Wednesday, 9 September 2015

ഗദ്ദിക

ഗോത്രഭൂമി ഓണപ്പതിപ്പ്, ആഗസ്റ്റ് 2015





നൂൽ മുറിയാതെ മഴയായിരുന്നു.

തള്ളിയിറക്കപ്പെട്ടതിന്റെ പകപ്പിൽ മേരി, ദയാരഹിതമായി ചുരംകയറിപ്പോകുന്ന ബസ്സിലേക്ക് തിളയ്ക്കുന്ന കണ്ണുകളോടെ നോക്കി.

മാർത്തയെ നനയാതെ ചേർത്തുപിടിക്കാൻ ഒരു വിഫലശ്രമം നടത്തി. അവളുടെ വിമ്മിക്കരച്ചിൽ നെഞ്ചിൽത്തട്ടി പൊള്ളിയപ്പോൾ, കാട്ടുമൃഗങ്ങൾ മാത്രം സഞ്ചരിച്ചിരുന്ന ബസ്സിലേക്ക് നോക്കി മേരി കാർക്കിച്ചു തുപ്പി. ഒരടിപോലും ചലിക്കാനാവാതെ റോഡരികിൽ അങ്ങനെ നനഞ്ഞു നിൽക്കുമ്പോൾ കരച്ചിലിന്റെ ഒഴുക്കിനു തടയിടാൻ അത്യധികം പാടുപെട്ടു. താൻ കരഞ്ഞാൽ മാർത്തക്കൊച്ച് തളർന്നുപോകുമെന്ന് അവൾക്കറിയാമായിരുന്നു. മരത്തലപ്പുകളിൽ നിന്നും അപ്പോൾ കനമേറിയ പുകയായി, മഞ്ഞിന്റെ കമ്പളം ഭൂമിയിലേക്ക് ഊർന്നുവീണുകൊണ്ടിരുന്നു. കണ്ണുകാണാപ്പുകയിലും ചുരത്തിലൂടെ വാഹനങ്ങൾ ഇരമ്പിക്കയറി. ഏതെങ്കിലും ഒരെണ്ണം വന്നിടിച്ച് രണ്ടുപേരും അങ്ങു തുലഞ്ഞുപോയിരുന്നെങ്കിലെന്ന് മേരി പ്രാർത്ഥിച്ചു.

മാർത്തയുടെ ഉടുപ്പിന്റെ പിന്നിലൂടെയും കാലിന്റെ വശങ്ങളിലൂടെയും വഴിഞ്ഞുവീണ ചുവപ്പൻ ചിത്രങ്ങളിലേക്ക് അവൾ ആകുലതയോടെ നോക്കി. മഴജലത്തിൽ അത് പടരുന്നു. അവളെ അപ്പോൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. തണുപ്പിൽ പല്ലുകൾ കിടുകിടുത്തു. വാഹനങ്ങളുടെ കനമേറിയ ടയറുകളിൽ നിന്നും തെറിക്കുന്ന ജലകണങ്ങളാൽ കാഴ്ച, തെളിഞ്ഞും മറഞ്ഞും മായികത കാട്ടിക്കൊണ്ടിരുന്നു. ടാറിനും ടയറിനുമിടയിൽ ഈർപ്പം ചിതറുന്ന മുഴക്കം അത്രമേൽ ഭീതിദവുമായിരുന്നു. അത് രണ്ടുപേരുടെയും കാതുകളെ ഒന്നുപോലെ കൊട്ടിയടപ്പിച്ചു.

മകളെ ചേർത്തുപിടിച്ച് മഴയിലൂടെ ഏതോ പ്രേരകശക്തിയാൽ മേരി നടന്നു.

ജലനാരുകൾ നേർത്തുനേർത്തു വന്നപ്പോൾ ഇടുങ്ങിയ ഹെയർപിൻ വളവുകളുടെ ഓരങ്ങളിലൂടെ സാവധാനത്തിൽ അവർ മുകളിലേക്ക് കയറി. മാർത്തയുടെ കണ്ണുനീർ തോർന്നിരുന്നില്ല. ക്ഷീണത്താൽ അവൾ നടക്കുവാൻ നന്നേ പ്രയാസപ്പെടുന്നത് മേരി അറിയുന്നുണ്ടായിരുന്നു. കത്തുന്ന മെഴുകുതിരി പോലെ നെഞ്ചുരുകുന്നത് മകൾ മനസ്സിലാക്കുവാതിരിക്കാനാണ്‌ അവൾ തുടർച്ചയായി ശ്രമപ്പെട്ടത്.

ജനനസമയത്ത് മാർത്ത പകർന്ന വേദനയുടെ ഓർമ്മയാൽ വർഷങ്ങൾക്ക് ശേഷം ഇന്നവൾ പുളഞ്ഞു. വിചാരങ്ങളുടെ ഉരുൾപ്പൊട്ടലിൽ താൻ ചീരു എന്ന പെണ്ണായിരുന്ന കാലം മേരി ഓർമ്മിച്ചു. അപ്പോൾ അവർ നടന്നുനടന്ന് ചുരത്തിലെ ജീവിതങ്ങൾക്ക് രക്ഷയേകുന്ന വിശുദ്ധനായ ഷേക്കിന്റെ ഖബറിടത്തിൽ എത്തിയിരുന്നു. ചന്ദനത്തിരികൾ തീരാത്ത സുഗന്ധം പരത്തി പുകഞ്ഞു നിന്നു. വെള്ളത്താടിയുഴിഞ്ഞ് പുഞ്ചിരിക്കുന്ന മായികരൂപം ഇരുവരെയും മാടിവിളിച്ചു.

പഞ്ഞിപോലെ മൃദുലമായ പാദങ്ങളിലേക്കാണ്‌ ചെന്നുവീണത്.

ചുരുളുകളായി ഉയരുന്ന വെളുത്ത ധൂമവലയത്തിനുള്ളിൽ നിന്നും പ്രശാന്തതയുടെ കിരണങ്ങൾ കടന്നുവന്നു. മാർത്തക്കൊച്ചിന്റെ കണ്ണുകൾ പിന്നിലേക്ക് മറിഞ്ഞുപോയിരുന്നു. മേരി അവളെ കുലുക്കിവിളിച്ചു. അനങ്ങുന്നില്ലെന്നു കണ്ടപ്പോൾ അവൾ ഭയന്നു. സ്നേഹം സ്ഫുരിക്കുന്ന നോട്ടത്തോടെ അദ്ദേഹം ഒരു മൊന്തയിൽ വെള്ളം നീട്ടി. അത് ഇരുകൈകളും നീട്ടി വാങ്ങി, മകളുടെ നാവിലേക്ക് പതിയെ ഇറ്റിച്ചുകൊണ്ടിരുന്നപ്പോൾ ചീരു വീണ്ടും പേറ്റുനോവ് അനുഭവിച്ചു. ഒഴുകിയ ചോര അവൾ കഴുകി വെടിപ്പാക്കി. ഉടുത്തിരുന്നതിന്റെ തുമ്പ് കീറി ഉറവ പൊതിഞ്ഞുവെച്ചു.

“വയ്യ....ഏനു വയ്യമ്മാ

പ്രസവവേളയിലെ വേദനകൾക്ക് ചാരിത്ര്യം കൊണ്ട് മറുപടി പറയേണ്ടിവന്ന കാലത്തിലേക്കാണ്‌ മേരി ആ നിമിഷം ചീരുവായി മടങ്ങിപ്പോയത്. കരിവെള്ളച്ചായത്തിൽ മുക്കിയ ഈർക്കിലിനാൽ ചെമ്മൺഭിത്തിയിൽ കണക്കു തെറ്റാതെ വരച്ച ഒരു ചിത്രമെന്നപോലെ ആ നാളുകൾ ചീരുവിൽ ഒരിക്കലും മായ്ക്കുവാനാകാതെ പതിഞ്ഞുകിടക്കുകയായിരുന്നു.

“പെഴച്ചവളേ... നീ തൊലഞ്ഞു പോ.”

രയപ്പൻ അലറി. കെട്ടിക്കൊണ്ടുവന്നപ്പോൾ മുതൽ അവന്‌ ചീരുവിൽ സംശയമുണ്ടായിരുന്നു. പേറിന്റെ വൈഷമ്യതകൾ ഏറിവരുന്നതിനനുസരിച്ച് അവന്‌ കാര്യങ്ങൾ തെളിഞ്ഞുകിട്ടി. സത്യമറിയാൻ ചെന്നപ്പോൾ മണികിലുങ്ങുന്ന വാളുമായി വെളിച്ചപ്പാട് രഹസ്യം ഉറഞ്ഞുതുള്ളിപ്പറഞ്ഞു. പെഴച്ചവളായതുകൊണ്ടാണത്രേ പേറ്റുനോവ് കഠിനമാകുന്നത്! വയറുനിറയെ ചാരായം മോന്തി, അവൻ ചീരുവിന്റെ മുടിക്ക് കുത്തിപ്പിടിച്ചു. ഉന്നം തെറ്റാതെ ആഞ്ഞുതൊഴിച്ചു. അലകുമെടഞ്ഞ ഒറ്റമുറിയിൽ ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെടുകയും പിറന്നകുലത്തിനാൽ നിർദാക്ഷിണ്യം ഭ്രഷ്ടയാക്കപ്പെടുകയും ചെയ്തെങ്കിലും രക്ഷപ്പെടുത്താൻ ആളുണ്ടായിരുന്നു. സഹായഹസ്തവുമായി അവർ തേടിയെത്തി.

ചീരു മേരിയായതിന്റെ അഞ്ചാംനാൾ മാർത്ത പിറന്നു.

ക്ഷീണമകന്ന് അപ്പോൾ അവൾ അമ്മയുടെ മുഖത്തേക്ക് ആശ്വാസത്തോടെ ചിരിച്ചു. മേരിയും ഒരു കവിൾ വെള്ളമിറക്കി. മൊന്തയിലെ ജലത്തിന്‌ ചെറുമധുരമുണ്ടായിരുന്നു -ജീവിതത്തിന്റെ രുചി. മാർത്തയുടെ കവിളുകൾ തുടുത്തിരുന്നു. പെണ്ണായതിന്റെ മിനുപ്പ് ഇവളിൽ എത്രവേഗമാണ്‌ കത്തിപ്പിടിച്ചതെന്ന് മേരി ശങ്കയോടെ ഓർത്തു.

ദൈവമേ... ശക്തിയില്ലാത്ത എന്റെ ചിറകുകൾക്ക് കീഴിൽ ഇനിയിവളെ ഒളിപ്പിക്കണമല്ലോ.

അന്ന് ചുരമിറങ്ങിയത് ചീരുവിനെ ഉപേക്ഷിച്ച് മേരിയെ സ്വീകരിക്കുവാനാണെങ്കിൽ ഒരിക്കൽക്കൂടി പഴയവേഷം കെട്ടുവാനാണ്‌ വീണ്ടും കയറുന്നത്. ഓരോരോ കാലത്ത് ഓരോരോ അത്താണികൾ. മേരിയിൽ നിന്നും ചീരുവാകാൻ പ്രയാസമൊന്നുമില്ല. അതിനൊക്കെ എറ്റവും എളുപ്പത്തിലുള്ള സമ്പ്രദായങ്ങൾ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഓരോ പടംപൊഴിക്കലിനു പിന്നിലും ഒന്നേ വിചാരമുണ്ടായുള്ളു. മകൾക്ക് പട്ടിണിയുണ്ടാകരുതെന്നും അവൾക്ക് നല്ല ഭക്ഷണം കൊടുക്കണമെന്നും നന്നായി പഠിപ്പിക്കണമെന്നുമുള്ള ചിന്ത. അതുമാത്രം.

മേരി ദീർഘമായി നിശ്വസിച്ചു. അവൾ ചുറ്റും വിശുദ്ധനെ തിരഞ്ഞു. മഞ്ഞിലേക്ക് ആ രൂപം അപ്പോഴേക്കും മറഞ്ഞുകഴിഞ്ഞിരുന്നു. ഖബറിൽ ചന്ദനത്തിരികൾ പുകഞ്ഞു. ഉൾക്കാടുകളിൽ നിന്നും ചുരം വഴി താഴേക്ക് മഴയുടെ മണമുള്ള കാറ്റ് വീശി.

മാർത്തക്കൊച്ചിനെ അവൾ പതിയെ താങ്ങി, എഴുന്നേൽപ്പിച്ചിരുത്തി.

ക്ഷീണവും സങ്കടവും ഭയവുമെല്ലാം വിട്ടുമാറി അവളുടെ മുഖം കുറേശെയായി തെളിഞ്ഞു വന്നുകൊണ്ടിരിക്കുന്നതു കണ്ടപ്പോൾ മേരി ആശ്വസിച്ചു. ഓർക്കാപ്പുറത്തുണ്ടായ സംഭവത്തിൽ മാർത്ത ആകെ പകച്ചുപോയിരുന്നു. ഭയവും അപമാനവും ഒക്കെക്കൂടി ഒറ്റനിമിഷംകൊണ്ട് സ്വയം ഇല്ലാതായതായി അവൾക്ക് തോന്നി. ബസ്സിൽവെച്ച്, സിന്ദൂരച്ചെപ്പ് പൊട്ടിയതുപോലെ പൊടുന്നനെ ചുവപ്പുപടർന്നപ്പോൾ അവൾ വല്ലാതെ അന്ധാളിച്ചു. പെണ്ണുങ്ങളടക്കം ആ വണ്ടിയിലുണ്ടായിരുന്ന സർവ്വയാത്രക്കാരും എന്തിനാണതിനിത്രയും കുരച്ചുചാടിയത്? ബസ്സ് നിർത്തിച്ച് ബലപൂർവ്വം തങ്ങളെ മഴയിലേക്ക് ഇറക്കിവിട്ടത്...? എത്രയാലോചിച്ചിട്ടും അവളുടെ ഇളംമനസ്സിന്‌ ഒന്നും വ്യക്തമായില്ല. അരുതാത്തതെന്തോ തനിക്ക് സംഭവിച്ചിരിക്കുന്നതായി മാത്രം അവൾ മനസ്സിലാക്കി.

അത്രയേറെ ആളുകളുടെ കൂട്ടത്തിൽ ഹൃദയമുള്ള ഒരാൾപോലും ഉണ്ടായില്ലല്ലോ എന്നോർക്കുംതോറും മേരിക്ക് വിഷമത്തേക്കാളേറെ വിദ്വേഷവും പകയുമാണ്‌ തോന്നിയത്. ചുരമിറങ്ങി പുതുജീവിതം തുടങ്ങിയ കാലംമുതൽ നന്മയുടെ കരങ്ങൾനീട്ടി രക്ഷയ്ക്കായി അവതരിച്ചവരുടെയെല്ലാം ഇരട്ടമുഖം കണ്ട് ഭയന്നു ജീവിക്കുകയായിരുന്നു.. സമരത്തോട് സമരം നടത്തി ഇത്രടമെത്തി. തീരെ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ്‌ ഇങ്ങനെയൊരു തിരിച്ചുപോക്കിന്‌ തയ്യാറെടുത്തത്. അടിച്ചിറക്കപ്പെട്ടിടത്തേക്ക് വലിഞ്ഞു കേറിചെല്ലാൻ ഒട്ടും മനസ്സുണ്ടായിട്ടല്ല. മാർത്തയുമൊത്ത് അടിവാരത്ത് ഒരു ദിവസംപോലും ഇനി പിടിച്ചുനിൽക്കാനാവുമായിരുന്നില്ല.

ഇടങ്ങളിൽ നിന്നും ഇടങ്ങളിലേക്കുള്ള യാത്ര അവസാനിക്കുന്നില്ല.

ഇലയനക്കങ്ങൾ കേട്ട് കണ്ണുകളുയർത്തി നോക്കുമ്പോൾ ഖബറിന്റെ പിന്നിലെ കാട്ടിൽനിന്നും അസാമാന്യമായ ആകാരഭംഗിയുള്ള ഒരു മയിൽ മെല്ലെ നടന്നുവരുന്നത് അവർ കണ്ടു. താളത്തിൽ ചുവടുകളിളക്കി അത് പീലിവിരിച്ചു. നൂറുനൂറുകണ്ണുകൾ ചുറ്റും വിടരുന്ന കാഴ്ച കണ്ട് മേരിയും മാർത്തയും വേദനകൾ മറന്ന് പുഞ്ചിരിച്ചു. മെല്ലെത്തിരിഞ്ഞ് കാട്ടിനുള്ളിലേക്കുതന്നെ നീങ്ങിയ മയൂരത്തെ, ഏതോ നിയോഗത്താലെന്നവണ്ണം അമ്മയും മകളും അനുഗമിക്കുമ്പോൾ ചന്ദനത്തിരിവലയങ്ങളുടെ ശ്ലഥചലനങ്ങൾക്കൊപ്പം സഹനത്തിന്റെ വിലാപസമാനമായ വായ്ത്താരി മുഴങ്ങി. അദൃശ്യമായ ഏതോ വിരലുകൾ തുടിയിൽ താളം പെരുക്കി.

കാട് അവർക്കായി ഒരു വാതിൽ തുറന്നുവെച്ചിരുന്നു.

ചുരത്തിലാകട്ടെ, ആ നേരം വിരൽവണ്ണത്തിൽ പെയ്ത പെരുമഴയിലെ ഉരുൾപ്പൊട്ടലിൽ, എല്ലാ വാഹനങ്ങളും അസ്വസ്ഥരായ ആൾക്കൂട്ടങ്ങളെയും പേറി അനക്കമറ്റുകിടന്നു.


O

Sunday, 12 April 2015

കർത്തരീമുഖം


വാരാദ്യമാധ്യമം 2015 ഏപ്രിൽ 12



   ക്യാപ്‌ തലയിൽ നിന്നെടുത്തപ്പോഴാണ്‌ അതിലാകെ നനവു വീണിരിക്കുന്നതറിയുന്നത്‌. നിലാവിനൊപ്പം എത്ര സാന്ദ്രമായാണ്‌ മഞ്ഞു പെയ്യുന്നത്‌? ആട്ടം നടക്കുന്നു-സന്താനഗോപാലം. പ്രധാന ഉത്സവമൊന്നുമല്ല; മറ്റെന്തോ വിശേഷാൽദിനം. ക്ഷേത്രമുറ്റത്തെ തുറന്ന സ്റ്റേജാണെങ്കിലും കസേരകൾ നിരത്തിയിട്ടുണ്ട്‌; അതിൽ പകുതിയോളം നിറഞ്ഞ കാണികൾ.

കഥകളി പണ്ടേ പ്രിയമാണ്‌. പദങ്ങൾ ഉയർന്നും താഴ്‌ന്നും വീശിക്കൊണ്ടിരിക്കുന്നതു കൊണ്ടു മാത്രമാണ്‌ അങ്ങോട്ടുമിങ്ങോട്ടും ചായാതെ ഇങ്ങനെ പിടിച്ചുനിൽക്കുന്നത്‌. അല്ലെങ്കിൽ കണ്ണുകളിൽ ഇടയ്ക്കിടെ ഭാരം തൂക്കിവെക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഉറക്കത്തിന്‌ കീഴ്പ്പെട്ടുപോയേനേ. ക്ഷീണാധിക്യത്തിൽ ഇങ്ങനെ ഒരേനിൽപ്പ്‌ തുടരുന്നത്‌ അത്ര പന്തിയല്ലെന്നറിയാം. സ്റ്റേജിന്റെ വശങ്ങളിലൂടെ ഒന്നു നടന്നുവരാം. കടലക്കച്ചവടക്കാരന്റെ മുന്നിൽപ്പോയി രണ്ടു വർത്തമാനം പറയാം. ഡ്യൂട്ടി തുടങ്ങുമ്പോൾ ഒറ്റയ്ക്കായിരുന്നില്ല. ഏതോ മദ്യപൻ വീട്ടിലെ മരത്തിൽ തൂങ്ങിയെന്നുള്ള വിവരമറിഞ്ഞ്‌ ജീപ്പുവന്ന് മറ്റു രണ്ടുപേരെ എടുത്തുകൊണ്ടുപോയി. ഇവിടമാണെങ്കിൽ ചെറിയ ചില പ്രശ്നങ്ങളൊക്കെയുള്ള സ്ഥലം കൂടിയാണ്‌.

ഷൂലേസ്‌ ഒന്നു അയച്ചുകെട്ടി നിവർന്നു. പുറത്ത്‌ ചെറു തണുപ്പുണ്ടെങ്കിലും ഉള്ളു നിറയെ ഉഷ്ണം.

ചാർജ്ജ്‌ വറ്റിയ ഫോൺ കീശയിലങ്ങനെ ചത്തുകിടപ്പായിട്ട്‌ നേരമേറെയായി. വൈകുന്നേരമൊന്ന് വിളിച്ചു മിണ്ടാൻ പറ്റിയത്‌ കാര്യമായി. കഴിഞ്ഞ രാത്രിയിലും അസ്വസ്ഥതകൾ അവളെ ഉറക്കിയിട്ടില്ല. രണ്ടുതവണ അബദ്ധം പിണഞ്ഞിട്ടുള്ളതിനാൽ ഇക്കുറി വളരെ ശ്രദ്ധിക്കണമെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിരിക്കുന്നു. വയറും താങ്ങി, നോക്കിനോക്കിയിരുന്ന് പാവം ഇപ്പോൾ വിഷമിക്കുന്നുണ്ടാവും. രണ്ടു മതക്കാരായാൽ എല്ലാ ദൈവങ്ങളും അടുക്കാതെ മാറിനിൽക്കുമെന്ന് മുന്നേയ്ക്കുമുന്നേ തെളിഞ്ഞതാണല്ലോ. രക്തത്തിലുള്ള ഒരാളുടെയും സഹായമില്ല.

വീട്ടിലേക്ക്‌ നടന്നുപോകാവുന്ന ദൂരമേയുള്ളൂ. എന്നാലും ഡ്യൂട്ടി കഴിയാതെ പോകുന്നതെങ്ങനെ..? ഇന്നേവരെ കൃത്യനിർവ്വഹണത്തിൽ ഒരു വിലോപവും കാണിച്ചിട്ടില്ല.

“സാറിന്‌ ഒറക്കം വരുന്നെന്ന് തോന്നുന്നല്ലോ. ദാ, ഇതു പിടി, ഒന്നു കൊറിച്ചാൽ ഉഷാറാകും.”

ഒരു കുമ്പിൾ നീണ്ടുവന്നു. തല വെട്ടിച്ചുകൊണ്ടുള്ള ഒരു നോട്ടത്തിലൂടെ  അതു നിരസിച്ചു.

അപ്പോൾ അവൻ ഒരു കസേര എടുത്തുകൊണ്ടുവന്നിട്ടു. ആ പ്രലോഭനത്തെ അത്രപെട്ടെന്ന് കുത്തിക്കെടുത്താനായില്ല. ഒരു മനോധർമ്മത്തിൽ ശ്രദ്ധയർപ്പിച്ചുകൊണ്ട്‌ അമർന്നിരുന്നത്‌ ഓർമ്മയുണ്ട്‌. കണ്ണുതുറക്കുമ്പോൾ അരങ്ങിലെ നിലവിളക്കണഞ്ഞിരിക്കുന്നു. ആരുമില്ല. ഒഴിഞ്ഞ ഇരിപ്പിടങ്ങൾ. വൈദ്യുതവെളിച്ചങ്ങൾക്ക്‌  ചുറ്റും പ്രാണികൾ പാറി മടുത്തിരിക്കുന്നു. വിശാലമായ പൂഴിപ്പരപ്പിനു നടുവിലെ ചുറ്റുമതിലിനുള്ളിൽ ക്ഷേത്രം ഉറങ്ങുന്നു. നേരമെത്രയായി പോലും..?

പൊതുസ്ഥലങ്ങളിൽ ജോലിയെടുക്കുമ്പോൾ ഇങ്ങനെ കണ്ണടഞ്ഞു പോകാറുള്ളതല്ല. ഇരുന്നുറങ്ങുന്ന പോലീസുകാരൻ മറ്റുള്ളവർക്കെപ്പോഴും ഒരു കോമാളിയാണ്‌. ഒന്നു തട്ടിവിളിക്കാതെ ആ കടലക്കച്ചവടക്കാരൻ പൊയ്ക്കളഞ്ഞല്ലോ, മഹാപാപി.

ഷൂലേസ്‌ മുറുക്കി, പതുക്കെ എഴുന്നേറ്റ്‌ തൊപ്പി തലയിൽ ഉറപ്പിച്ചു. ഇനി നടക്കാം.

അല്ലാ, ആരോ കസേരകൾക്കിടയിൽ കിടന്നുറങ്ങുന്നുണ്ടല്ലോ. ആരാണ്‌...? എന്തായാലും ഒന്നു നോക്കിപ്പോകാം. ങേ, ഇതൊരു സ്ത്രീയാണല്ലോ!  ചരിഞ്ഞു കിടക്കുന്ന അവളുടെ വയർ പുറത്തേക്കുന്തി നിൽക്കുന്നു. ഉറക്കം തന്നെയല്ലേ..? ലാത്തി കൊണ്ട്‌ കാലുകളിൽ ഒന്നു തട്ടി, രണ്ടുമൂന്നു തവണ വിരലുകൾ മൂക്കിനടുത്ത്‌ വെച്ച്‌ ഉറപ്പിക്കേണ്ടി വന്നു. കാലുകൾക്കിടയിലൂടെ ചുവപ്പ്‌ മണ്ണിലേക്കൊഴുകിക്കിടക്കുന്നത്‌ പിന്നെയാണ്‌ കണ്ടത്‌. അങ്ങോട്ട്‌ നോക്കാൻ ഭയം തോന്നി. ഒരു വിറയൽ സിരകളിലൂടെ ശരീരമാകമാനം ഓടി.

ഡ്യൂട്ടി തുടരുകയാണ്‌.

മറ്റൊരു മനുഷ്യജീവിയുടെയും സാന്നിധ്യമില്ലാതെ, മണൽപ്പുറം മഞ്ഞുതുള്ളികളാൽ നനഞ്ഞു കിടന്നു. ക്ഷേത്രവും ദൈവവും ഉറക്കം തന്നെ. നായ്ക്കൾ നിലാവത്ത്‌ അങ്ങിങ്ങ്‌ ഓടി നടക്കുന്നുണ്ട്‌. നേരം വെളുക്കുംവരെ; ആരെങ്കിലുമെത്തിച്ചേരും വരെ, അലർട്ടായിരിക്കണം. കണ്ണുകളും കാതുകളും തുറന്നുപിടിച്ച്‌, നിലയ്ക്കാൻ തുടങ്ങുന്ന രാത്രിയുടെ പദതാളങ്ങളെ മെല്ലെ ഉള്ളിലേക്കാവാഹിച്ചു.


O

Tuesday, 31 March 2015

ലോഹം


മാതൃഭൂമി വാരാന്തപ്പതിപ്പ്‌ 15 മാർച്ച്‌ 2015




"എന്താടീ കൊച്ചേ, ഈ നേരത്ത്‌...?"

മിണ്ടാനാവാത്തവളാണെന്ന് അറിയാമായിരുന്നിട്ടും അയാൾ വെറുതെ ചോദിച്ചു. ആലയിൽ തിളച്ചുകൊണ്ടിരുന്ന ഇരുമ്പിന്‌ മറയാൻ വിതുമ്പുന്ന സൂര്യന്റെ നിറമായിരുന്നു. ലോഹത്തിൽ വീണുകൊണ്ടിരുന്ന ഓരോ അടിക്കും മേൽക്കൂര ഇളകിക്കരഞ്ഞു. 

പഴകിപ്പിഞ്ഞിയ വേഷത്തിനുള്ളിൽ പെണ്ണായിത്തുടങ്ങുന്നതിന്റെ മുഴുപ്പുകളിലേക്ക്‌ അയാളുടെ കണ്ണുകൾ ഇടക്കിടെ പാറിവന്നുകൊണ്ടിരിക്കുന്നത്‌ അവൾ അറിയുന്നുണ്ടായിരുന്നു. പലവിധ ഉപകരണങ്ങളും ആയുധങ്ങളും കൂട്ടിയിട്ടിരുന്ന മൂലയിലെ പൊക്കമില്ലാത്ത ഇരുമ്പുപീഠത്തിൽ അയാൾക്കെതിരെ പതർച്ചകളില്ലാതെ അവൾ ഇരുന്നു. വളഞ്ഞുയർന്ന പുരികങ്ങൾ ഒരിക്കൽക്കൂടി അർത്ഥഗർഭമായ ചോദ്യം തൊടുത്തപ്പോൾ, ചുരുട്ടിപ്പിടിച്ചിരുന്ന കടലാസുതുണ്ട്‌ അവൾ നീട്ടി. 

ചുറ്റിക താഴെവെച്ച്‌, ചുണ്ടിന്റെ വശങ്ങളിലൂടെ ഒലിച്ചിറങ്ങിയ മുറുക്കാൻനീര്‌ ഇടതുകൈയ്യാൽ തുടച്ച്, അയാൾ അതു വാങ്ങി. നോട്ടുപുസ്തകത്തിൽ നിന്നും കീറിയെടുത്ത ആ ഒറ്റവരയൻ താൾ നിവർത്തവെ, അയാൾ ആ ചിത്രം കണ്ടു. പെൻസിൽമുനയാൽ രാകിയ ഒരു കഠാരയുടെ വായ്ത്തലത്തിളക്കം!

പരുക്കൻനിലത്ത്, അടിച്ചുടച്ച മൺകുടുക്കയിലെ നാണയങ്ങളുടെ ചിലമ്പലിൽ ആലയോടൊപ്പം അയാളും നടുങ്ങി.

O

Monday, 12 January 2015

നഗരം ജാഗരം

സ്നേഹരാജ്യം മാസിക ഡിസംബർ 2014




"എഴുന്നേക്കെടാ, എഴുന്നേറ്റ്‌ പോയിനെടാ..."

ആജ്ഞാസ്വരം, അപരിചിതമായിരുന്നു. അവർ കുറേയാളുകൾ ഉണ്ടെന്ന് വ്യക്തം. ആയുധങ്ങളുടെ തിളക്കവും കാണാം.

അനങ്ങിയില്ല. മാർബിൾ തിണ്ണയിൽ, ഷട്ടറിനോട്‌ കുറേക്കൂടി പറ്റിച്ചേർന്നു. ഭയമില്ലാഞ്ഞിട്ടൊന്നുമല്ല; എഴുന്നേൽക്കാനുള്ള ത്രാണി ഒട്ടുമില്ലായിരുന്നു. മുഷിഞ്ഞു കീറിയ കമ്പിളിക്കുള്ളിലേക്ക്‌ ശൈത്യം സൂചിമുള്ളുകൾ കുത്തിയിറക്കിക്കൊണ്ടിരുന്നതിനാൽ ഈ നേരം വരെ ഉറക്കം, ഇടയ്ക്കിടെ പിടി തന്നും തരാതെയും ഒളിച്ചുകളി നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

"നിന്നോട്‌ തന്നെയാ കെളവാ പറഞ്ഞേ. കേൾക്കാൻ പാടില്ലേടാ, തെണ്ടീ...!"

ഇരുമ്പുദണ്ഡ്‌ ഷട്ടറിൽ തട്ടുന്ന ഒച്ചയിൽ അറിയാതെ എഴുന്നേറ്റിരുന്നുപോയി. കാലിലെ മുറിവിൽ നിന്നും നിന്നും പഴുപ്പ്‌ കുത്തിയൊലിക്കുന്നുണ്ടായിരുന്നു. നോവുകൾ ഇരട്ടിശക്തിയോടെ ഒരു നിവർന്നുനിൽപ്പിനെ പ്രതിരോധിച്ചു. മുട്ടുകൾ, കൈകാലുകൾ, പിടലി, അരക്കെട്ട്‌ എല്ലായിടത്തും ശമിക്കാത്ത വേദനയാണ്‌. ശക്തി സംഭരിച്ച്‌ മുകളിലേക്കുയരാൻ ശ്രമിക്കുമ്പോൾ പിന്നിൽ നിന്നും ഒരു ചവിട്ടു കിട്ടി. രണ്ടു മലക്കം മറിഞ്ഞ്‌, ഫുട്‌പാത്തിന്റെ കൈവരിയിൽ ചെന്നിടിച്ചു വീണു.

വേദനകൾക്ക്‌ വേദന തന്നെയാണ്‌ മറുമരുന്ന്. മുറിവുകളാൽ മുറിവുകൾ മരവിച്ചു കഴിഞ്ഞാൽപ്പിന്നെ ഒന്നുമറിയില്ല.

ഇരുട്ടിൽ, നിരത്തിലൂടെ വലിഞ്ഞുനിരങ്ങി നീങ്ങുമ്പോൾ ഒരു മീൻവണ്ടി മുഴക്കത്തോടെ പാഞ്ഞു പോയതിന്റെ ഈർപ്പം മുഖത്ത്‌ പാറിവീണു. ചെറുനിരത്തിലേക്ക്‌ നടവഴി മുറിയുന്ന ഇടത്തിലായി, ഒരു ചവറുവീപ്പ നിർമ്മിച്ച ഇരുട്ടിലേക്ക്‌ ശരീരത്തെ ഭദ്രമായി ഒളിപ്പിച്ചു.

എവിടെയെല്ലാം അലഞ്ഞുതിരിഞ്ഞാലും, എത്ര ഇരുട്ടിയാലും ആ ജൂവലറിയുടെ പുറംതിണ്ണയിലെ മാർബിൾത്തണുപ്പിൽ വന്നുചേരാതെ തലചായ്ക്കാനാവില്ല. പണ്ട്‌ ആ കടയ്ക്കുള്ളിലെ ഒട്ടും പതുപതുപ്പില്ലാത്ത കസേരയിൽ എത്ര ഇരുന്നിട്ടുള്ളതാണ്‌. ഒറ്റചവിട്ടിനു തന്നെയാണ്‌ ആ ഇരിപ്പിടത്തിൽ നിന്ന് തെറിച്ചു വീണതും.

മുറിവുകൾക്കല്ല, ഓർമകൾക്കാണ്‌ ഏറ്റവും തീവ്രമായ വേദന.

ഇതാ, അവരിപ്പോൾ ഷട്ടറുകൾക്ക്‌ മുന്നിലായി വലിയ ഒരു ടാർപ്പോളിൻ ഷീറ്റ്‌ വലിച്ചു കെട്ടിക്കഴിഞ്ഞല്ലോ. എന്താണവർ അവിടെ ചെയ്യാൻ പോകുന്നത്‌..? താഴുകൾ തകർക്കാനുള്ള ശ്രമമാണെന്നു തോന്നുന്നു. നിരത്തിലെങ്ങും ആരെയും കാണാനില്ല. എത്ര ലാഘവത്തോടെയാണ്‌ അവർ ഒരു വലിയ മോഷണം നടത്താൻ പോകുന്നത്‌? ആരെയാണ്‌ വിളിക്കേണ്ടത്‌...?  

ശബ്ദം തൊണ്ടയിൽ കുടുങ്ങിപ്പോയിരിക്കുന്നു. അതാ അവർ ഷട്ടറുകൾ തുറന്നു കഴിഞ്ഞു. 

മോനേ... നമ്മുടെ സ്വർണ്ണക്കട ആരൊക്കെയോ ചേർന്ന് കൊള്ളയടിക്കാൻ  പോകുന്നെന്നുള്ള വിവരം വേഗം നിന്നെയൊന്നറിയിക്കണമെങ്കിൽ, എനിക്കിപ്പോ യാതൊരു മാർഗ്ഗങ്ങളുമില്ലല്ലോടാ!

O