Sunday, 23 September 2012

വിളയും വളവും

 വാചികം, ആഗസ്റ്റ്‌  2012




           പ്പനാവന്റെ പച്ചക്കറിത്തോട്ടത്തിൽ മണ്ണുതൊടാൻ മത്സരിക്കുന്ന പടവലങ്ങകൾ ആർത്തുല്ലസിക്കുന്ന നാളുകളിലാണ്‌ പാവലും തക്കാളിച്ചെടികളും പൂവിട്ടത്‌. ഉണ്ണികളുമായി ചെറുപൂക്കൾ എമ്പാടും വിടർന്നു വിലസിയപ്പോൾ പൂമ്പാറ്റകളും പ്രാണിപ്പറ്റങ്ങളും തിമിർത്തു. തൊട്ടപ്പുറത്ത്‌ മത്തനും വെള്ളരിയും മണ്ണിനോട്‌ വീമ്പു പറഞ്ഞുകിടന്നു. അസൂയയും കുശുമ്പും നെഗളിപ്പുമൊക്കെയായി നല്ല അയൽക്കാരെപ്പോലെ പച്ചക്കറിക്കൂട്ടം കഴിഞ്ഞുകൂടുന്നത്‌ പപ്പനാവന്റെ അതിസൂക്ഷ്മവും സ്നേഹസ്മൃദ്ധവുമായ പരിചരണത്തിലാണ്‌. മാവേലിമണ്ണിൽ ജന്മം കൊണ്ടതിലും സർവ്വോപരി പപ്പനാവന്റെ വാത്സല്യമേറ്റുവളരാൻ ഇടവന്നതിലും പാവലും പടവലവും മത്തനും വെള്ളരിയും തക്കാളികളും മാത്രമല്ല അങ്ങിങ്ങ്‌ തനിയെ മുളച്ചുപൊന്തിയ പയറുവള്ളികളും അളവറ്റ്‌ സന്തോഷിച്ചു. 


അങ്ങനെയിരിക്കെ, വിളവെടുപ്പുത്സവം വന്നു. ഉത്സവമെന്നൊക്കെ പറയുന്നത്‌ ഇതാണോ എന്ന് പടവലങ്ങ, പാവയ്ക്ക, മത്തങ്ങ തുടങ്ങിയ പച്ചക്കറി സുഹൃത്തുക്കൾ കൂട്ടംകൂടിക്കിടന്നു സന്ദേഹപ്പെട്ടു കൊണ്ടിരുന്നതിന്റെ മൂന്നാം ദിവസമാണ്‌ വാടകലോറി വന്ന് അവരെ ദൂരേയ്ക്ക്‌ കയറ്റിക്കൊണ്ട്‌ പോയത്‌.


നൂറേക്കർ തെങ്ങിൻപറമ്പിലെ ഓജസ്സില്ലാത്ത തെങ്ങുകൾക്ക്‌ വളമാകാൻ വേണ്ടി പച്ചക്കറിക്കൂട്ടുകാർ വണ്ടിയിൽക്കിടന്നു പോകുമ്പോൾ, എതിരേ അയൽദേശത്ത്‌ നിന്നും പാണ്ടിലോറിയിലേറി വാടാത്ത പടവലങ്ങയും പാവയ്ക്കയും മത്തനും വെള്ളരിയുമൊക്കെ മലയാളിക്ക്‌ സദ്യയൊരുക്കാൻ ചുരം കയറി വരുന്നതിന്റെ ബഹളം അവർക്ക്‌ കേൾക്കാൻ പറ്റിയില്ല. ലോറിയിൽക്കിടന്ന് അവർ പപ്പനാവനെ ഓർത്ത്‌ നെടുവീർപ്പിട്ടു. പപ്പനാവനാകട്ടെ, അന്നേരം തന്റെ കാർഷികജീവിതത്തിലാദ്യമായി നല്ല കീടനാശിനി വാങ്ങിവരാനായി ചന്തയിലേക്ക്‌ വെച്ചുപിടിച്ചു. 

O



10 comments:

  1. അങ്ങനെ പപ്പനാവനും ലക്ഷണമൊത്ത കൃഷിക്കാരനായി

    ReplyDelete
  2. കഥ നന്നായി എന്നാലും, മറ്റുള്ള കഥകളുടെ അത്രയ്ക്കും നന്നായില്ല എന്നൊരു തോന്നല്‍. നിങ്ങളില്‍ നിന്നും ഒരുപാടു പ്രതീക്ഷിക്കുന്നത് കൊണ്ടാവും.

    ReplyDelete
  3. വീര്യം കൂടിയ കീടനാശിനി....!

    ReplyDelete
  4. എതിരേ അയൽദേശത്ത്‌ നിന്നും പാണ്ടിലോറിയിലേറി വാടാത്ത പടവലങ്ങയും പാവയ്ക്കയും മത്തനും വെള്ളരിയുമൊക്കെ മലയാളിക്ക്‌ സദ്യയൊരുക്കാൻ ചുരം കയറി വരുന്നതിന്റെ ബഹളം അവർക്ക്‌ കേൾക്കാൻ പറ്റിയില്ല.കഥ നന്നായി..

    ReplyDelete
  5. വാചികത്തില്‍ വായിച്ചിരുന്നു :)

    ReplyDelete
  6. പറയാനുള്ളത് ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞു. ശിൽപ്പഭദ്രമായ ഒരു കഥയുമുണ്ടായി.

    ReplyDelete

  7. കാര്യമുള്ള കുഞ്ഞു കഥ.
    ഒരു കര്‍ഷക മരണംകൂടി.

    ReplyDelete
  8. വായിച്ചു. കാര്യവുമുണ്ട്

    ReplyDelete
  9. ഇത്രയും സ്നേഹം പരിചരണം നല്കിയ പച്ചക്കറി കൂട്ടങ്ങളുടെ അവസാനം ഒരു ദുരന്തമായതിൽ ദുഖമുണ്ട് ഈ വഴി പോക്കനും ......

    ReplyDelete