ലോകമലയാളം മാസിക, ജൂലൈ 2013
എന്തിനാണാവോ അദ്ദേഹം അത്യാവശ്യമായി കാണണമെന്ന് വിളിച്ചു പറഞ്ഞത്? ഒ.പി.യിലെ തിരക്ക് കഴിയുന്ന നേരം നോക്കി ഒന്നുപോകാം. ഇവിടെ ലാബിലും ഇപ്പോൾ സാമാന്യം നല്ല തിരക്കുണ്ട്. അതും ഒന്നൊതുങ്ങട്ടെ.
പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മങ്ങിയ മഞ്ഞനിറമുള്ള മതിലിനിപ്പുറത്തേക്ക് വീണുകിടന്ന വാകമരത്തണൽ ഇപ്പോൾ കാണാനില്ല. സൂര്യൻ സൂക്ഷ്മാസൂക്ഷ്മം മുകളിൽ വന്ന് സർവ്വവിധശക്തിയോടും ഭൂമിയെ തിളപ്പിക്കുന്നു. ലാബിലിരുന്നാൽ ഗേറ്റിനുള്ളിലൂടെ ആശുപത്രിമുറ്റവും ഡിസ്പെൻസറിക്ക് മുന്നിലെ ക്യൂവും കാണാം.
ഒറ്റവർഷമേ ആയിട്ടുള്ളൂ, ആശുപത്രിയുടെ എതിർവശത്തുള്ള ഈ കെട്ടിടത്തിൽ വന്നു ചേക്കേറിയിട്ട്. തൊഴിലന്വേഷണം മടുത്തപ്പോൾ പരീക്ഷണാർത്ഥമാണ് ക്ലിനിക്കൽ ലാബ് തുടങ്ങിയത്. സ്റ്റാഫുകളായി പണിയറിയാവുന്ന രണ്ടു പെൺകുട്ടികളുണ്ട്. സൂക്ഷ്മദർശിനിയുമായി അവർ എപ്പോഴും മല്ലിടുന്നു.
ഹെൽത്ത് സെന്ററിൽ അദ്ദേഹം എത്തിയതോടെയാണ് നമ്മുടെ സ്ഥാപനം അൽപം പച്ചപിടിച്ചതെന്നുള്ള കാര്യം സത്യമാണ്. ഇന്നലെ ഫോണിൽ വിളിച്ച് അദ്ദേഹം ഒന്നു നേരിൽ കാണണമെന്ന് പറഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് ഒരു ആധി. പരിശോധനയിൽ എന്തങ്കിലും അബദ്ധം സംഭവിച്ചോ? ആരുടെയെങ്കിലും സാമ്പിൾ മാറിപ്പോവുകയോ മറ്റോ...? ഏയ്.. ഇതുവരെ അങ്ങനെയുള്ള അബദ്ധങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇനിയിപ്പോ എന്താണാവോ....ഒരു പിടിയും കിട്ടുന്നില്ല.
ഹാഫ്‌ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ സ്റ്റെത് മേശമേൽ വെച്ചുകോണ്ട് അദ്ദേഹം സരസമായി ചിരിച്ചു. കസേരയിലേക്ക് മിഴികൾ ചൂണ്ടി.
"അതേയ് നിങ്ങൾ ഒരു കാര്യമൊന്നു ശ്രദ്ധിക്കണം. പരിശോധനയിൽ നോർമലാണെന്നു വന്നാലും ഇ.എസ്.ആർ, ഇസ്നോഫിൽസ് അങ്ങനെയുള്ള എന്തേലും അൽപമൊന്നു കേറ്റിയെഴുതിയേക്കണം. ഒരു കാര്യവുമില്ലാതെയാണ് ഡോക്ടർ രക്തം പരിശോധിക്കാൻ കുറിച്ചതെന്ന് രോഗികൾ പറയരുതല്ലോ. അല്ലാ.. നിങ്ങൾക്കും അതുകൊണ്ട് പ്രയോജനം കിട്ടും, എന്താ..?
ചുരുളൻ മുടിയിലൂടെ സാവധാനം വിരലുകളോടിച്ചുകൊണ്ട് കണ്ണടയ്ക്കു മുകളിലൂടെ അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കി. ഒരു ഞെട്ടലിനും വല്ലാത്ത ഒരു ആശയക്കുഴപ്പത്തിനുമിടയിലൂടെ ചോദ്യം തികട്ടിവന്നു.
"അപ്പോ സത്യത്തിൽ നോർമൽ അല്ലെങ്കിലോ...?"
"അതിനല്ലേ ഫോണുള്ളത്. എന്നെ വിളിച്ച് കാര്യമൊന്നു പറഞ്ഞാ മതിയല്ലോ."
പുറത്തിറങ്ങി നടക്കുമ്പോൾ, ആശുപത്രിമുറ്റം മുതൽ ലാബ് വരെയുള്ള ചെറിയദൂരത്തിനു കുറുകെയുള്ള നിരത്തിൽ വീണുകിടന്ന അനേകമനേകം രക്തത്തുള്ളികളിൽ പോക്കുവെയിൽ ചിന്നിച്ചിതറുന്നത് കണ്ട് കണ്ണു മഞ്ഞളിച്ചുവന്നു.
O