Monday 27 August 2012

ലവണതീരം

കുങ്കുമം മാസിക, മെയ്‌ 2013
          തിരമാലകളെ പുണർന്നു കൊണ്ട്‌ പാറിവന്ന കാറ്റിൽ ഒളിച്ചിരുന്ന മഴയുടെ ഈർപ്പം മുഖത്തു വന്നു മെല്ലെ തൊട്ടുകൊണ്ടിരുന്ന നേരത്ത്‌, ഉപ്പുകലർന്ന നനഞ്ഞമണ്ണിൽ വിരലിനാൽ ഒരു പേരെഴുതിയിട്ടു. ചാറ്റൽമഴയിലൂടെ അപ്പോൾ സാബ്രി സായ്‌വ്‌ നടന്നു വന്നു. അകലെ ആശ്രമമന്ദിരത്തിനു മുകളിൽ ഉല്ലാസത്തോടെ  പറന്നുകളിച്ചിരുന്ന സുവർണ്ണപതാക ഇപ്പോൾ പ്രയാസപ്പെടുന്നത്‌ കാണാം. സായ്‌വിനോടൊപ്പം പതിഞ്ഞ താളത്തിലുള്ള ഭജന്റെ ഈരടികളും നനഞ്ഞു നനഞ്ഞു വന്നു. ഒരു തിര ഓടിവന്ന് മണലിലെഴുതിയ പേരു മായ്ച്ചുകളയുന്നതു കണ്ട്‌, സാബ്രി കറപിടിച്ച പല്ലുകൾ കാട്ടി ചിരിച്ചു.

"ബ്രദർ... തരുന്നതെല്ലാം കടൽ തിരിച്ചെടുക്കും. എടുക്കുന്നതെല്ലാം തിരിച്ചു തരും....യൂ സീ ദാറ്റ്‌ ?"

സാബ്രി അകലേക്ക്‌ കൈ ചൂണ്ടി. അവിടെ സൂര്യനെ കടൽ വിഴുങ്ങാൻ തുടങ്ങുകയായിരുന്നു. കഴിഞ്ഞ എട്ടുവർഷങ്ങളായി ആശ്രമവാസിയായി കഴിയുന്ന ജർമ്മൻകാരനായ ജൊഹാൻ സാബ്രിക്ക്‌ മലയാളം കടൽവെള്ളം പോലെയാണ്‌- ഉപ്പുരസമുള്ള ഭാഷ. കീശയിൽ നിന്നും പാക്കറ്റെടുത്ത്‌ അയാൾ സിഗററ്റിനു തീകൊളുത്തി. പുകഞ്ഞുപുകഞ്ഞ്‌, തുളവീണുകൊണ്ടിരിക്കുന്ന ജീവശ്വാസത്തെ ഓർമ്മപ്പെടുത്തുമ്പോഴൊക്കെ അയാൾ കൈയ്യിലെ മാംസപേശികൾ പെരുക്കിക്കാണിക്കാറുണ്ട്‌. ഷേവ്‌ ചെയ്ത്‌ മിനുസപ്പെടുത്തിയ കവിളുകളിലപ്പോൾ കുസൃതിച്ചിരി ചുഴികൾ തീർക്കും.

കോശങ്ങളെ കാർന്നുതിന്നുന്ന ഞണ്ടുകൾ വന്ന്, കൂട്ടുകാരിയെ തട്ടിക്കൊണ്ടുപോയതിനു ശേഷം ലക്ഷ്യമില്ലാതെ പലയിടങ്ങളിൽ പറന്നു നടന്ന്, ഒടുവിൽ ആശ്രമവാടത്തിലണഞ്ഞതാണ്‌ സാബ്രി. കോടികളായ സമ്പത്തെല്ലാം ആ പാദാരവിന്ദങ്ങളിലർപ്പിച്ച്‌ വെള്ളക്കുപ്പായമണിഞ്ഞു. എന്നാൽ ജപങ്ങൾക്കും ധ്യാനങ്ങൾക്കുമൊന്നും സാന്ത്വനം പകരാനാവാത്തവണ്ണം ഇടയ്ക്കിടെ ഓർമകൾ പുകഞ്ഞു കൂടുമ്പോൾ സായ്‌വ്‌ പൂഴിമണൽ ചവിട്ടിമെതിച്ച്‌ വരും. തിരകളുടെ ലഹരി നുകർന്ന്, മറവിയുടെ മണലിൽ കിടന്നുറങ്ങാൻ. 

"ഇൻ ആന്റ്‌ ഔട്ട്‌ ഒഫ്‌ ദി റിവഴ്സ്‌ മൗത്ത്‌, എ ടങ്‌ ഒഫ്‌ സീ"

പുകയൂതിവിട്ടുകൊണ്ട്‌ ഏതോ നാടകത്തിലെ കഥാപാത്രത്തെപ്പോലെ സാബ്രി ഉരുവിട്ടു. ആ ഹൈകുവിൽ, അകലെ അഴിമുഖം തുടുത്തു.

ആകാശയാത്രയും ലോകപര്യടനവും തീർത്ത നീണ്ട ഇടവേളയ്ക്കു ശേഷം ഭക്തസഹസ്രങ്ങൾക്ക്‌ ദർശനം അനുവദിക്കപ്പെട്ട ദിവസമാണ്‌, ഇന്ന്. അക്കാരണത്താൽ, ആശ്രമപരിസരവും കടൽത്തീരവും രാവിലെ മുതൽ തന്നെ തിരക്കിൽ മുങ്ങിയതാണ്‌. ദേശത്തിന്റെ നാനാഭാഗത്തു നിന്നും ദർശനപുണ്യത്തിനായി വന്നെത്തിയവർ ഒറ്റയ്ക്കും കൂട്ടായും ചിതറാൻ തുടങ്ങുന്നതേയുള്ളൂ. ആൾപ്പെരുമാറ്റമില്ലാത്ത ഒഴിഞ്ഞ ഇടത്തിലായിരുന്നു ഞാനും സാബ്രിയും. 

തീരത്തിന്റെ കുറച്ചു ഭാഗത്തു മാത്രമായി തിരകൾ ബാക്കിവെച്ച കടൽഭിത്തിയിൽ തട്ടിത്തെറിച്ച ജലകണങ്ങൾ കാറ്റാടിത്തുമ്പുകളിൽ ചുവന്നു തിളങ്ങിയപ്പോൾ, അവളുടെ മുഖം ഓർമ വന്നു.

ഇത്രനേരവും മൊബൈലിൽ അവളുടെ എസ്‌.എം.എസ്‌ പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു, ഞാൻ. പതിവുസമയം കഴിഞ്ഞിരിക്കുന്നു. ഇവിടെനിന്നു നോക്കിയാൽ ആശ്രമത്തിന്റെ അധീനതയിലുള്ള ഹോസ്റ്റലിന്റെ പതിനൊന്നാം നിലയിൽ, കടലിലേക്ക്‌ തുറക്കുന്ന ജനാലകളുള്ള മുറിയിലെ നിഴലനക്കങ്ങൾ കാണാനാവില്ല. അവിടെ അവളിപ്പോൾ വിയർപ്പിൽ മുങ്ങിയ വസ്ത്രങ്ങൾ ഊരിയെറിഞ്ഞ്‌, ഷവറിനു കീഴിൽ നനയുകയായിരിക്കും. അല്ലെങ്കിൽ ജോലി കഴിഞ്ഞു വന്നുകയറിയപാടെ  കാവ്യജാതകം എന്ന ബ്ലോഗിലെ പുതുതായി പണിത നിലകളിലേക്കുള്ള പടവുകൾ എണ്ണുകയായിരിക്കും.


കടക്കെണിയിൽപ്പെട്ട്‌ ജീവിതം അവസാനിപ്പിച്ച ഒരു കർഷകന്റെ രക്തം, കാവ്യ എന്ന അവിവാഹിതയായ മുപ്പതുകാരിയിലൂടെ ഒഴുകുന്നുണ്ട്‌. മുഴക്കം അനുഗമിക്കാത്ത മിന്നൽപ്പിണർ പോലെ ഭൂതകാലം ഇടയ്ക്കിടെ അവളിൽ തെളിഞ്ഞു കത്തുന്നത്‌, കണ്ടുമുട്ടിയനാൾ മുതൽ എനിക്ക്‌ അനുഭവവേദ്യമാവാറുണ്ട്‌. കേരളത്തിന്റെ വടക്കൻ അതിർത്തിയിലെ മലയോരഗ്രാമത്തിൽ നിന്നും വിധിയാൽ ഇവിടെ വന്നു ചേർന്ന മാനേജ്‌മെന്റ്‌ ബിരുദധാരിയായ അവൾ, ആശ്രമത്തിന്റെ ഭാഗമായ കോളേജിൽ ഹ്യൂമൻ റിസോഴ്സസ്‌ മാനേജർ ആയി ജോലി നോക്കുന്നു. ആദ്യമായി അവളുടെ പേര്‌ എന്റെ ബ്ലോഗിന്റെ വാതിലിൽ വന്നു മുട്ടിയപ്പോൾ യാന്ത്രികമായി തുറന്നുകൊടുത്തു എന്നുള്ളതൊഴിച്ചാൽ, ആ കണ്ടുമുട്ടലിൽ ഒരു യാദൃശ്ചികതയും ഉണ്ടായിരുന്നില്ല. കാത്തിരിക്കുകയായിരുന്നു, വാസ്തവത്തിൽ ഞാൻ. 

തൂവെള്ള പതയുമായി ഒരു തിര ഉയർന്നു വന്നു.

പൂഴിമണ്ണാൽ പൊതിഞ്ഞ തോൽച്ചെരുപ്പുമിട്ടുകൊണ്ട്‌, ഒരഭ്യാസിയുടെ ശരീരചലനങ്ങളുമായി സാബ്രി കടൽഭിത്തിയിലേക്ക്‌ ചാടിക്കയറിയപ്പോൾ തിരകൾ പതിയെ പിൻവലിഞ്ഞു. അയാൾ,സിഗററ്റ്‌ കുറ്റി മടങ്ങുന്ന തിരകളിലേക്ക്‌ വലിച്ചെറിയവേ, ചുവന്ന വെളിച്ചത്തെ കടലെടുത്തു. 

സായ്‌വിന്റെ മെയ്‌വഴക്കത്തിന്റെയും ചടുലചലനങ്ങളുടെയും കരുത്തില്ലായിരുന്നുവെങ്കിൽ, കടൽ എന്നേ എന്റെ പേര്‌ വിഴുങ്ങിയേനേ. ഈ തീരത്തു വെച്ചു തന്നെയാണ്‌ ധവളവസ്ത്രധാരികളും രുദ്രാക്ഷമണിഞ്ഞവരുമായ എട്ടുപേർ എന്നെ വളഞ്ഞത്‌. ഇതുപോലെ ഒരു സന്ധ്യാനേരത്താണ്‌ 'മരണകല'യുടെ ലോകാചാര്യന്മാർ എന്നെ കാലുകൊണ്ട്‌ തട്ടിക്കളിക്കാൻ തുടങ്ങിയത്‌. കഴുത്തിൽ, നാഭിയിൽ, നട്ടെല്ലിൽ...... അങ്ങനെ തട്ടിത്തെറിച്ച്‌ പൂഴിമണലുണ്ട്‌ മറിയുമ്പോൾ, ആകാശത്തു നിന്നെന്ന പോലെ സായ്‌വ്‌ പറന്നിറങ്ങി.

അതൊരു അത്ഭുതകാഴ്ചയായിരുന്നു. രക്ഷയ്ക്കായി അവതരിച്ച ഒരു അവധൂതനെപ്പോലെ സായ്‌വ്‌ നൃത്തം തുടങ്ങി. എട്ടുപേർ എട്ടുദിക്കുകളിലായി വീണു. എന്നെപ്പോലെ അവരും മണ്ണുതിന്നുന്നതുകണ്ട്‌ ഞാൻ അഷ്ടദിക്പാലകന്മാരെ മനസാ വണങ്ങി.

അടുത്തുവന്ന്, വലതുകയ്യിൽ പിടിച്ച്‌ സായ്‌വ്‌ എന്നെ ഉയർത്തി. എല്ലുകൾ നുറുങ്ങുന്ന ശബ്ദം കേട്ടു. 

'ജൊഹാൻ സാബ്രി '- സായ്‌വ്‌ മന്ത്രിച്ചു.

തോളിലെടുത്തിട്ട്‌ എന്നെ ആശുപത്രിയിൽ കൊണ്ടുപോകുകയും ഒടിഞ്ഞ കൈകാലുകളിൽ പ്ലാസ്റ്ററിട്ട്‌ അനങ്ങാനാവാതെ കിടന്നപ്പോൾ, കൂടെ നിന്ന് ശുശ്രൂഷിക്കുകയും ചെയ്തു. ലോകത്തിന്റെ ഏതോ കോണിലുള്ള ഏതോ ഭാഷ സംസാരിക്കുന്ന അപരിചിതനായ ഒരാൾ ശരീരത്തിന്റെ നിറം മറന്നുകൊണ്ട്‌, ഭാഷയുടെ അതിരുകൾ ഭേദിച്ചുകൊണ്ട്‌, എനിക്കുവേണ്ടി ഉറക്കമൊഴിഞ്ഞു. 

ആശുപത്രിക്കാലത്ത്‌, എനിക്കുള്ള കഞ്ഞി അമ്മ സായ്‌വിനും വിളമ്പി. ചെറുചിരിയോടെ അയാൾ അത്‌ ആസ്വദിച്ചുകഴിക്കുന്നതു നോക്കിനിന്ന് കണ്ണുനിറച്ചു. അമ്മയെ സ്നേഹിക്കുക എന്നാൽ ലോകത്തിലെ സകല ജീവജാലങ്ങളെയും തുല്യമായി സ്നേഹിക്കുക എന്നത്രേ.....ട്രൂ ലവ്‌ !  സായ്‌വ്‌ പറഞ്ഞു. ആശ്രമജീവിതം ഒരു പരിധിവരെ അയാളെ ഒരു തത്വചിന്തകനാക്കിയോ എന്നു പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്‌. എന്നാൽ, വിലയ്ക്കെടുത്ത ഇന്റലക്ചലുകൾ പ്രസവിക്കുന്ന സൂക്തങ്ങളെ, ആശ്രമഭിത്തികളെപ്പോലെ തന്നെ അയാളും വെറുത്തു. ചില വചനങ്ങളെ അയാൾ തെറിയുടെ ഹൈകുകളാക്കി വിവർത്തനം ചെയ്യുന്നത്‌ ഞാനും കടലമ്മയും മാത്രമേ കേട്ടിട്ടുള്ളൂ.

ആ നാളുകളിൽ, ഉള്ളിലൊതുക്കി വെച്ചിരുന്ന ഭൂതകാലത്തിന്റെ കെട്ടുകളഴിച്ചു കൊണ്ടിരുന്ന കൂട്ടത്തിൽ സായ്‌വ്‌ തന്റെ കച്ചവടസാമ്രാജ്യത്തിന്റെയും പ്രണയജീവിതത്തിന്റെയും ത്രിമാനചിത്രം വരച്ചിട്ടു തന്നു. അതിൽ, വസന്തത്തിന്റെ നിറമണിഞ്ഞു നിന്ന ഒരു ചെടി അകാലത്തിൽ കരിഞ്ഞുപോയതിന്റെ വേദനയാൽ എല്ലാം ഉപേക്ഷിച്ച്‌, ഒറ്റപ്പെട്ടവനായി അലഞ്ഞുനടന്ന കാലത്തെ ഉഷ്ണം പകർന്നുകൊണ്ടിരുന്ന ഫ്രെയിമിലേക്കാണ്‌ കാവ്യ കടന്നുവന്നത്‌. ഒപ്പം ശുഭയെന്ന സ്നേഹിതയുമുണ്ടായിരുന്നു. ശബ്ദത്തിലൂടെ മാത്രം അറിഞ്ഞിരുന്നവളെ അന്നാണ്‌ ആദ്യമായി കണ്ടത്‌. അരികിൽ വന്നിരുന്നപ്പോൾ, ഉള്ളിൽ ചെമ്പകം പൂത്തു. അടിവയറ്റിൽ നിന്നുയർന്നുവന്ന പ്രണയത്തിന്റെ വെപ്രാളം ആദ്യമായി അനുഭവിച്ചുകൊണ്ടിരുന്നപ്പോൾ ആ വിരൽത്തുമ്പുകളിൽ ഒന്നു തൊടണമെന്നാണ്‌ കൊതിച്ചത്‌. 

കടൽ, കറുപ്പിനെ ഏറ്റുവാങ്ങിക്കൊണ്ടിരുന്ന ആ സമയത്ത്‌, മൊബൈൽ സ്പന്ദിച്ചു. കൽക്കെട്ടുകളിൽ യോഗമുദ്രയിൽ നിന്നിരുന്ന സാബ്രി ശ്രദ്ധയിൽ നിന്നുണർന്ന്, തലവെട്ടിച്ചു നോക്കി. അയാളുടെ ചുണ്ടുകളിൽ ഒരു മന്ദഹാസം പൊട്ടിക്കടന്നുവന്നത്‌, മങ്ങിയ വെളിച്ചത്തിലും കണ്ടു.

കാവ്യയുടെ സന്ദേശം.

ഞാൻ തിടുക്കപ്പെട്ടു തുറന്നു.

'ഐ കാൺട്‌ ഹോൾഡ്‌ ദിസ്‌ എനിമോർ. വാൺട്‌ ടു സീ യു.'

അവളുടെ പേരെടുത്ത്‌ ഡയൽ ചെയ്തു. റിംഗ്‌ മുഴങ്ങുന്നുണ്ട്‌. പക്ഷെ എടുക്കുന്നില്ല. രണ്ടുമൂന്ന് പ്രാവശ്യം ശ്രമിച്ചിട്ടും അറ്റൻഡ്‌ ചെയ്തില്ല. ചില നേരത്ത്‌ അവളുടെ സ്വഭാവം വളരെ വിചിത്രമാണ്‌. ഉറച്ച തീരുമാനങ്ങളുണ്ടെങ്കിലും, ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗത്തിന്റെ ചര്യകൾക്ക്‌ ഒട്ടും ചേരാത്ത ചില പ്രതികരണങ്ങൾ...ചിലപ്പോൾ ചിലതിനോട്‌ യാതൊരു അനുരണനങ്ങൾ ഇല്ലാതെ തന്നെയും...

ഓർക്കാപ്പുറത്ത്‌, ജീവിതത്തിന്റെ സകലതാളങ്ങളും തെറ്റിച്ചുകൊണ്ട്‌ ആ ദുരന്തം കടന്നുവന്നിട്ട്‌ ഇപ്പോൾ ഒരു മാസം കഴിഞ്ഞിട്ടില്ല - അവളോടൊപ്പം മുറി പങ്കിട്ടിരുന്ന ശുഭ എന്ന നേഴ്സ്‌, ഹോസ്റ്റൽ മന്ദിരത്തിന്റെ പതിനൊന്നാം നിലയിൽ നിന്ന് അലർച്ചയോടെ താഴേക്ക്‌ പതിച്ച ആ രാത്രി! നിലവിളിയിൽ നടുങ്ങി, ആശ്രമകവാടത്തിനടുത്തുള്ള കൊച്ചുവീട്ടിൽ ഉറക്കം ഞെട്ടിയുണർന്ന ഞാൻ പാഞ്ഞോടിയെത്തുമ്പോൾ, കണ്ടത്‌ ചിതറിത്തെറിച്ചു പോയ ചെമ്പരത്തിപ്പൂക്കൾ. ചുവപ്പിനിടയിലും കാവ്യയുടെ സ്നേഹിതയെ ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു.

കാതിൽ പിന്നെ ദിവസങ്ങളോളം മുഴങ്ങിയ അലർച്ചയുടെ പ്രതിധ്വനിയും ചിതറിയ കാഴ്ചയും മറഞ്ഞുപോകാൻ പ്രയാസപ്പെടുന്നതിനിടയ്ക്ക്‌, അത്ര വലിയ ഒരു സംഭവം ഒന്നാകെ ശൂന്യതയിൽ ലയിച്ചുപോയത്‌ എന്തുകൊണ്ടായിരിക്കും? ആരും ഒരക്ഷരം പോലും പിന്നീട്‌ അതേപ്പറ്റി പറഞ്ഞു കേട്ടതുമില്ല. അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ആശ്രമമന്ദിരത്തിന്റെ ഏറ്റവും ഉയരത്തിൽ, സുവർണ്ണപതാക ഉന്മാദത്തോടെ പാറിക്കളിച്ചു. അന്നദാനശാലയുടെ പാചകപ്പുരയിൽ സന്ദർശകർക്കും അന്തേവാസികൾക്കുമുള്ള അന്നം കിടന്നു വെട്ടിത്തിളച്ചു.

അന്നുമുതൽ പിടികൂടിയ ഭീതിയുടെ അലകളാവണം കാവ്യയെ വിടാതെ പിൻതുടരുന്നത്‌. ശുഭയുടെ അവസാനനിമിഷങ്ങളുടെ ദൃക്‌സാക്ഷി അവളായിരിക്കാം. സ്വയം തിരഞ്ഞെടുത്തതോ, അടിച്ചേൽപ്പിക്കപ്പെട്ടതോ ആയ ഒരു ദുരന്തത്തിന്റെ നേർക്കാഴ്ച കാവ്യയെപ്പോലെ ഉറച്ച മനസുള്ള ഒരുവളെ ഉലച്ചിരിക്കണമെങ്കിൽ, എന്തായിരിക്കാം അന്നു രാത്രിയിൽ സംഭവിച്ചത്‌? പൊടുന്നനെ ഉണ്ടായതല്ലെങ്കിൽ, അവരെ ഒന്നാകെ വേട്ടയാടിക്കൊണ്ടിരിക്കുന്ന, പിടിച്ചുമുറുക്കിക്കൊണ്ടിരിക്കുന്ന നീരാളിക്കൈകൾ ഏതായിരിക്കും? ചോദ്യങ്ങൾക്കൊന്നും ഉത്തരം കിട്ടുന്നില്ല. നേരിലൊന്ന് കാണാൻ എത്ര ദിവസങ്ങളായി ശ്രമിക്കുന്നു. വല്ലപ്പോഴും വരുന്ന സന്ദേശങ്ങൾ മാത്രമാണ്‌ ഇപ്പോൾ ആകെയുള്ള ബന്ധം. ജീവിതത്തിലേക്ക്‌ അവളെ തിരികെ കൊണ്ടുവരണമെങ്കിൽ എത്രയും പെട്ടെന്ന് നേരിൽ കണ്ടേ മതിയാകൂ. ഇതിനിടയിൽ ജോലിയുടെ സമ്മർദ്ദം അവൾ എങ്ങനെ അതിജീവിക്കുന്നുണ്ടാകും? അച്ഛനുണ്ടാക്കിയ കടത്തിന്റെ കണക്കുകൾ കൈപ്പുസ്തകത്തിൽ വെട്ടിത്തീർക്കാനായിട്ടില്ലല്ലോ, അവൾക്കിപ്പോഴും.

സാബ്രി പാറകളിൽ നിന്നും ചാടിയിറങ്ങി വന്ന് ഒരു പിടി മണ്ണ്‌ വാരിയെടുത്തു. അതിൽ നിന്നും ഒരു കുഞ്ഞുഞണ്ടിനെ സായ്‌വ്‌ തിരകളിലേക്ക്‌ ഇറക്കിവിട്ടു. ദേശത്തേക്ക്‌ ഞണ്ടുകളെ അഴിച്ചുവിടുക മാത്രം ചെയ്യുന്ന ധാതുസമ്പന്നമായ കരിമണൽ വഹിച്ചുകൊണ്ട്‌ പതുങ്ങിവരുന്ന തോണികളെയും കാത്ത്‌, പുറംകടലിൽ അപ്പോൾ കപ്പലുകൾ നങ്കൂരമിട്ടു കിടന്നിരുന്നു.

"ബ്രദർ, എനിക്ക്‌ കഞ്ഞി വേണം..വിശക്കുന്നു !"

"വാ... നമുക്ക്‌ വീട്ടിലേക്ക്‌ പോകാം."

ഞങ്ങൾ നടന്നു. തീരത്തെ ഇരുട്ട് നിരത്തിലേക്കെത്താൻ മടിച്ചു നിന്നു. തിരക്ക് ഒഴിഞ്ഞു തുടങ്ങിയ റോഡിലേക്ക് ഇലക്ട്രിക് പോസ്റ്റുകൾ സോഡിയം കണ്ണുകൾ തുറന്നുപിടിച്ചു കഴിഞ്ഞു. ആശ്രമമന്ദിരത്തിലേക്കുള്ള വഴിയിൽ, ശ്വാസം പൊടുന്നനെ ഞെരുക്കിയതു പോലെ റോഡിലേക്കിറങ്ങി നിൽക്കുന്ന, ഇരുമ്പുഷീറ്റുകൾ മേഞ്ഞ, വെള്ളവലിക്കാത്ത കൊച്ചുവീട്ടിലെ വെളിച്ചം ലക്ഷ്യമാക്കി നീങ്ങുമ്പോൾ, സാബ്രി പതിഞ്ഞ ശബ്ദത്തിൽ കവിത മൂളുന്നുണ്ടായിരുന്നു.
വീടൊഴിഞ്ഞു പോകുന്നതിന്‌ മോഹവിലയാണ്‌ വാഗ്ദാനം ചെയ്യപ്പെട്ടത്‌.. പല്ലവമാതൃകയിൽ കൊത്തുപണികളോടു കൂടി മാനംമുട്ടെ ഉയർന്ന ആശ്രമസൗധത്തിന്റെ മുന്നിൽ കരിവിളക്ക്‌ പോലെ മുനിഞ്ഞു നിന്ന കൊച്ചുവീട്‌ കോരിയെടുത്തുകളയാൻ ലോഹക്കൈകൾ തയ്യാറായി വന്നതാണ്‌. മരണകലയുടെ ആശാന്മാർ ചുവടുകളെടുത്ത്‌ കാത്തുനിന്നതാണ്‌. പ്രതിരോധിക്കാൻ തീരുമാനിച്ചുറപ്പിച്ചതു മുതലാണ്‌ കായൽപ്പരപ്പ്‌ പോലെ ശാന്തമായിക്കിടന്ന ജീവിതത്തിലേക്ക്‌ ഉപ്പ്‌ വന്നു നിറയാൻ തുടങ്ങിയത്‌. സാബ്രിക്കും അതറിയാം.

'ചപ്പും ചവറും കൂടിക്കിടക്കുന്ന ഇടത്തിൽ നിന്നും അവ നീക്കിയെടുത്ത്‌ നശിപ്പിച്ചെങ്കിൽ മാത്രമേ വൃത്തികേടുകളും ദുർഗന്ധവും മാറി അവിടം സ്വസ്ഥമായി ജീവിക്കാനുള്ള അന്തരീക്ഷമുള്ളതായി മാറുകയുള്ളൂ' എന്ന ബോർഡ്‌ പ്രകൃതിയോട്‌ ചേർത്തുകെട്ടി വെച്ചിരുന്നതായിരുന്നുവെങ്കിലും, ജീവനെ വെല്ലുവിളിക്കുന്നുവെന്ന് തോന്നിയപ്പോൾ വലിച്ചിളക്കി ദൂരെക്കളഞ്ഞു. ആ തെറ്റിനാണ്‌ കടൽത്തീരത്തുകിടന്ന് അന്ന് പൂഴിമണ്ണ്‌ തിന്നേണ്ടതായി വന്നത്‌. രുദ്രാക്ഷമിട്ട, മരണകലയുടെ നിപുണന്മാർ പന്തുപോലെ തട്ടിയെറിഞ്ഞത്‌. എന്തു തന്നെ സംഭവിച്ചാലും അച്ഛനുറങ്ങുന്ന മണ്ണ്‌ ഒരിക്കലും കൈവിടില്ല എന്നുറപ്പിച്ചിട്ടുണ്ട്‌.

സാബ്രി, കൈകൾ പിന്നിൽ കെട്ടി മുന്നിൽ നടന്നു.

ഞങ്ങളുടെ വരവ്‌ ദൂരെ കണ്ട അമ്മ, അപ്പോഴേക്കും രണ്ടു പാത്രങ്ങളിലായി കഞ്ഞി പകർന്നു കഴിഞ്ഞിരുന്നു. സായ്‌വ്‌ ഓടിച്ചെന്ന് അമ്മയുടെ കൈവിരലുകളിൽ പിടിച്ചു. ഒരു കൊച്ചുകുട്ടിയെന്നവണ്ണം അയാൾ അമ്മയുടെ ആശ്ലേഷത്തിലമർന്നു.

ചമ്മന്തിയും അച്ചാറും കൂട്ടി ഞങ്ങൾ കഞ്ഞി കുടിച്ചുകൊണ്ടിരിക്കുമ്പോൾ, ആശ്രമത്തിലെ കണ്ണൻ എന്ന നായ മുറ്റത്തു വന്നു മുരണ്ടു. അത്‌ അമ്മയ്ക്കുള്ള അടയാളമാണ്‌. മറ്റെങ്ങുനിന്നും കണ്ണൻ ഒന്നും കഴിക്കാറില്ല. ദിവസവും രണ്ടുനേരം അവൻ അമ്മയുടെ അടുക്കൽ വരും. നാമമാത്രമായ ഭക്ഷണം മതി. മിനുസമേറിയ ചെമ്പൻരോമങ്ങളുമായി അവൻ ഏവരെയും വർണ്ണവിവേചനമില്ലാതെ സ്നേഹിച്ചു. ഫ്രഞ്ചുകാരോടും ഇറ്റലിക്കാരോടും അമേരിക്കക്കാരോടും ചൈനക്കാരോടും നീഗ്രോകളോടും ജർമ്മൻകാരോടും ബംഗാളികളോടും അവൻ ഒരേ താളത്തിൽ വാലാട്ടി. നാസിക വിറപ്പിച്ച്‌ സ്നേഹം രേഖപ്പെടുത്തി.

അമ്മ നൽകിയ ഭക്ഷണം നുണഞ്ഞുകൊണ്ടിരിക്കുമ്പോൾ അവന്റെ നിറുകയിൽ സായ്‌വ്‌ പതിയെ തലോടി. മുള്ളും മറയുമില്ലാത്ത സ്നേഹം കിട്ടുന്ന രണ്ട്‌ ഇടങ്ങൾ മാത്രമേ തനിക്ക്‌ ലോകത്തിൽ ഉള്ളൂ എന്ന് എപ്പോഴുമയാൾ പറയാറുണ്ട്‌ - രണ്ടും ഒരുമിച്ചനുഭവിക്കുന്നതിന്റെ ആനന്ദം അറിയിച്ചുകൊണ്ട്‌ സായ്‌വ്‌ യാത്ര പറഞ്ഞു പിരിഞ്ഞു. കടൽക്കരയിലേക്കു തന്നെ  വീണ്ടും നീങ്ങുന്നതു കണ്ടപ്പോൾ കൂടെ ചെല്ലണോ എന്നന്വേഷിച്ചു. അയാൾ വിലക്കി.

സായ്‌വിന്റെ രാത്രികാലസഞ്ചാരങ്ങളെക്കുറിച്ച്‌ എനിക്കിപ്പോൾ വല്ലാത്ത പേടിയാണുള്ളത്‌. ആശ്രമനിയമങ്ങൾക്ക്‌ പുല്ലുവില കൽപ്പിക്കുന്ന കൂസലില്ലായ്മയും, പിന്നെ ഞാനുമായുള്ള സഹവാസവും. ചില ഭീഷണികൾ അയാൾക്കെതിരെ ഉയർന്നു വരാൻ കാരണമായിട്ടുണ്ട്‌. രണ്ടേരണ്ടുകാര്യങ്ങൾ കൊണ്ടു മാത്രം സാബ്രിയുടെ ഇഷ്ടങ്ങൾ നടന്നുപോകുന്നു-അവശേഷിക്കുന്ന സമ്പത്തും കീഴ്പ്പെടുത്താനാവാത്ത മെയ്ക്കരുത്തും. അല്ലെങ്കിലിപ്പോൾ....?

മുന്നറിയിപ്പ്‌ നൽകുമ്പോഴൊക്കെ അയാളത്‌ ചിരിച്ചുകൊണ്ടവഗണിക്കും. മുകളിൽ ആകാശം, മുന്നിൽ കടൽ, കാലുറപ്പിക്കുന്ന പൂഴിമണൽ...എന്ന് സായ്‌വ്‌ പറയും.

"ബ്രദർ, ഐ നീഡ്‌ ടു ബി എലോൺ ഫോർ സം ടൈം..ലെറ്റ്‌ മീ....ഞാൻ പോകട്ടെ.."

സായ്‌വ്‌ ഇങ്ങനെ പറഞ്ഞതുകൊണ്ടല്ല ഒപ്പം പോകാതിരുന്നത്‌. കാവ്യയെ വിളിക്കണം. അവളെക്കുറിച്ചറിയാതെ സമാധാനമായി ഉറങ്ങാനാവില്ല.

"എന്താ മോനേ, മുഖത്തൊരു വാട്ടം ?"

അമ്മയുടെ ചോദ്യത്തിനു മറുപടി നൽകിയില്ല. അമ്മയും ആകെ ക്ഷീണിതയായിരിക്കുന്നു. ഏകമകനെ കുറിച്ചുള്ള ആധിയിലും കടന്നുപോകേണ്ടി വന്ന ദശാസന്ധികളിലും തട്ടി, മനസ്‌ ദുർബലപ്പെട്ടു തുടങ്ങിയിട്ടുണ്ട്‌. അടുത്തുള്ള ചെമ്മീൻ ഫാക്ടറിയിൽ അമ്മ ചെയ്തിരുന്ന ജോലിയും, സ്വന്തമായി തുടങ്ങിയ ഇന്റർനെറ്റ്‌ കഫെയും വെറുതെ അങ്ങ്‌ അവസാനിച്ചതൊന്നുമല്ല. അതിന്റെ പൊരുൾ ഉള്ളിലടക്കിയാണ്‌ ആശ്രമമുകളിലെ സുവർണ്ണപതാക പാറിക്കളിക്കുന്നത്‌. രാവിലെയും വൈകിട്ടും ഭർത്താവിന്റെ അസ്ഥിത്തറയിൽ വിളക്കുകൊളുത്തുന്ന ഒരു സാധുസ്ത്രീ, വിധവാപെൻഷൻ വാങ്ങാൻ 'ഭർത്തൃസമേത'രായി ആശ്രമത്തിൽ വന്നുപോകുന്ന കൂട്ടുകാരികളോട്‌ വഴിവക്കിൽ നിന്ന് കുശലം പറയുന്നത്‌ കാണുമ്പോൾ മാത്രമാണ്‌ മുകളിൽ നിന്ന് ആ പതാക വല്ലപ്പോഴും നാണിക്കുന്നത്‌. കാറ്റ്‌ വിളിച്ചാൽ പോലും ആ സമയം അനങ്ങാനാവാതെ നിൽക്കുന്നത്‌.

തൊഴിലന്വേഷണങ്ങൾ മടുത്തുതുടങ്ങിയപ്പോൾ കഫേ തുടങ്ങിയത്‌, എന്റെ മാത്രം തീരുമാനത്തിലായിരുന്നില്ല. വായ്പയെടുത്ത ചെറിയ തുക കൂടാതെയുള്ള മുഴുവൻ പണവും സായ് വാണ്‌ മുടക്കിയത്‌. സൗഹൃദത്തിനിടയിലേക്ക്‌ വരുന്ന ചില സൗജന്യങ്ങൾ മിക്കപ്പോഴും സമ്മാനിക്കുക മുറിവുകളായിരിക്കും എന്നൊരു ബോധം സൂക്ഷിച്ചിട്ടുണ്ടായിരുന്നെങ്കിലും, സാബ്രിയെ നിരസിക്കാനാവുമായിരുന്നില്ല. അയാളുടെ സൗഹൃദം നഷ്ടപ്പെടുത്താനും.

ദേശത്ത്‌, ഒരു ജർമ്മൻവംശജനാൽ തുടക്കം കുറിക്കപ്പെട്ട ആദ്യസ്ഥാപനമായിരുന്നു, ആ ഇന്റർനെറ്റ്‌ കഫേ. കാവ്യയുമായുള്ള കണ്ടുമുട്ടലുകൾക്ക്‌ ഒരിടം കൂടിയായിത്തീർന്നു അത്‌. ചെറിയ വരുമാനവും പ്രണയത്തിന്റെ ദിനങ്ങളുമായി ജീവിതം പച്ചപിടിച്ചുവന്ന കാലയളവിലാണ്‌ സ്വപ്നങ്ങളെ തകർത്തുകൊണ്ട്‌ ഉപ്പുകാറ്റ്‌ വീശിത്തുടങ്ങിയത്‌. സാബ്രി മാത്രം അതിനെ ചിരിയോടെ സ്വീകരിച്ചു. ധൈര്യം പകർന്നു.

സമയം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു.

ആശങ്കയോടെ കാവ്യയെ ഡയൽ ചെയ്തു. സംഗീതം മുറിയുന്നില്ല. എന്താണവൾക്ക്‌ പറ്റിയത്‌? എന്തുകൊണ്ടാണ്‌ അവൾ ഫോണെടുക്കാതിരിക്കുന്നത്‌? സിസ്റ്റം ഓണാക്കി ഫേസ്‌ബുക്കിലും മറ്റും ഒന്നു പരതിനോക്കി. ഇല്ല. എങ്ങുമില്ല.

വിളക്കുകൾ അണയാൻ തുടങ്ങുന്നു.  ശക്തമായ കാവലാണ്‌ ആശ്രമത്തിനുള്ളത്‌. ഒരു ഉറുമ്പിനു പോലും നുഴഞ്ഞു കയറാനാവാത്ത വിധത്തിലുള്ള സുരക്ഷാവലയം. എന്താണൊരു മാർഗം ?
ഇത്ര നിസ്സഹായനായിത്തീർന്നല്ലോ പെണ്ണേ ഞാൻ? ശുഭയെന്ന നഴ്സിനെപ്പോലെ കാവ്യയുടെ പേരും പെട്ടെന്നൊരു നിമിഷത്തിൽ അപ്രത്യക്ഷമായേക്കും! ഫോൺ എറിഞ്ഞുടയ്ക്കാനാണ്‌ തോന്നുന്നത്‌.

രാത്രി വൈകുന്നതുവരെ നെറ്റിലും ഫോണിലും തുടർച്ചയായി ശ്രമിച്ചുകൊണ്ടിരുന്നു. ഭ്രാന്തുപിടിക്കുമെന്ന്  തോന്നിയപ്പോൾ എഴുന്നേറ്റു. സാബ്രിയെ കാണാം. അയാൾ എന്തെങ്കിലുമൊരു വഴി കാണാതിരിക്കില്ല. കടൽത്തീരത്ത്‌ എവിടെയെങ്കിലും അലയുന്നുണ്ടാവും. ഈ ദുർഘടസന്ധിയിൽ എന്നെ സഹായിക്കാൻ അയാൾ മാത്രമേ ഉള്ളൂ.

അമ്മയെ അറിയിക്കാതെ, നിശ്ശബ്ദമായി വീടിനു പുറത്തുകടന്നു. പതിവുസ്ഥലങ്ങളിലെല്ലാം സിഗററ്റുതുമ്പിലെ വെളിച്ചത്തരി തിരഞ്ഞുനടന്നു. ഒരിടത്തും സായ്‌വിനെ കണ്ടെത്താനായില്ല. അയാൾ മടങ്ങിയിട്ടുണ്ടാകും.

ഇനി എന്തു ചെയ്യും ?

കടൽഭിത്തിയിലേക്ക്‌ പിടിച്ചുകയറി, ഒരിടത്തിരുന്നു. കടൽ ശാന്തമായി കിടക്കുന്നു. ചെറുതിരകൾ അലകൾ ഞൊറിഞ്ഞു മടങ്ങുന്നു.

സ്വന്തം പേരിനെ തന്നെ പേർത്തും പേർത്തും അന്വേഷിച്ചു കൊണ്ടിരുന്നപ്പോഴാണത്രെ അവൾക്ക്‌ എന്റെ ബ്ലോഗ്‌ വീണുകിട്ടിയത്‌ ! ചാറ്റ്‌ റൂമിൽ, അവളുടെ വിരലുകളിൽ നിന്നുമുതിർന്നു വീണ സ്നേഹാക്ഷരങ്ങളിൽ പ്രണയത്തിന്റെ നിറം പടർന്നു തുടങ്ങിയ നാളുകളിൽ ഒറ്റപ്പെടലിന്റെ ദിനരാത്രങ്ങളെ അതിജീവിക്കാനുള്ള ശക്തി അറിയാതെ കൈ വന്നു. എന്നാലിപ്പോൾ എല്ലാം തകർത്തെറിഞ്ഞുകൊണ്ടുള്ള ഈ കളി ആരുടേതാണ്‌? ഏത്‌ ആജ്ഞാശക്തിയാണ്‌ എനിക്കു ചുറ്റുമുള്ള ജീവശ്വാസത്തെ വലിച്ചെടുക്കുന്നത്‌?

ആശകളെല്ലാം അസ്തമിച്ചിരിക്കുന്നു. ആകാശത്തിപ്പോൾ അനേകമനേകം നക്ഷത്രങ്ങൾ. അവയുടെ കൂട്ടത്തിൽ ശുഭ എന്ന നക്ഷത്രവുമുണ്ട്‌. ഇന്നു രാത്രി ഒരു പക്ഷേ, മറ്റൊരു നക്ഷത്രം കൂടി കൂട്ടത്തിൽ ചേരും; അവൾ....! ഓർത്തപ്പോൾ ഹൃദയം നുറുങ്ങി.

കുഞ്ഞുവെളിച്ചപ്പൊട്ടുകളുടെ ഇടയിൽ നിന്ന് അപ്പോൾ ഒരു നക്ഷത്രം മാത്രം തീവ്രപ്രകാശം ചൊരിഞ്ഞ്‌, ജ്വലിച്ചുയർന്നു. കടൽജലത്തിന്റെ തണുവാർന്ന ലവണസ്പർശവുമായി സങ്കടം ഉള്ളിൽ അലയടിച്ചു കയറി. ചിതറിയ പാറകളുടെ മുകളിലൂടെ ലക്ഷ്യം നഷ്ടപ്പെട്ട്‌, ഇടറുന്ന പാദങ്ങളുറപ്പിച്ച്‌ അങ്ങനെ നടന്നു.

അല്ലെങ്കിൽ, കേവലം സന്ദേശങ്ങളുടെ കമ്പനത്തിൽ നിന്നും ഇങ്ങനെയുള്ള ഭ്രമകൽപനകൾ മെനഞ്ഞെടുക്കുന്നതിൽ ഒരു സാംഗത്യവുമില്ല. മനസ്‌, വെറുതെ വ്യാകുലതകളെ ക്ഷണിച്ചു വരുത്തിക്കൊണ്ടിരിക്കുകയാണ്‌. കാവ്യ ഒരു പക്ഷെ, ഇപ്പോൾ സുഖമായി മൂടിപ്പുതച്ചു കിടന്നുറങ്ങുകയാവും. അല്ലെങ്കിൽ തന്നെ, നക്ഷത്രങ്ങളുടെ ശാസ്ത്രത്തെക്കുറിച്ചും അവയിൽ നിന്നും മനുഷ്യനിലേക്ക്‌ വലിച്ചു കെട്ടിയിരിക്കുന്ന നൂലുകളെക്കുറിച്ചും എനിക്കെന്തറിയാം ?

അതെ. ശരിയാണ്‌. ഇതെല്ലാം എന്റെ ഓരോ ഊഹാപോഹങ്ങളാണ്‌. വെറുതെ ഒരോ കഥകൾ സ്വയം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ചെറിയ ചെറിയ കാര്യങ്ങൾ കൂട്ടിവെച്ച്‌ വലിയ ആകുലതയാക്കിമാറ്റുന്ന സ്വഭാവം എനിക്ക്‌ പണ്ടുമുതലേയുണ്ട്‌. സാബ്രിയും അത്‌ പറയാറുണ്ട്‌.

എവിടെയോ ഒരു നിഴലനങ്ങിയോ ?

തോന്നലാവും.... അല്ല, അതാ...പാറക്കൂട്ടങ്ങൾക്കപ്പുറം അഴിമുഖത്ത്‌ ഒന്നല്ല, രണ്ടല്ല....എട്ടു നിഴലുകൾ ! അവ തീരത്തു നിന്നും കൈകൾ വീശി നടന്നകലുകയാണ്‌.....

കടൽ പിന്നിലേക്ക്‌ വലിഞ്ഞ്‌, ഒരു വലിയ തിരയുമായി കുതിച്ചു വന്നു.

കടൽഭിത്തിയിൽ നിന്ന് ചാടിയിറങ്ങി, തീരത്തെ മണലിലൂടെ സർവ്വശക്തിയുമെടുത്ത്‌ ഓടി. അടുത്തെത്തിയപ്പോൾ ഒന്നുമില്ല. നിഴലുകൾ അപ്രത്യക്ഷ്യമായിരിക്കുന്നു.

തീരം വിജനം. ശാന്തത പതിയെ കൈവെടിഞ്ഞു തുടങ്ങുന്ന കടലിലേക്ക്‌ നോക്കിനടന്നപ്പോൾ, കാലിലെന്തോ തടഞ്ഞു. എടുത്തുനോക്കുമ്പോൾ മണലിൽ പൊതിഞ്ഞ ഒരു ചെരുപ്പ്‌.

ഒരു നിമിഷം ഒന്നു വിറച്ചു. 

ഒരു തണുത്ത കാറ്റ്‌ വീശിയടുത്തു.

അതെ, തോൽവാറുകൾ പൊട്ടിയകന്ന ഈ ചെരുപ്പ്‌ സാബ്രിയുടേത്‌ തന്നെ !

നക്ഷത്രങ്ങളുടെ പ്രകാശത്തിൽ, ആശ്രമമന്ദിരത്തിനു മുകളിൽ അപ്പോൾ ദൈവത്തിന്റെ മുദ്രയുമായി സുവർണ്ണപതാക പാറിപ്പറക്കുമ്പോൾ, തരുന്നതെല്ലാം തിരികെയെടുക്കുകയും എടുക്കുന്നതൊക്കെ തിരിച്ചുതരികയും ചെയ്യുന്ന അനാദിയായ സാഗരം, ഉപ്പുപതയോടെ വന്ന് പാദങ്ങളെ മൃദുവായി പൊതിഞ്ഞു.

കുങ്കുമം മാസിക, മെയ്‌ 2013
O