Thursday 2 October 2014

വെള്ളില

സ്നേഹരാജ്യം മാസിക, സെപ്റ്റംബർ 2014
പാദങ്ങൾക്കടിയിൽ ഒരില പോലും ഞെരിയുന്ന ഒച്ച കേൾപ്പിക്കാതെ ശ്രദ്ധാപൂർവ്വം നടന്ന അവർ ഇലകളുടെ നിറമുള്ളതും, ഇലച്ചാർത്തുകളെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളതുമായ വേഷം ധരിച്ചിരുന്നു. ആയുധങ്ങൾ പ്രവർത്തനസജ്ജമാക്കി ശരീരത്തോടു ചേർത്തുപിടിച്ചിരുന്നു. മരങ്ങൾക്കിടയിൽ പതുങ്ങിയും, ചിലപ്പോൾ ഒട്ടു വേഗതയോടെ തുറസ്സുകൾ പിന്നിടുകയും ചെയ്ത ആ പച്ചിലക്കൂട്ടത്തിലെ വെള്ളിലയായി ഒരു മുഖം മാത്രം ഇടയ്ക്കിടെ മിന്നിത്തെളിഞ്ഞു.
 
പൊടുന്നനെ ഒരു വെടിയൊച്ച കേട്ടു. പൊന്തകൾക്കിടയിലേക്ക്‌ എല്ലാവരും നിശ്ചലരായി. വീണ്ടുമൊരനക്കത്തിൽ തുടരെത്തുടരെ യന്ത്രത്തോക്കുകൾ ശബ്ദിക്കാൻ തുടങ്ങി. ഇലകളിലേക്ക്‌ ചോര വീണു ചിതറി.

"മോളേ......!"

ഉറക്കെയുള്ള നിലവിളി കേട്ട്‌ ഞാൻ ചാടിയെഴുന്നേറ്റു കിതച്ചു. ചില്ലുജനാലയിലൂടെ ഉള്ളിലേക്ക്‌ പതിച്ചുകൊണ്ടിരുന്ന സൂര്യകിരണങ്ങൾ കണ്ണുകളെ നൊടിനേരത്തേക്ക്‌ മഞ്ഞളിപ്പിച്ചു കളഞ്ഞു.
വീട്ടിൽത്തന്നെയാണെന്ന തിരിച്ചറിവ്‌ കിട്ടാൻ അൽപസമയമെടുത്തു. വല്ലാതെ വിയർത്തു പോയിരുന്നു. മോളേ എന്ന് അമ്മ വീണ്ടും നീട്ടിവിളിച്ചപ്പോൾ, ഒരു മൂളലിലൂടെ മാത്രമേ മറുപടി കൊടുക്കാൻ സാധിച്ചുള്ളു. നേരമൊത്തിരിയായി എന്നറിയിച്ചുകൊണ്ട്‌ ആ ശബ്ദം അകന്നുപോയി. ഉറക്കത്തിന്റെ പുതപ്പുനീക്കിയെഴുന്നേറ്റ്‌ പാദങ്ങൾ നിലത്തുതൊടുമ്പോൾ ഒരു പിറന്നാൾ ദിനത്തിലേക്കുണരുന്നതിന്റെ സുഖമെല്ലാം ആ നശിച്ച സ്വപ്നം അപഹരിച്ചിരുന്നു. അഴിഞ്ഞുലഞ്ഞ മുടി ഉച്ചിയിലേക്കുയർത്തിക്കെട്ടിവെച്ചു.

പതിയെ, ജനാലപ്പാളികൾ തുറന്നിട്ടുകൊണ്ട്‌ ഒരു കാറ്റിനെ ഉള്ളിലേക്ക്‌ പിടിച്ചു.

യൂണിഫോമിലുള്ള അച്ഛന്റെ ഛായാചിത്രത്തിലേക്ക്‌ ഇളവെയിൽ വന്നുവീഴുന്നത്‌ ഓർമകളെ തൊട്ടുണർത്തും വിധം അതിസാന്ദ്രമായ ഒരു കാഴ്ചയായിരുന്നു. അമ്മ, വേർപാടിന്റെ നിറങ്ങൾ ചാലിച്ചു വരച്ച ആ ചിത്രത്തിന്‌ സാങ്കേതികമായ ചില അപൂർണ്ണതകളുണ്ടായിരുന്നെങ്കിലും ജീവന്റെ തുടിപ്പുകൾ അതിൽ നിന്നും പ്രസരിച്ചുകൊണ്ടിരിക്കുന്നതായി അന്നേരവും എനിക്കനുഭവപ്പെട്ടു.

അറിയാതെ കണ്ണുകൾ ഈറനായി. എന്തൊക്കെയാണ്‌ ഇന്നലെ അമ്മയോട്‌ പറഞ്ഞത്‌...? ക്ലാസു കഴിഞ്ഞ്‌ വന്നുകയറിയപ്പോൾ മുതൽ തുടങ്ങിയതായിരുന്നു ആ ശണ്ഠ. പതിനെട്ടു വയസ്സ്‌ തികയാൻ പോകുന്നതിന്റെ ധാർഷ്ട്യമൊന്നുമല്ല അമ്മയുടെ മേലേക്ക്‌ ചൊരിഞ്ഞിട്ടത്‌! അച്ഛനില്ലാതെ വളരുന്ന കുട്ടിയാണ്‌; പെൺകുട്ടിയാണ്‌; ഇങ്ങനെ തെറിച്ചു നടക്കേണ്ട പ്രായമല്ല നിനക്ക്‌; നാളെമുതൽ  കോളേജ്‌ പഠനം ഞാൻ അവസാനിപ്പിക്കും; എന്നൊക്കെയുള്ള പതിവുശരങ്ങളെ പ്രതിരോധിക്കാൻ എനിക്ക്‌ വല്ലാതെ ഒച്ചയെടുക്കേണ്ടി വന്നു. അമ്മയുടെ ഓരോരോ ഉപദേശങ്ങൾ കേട്ടാൽ തോന്നും പെൺകുട്ടികൾ ഈ ലോകത്തിനു തന്നെ അധികപറ്റാണെന്ന്!
 
വാശിക്ക്‌ അത്താഴം കഴിക്കാൻ ചെന്നില്ല.

സാരിയുലയുന്ന ശബ്ദത്തിനൊപ്പം കാപ്പിയുമായി അമ്മ കടന്നുവന്നു. ആ മുഖത്ത്‌ ഇപ്പോഴുള്ള ശാന്തത കണ്ട്‌ എനിക്കത്ഭുതം തോന്നി. കപ്പ്‌ ടേബിളിൽ വെച്ചുകൊണ്ട്‌  അമ്മ കൈവശമിരുന്ന പുസ്തകം എനിക്കു നീട്ടി. അടുത്തേക്കു വന്ന് നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട്‌ പറഞ്ഞു. 

“നിനക്കുള്ള പിറന്നാൾ സമ്മാനം.”

ഞാൻ വിങ്ങിപ്പോയി. അമ്മ എന്നെ ചേർത്തു പിടിച്ചു.

“കോളേജിൽ പോകണ്ടേ. പെട്ടെന്ന് റെഡിയായില്ലേൽ ട്രെയിൻ കിട്ടില്ല. ടിഫിൻ ആയിട്ടുണ്ട്‌. വേഗമാകട്ടെ.”

ധൃതിയിൽ അമ്മ അടുക്കളയിലേക്ക്‌ പോയി.

ചിലസമയത്ത്‌ ഒന്നും പിടിച്ചാൽ കിട്ടില്ല. നാവിന്റെ കെട്ടുകളെല്ലാം പൊട്ടും. അങ്ങനെയുള്ള ഒരു ദിവസമായിരുന്നു ഇന്നലെ. ആകെ കഷ്ടമായി. അമ്മ ഇനി ആ സംഭവത്തെക്കുറിച്ച്‌ ഒരക്ഷരം മിണ്ടില്ല. മിണ്ടാനുള്ള അവസരം തരികയുമില്ല. അതാണ്‌ ഏറ്റവും വലിയ സങ്കടം. 

പച്ചിലകളുടെ പുറംചട്ടയോടുകൂടിയ ഒരു പഴയ ഡയറിയായിരുന്നു അത്‌.

സന്ദേഹത്തോടെയാണ്‌ ആദ്യപേജ്‌ മറിച്ചത്‌. കുറേ പേജുകളിൽ ഒന്നുമെഴുതിയിരുന്നില്ല. മറിച്ചു മറിച്ചു ചെന്നപ്പോൾ അച്ഛന്റെ കൈപ്പട കണ്ടു. ഡയറിയിലെ ആ പേജിലുള്ള അക്കങ്ങൾ എനിക്ക്‌ ഏറെ പരിചിതമായിരുന്നു. കൃത്യമായും പതിനെട്ടു വർഷങ്ങൾക്ക്‌ മുമ്പുള്ള എന്റെ ജന്മദിവസം! മഷിപ്പേന കൊണ്ടെഴുതിയ വടിവൊത്ത അക്ഷരങ്ങൾ കണ്ണുകൾക്ക്‌ മുന്നിൽ നീലമുത്തുകളുടെ ഒരു ചതുരം തീർത്തു.

"സ്വപ്നം പോലെ, എനിക്കിന്ന് ഒരു മകൾ പിറന്നിരിക്കുന്നു. ഈ നിമിഷം ലോകത്തിന്റെ നിറുകയിലേക്ക്‌ ഞാനും ഉയർത്തപ്പെട്ടിരിക്കുന്നു. ഭൂമിയിലെ എല്ലാ സ്വാതന്ത്ര്യത്തോടെയും അവൾ പിച്ചവെച്ച്‌ വളരുന്നത്‌ എനിക്ക്‌ കാണണം. ശരീരം കൊണ്ടല്ലാതെ, ചിന്തകളുടെ ചിറകുകളാൽ അവൾ മാനം നീളെ പറക്കട്ടെ!"

പച്ചിലക്കൂട്ടത്തിലെ വെള്ളിലയായി ആ മുഖം തെളിഞ്ഞുവന്നു.

ഡയറിയിൽ മുഖമമർത്തി കരയുമ്പോൾ, നനവുള്ള വിരലുകൾ അരുമയോടെ ചുമലിൽ വന്നു തൊട്ടു.

O