന്നറിയില്ല മിന്നൽ പോലെ ഒരാൾ മഞ്ഞിൽ നിന്ന് വണ്ടിക്ക് മുന്നിലേക്ക്‌ വന്നു. ഉണ്ണിയേട്ടൻ നൊടിയിടയിൽ ഇടത്തേക്ക് വെട്ടിച്ച്,പെട്ടെന്ന് തന്നെ  വലത്തേക്കൊടിച്ചു. ഇടതുവശത്തെ മഞ്ഞുപലകകളുടെ  ആഴത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടെങ്കിലും, വണ്ടിയിൽ എന്തോ മുട്ടുന്ന ശബ്ദം കേട്ടു. കോടമഞ്ഞിലേക്ക്  ഞങ്ങൾ ചാടിയിറങ്ങി.

മഞ്ഞിന്റെ കനം മെല്ലെ നീങ്ങി,തെളിവാർന്നു വരുമ്പോൾ ഒരു വൃദ്ധൻ റോഡിൽ കിടപ്പുണ്ട്. പുതച്ചിരുന്ന കമ്പിളി അടുത്ത് തന്നെ പറന്നു കിടക്കുന്നു.


എന്റെ അയ്യപ്പസ്വാമിയേ... എന്ന് ഉണ്ണിയേട്ടന്റെ ചുണ്ടുകൾ മന്ത്രിക്കുന്നത് കാറ്റിന്റെ ചൂളംവിളിക്കിടയിൽ ഞാൻ കേട്ടു. 


എന്തു ചെയ്യും? 


ഒരു വാഹനം പോലും ഇരുഭാഗത്തേക്കും കാണുന്നില്ല. തിരക്കേറിയ കെ. കെ. റോഡ്‌ പെട്ടെന്ന് ഒറ്റപ്പെട്ടത് പോലെ... ആള് മരിച്ചിട്ടുണ്ടാവുമോ?  അനക്കമില്ലല്ലോ?


ഉണ്ണിയേട്ടൻ  ധൈര്യപൂർവ്വം അടുത്തെത്തി പരിശോധിച്ചു.
ഇല്ല... കുഴപ്പമില്ല...ആള് പോയിട്ടില്ല.
എന്നതാ ഇപ്പൊ ചെയ്യുന്നേ?
ഉണ്ണിയേട്ടൻ ചോദ്യരൂപേണ എന്നെ നോക്കി. 
എന്തെങ്കിലും ചെയ്തേ മതിയാകൂ...എടുത്ത്‌ വണ്ടിയിലേക്കിട്ട്‌ ഏലപ്പാറയിലുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക്‌ കൊണ്ടുപോയാലോ ?ഇനി അഥവാ ഇയാൾ മരണപ്പെടുകയാണെങ്കിൽ കാര്യങ്ങൾ കുഴങ്ങും. ഒരു ഏടാകൂടത്തിലാണല്ലോ ഉണ്ണിയേട്ടാ നമ്മൾ വന്നു ചാടിയിരിക്കുന്നത്‌. കൊലക്കുറ്റത്തിനു സമാധാനം പറയേണ്ടിവരുമല്ലോ...ഉപേക്ഷിച്ച്‌ കടന്നുകളയാനും തോന്നുന്നില്ല.
"ഉണ്ണിയേട്ടാ..പിടിക്ക്‌ ! നമുക്കിയാളെ ആശുപത്രിയിൽ കൊണ്ടുപോകാം.എന്തും സംഭവിക്കട്ടെ !"
ഈ സമയം പുൽനാമ്പുകൾ അനങ്ങുന്നപോലെ തോന്നി. തെളിഞ്ഞു  വന്ന വെളുപ്പിനിടയിലൂടെ തേയിലക്കാടുകൾക്കിടയിൽ നിന്ന് ഒരാൾ കടന്നുവന്നു.  അകലെ നിന്ന് അയാൾ നടന്നടുത്തേക്ക് വരുമ്പോൾ ഇതിഹാസങ്ങളുടെ പൈതൃകം പേറുന്ന കുന്നിൻപുറങ്ങളിൽ പുരാതനവും വന്യവുമായ ഒരു താളം പ്രതിധ്വനിച്ചു. അകലെ,പരുന്തുകൾ അകാരണമായി കരഞ്ഞു.

ഉറച്ച ശരീരവും ബലിഷ്ഠങ്ങളായ കൈകാലുകളുമുള്ള ഒരാൾ.
ഞാൻ ആ മുഖത്തേക്ക്  നോക്കി.
ആരാണിത്‌?   

                                                                                                                           
നോക്കി നിൽക്കേ, നിലത്തു കിടന്ന ഒരു തോർത്തെടുത്ത് തോളിലിടുന്ന ലാഘവത്തിൽ വൃദ്ധനെയെടുത്ത് തോളിലിട്ടു. ഈ ദുർഘടസന്ധിയിൽ രക്ഷകനായെത്തിയ ഇയാൾ ആരാണ്‌ ? ദാരുണമായ ഒരു സ്ഥിതിവിശേഷത്തിൽ ഇത്ര സംയമനപൂർവ്വം എന്നാൽ ദുരൂഹമായ ചലനങ്ങളോടെ നിൽക്കുന്ന ഇയാളുടെ ഉദ്ദേശ്യമെന്ത്‌ ?
വൃദ്ധനുമായി അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങുകയാണ്‌. നാലടി മുന്നോട്ടു നടന്ന്, ഒന്നു നിന്നു. പിന്നെ പൊടുന്നനെ തിരിഞ്ഞു ഞങ്ങളെ മാറി മാറി നോക്കി.
എവിടെയോ കണ്ടു മറന്ന മുഖം.
എവിടെ ?

നിസ്സംഗമായ ഒരു ഭാവത്തിൽ തേയിലക്കാടുകൾക്കിടയിലൂടെ  മലകയറി, അയാൾ മഞ്ഞിലേക്ക് ലയിച്ചു. സ്വപ്നമോ സത്യമോ എന്ന് തിരിച്ചറിയാനാകാതെ ഞാനും ഉണ്ണിയേട്ടനും  തരിച്ചു നിന്നു. പുനംകൃഷിക്കായി കാട് തെളിച്ചു കയറിയ ഏതോ ഗോത്രസമൂഹത്തിന്റെ കുത്തുപാട്ടിന്റെ താളം ചുറ്റും പ്രതിധ്വനിക്കുന്നതായി  തോന്നി. നൂറ്റാണ്ടുകൾക്കപ്പുറമുള്ള വിജനമായ ഒരു പാതയിൽ ഞാനും ഉണ്ണിയേട്ടനും രണ്ട് പൊട്ടുകളായി.

ആ നേരം,ഫോഗ് ലാമ്പുകളുടെ ശക്തമായ വെളിച്ചം കണ്ണിലേക്കടിച്ചു.  ഏതോ വണ്ടി ചുരം കയറി വരുന്നു. വണ്ടികൾ...


ഒന്നിനു പിറകെ ഒന്നായി മൂന്ന് ലോറികൾ മുരണ്ടുകൊണ്ട് കയറി വന്നു. കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച  പുരാതനമായ ആ വെളിച്ചം കാഴ്ചയെ കടന്നുപോകുമ്പോൾ പൊടുന്നനെ, അല്പം മുമ്പ്‌ കണ്ട ആ മുഖം എനിക്ക് തെളിവായി...

പരിഷത്ത് പ്രവർത്തകനായിരുന്ന...
കുട്ടികളെ ചരിത്രം പഠിപ്പിച്ചിരുന്ന...
മദ്യശാലയിൽ ലഹരി വിളമ്പിയിരുന്ന.....
ഓർത്തപ്പോൾ, അടിവയറ്റിൽ നിന്ന് മുകളിലേക്ക്‌ ദുരൂഹവും പ്രാകൃതവുമായ ഒരു താളം മിന്നിക്കടന്നുപോയി. മഞ്ഞിന്റെ തിരശ്ശീല പച്ചിലകളിൽ നിന്ന് നിശബ്ദമായി അഴിഞ്ഞു
വീണു. ആകാശത്ത്‌ ഒരു പരുന്ത്‌ വട്ടമിട്ടു പറന്നു



മാതൃനാട്‌ മാസിക, ഒക്ടോബർ 2012

O


വവ്വാക്കാവ് എന്ന ദശാസന്ധി

കാവൽ കൈരളി മാസിക, ഫെബ്രുവരി 2012





         രു ബസിനു കൈനീട്ടിയിട്ട്‌ നാളേറെയായിരുന്നു. ആ കൊതി തീർത്തുകൊണ്ടാണ്‌ വണ്ടി മുന്നിലിരമ്പി നിന്നത്‌. നഗരങ്ങളിലേപ്പോലെയല്ല, ഗ്രാമങ്ങളിൽ സർക്കാർ വണ്ടികൾക്ക്‌ നല്ല അച്ചടക്കമാണ്‌. പുറത്തു ചുവപ്പും മഞ്ഞയും അകത്ത്‌ പച്ചയുമായി ഓർഡിനറി ബസുകൾ നിർലോഭം ഗൃഹാതുരത്വം വാരിവിതറും. നാട്ടിൽ വന്നെത്തുന്നതിനു മുമ്പേ മനസ്സിലുറപ്പിച്ചതാണ്‌ ഇങ്ങനെയൊരു യാത്ര.

യാത്രക്കാർ തീരെ കുറവായിരുന്നു. കണ്ടക്ടറുടെ സീറ്റിനു തൊട്ടു മുന്നിലായി ഇരിപ്പിടം കിട്ടി. കൊല്ലത്തേക്കുള്ള ടിക്കറ്റാണെടുത്തത്‌.

വള്ളിക്കാവിൽ നിന്നും വവ്വാക്കാവിനെ ബന്ധിപ്പിച്ചുകൊണ്ട്‌ കൊല്ലത്തേക്കു പോകുന്ന ഒരേയൊരു ബസ്‌ സർവ്വീസ്‌ മാത്രമാണ്‌ ഇന്നുമുള്ളത്‌. 'കൊല്ലം വണ്ടി' എന്നു വിളിച്ചിരുന്ന സർക്കാരിന്റെ അന്നത്തെ ചുവന്ന നീളൻബസിന്‌ ഇന്ന് രൂപത്തിൽ വലിയ മാറ്റങ്ങളാണ്‌. യാത്രക്കാരിലും ജീവനക്കാരിലും പരിചിതമുഖം ഒന്നുപോലുമില്ല. വള്ളിക്കാവിലെ ആശ്രമത്തിനു കീഴിൽ ഇന്നിപ്പോൾ എൻജിനീയറിംഗ്‌ കോളേജും ആയുർവേദകോളേജും മറ്റും ഉയരുകയും എട്ടും പത്തും നിലകളുള്ള ഹോസ്റ്റൽ കെട്ടിടങ്ങളിൽ ദൂരെസ്ഥലങ്ങളിൽ നിന്നെല്ലാം സുന്ദരികളും സുന്ദരന്മാരും വന്നുനിറയുകയും ചെയ്തതോടെ അവിടം ഒരു ചെറുപട്ടണമായി വികസിച്ചിട്ടുണ്ട്‌. അക്കാരണം കൊണ്ടുതന്നെ വള്ളിക്കാവിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന വവ്വാക്കാവ്‌ റോഡിന്റെ പ്രാധാന്യം വർദ്ധിച്ചിട്ടുണ്ടാവണം. എന്നിട്ടുമെന്തുകൊണ്ടോ ഏതോ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ പോലെ ദിവസവും രണ്ടുനേരം മാത്രമായി ഇപ്പോഴും ഈയൊരു ബസ്‌ സർവ്വീസ്‌ മാത്രമേയുള്ളൂ.

വവ്വാക്കാവ്‌ എത്താറാകുന്നു.

വവ്വാക്കാവ്‌ എന്നുകേട്ടാൽ വവ്വാലുകളുടെ കാവാണോ എന്നാർക്കും സംശയം തോന്നാം. എന്നാലവിടെ വവ്വാലുകളോ കാവുകളോ ഇല്ലെന്നുള്ളതാണ്‌ വാസ്തവം. വിചിത്രമായ ഒരു കാര്യമെന്തെന്നാൽ വവ്വാക്കാവിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ ഇരുവശത്തുമുള്ള വലിയ വാകമരങ്ങളിലും ബദാം മരങ്ങളിലുമാണ്‌ കരുനാഗപ്പള്ളി-കുന്നത്തൂർ താലൂക്കുകളിലെ കാക്കകളായ കാക്കകളൊക്കെ ചേക്കേറുന്നത്‌. 'സുബഹ്‌' കേട്ടുണരുന്ന കാക്കകൾ സന്ധ്യവിളക്കാവുമ്പോൾ കൃത്യമായി തിരികെയെത്തും. ആ രണ്ടുസമയങ്ങളിലും വവ്വാക്കാവിലാകെ കോലാഹലമാണ്‌. കാക്കകളുടെ കൂട്ടക്കരച്ചിലിനിടയിൽ തൊട്ടടുത്തു നിൽക്കുന്നവരെപ്പോലും കേൾക്കാനാവില്ല. എത്ര ശ്രദ്ധാപൂർവ്വം നിന്നാലും ധരിച്ചിരിക്കുന്ന വസ്ത്രത്തിലോ തലയിലോ ഒരു മര്യാദയുമില്ലാതെ അവറ്റകൾ അടയാളമിട്ടുകളയും.

ഏറെക്കാലം മുമ്പ്‌, സുഹൃത്തായ അജയനൊപ്പം അയൽപ്രദേശങ്ങളായ ആദിനാടിന്റെയും ശാസ്താംകോട്ടയുടെയും സ്ഥലനാമചരിത്രം തേടി അലയുകയും ചിലതെല്ലാം രേഖപ്പെടുത്തിവെക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വവ്വാക്കാവിനു പിന്നാലെയുള്ള യാത്ര, എന്തോ ചില കാരണങ്ങളാൽ തുടക്കത്തിൽ തന്നെ അവസാനിക്കുകയാണുണ്ടായത്‌. പണ്ടുപണ്ട്‌ ഇവിടെയെവിടെയോ ഒരു കാവുണ്ടായിരുന്നിരിക്കണം. അവിടെ നിറയെ വവ്വാലുകളും. ആ ചിന്തയിൽ കണ്ണുകൾ എല്ലായ്പ്പോഴും വവ്വാലുകളെ തേടും. കാവുകളുമായി ബന്ധപ്പെട്ടുകിടക്കുന്ന ബുദ്ധ സംസ്കൃതിയുടെയും ഭൂതരായരുടെ പടയോട്ടക്കാലത്തിന്റെയും ശേഷിപ്പുകൾ  അന്വേഷിച്ചുപോയ നാളുകളിലൊന്നും തന്നെ, അവറ്റകളെ കണ്ടുമുട്ടാനായതുമില്ല.

ചരിത്രം ആ പ്രദേശത്തിന്‌ തികച്ചും ദുരൂഹമായ ഒരു മുഖച്ഛായ കൊടുത്തിട്ടുള്ളതുപോലെ എനിക്കും അവിടം ഭീതിദമായ ഒരോർമ്മയാണ്‌ തരുന്നത്‌. വള്ളിക്കാവിൽ നിന്നുള്ള റോഡ്‌ വവ്വാക്കാവിനെ സ്പർശിക്കുന്നതിനു തൊട്ടുമുൻപായി ഇടതുവശത്തുള്ള ആ ഇലക്ട്രിക്‌പോസ്റ്റ്‌, വൈദ്യുതകമ്പികളെ താങ്ങിമടുത്ത്‌ ഇന്നും അതേപോലെ നിലകൊള്ളുന്നുണ്ട്‌. വശങ്ങളിലേക്ക്‌ നീണ്ടുനിൽക്കുന്ന അതിന്റെ ചില്ലകളിൽ കാക്കളൊന്നും ചേക്കേറിയില്ല. അനാഥമായ ഒരു സ്വപ്നം പോലെ, കമ്പിക്കൈകൾ നീട്ടി, അനന്തതയിലേക്ക്‌ നിൽക്കുന്ന ആ പോസ്റ്റിന്റെ ചിത്രം ഉള്ളിലാകെ വൈദ്യുതി നിറച്ചു. എവിടെയോ കാക്കകൾ കൂട്ടമായി കരഞ്ഞു.

അന്ന് പ്രീഡിഗ്രി കാലഘട്ടമായിരുന്നു. കൗമാരത്തിന്റെ ആവേശങ്ങളും ആരവങ്ങളും ആഘോഷങ്ങളും പൂത്തുനിന്ന കാലം. വള്ളിക്കാവിൽ നിന്നും ബസ്‌ പുറപ്പെടുമ്പോൾ തന്നെ നിറയെ ആളുകളുണ്ടാകും. കൂടുതലും വിദ്യാർത്ഥികൾ തന്നെ. ഡ്രൈവർ രാമകൃഷ്ണൻചേട്ടൻ മുഖത്തെപ്പോഴും ചിരിനിറച്ച്‌ അനായാസഭാവത്തിലിരിക്കും. കണ്ടക്ടർ സലീമിക്കയ്ക്ക്‌ ഗൗരവമെടുത്തണിഞ്ഞ പ്രകൃതമാണ്‌. രണ്ടുപേരും വിരുദ്ധസ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നവരാകയാൽ ഞങ്ങളിൽ പലപ്പോഴും ചിരിയുടെ അലകൾ സൃഷ്ടിക്കാൻ അവർ പ്രധാനകാരണമായി തീർന്നിരുന്നു. ഞങ്ങൾ എന്നു പറയുമ്പോൾ അജയൻ, മഹേശൻ, കാർലോസ്‌, അനി, ഉഷ, സഹീറ തുടങ്ങി വലിയ ഒരു കൂട്ടമുണ്ട്‌. ഒപ്പം ലാബ്‌ അസിസ്റ്റന്റ്‌ പുരുഷോത്തമൻചേട്ടൻ, കുമാർ തീയേറ്ററിലെ ഓപ്പറേറ്റർ ജബ്ബാറിക്ക, ഹാർബറിലേക്ക്‌ മത്സ്യബന്ധനത്തിനായി പോകുന്ന രുദ്രണ്ണൻ, ജാനകിയക്ക.... അങ്ങനെ തമ്മിലറിയാവുന്നവരും കൂടാതെ ആശ്രമത്തിൽ ദർശനത്തിനായി വന്നുപോകുന്ന അപരിചിതരും കൂടിക്കലർന്ന ആ യാത്ര തികച്ചും ഉല്ലാസഭരിതമായിരുന്നു.

പതിവുപോലെ തിരക്കുള്ള ആ ദിവസം, ഞാനും കാർലോസും ഫുട്‌ബോഡിൽ തന്നെയുണ്ടായിരുന്നു. ഹാജർ വിളിച്ചുകയറ്റുന്ന ചുമതല ഞങ്ങൾക്കാണ്‌. 'ഒന്നകത്തോട്ടു കേറിനെടാ' എന്നു സലീമിക്ക വിളിച്ചു പറയുമ്പോഴൊക്കെ ഞങ്ങൾ കണ്ണിറുക്കി ചിരിക്കും. എന്തെങ്കിലും മറുപടി പറഞ്ഞാൽ ആകെ പുകിലുണ്ടാക്കും. 'അവന്മാരവിടെയെങ്ങാനും നിക്കട്ടെ സാറേ, പിള്ളേരല്ലേ' എന്നു പുരുഷോത്തമൻചേട്ടൻ സമാധാനപ്പെടുത്തും.

അന്നേദിവസം എന്റെ ഇടതുകൈയ്യിലെ മൂന്നുവിരലുകൾ ചേർത്ത്‌ പ്ലാസ്റ്റർ ഇട്ടിരുന്നു. അതിരാവിലെ സംഭവിച്ച ഒരപകടം. വെളുപ്പിന്‌ നാലുമണിക്കെഴുന്നേറ്റ്‌ ഓടാൻപോകുന്ന ഒരു ശീലമുണ്ടായിരുന്നു. അനിയും മഹേശനുമാണ്‌ കൂട്ട്‌. കടവ്‌ വരെ സൈക്കിളിലാണ്‌ പോവുക. കടവിലുള്ള പൂവരശിന്റെ ചുവട്ടിൽ സൈക്കിൾ വെച്ച്‌, കായലോരത്തുകൂടി നീണ്ടുകിടക്കുന്ന ചെമ്മൺപാതയിലൂടെ ഞങ്ങൾ ഓട്ടമാരംഭിക്കും. ആരോഗ്യം മെച്ചപ്പെടുത്തുക എന്നുള്ളതായിരുന്നില്ല ആ വ്യായാമശ്രമത്തിലേക്ക്‌ ഞങ്ങളെ നയിച്ച ചേതോവികാരം. കടവിലെ പുലർകാലകാഴ്ചകളിൽ ഞങ്ങളെ കൊതിപ്പിച്ചുകൊണ്ടിരുന്ന ചിലതുണ്ടായിരുന്നു. ആസ്വാദനത്തിനിടയിൽ, കൈമൾ പോലീസിന്റെ കൺമുന്നിൽ ചെന്നുപെട്ടതാണ്‌ വിനയായിത്തീർന്നത്‌. അപ്പോഴത്തെ വെപ്രാളത്തിൽ തിരിഞ്ഞോടി, മരച്ചുവട്ടിൽ നിന്നും സൈക്കിളെടുത്ത്‌ ആഞ്ഞുചവിട്ടുന്നതിനിടയിൽ എതിരേവന്ന ഒരു നായയുടെ മുകളിലേക്കു തന്നെ സൈക്കിളുമായി മറിഞ്ഞു.

തേവലശേരിമുക്കിൽ വെച്ച്‌, ആളുകയറുന്നതിനിടയിൽ ഈ ദാരുണകഥ ചില പൊടിപ്പും തൊങ്ങലുമൊക്കെ വെച്ച്‌ കാർലോസിനോട്‌ വർണ്ണിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഡബിൾബെല്ല് കേട്ട്‌ ഫുട്‌ബോഡിലേക്ക്‌ കാലെടുത്തുവെക്കാൻ തുടങ്ങവേ, കാൽശരായിയുടെ കീശയിൽ നിന്നും മൂന്നായി മടക്കിയ നോട്ടുബുക്ക്‌ താഴേക്ക്‌ പോയി. വ്യാകരണവും ജന്തുശാസ്ത്രവും രസതന്ത്രവുമെല്ലാം ഒരമ്മപെറ്റ മക്കളെപ്പോലെ കഴിയുന്ന ആ ചതഞ്ഞ ബുക്ക്‌ നഷ്ടപ്പെടുന്ന കാര്യം എനിക്കാലോചിക്കാനേ കഴിയുമായിരുന്നില്ല. വേഗതയുടെ ഒരനായസാതാളത്തിൽ ഞാനത്‌ കുനിഞ്ഞെടുത്ത്‌, നാലുചുവട്‌ മുന്നോട്ടോടി പിന്നിലെ കമ്പിയിൽപ്പിടിച്ച്‌ ഫുട്‌ബോഡിലേക്ക്‌ ചാടിക്കയറി.

ഒടിഞ്ഞ കൈവിരലുകൾ ഒന്നുമിന്നി. ആ വേദനയുണ്ടാക്കിയ തിടുക്കത്തിനിടയിൽ എന്തോ ഒന്ന് കൈയ്യിൽ കുടുങ്ങി. ചുവന്നനിറമുള്ള ഒരു മുത്തുമാലയായിരുന്നു അത്‌. തൊട്ടുപിന്നാലെ ഫുട്‌ബോഡിനടുത്തുള്ള സീറ്റിനോട്‌ ചേർന്നുനിന്നിരുന്ന അപരിചിതയായ പെൺകുട്ടി ഒറ്റക്കരച്ചിൽ.

"അയ്യോ... എന്റെ മാല !"

"ആരെടാ അത്‌?"

"പിടിയെടാ അവനെ...!"

ആകെ ബഹളമായി. ബസിന്റെ മുന്നിൽ നിന്നും തലകൾ നീണ്ടുവന്നു. കാക്കകൾ നിറുകയിൽ കൃത്യം നിർവ്വഹിച്ചാലെന്നപോലെ ഞാൻ വിളറി. ചോര മുഴുവൻ ഒറ്റനിമിഷം കൊണ്ട്‌  വാർന്നുപോയി. ശബ്ദം പുറത്തേക്കു വരാനാകാതെ തൊണ്ടയിൽ കുടുങ്ങി. ആരോ ബെല്ലടിക്കുകയും രാമകൃഷ്ണൻചേട്ടൻ അപ്പോൾ തന്നെ ബ്രേക്കിൽ കാലമർത്തുകയും ചെയ്തു.

രുദ്രണ്ണനാണ്‌ എന്നെ കണ്ടത്‌.

"ങാഹാ, നീയാരുന്നോ? ഇതെന്താണെടാ നിന്റെ കൈയ്യിൽ? മുത്തുമാലയോ... അതുകൊള്ളം... എടീ കൊച്ചേ കരയാതെ നില്ല്, അവൻ നിനക്ക്‌ പുതിയയതൊന്ന് വാങ്ങിത്തരും, ഹല്ല പിന്നെ!"

ഒറ്റ ഡയലോഗിൽ എല്ലാവരും ചിരിച്ചു. പെൺകുട്ടി പകപ്പോടെ എന്നെ നോക്കുമ്പോൾ ബെല്ലുമുഴങ്ങി. ചുവന്ന മുത്തുമണികൾ വിരലുകൾക്കിടയിൽ നിന്നുമുതിർന്നുവീണു. അബദ്ധം പിണഞ്ഞവളെപ്പോലെ അവൾ തലതാഴ്ത്തി. നേരിയ ഒരു ചിരി ആ ചുണ്ടുകളിൽ മിന്നിമറയുന്നതു കണ്ടപ്പോൾ, ഒരു ക്ഷമ പറയേണ്ടുന്ന മര്യാദ കാട്ടാതിരിക്കാൻ മനസ്സ്‌ സമ്മതിച്ചില്ല.

അടുത്ത സ്റ്റോപ്പായ വവ്വാക്കാവിലിറങ്ങാൻ ആളുകൾ വാതിലിനടുത്തേക്ക്‌ തിരക്കുകൂട്ടി തുടങ്ങിയിരുന്നു. എന്നിട്ടും അവളുടെ സമീപമെത്താൻ അൽപസ്ഥലം ഞാൻ കണ്ടെത്തി. കാർലോസിനെ മറികടന്ന് കയറിനിൽക്കാൻ ശ്രമിക്കുമ്പോൾ അവൻ എന്റെ സ്ഥാനത്തേക്ക്‌ കടന്നുനിന്ന് സൗകര്യമൊരുക്കി. ഒരു ശബ്ദം കേട്ട്‌ ഞെട്ടലോടെ തിരിഞ്ഞുനോക്കുമ്പോൾ, ഇടതുവശത്തായി നിന്ന ഇലക്ട്രിക്‌ പോസ്റ്റിലിടിച്ച്‌ കാർലോസ്‌ മറിയുന്നതാണ്‌ കണ്ടത്‌. ഒന്നേ നോക്കിയുള്ളൂ. നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി. വെടിയൊച്ച കേട്ടതുപോലെ ഉള്ളിൽ കാക്കകൾ പറന്നു.

"ആളു താഴെപ്പോയി" ആരോ വിളിച്ചു പറഞ്ഞു.

വണ്ടി നിരങ്ങിനിന്നു. അനിയും മഹേശനും രുദ്രണ്ണനും ജാനകിയക്കയും മറ്റെല്ലാവരും ഞെട്ടിത്തരിച്ച്‌ പുറത്തേക്ക്‌ നോക്കി. ഉഷയും സഹീറയും ഉറക്കെ നിലവിളിച്ചു. പുറത്തേക്ക്‌ ചാടിയിറങ്ങി നോക്കുമ്പോൾ ശിരസ്സു മുഴുവൻ രക്തത്തിൽ മുങ്ങി കാർലോസ്‌ റോഡിൽ വീണുകിടക്കുകയായിരുന്നു. കണ്ണുകൾ തുറിച്ചു നിൽക്കുന്നതുകണ്ട്‌ ഞാൻ വിറങ്ങലിച്ചു.

പതിവുകെട്ട നേരത്ത്‌ വാകമരങ്ങളിലിരുന്ന് കാക്കകൾ ഉറക്കെ കരഞ്ഞു. ഉള്ളംകൈ തുറന്നു നോക്കിയപ്പോൾ ഒരു ചുവന്ന മുത്ത്‌.

എവിടെ ആ പെൺകുട്ടി?

ഓർമ്മയുടെ ചില്ലുപാത്രം വീണുടയുന്നതുപോലെ ആ സമയം ഡബിൾബെല്ല് മുഴങ്ങി. ബസ്‌ നീങ്ങുകയാണ്‌. ഞാൻ സീറ്റിലേക്ക്‌ അമർന്നിരുന്നു. പടയോട്ടങ്ങളുടെ നൊമ്പരം നെഞ്ചിലേറ്റിയ പൈതൃകവുമായി ചുവന്നുകിടന്ന വവ്വാക്കാവിൽ നിന്ന്, പകൽവെളിച്ചത്തിൽ ഒരു വവ്വാൽ ചിറകുവിടർത്തി പറന്നുപോകുന്നത്‌ ഞാനപ്പോൾ ആദ്യമായി കണ്ടു.  


O

കാവൽ കൈരളി മാസിക, ഫെബ്രുവരി 2012