ഗോത്രഭൂമി ഓണപ്പതിപ്പ്, ആഗസ്റ്റ് 2015
നൂൽ
മുറിയാതെ മഴയായിരുന്നു.
തള്ളിയിറക്കപ്പെട്ടതിന്റെ
പകപ്പിൽ മേരി, ദയാരഹിതമായി ചുരംകയറിപ്പോകുന്ന ബസ്സിലേക്ക് തിളയ്ക്കുന്ന കണ്ണുകളോടെ
നോക്കി.
മാർത്തയെ
നനയാതെ ചേർത്തുപിടിക്കാൻ ഒരു വിഫലശ്രമം നടത്തി. അവളുടെ വിമ്മിക്കരച്ചിൽ നെഞ്ചിൽത്തട്ടി
പൊള്ളിയപ്പോൾ, കാട്ടുമൃഗങ്ങൾ മാത്രം സഞ്ചരിച്ചിരുന്ന ബസ്സിലേക്ക് നോക്കി മേരി കാർക്കിച്ചു
തുപ്പി. ഒരടിപോലും ചലിക്കാനാവാതെ റോഡരികിൽ അങ്ങനെ നനഞ്ഞു നിൽക്കുമ്പോൾ കരച്ചിലിന്റെ
ഒഴുക്കിനു തടയിടാൻ അത്യധികം പാടുപെട്ടു. താൻ കരഞ്ഞാൽ മാർത്തക്കൊച്ച് തളർന്നുപോകുമെന്ന്
അവൾക്കറിയാമായിരുന്നു. മരത്തലപ്പുകളിൽ നിന്നും അപ്പോൾ കനമേറിയ പുകയായി, മഞ്ഞിന്റെ കമ്പളം
ഭൂമിയിലേക്ക് ഊർന്നുവീണുകൊണ്ടിരുന്നു. കണ്ണുകാണാപ്പുകയിലും ചുരത്തിലൂടെ വാഹനങ്ങൾ ഇരമ്പിക്കയറി.
ഏതെങ്കിലും ഒരെണ്ണം വന്നിടിച്ച് രണ്ടുപേരും അങ്ങു തുലഞ്ഞുപോയിരുന്നെങ്കിലെന്ന് മേരി
പ്രാർത്ഥിച്ചു.
മാർത്തയുടെ
ഉടുപ്പിന്റെ പിന്നിലൂടെയും കാലിന്റെ വശങ്ങളിലൂടെയും വഴിഞ്ഞുവീണ ചുവപ്പൻ ചിത്രങ്ങളിലേക്ക്
അവൾ ആകുലതയോടെ നോക്കി. മഴജലത്തിൽ അത് പടരുന്നു. അവളെ അപ്പോൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
തണുപ്പിൽ പല്ലുകൾ കിടുകിടുത്തു. വാഹനങ്ങളുടെ കനമേറിയ ടയറുകളിൽ നിന്നും തെറിക്കുന്ന
ജലകണങ്ങളാൽ കാഴ്ച, തെളിഞ്ഞും മറഞ്ഞും മായികത കാട്ടിക്കൊണ്ടിരുന്നു. ടാറിനും ടയറിനുമിടയിൽ
ഈർപ്പം ചിതറുന്ന മുഴക്കം അത്രമേൽ ഭീതിദവുമായിരുന്നു. അത് രണ്ടുപേരുടെയും കാതുകളെ ഒന്നുപോലെ
കൊട്ടിയടപ്പിച്ചു.
മകളെ
ചേർത്തുപിടിച്ച് മഴയിലൂടെ ഏതോ പ്രേരകശക്തിയാൽ മേരി നടന്നു.
ജലനാരുകൾ
നേർത്തുനേർത്തു വന്നപ്പോൾ ഇടുങ്ങിയ ഹെയർപിൻ വളവുകളുടെ ഓരങ്ങളിലൂടെ സാവധാനത്തിൽ
അവർ മുകളിലേക്ക് കയറി. മാർത്തയുടെ കണ്ണുനീർ
തോർന്നിരുന്നില്ല. ക്ഷീണത്താൽ അവൾ നടക്കുവാൻ നന്നേ പ്രയാസപ്പെടുന്നത് മേരി അറിയുന്നുണ്ടായിരുന്നു.
കത്തുന്ന മെഴുകുതിരി പോലെ നെഞ്ചുരുകുന്നത് മകൾ മനസ്സിലാക്കുവാതിരിക്കാനാണ് അവൾ തുടർച്ചയായി
ശ്രമപ്പെട്ടത്.
ജനനസമയത്ത്
മാർത്ത പകർന്ന വേദനയുടെ ഓർമ്മയാൽ വർഷങ്ങൾക്ക് ശേഷം ഇന്നവൾ പുളഞ്ഞു. വിചാരങ്ങളുടെ ഉരുൾപ്പൊട്ടലിൽ
താൻ ചീരു എന്ന പെണ്ണായിരുന്ന കാലം മേരി ഓർമ്മിച്ചു. അപ്പോൾ അവർ നടന്നുനടന്ന് ചുരത്തിലെ
ജീവിതങ്ങൾക്ക് രക്ഷയേകുന്ന വിശുദ്ധനായ ഷേക്കിന്റെ ഖബറിടത്തിൽ എത്തിയിരുന്നു. ചന്ദനത്തിരികൾ
തീരാത്ത സുഗന്ധം പരത്തി പുകഞ്ഞു നിന്നു. വെള്ളത്താടിയുഴിഞ്ഞ് പുഞ്ചിരിക്കുന്ന മായികരൂപം
ഇരുവരെയും മാടിവിളിച്ചു.
പഞ്ഞിപോലെ
മൃദുലമായ പാദങ്ങളിലേക്കാണ് ചെന്നുവീണത്.
ചുരുളുകളായി
ഉയരുന്ന വെളുത്ത ധൂമവലയത്തിനുള്ളിൽ നിന്നും പ്രശാന്തതയുടെ കിരണങ്ങൾ കടന്നുവന്നു. മാർത്തക്കൊച്ചിന്റെ
കണ്ണുകൾ പിന്നിലേക്ക് മറിഞ്ഞുപോയിരുന്നു. മേരി അവളെ കുലുക്കിവിളിച്ചു. അനങ്ങുന്നില്ലെന്നു
കണ്ടപ്പോൾ അവൾ ഭയന്നു. സ്നേഹം സ്ഫുരിക്കുന്ന നോട്ടത്തോടെ അദ്ദേഹം ഒരു മൊന്തയിൽ വെള്ളം
നീട്ടി. അത് ഇരുകൈകളും നീട്ടി വാങ്ങി, മകളുടെ നാവിലേക്ക് പതിയെ ഇറ്റിച്ചുകൊണ്ടിരുന്നപ്പോൾ
ചീരു വീണ്ടും പേറ്റുനോവ് അനുഭവിച്ചു. ഒഴുകിയ ചോര അവൾ കഴുകി വെടിപ്പാക്കി. ഉടുത്തിരുന്നതിന്റെ
തുമ്പ് കീറി ഉറവ പൊതിഞ്ഞുവെച്ചു.
“വയ്യ....ഏനു
വയ്യമ്മാ …”
പ്രസവവേളയിലെ
വേദനകൾക്ക് ചാരിത്ര്യം കൊണ്ട് മറുപടി പറയേണ്ടിവന്ന കാലത്തിലേക്കാണ് മേരി ആ നിമിഷം
ചീരുവായി മടങ്ങിപ്പോയത്. കരിവെള്ളച്ചായത്തിൽ മുക്കിയ ഈർക്കിലിനാൽ ചെമ്മൺഭിത്തിയിൽ കണക്കു
തെറ്റാതെ വരച്ച ഒരു ചിത്രമെന്നപോലെ ആ നാളുകൾ ചീരുവിൽ ഒരിക്കലും മായ്ക്കുവാനാകാതെ പതിഞ്ഞുകിടക്കുകയായിരുന്നു.
“പെഴച്ചവളേ...
നീ തൊലഞ്ഞു പോ.”
രയപ്പൻ
അലറി. കെട്ടിക്കൊണ്ടുവന്നപ്പോൾ മുതൽ അവന് ചീരുവിൽ സംശയമുണ്ടായിരുന്നു. പേറിന്റെ വൈഷമ്യതകൾ
ഏറിവരുന്നതിനനുസരിച്ച് അവന് കാര്യങ്ങൾ തെളിഞ്ഞുകിട്ടി. സത്യമറിയാൻ ചെന്നപ്പോൾ മണികിലുങ്ങുന്ന വാളുമായി വെളിച്ചപ്പാട്
രഹസ്യം ഉറഞ്ഞുതുള്ളിപ്പറഞ്ഞു. പെഴച്ചവളായതുകൊണ്ടാണത്രേ പേറ്റുനോവ് കഠിനമാകുന്നത്! വയറുനിറയെ
ചാരായം മോന്തി, അവൻ ചീരുവിന്റെ മുടിക്ക് കുത്തിപ്പിടിച്ചു. ഉന്നം തെറ്റാതെ ആഞ്ഞുതൊഴിച്ചു.
അലകുമെടഞ്ഞ ഒറ്റമുറിയിൽ ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെടുകയും പിറന്നകുലത്തിനാൽ നിർദാക്ഷിണ്യം
ഭ്രഷ്ടയാക്കപ്പെടുകയും ചെയ്തെങ്കിലും രക്ഷപ്പെടുത്താൻ ആളുണ്ടായിരുന്നു. സഹായഹസ്തവുമായി
അവർ തേടിയെത്തി.
ചീരു
മേരിയായതിന്റെ അഞ്ചാംനാൾ മാർത്ത പിറന്നു.
ക്ഷീണമകന്ന്
അപ്പോൾ അവൾ അമ്മയുടെ മുഖത്തേക്ക് ആശ്വാസത്തോടെ ചിരിച്ചു. മേരിയും ഒരു കവിൾ വെള്ളമിറക്കി. മൊന്തയിലെ ജലത്തിന് ചെറുമധുരമുണ്ടായിരുന്നു
-ജീവിതത്തിന്റെ രുചി. മാർത്തയുടെ കവിളുകൾ
തുടുത്തിരുന്നു. പെണ്ണായതിന്റെ മിനുപ്പ് ഇവളിൽ എത്രവേഗമാണ് കത്തിപ്പിടിച്ചതെന്ന് മേരി
ശങ്കയോടെ ഓർത്തു.
ദൈവമേ...
ശക്തിയില്ലാത്ത എന്റെ ചിറകുകൾക്ക് കീഴിൽ ഇനിയിവളെ ഒളിപ്പിക്കണമല്ലോ.
അന്ന്
ചുരമിറങ്ങിയത് ചീരുവിനെ ഉപേക്ഷിച്ച് മേരിയെ സ്വീകരിക്കുവാനാണെങ്കിൽ ഒരിക്കൽക്കൂടി പഴയവേഷം
കെട്ടുവാനാണ് വീണ്ടും കയറുന്നത്. ഓരോരോ കാലത്ത് ഓരോരോ അത്താണികൾ. മേരിയിൽ നിന്നും
ചീരുവാകാൻ പ്രയാസമൊന്നുമില്ല. അതിനൊക്കെ എറ്റവും എളുപ്പത്തിലുള്ള സമ്പ്രദായങ്ങൾ സൃഷ്ടിക്കപ്പെട്ടു
കഴിഞ്ഞിട്ടുണ്ട്. ഓരോ പടംപൊഴിക്കലിനു പിന്നിലും ഒന്നേ വിചാരമുണ്ടായുള്ളു. മകൾക്ക് പട്ടിണിയുണ്ടാകരുതെന്നും
അവൾക്ക് നല്ല ഭക്ഷണം കൊടുക്കണമെന്നും നന്നായി പഠിപ്പിക്കണമെന്നുമുള്ള ചിന്ത. അതുമാത്രം.
മേരി
ദീർഘമായി നിശ്വസിച്ചു. അവൾ ചുറ്റും വിശുദ്ധനെ തിരഞ്ഞു. മഞ്ഞിലേക്ക് ആ രൂപം അപ്പോഴേക്കും
മറഞ്ഞുകഴിഞ്ഞിരുന്നു. ഖബറിൽ ചന്ദനത്തിരികൾ പുകഞ്ഞു. ഉൾക്കാടുകളിൽ നിന്നും ചുരം വഴി
താഴേക്ക് മഴയുടെ മണമുള്ള കാറ്റ് വീശി.
മാർത്തക്കൊച്ചിനെ
അവൾ പതിയെ താങ്ങി, എഴുന്നേൽപ്പിച്ചിരുത്തി.
ക്ഷീണവും
സങ്കടവും ഭയവുമെല്ലാം വിട്ടുമാറി അവളുടെ മുഖം കുറേശെയായി തെളിഞ്ഞു വന്നുകൊണ്ടിരിക്കുന്നതു
കണ്ടപ്പോൾ മേരി ആശ്വസിച്ചു. ഓർക്കാപ്പുറത്തുണ്ടായ
സംഭവത്തിൽ മാർത്ത ആകെ പകച്ചുപോയിരുന്നു. ഭയവും അപമാനവും ഒക്കെക്കൂടി ഒറ്റനിമിഷംകൊണ്ട്
സ്വയം ഇല്ലാതായതായി അവൾക്ക് തോന്നി. ബസ്സിൽവെച്ച്, സിന്ദൂരച്ചെപ്പ് പൊട്ടിയതുപോലെ പൊടുന്നനെ
ചുവപ്പുപടർന്നപ്പോൾ അവൾ വല്ലാതെ അന്ധാളിച്ചു. പെണ്ണുങ്ങളടക്കം ആ വണ്ടിയിലുണ്ടായിരുന്ന
സർവ്വയാത്രക്കാരും എന്തിനാണതിനിത്രയും കുരച്ചുചാടിയത്? ബസ്സ് നിർത്തിച്ച് ബലപൂർവ്വം
തങ്ങളെ മഴയിലേക്ക് ഇറക്കിവിട്ടത്...? എത്രയാലോചിച്ചിട്ടും
അവളുടെ ഇളംമനസ്സിന് ഒന്നും വ്യക്തമായില്ല. അരുതാത്തതെന്തോ തനിക്ക് സംഭവിച്ചിരിക്കുന്നതായി
മാത്രം അവൾ മനസ്സിലാക്കി.
അത്രയേറെ
ആളുകളുടെ കൂട്ടത്തിൽ ഹൃദയമുള്ള ഒരാൾപോലും ഉണ്ടായില്ലല്ലോ എന്നോർക്കുംതോറും മേരിക്ക്
വിഷമത്തേക്കാളേറെ വിദ്വേഷവും പകയുമാണ് തോന്നിയത്. ചുരമിറങ്ങി പുതുജീവിതം തുടങ്ങിയ
കാലംമുതൽ നന്മയുടെ കരങ്ങൾനീട്ടി രക്ഷയ്ക്കായി അവതരിച്ചവരുടെയെല്ലാം ഇരട്ടമുഖം കണ്ട്
ഭയന്നു ജീവിക്കുകയായിരുന്നു.. സമരത്തോട്
സമരം നടത്തി ഇത്രടമെത്തി. തീരെ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് ഇങ്ങനെയൊരു തിരിച്ചുപോക്കിന്
തയ്യാറെടുത്തത്. അടിച്ചിറക്കപ്പെട്ടിടത്തേക്ക് വലിഞ്ഞു കേറിചെല്ലാൻ ഒട്ടും മനസ്സുണ്ടായിട്ടല്ല.
മാർത്തയുമൊത്ത് അടിവാരത്ത് ഒരു ദിവസംപോലും ഇനി പിടിച്ചുനിൽക്കാനാവുമായിരുന്നില്ല.
ഇടങ്ങളിൽ
നിന്നും ഇടങ്ങളിലേക്കുള്ള യാത്ര അവസാനിക്കുന്നില്ല.
ഇലയനക്കങ്ങൾ
കേട്ട് കണ്ണുകളുയർത്തി നോക്കുമ്പോൾ ഖബറിന്റെ പിന്നിലെ കാട്ടിൽനിന്നും അസാമാന്യമായ ആകാരഭംഗിയുള്ള
ഒരു മയിൽ മെല്ലെ നടന്നുവരുന്നത് അവർ കണ്ടു. താളത്തിൽ ചുവടുകളിളക്കി അത് പീലിവിരിച്ചു.
നൂറുനൂറുകണ്ണുകൾ ചുറ്റും വിടരുന്ന കാഴ്ച കണ്ട് മേരിയും മാർത്തയും വേദനകൾ മറന്ന് പുഞ്ചിരിച്ചു.
മെല്ലെത്തിരിഞ്ഞ് കാട്ടിനുള്ളിലേക്കുതന്നെ നീങ്ങിയ മയൂരത്തെ, ഏതോ നിയോഗത്താലെന്നവണ്ണം
അമ്മയും മകളും അനുഗമിക്കുമ്പോൾ ചന്ദനത്തിരിവലയങ്ങളുടെ ശ്ലഥചലനങ്ങൾക്കൊപ്പം സഹനത്തിന്റെ
വിലാപസമാനമായ വായ്ത്താരി മുഴങ്ങി. അദൃശ്യമായ ഏതോ വിരലുകൾ തുടിയിൽ താളം പെരുക്കി.
കാട്
അവർക്കായി ഒരു വാതിൽ തുറന്നുവെച്ചിരുന്നു.
ചുരത്തിലാകട്ടെ,
ആ നേരം വിരൽവണ്ണത്തിൽ പെയ്ത പെരുമഴയിലെ ഉരുൾപ്പൊട്ടലിൽ, എല്ലാ വാഹനങ്ങളും അസ്വസ്ഥരായ
ആൾക്കൂട്ടങ്ങളെയും പേറി അനക്കമറ്റുകിടന്നു.
O