കാവൽകൈരളി കഥാമത്സരം, ജൂലൈ 2014
എത്ര
പെട്ടെന്നാണ് കനത്ത ചൂടിലേക്ക് മഴത്തുള്ളികൾ ശക്തിയോടെ വന്നു പതിച്ചത്. കുരുക്കുവീണ ഒരു ഹെഡ്‌ഫോൺ നാട പോലെയാണ് സെൻട്രൽ ജംഗ്ഷനിലെ ട്രാഫിക്. അഴിക്കുംതോറും മുറുകിക്കൊണ്ടിരിക്കും.
ഇന്നാണെങ്കിൽ സിഗ്നൽ ലൈറ്റുകൾ പണിമുടക്കിയ ദിവസം കൂടിയാണ്.
ആകെ
ബഹളം.
ഏതു
കുറുക്കന്റെ കല്യാണമായിരിക്കും എന്നു ചിന്തിക്കുന്ന നേരം കൊണ്ട്, മഴ വന്നപോലെ മടങ്ങി.
കോടതിക്കെട്ടിടത്തെയും ഗാന്ധിപ്രതിമയെയും ബന്ധിപ്പിച്ചുകൊണ്ട് ആകാശത്ത് പൊടുന്നനെ
ഒരു മഴവില്ല് വിടർന്നുവന്നത് ഡ്യൂട്ടിക്കിടയിലും സിവിൽ പോലീസ് ഓഫീസർ സ്റ്റീഫന്റെ
കണ്ണുകൾ കണ്ടുപിടിച്ചു. അത്ഭുതാതിരേകത്താൽ അയാളുടെ മുഖം പ്രകാശപൂർണ്ണമായി.
ട്രാഫിക്
ഐലൻഡിനു സമീപത്തായി, രണ്ടു പ്രധാനവീഥികളെ കൂട്ടിയിണക്കുന്ന ഭാഗത്തിന്റെ തുടക്കത്തിലുള്ള
സീബ്രാ ക്രോസ്സിംഗിനപ്പുറം ഇന്നലെ വരച്ചിട്ട ചോക്കടയാളം, മഴത്തുള്ളികളാൽ പടർന്നു പോയിരിക്കുന്നതായി
ഇപ്പോൾ അയാൾ കണ്ടു. വാഹനഗതാഗതത്തെ കൃത്യമായി നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ഒരു പോലീസുകാരൻ
ചുറ്റും നടക്കുന്ന എല്ലാ കാഴ്ചകളും എങ്ങനെയാണ് കാണുന്നതെന്ന് പലർക്കും അത്ഭുതം തോന്നാം.
അതൊരു മാന്ത്രികവിദ്യയാണ്. എത്ര തിരക്കിനിടയിലും, ഫുട്പാത്തിലൂടെ നടന്നുപോകുന്ന ഒരു
സ്കൂൾകുട്ടിയുടെ ബാഗിന്റെ പിൻഭാഗത്തു നിന്നും പറന്നുപോകുന്ന ഒരു കടലാസുതുണ്ട് പോലും
ദൃഷ്ടിയിൽപ്പെടാതെ പോകില്ല. മനസ്സും കണ്ണുകളും പരിശീലനം കൊണ്ടും പഴക്കംകൊണ്ടും അതിനായി
പരുവപ്പെട്ടിരിക്കുന്നു. വാഹനങ്ങളുടെ നാലു പുഴകൾക്ക് മദ്ധ്യത്തായി ഉയരമേറിയ ഒരു തുരുത്തിൽ
നായകനെപ്പോലെ അയാൾ നിലകൊള്ളും. വേർപിരിച്ചും വിലയിപ്പിച്ചും പുഴകളുടെ സന്തുലനാവസ്ഥ
പരിപാലിച്ചുകൊണ്ട് അയാൾ ഒരു ദിശാസൂചികയാവും; വെറും കൈകളാൽ ഒഴുക്കിനെ നിയന്ത്രിക്കുന്ന
മായാജാലം.
എല്ലാ
നിയമപാലകനും ഉറക്കത്തിൽ പോലും ജാഗരൂകമായിരിക്കുന്ന ഒരു മൂന്നാംകണ്ണ് സൂക്ഷിക്കുന്നുണ്ട്.
എന്നാൽ ശ്രദ്ധയ്ക്കും സൂക്ഷ്മതയ്ക്കുമപ്പുറം വിധിയുടെ ചില വിളയാട്ടങ്ങൾ നടക്കും. ആരാലും
തടുക്കാനാവാത്ത ചില നിയോഗങ്ങൾ.
ഇന്നലെ
സംഭവിച്ചത് പക്ഷെ, ഒരു വിധിയുടെയും തലയിൽ കെട്ടിവെച്ച് കൈയ്യൊഴിയാനാവില്ല. ഹെൽമെറ്റ്
ധരിക്കാതെ വന്ന ഒരു സ്കൂട്ടർ യാത്രികൻ, സിഗ്നൽ കിട്ടിയ മാത്രയിൽ വണ്ടി മുന്നോട്ടെടുക്കുന്നതിനിടയ്ക്ക്,
അവസാനമായി ക്രോസ് ചെയ്ത കാൽനടക്കാരനെ ഒഴിവാക്കാൻ വേണ്ടി വെട്ടിച്ചതാണ്. ഒരു ടിപ്പർ
ലോറിയുടെ അടിയിലേക്ക് പഴയ ബജാജ് സ്കൂട്ടർ തെന്നിവീണു. വലിയ ടയറുകളുടെ ഭാരത്തിൽ നിന്നും
അയാൾ കഷ്ടിച്ച് രക്ഷപ്പെടുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റീഫൻ കണ്ടു. ഓടിയെത്തുമ്പോഴേക്കും
തലയിടിച്ചു വീണിടത്ത് ചോര പടരുന്നതാണ് കണ്ടത്.
സ്കൂട്ടറിന്റെ
ഡാഷിൽ നിന്നും തെറിച്ചു ചിതറിയ കുപ്പിയിലെ ദ്രാവകം ചോരയുമായി ഇഴചേരുന്നതു കണ്ടു. ശരീരം
ഒന്നു വിറച്ചു. മധ്യവയസ്കനായ മെലിഞ്ഞ മനുഷ്യന്റെ മുഖം സ്റ്റീഫന് പരിചയമുണ്ടായിരുന്നു.
അപകടത്തിൽപ്പെട്ടയാളെ
ആശുപത്രിയിലെത്തിക്കാൻ, ബ്ലോക്കിൽപ്പെട്ടു കിടന്ന വാഹനങ്ങളിലെ ഒരാളും തയ്യാറായില്ല.
യൂണിഫോമിലുള്ള ഒരുവന്റെ വാക്കുകളായിട്ടുപോലും ആരും തന്നെ ഗൗനിച്ചില്ല. വയർലെസ് സെറ്റിൽ
കൺട്രോൾ റൂമിൽ വിളിച്ചു പറഞ്ഞ്, വണ്ടി വരുന്നതു വരെ അയാൾക്ക് നോക്കിനിൽക്കേണ്ടി വന്നു.
അപ്പോഴേക്കും വൈകിയിരുന്നു.
മാഞ്ഞുപോകുന്ന
ചോക്കടയാളം, സ്റ്റീഫനെ മരിച്ചയാളുടെ മുഖം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു.
എഫ്.സി.ഐ
ഗോഡൗണിന്റെ ഭാഗത്തു നിന്നും ശരങ്ങളായി പാഞ്ഞുവന്ന വെട്ടുകിളികൾ നിമിഷനേരം നഗരത്തിനു
മുകളിൽ നിശ്ചലരാകുകയും, ഒരു കൂപ്പുകുത്തി തിരികെ ആവനാഴിയിലേക്കെന്ന പോലെ മിന്നിമറയുകയും
ചെയ്തു. നന്മയുടെ വിളകൾ നശിപ്പിക്കുന്ന കറുത്ത നിഴലുകൾ എല്ലാ നഗരങ്ങളിലുമുണ്ട്.
അവസാനിക്കാത്ത
ആൾക്കൂട്ടം.
മനുഷ്യൻ
എപ്പോഴും എല്ലായിടത്തും; അവസരങ്ങളിലും അനവസരങ്ങളിലും കാട്ടുന്ന ധൃതി കാണുമ്പോൾ അയാൾക്ക്
ചിരി വരും. എങ്ങോട്ടാണ് ഈ പരക്കം പാച്ചിലെന്നോർത്ത്
അത്ഭുതം കൂറും. എവിടെ ചെന്നാലും തിരക്കു തന്നെ. അത്തരത്തിൽ ജീവിതമെങ്ങനെ ആസ്വദിക്കാനാവും
എന്നൊരു ചോദ്യം സ്റ്റീഫൻ തന്നോടു തന്നെ ചോദിച്ചിട്ടുണ്ട്. തിരക്കുകളെ പ്രതിരോധിച്ചുകൊണ്ട്
തികഞ്ഞ സംയമനത്തോടെ ജോലി ചെയ്യുകയും കരുതലോടെ കുടുംബജീവിതം നയിക്കുകയും ചെയ്യുന്നതിൽ
അയാൾ ശ്രദ്ധ പുലർത്തിയിരുന്നു.
പൊടുന്നനെ
സ്റ്റീഫന്റെ കാഴ്ചയിലേക്ക് അവൻ നടന്നുവന്നു. പന്ത്രണ്ടോ അതിൽ താഴെയോ വയസ് പ്രായമുള്ള
ആ കുട്ടി, ഇടറിയ കാൽവെയ്പ്പുകളോടെ ഫുട്‌പാത്തിന്റെ ഓരംപറ്റി എങ്ങോട്ടെന്നില്ലാതെ നടന്നു
നീങ്ങുകയായിരുന്നു. ഒറ്റനിമിഷം കൊണ്ട് ആ മുഖം അയാൾ തിരിച്ചറിഞ്ഞു. സ്റ്റീഫന്റെ
ഉള്ളൊന്നു വിങ്ങി. അപ്രതീക്ഷിതമായി അവനെ കണ്ടപ്പോഴാണ്
മറവിയിൽപ്പെട്ടുപോയ പ്രാധാന്യമേറിയ ഒരു വസ്തുത അയാൾക്ക് വെളിപ്പെട്ടത്.
ഡ്യൂട്ടിയിറങ്ങാനുള്ള
സമയമായിരുന്നു. ചെയ്ഞ്ച് വന്ന സുകുവിന് ഒരു ചിരി കൈമാറിയിട്ട് സ്റ്റീഫൻ ധൃതിയിൽ
ഫുട്‌പാത്തിലേക്ക് കടന്ന്, കുട്ടിയെ ലക്ഷ്യമാക്കി നീങ്ങി. ഓർക്കാപ്പുറത്ത് പിന്നിലൂടെ
എത്തിയ കാക്കിയുടെ നിഴലിൽ അവൻ ഒന്നു പതറി.
സ്റ്റീഫന്റെ മുഖം കണ്ടപ്പോൾ, ഭയമകന്ന് അവൻ പുഞ്ചിരിച്ചു. പാറിപ്പറന്ന മുടിയും, മുഷിഞ്ഞ
വസ്ത്രങ്ങളും, ഉറക്കംമുറ്റിയ കണ്ണുകളുമായി അവൻ ആകെ ക്ഷീണിതനായിരുന്നു. നന്നായി വിശക്കുന്നുണ്ടെന്ന്
ആ മുഖം വിളിച്ചു പറഞ്ഞു. സ്റ്റീഫൻ അവനെയും കൂട്ടി അടുത്തുള്ള ഹോട്ടലിലേക്ക് കയറി.
പാത്രത്തിലേക്ക്
നോക്കി അവൻ കുറേനേരമിരുന്നു. ഭക്ഷണത്തിലേക്ക് തൊടാനാഞ്ഞ വിരലുകൾ എന്തോ ഓർത്തിട്ടെന്നവണ്ണം
പിൻവലിഞ്ഞു. കണ്ണുകളിൽ നീർത്തുള്ളികൾ ഉരുണ്ടുകൂടി പാത്രത്തിലേക്ക് വീഴുന്നത് കണ്ടപ്പോൾ,
സ്റ്റീഫൻ അവന്റെ തോളിൽ മൃദുവായി തട്ടി.
“നീ
അപ്പനെ കണ്ടോ?”
"ഇല്ല സാർ. എവിടാന്ന് എനിക്കറിയാമ്മേലാ... അപ്പൻ
വണ്ടിയിടിച്ച് ചത്തൂന്ന് കടേലെ പാപ്പിച്ചായി പറഞ്ഞു. എല്ലാടത്തും പോയി തെരക്കി സാർ....
എങ്ങും കണ്ടില്ല.”
“നീ
വേഗം കഴിക്ക്. ഞാൻ നിന്റെ കൂടെ വരാം.”
ബന്ധുക്കളാരും
ഏറ്റുവാങ്ങാൻ എത്താതിരുന്നതിനാൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തെക്കുറിച്ച്
അപ്പോൾ സ്റ്റീഫനോർത്തു. അന്നേരം വരെ,
സത്യത്തിൽ സ്റ്റീഫനും മരണപ്പെട്ടയാളുടെ മകനെക്കുറിച്ച് മറന്നുപോയിരുന്നു. ഏറെക്കാലം
മുമ്പ്, ഒരു രാത്രികാല ബീറ്റിനിടയിലാണ് രണ്ടുപേരെയും അയാൾ കണ്ടുമുട്ടുന്നത്. നഗരപ്രാന്തത്തിലുള്ള
ഒറ്റപ്പെട്ട വീട്ടിൽ മദ്യപിച്ചു വന്ന് മകനെ തല്ലുന്ന ഒരുവന്റെ ഇടയിലേക്ക് സ്റ്റീഫൻ
കടന്നു ചെല്ലുകയായിരുന്നു. കൈനീട്ടി ഒന്നേ വീശിയുള്ളു. ഇടതുകവിൾ പൊത്തി അയാൾ നിലത്തിരുന്നു
കരഞ്ഞു. ആറാം ക്ലാസുകാരന്റെ പാഠപുസ്തകമെല്ലം
അയാൾ അഗ്നിക്കിരയാക്കി രസിക്കുകയായിരുന്നു. അവർ അച്ഛനും മകനും മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളു.
കുറച്ചുനാൾ മുമ്പ് അമ്മ ആരുടെയോ ഒപ്പം ഓടിപ്പോയത്രേ.
പാവം
ചെറുക്കൻ. ആരും ശ്രദ്ധിക്കാനില്ലാതെ വളരുകയും നിരന്തരം മർദ്ദനമേറ്റുവാങ്ങുകയും ചെയ്തുചെയ്ത്
അവൻ തളർന്നിരുന്നു. എന്തായിത്തീരും അവന്റെ ഭാവി എന്നുള്ള വ്യാകുലതയിൽ പെട്ടുപോയ സ്റ്റീഫൻ,
അവന്റെ അച്ഛനെ മദ്യാസക്തിയിൽ നിന്ന് രക്ഷപ്പെടുത്തുവാൻ ഒരു ഡീ-അഡിക്ഷൻ സെന്ററിൽ കൊണ്ടു
ചെന്നാക്കിയതുമാണ്. എന്നാൽ എല്ലാം വെള്ളത്തിൽ വരച്ച വര പോലെയായിത്തീർന്നു.
ഒന്നും
കഴിക്കാതെ അവൻ പാത്രത്തിൽ തന്നെ നോക്കിയിരിക്കുകയായിരുന്നു.
സ്റ്റീഫൻ
അവനെയും കൂട്ടി സ്റ്റേഷനിലേക്കും, അവിടുന്ന് മോർച്ചറിയിലേക്കും പോയി. കുറേ നൂലാമാലകളുണ്ടായിരുന്നു.
സ്റ്റീഫന്റെ സാന്നിധ്യം എല്ലാം എളുപ്പമാക്കി. ഇതിനിടയിൽ ചെറുക്കൻ പറഞ്ഞതനുസരിച്ച്
വകയിലുള്ള ഒരു ചിറ്റപ്പനെ വിവരമറിയിക്കുകയും അയാൾ സ്ഥലത്തെത്തുകയും ചെയ്തു.
ആംബുലൻസിൽ
ക്രിമറ്റോറിയത്തിലെത്തുമ്പോൾ അവിടെ വെട്ടുകിളികൾ പാറുന്നുണ്ടായിരുന്നു. അസ്ഥികൾ കരിയുന്ന മനംപുരട്ടുന്ന ഗന്ധം. ചിറ്റപ്പൻ
ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു. അയാളുടെ ശിരസ്സ് ഒരിക്കലും നേരേ നിൽക്കില്ലേ എന്ന്
സ്റ്റീഫൻ അസ്വസ്ഥപ്പെട്ടു.
ഇതിനിടയിൽ,
ഡ്യൂട്ടിയുടെ അടുത്ത ടേണിൽ നിന്ന് ഒഴിവാക്കിക്കിട്ടുന്നതിനു വേണ്ടി ഒന്നു വിളിച്ചു
നോക്കി. ഫോണെടുത്ത പാടെ ചെവി കൊട്ടിയടയ്ക്കേണ്ടി വന്നു. ചിലർ അങ്ങനെയാണ്. ഓരോരുത്തർക്കും
വൈചിത്ര്യമാർന്ന ഓരോ സ്വഭാവമുണ്ട്. ഒരു കൂട്ടർക്ക് എപ്പോഴും ആരുടെയെങ്കിലും മേൽ ചവിട്ടിക്കയറിക്കൊണ്ടിരിക്കണം.
ഇമ്മാതിരി ഭർത്സനങ്ങളെ സ്റ്റീഫൻ പ്രതിരോധിച്ചിരുന്നത് ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ്
എന്നൊരു വിദ്യ ഉപയോഗിച്ചാണ്. ആക്രമിക്കുന്ന ആളിന്റെ മുഖം, ചലിക്കാത്ത ഒരു ചിത്രമായി
മനസ്സിൽ കാണും. അയാളുടെ മുഖത്തിന്റെ ഇരുവശങ്ങളിലും മൂന്നുനിറത്തിലുള്ള പെയിന്റുകൾ അടിക്കും.
എന്നിട്ട് മൂക്കിന്റെ തുമ്പത്തായി ഒരു കുഞ്ഞുതൊപ്പി ഒട്ടിച്ചുവെക്കുന്നതായി സങ്കൽപ്പിക്കും.
അറിയാതെ പുഞ്ചിരിച്ചുപോകും. പിന്നെ ഒരു സമാധാനമാണ്.
സ്റ്റീഫൻ
കുട്ടിയെ നോക്കി.
അവൻ
നിർവ്വികാരനായി നിലകൊള്ളുകയാണ്. ഇനി എന്താവും അവന്റെ വിധിയെന്ന് അയാൾ ഇടയ്ക്കിടെ ഓർക്കാതിരുന്നില്ല.
ഒരു കുടുംബം ശിഥിലമാകാൻ ഇപ്പോൾ അധികനേരമൊന്നും വേണ്ട. മനുഷ്യന്റെ ദുരയും ദൗർബല്യങ്ങളും
ദുശ്ശീലങ്ങളും അവനെ നരകത്തിലാക്കുന്നു. ഇനി ഇവനും നടന്നു കയറേണ്ടത് അതേ വഴിയിലേക്കാണ്.
നിരത്തിൽ
ഒറ്റപ്പെട്ടു പോകുന്ന ഒരു ബാല്യത്തെ കാത്തിരിക്കുന്നത് ഏതൊക്കെ ഇരുട്ടുകളാവും? പെട്ടുപോയാൽ
ഒരിക്കലും മോചനം കിട്ടാത്ത ഊടുവഴികൾ. നാളെ ഇവൻ ആരായിത്തീരും? ഓർത്തപ്പോൾ സ്റ്റീഫന് ഒരു സമാധാനവും കിട്ടിയില്ല.
ഇതിനേക്കാൾ ആർദ്രമായ പല മുഹൂർത്തങ്ങളിലൂടെയും ഇക്കാലത്തിനിടയ്ക്ക് അയാൾ കടന്നുപോയിട്ടുണ്ട്.
മനസ്സിനെ ബലപൂർവ്വം പിടിച്ചു നിർത്തിയ നാൽക്കവലകൾ. എന്നിട്ടും ഇവനോടു മാത്രമെന്താ പറഞ്ഞറിയിക്കാനാവാത്ത
ഒരടുപ്പം തോന്നുന്നതെന്ന് അയാൾ ചിന്താകുലനായി.
ക്രിമറ്റോറിയത്തിന്റെ
ആകാശത്ത് ചാരനിറമുള്ള പുക, മേഘങ്ങളുമായി കൂടിച്ചേർന്നു. ചടങ്ങുകൾ അവസാനിച്ചു കഴിഞ്ഞപ്പോഴാണ്
ശ്രദ്ധിച്ചത്. അതുവരെ നിലത്തു നോക്കിനിന്നിരുന്ന ചിറ്റപ്പന്റെ പൊടി പോലുമില്ല. അയാൾ
എവിടേക്കാണ് ഇത്രപെട്ടെന്ന് പുകയായി മറഞ്ഞത്?
അമ്പരന്നു
നിന്ന കുട്ടിയുടെ കൈത്തണ്ടയിൽ സ്റ്റീഫൻ മുറുകെപ്പിടിച്ചു.
"വരൂ.."
അവൻ
അനുസരിച്ചു. അവർ നഗരത്തിരക്കിലേക്ക് നടന്നുകയറി.
സ്റ്റീഫന്
ഡ്യൂട്ടിയുടെ ഒരു ടേൺ കൂടി ബാക്കിയുണ്ടായിരുന്നു. അയാൾ കുട്ടിയെ ബസ്‌സ്റ്റോപ്പിലെ
ചാരുബെഞ്ചിൽ ഇരുത്തിയിട്ട് തട്ടേൽ കയറി. സിഗ്നൽ അതുവരെയും പുന:ക്രമീകരിച്ചിരുന്നില്ല.
സന്ധ്യാനേരത്തെ അണമുറിയാത്ത വാഹനപ്പുഴ.
ട്രാഫിക്
നിയന്ത്രിക്കുന്നതിനിടയിലും അയാൾ ഇടയ്ക്കിടെ കുട്ടിയെ പാളി നോക്കുന്നുണ്ടായിരുന്നു.
ടൗണിനുള്ളിൽ തന്നെയുള്ള ബാലമന്ദിരത്തെക്കുറിച്ച് സ്റ്റീഫൻ അപ്പോൾ ചിന്തിച്ചു. എല്ലാ
അനാഥാലയങ്ങൾക്കുമുള്ളിലെ നിറം മങ്ങിയ ജീവിതത്തെക്കുറിച്ച് അയാൾ അറിവുള്ളവനായിരുന്നു.
എന്തെന്നാൽ അങ്ങനെയുള്ള നാലു ചുവരുകൾക്കുള്ളിലെ ബാല്യത്തിന്റെ ഓർമ്മകൾ അയാൾക്കുള്ളിൽ
ഒരിക്കലും നിറം മങ്ങിയിരുന്നില്ല.
അവിടേക്ക്
ഇവനെ ഉപേക്ഷിക്കണോ?
നഗരക്കാഴ്ചകളിൽ
കണ്ണുകൾ മുക്കി അവൻ അനങ്ങാതിരിക്കുന്നത് കണ്ടപ്പോൾ, വീട്ടിൽ ഒരാൾ കൂടി എത്തിയാൽ എങ്ങനെയാവുമെന്നും
മകൾക്ക് ഒപ്പം കളിക്കാൻ ഒരു കൂട്ടാകുമല്ലോ എന്നൊക്കെ ചിന്തിക്കുകയും ആ വിചാരത്തെ മനസ്സിലിട്ട്
ഉറപ്പിക്കുകയും ചെയ്തു.
തിരക്ക്
കൂടിക്കൂടി വന്നു. ഒരു ഓട്ടോറിക്ഷ ബസ്സിനിടയിലേക്ക് കുത്തിത്തിരുകുന്നതിനിടയിൽ തമ്മിൽ
അൽപൊമൊന്നുരഞ്ഞു. അത് തർക്കമായി. ബ്ലോക്ക് വിടുവിക്കാൻ കുറേ പ്രയാസപ്പെട്ടു. എല്ലാം
കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ, ബസ്‌സ്റ്റോപ്പിലെ ബെഞ്ചിൽ അവനെ കാണാനില്ല. സ്റ്റീഫൻ
ചുറ്റും നോക്കി.
ഒന്നും
മിണ്ടാതെ ഇവനിതെവിടെപ്പോയി …?
അയാൾ
വാഹനങ്ങളുടെ വെളിച്ചത്തിനപ്പുറമുള്ള ഇരുട്ടിലേക്ക് നോക്കി. ഒന്നും വ്യക്തമായില്ല.
ആ ഇരുട്ടിലൂടെ കുറേദൂരം നടന്നു. നടക്കുന്നതിനിടയിൽ, വെളിച്ചം മങ്ങുന്നതോടെ നഗരത്തിൽ
സജീവമാകുന്ന കഞ്ചാവ് വിൽപ്പനക്കാരും സ്വവർഗ്ഗഭോഗികളും ഭിക്ഷാടനമാഫിയയുമൊക്കെ സ്റ്റീഫന്റെ
ഉള്ളിലൂടെ തെളിഞ്ഞു മാഞ്ഞു. ചിലപ്പോൾ ദുരൂഹസാഹചര്യത്തിൽ കണ്ട കുട്ടിയെ പട്രോളിംഗ്
പാർട്ടി തന്നെ കൊണ്ടുപോയതാവാനും മതി.
ഓർക്കാപ്പുറത്ത്
ചില ജീവിതരംഗങ്ങൾ, തുടക്കമാണോ ഒടുക്കമാണോ എന്ന ആശയക്കുഴപ്പുണ്ടാക്കുന്ന പശ്ചാത്തലമൊരുക്കും.
തിരക്കേറിയ ഒരു പാതയിലൂടെ അവൻ വന്നു; അതേ തിരക്കിലേക്ക് അലിഞ്ഞുചേർന്നു എന്നയാൾ വിശ്വസിക്കാൻ
ശ്രമിച്ചു. എന്നിട്ടും, വെളിച്ചത്തിനും ഇരുട്ടിനുമിടയിൽ അയാൾ പതറി. നഗരത്തിനു മുകളിൽ
വെട്ടുകിളികളൊഴിഞ്ഞ ആകാശത്ത്, അപ്പോൾ നക്ഷത്രങ്ങളുമില്ലായിരുന്നു.
O
|
കാവൽ കൈരളി കഥാമത്സരം |