Monday 12 January 2015

നഗരം ജാഗരം

സ്നേഹരാജ്യം മാസിക ഡിസംബർ 2014




"എഴുന്നേക്കെടാ, എഴുന്നേറ്റ്‌ പോയിനെടാ..."

ആജ്ഞാസ്വരം, അപരിചിതമായിരുന്നു. അവർ കുറേയാളുകൾ ഉണ്ടെന്ന് വ്യക്തം. ആയുധങ്ങളുടെ തിളക്കവും കാണാം.

അനങ്ങിയില്ല. മാർബിൾ തിണ്ണയിൽ, ഷട്ടറിനോട്‌ കുറേക്കൂടി പറ്റിച്ചേർന്നു. ഭയമില്ലാഞ്ഞിട്ടൊന്നുമല്ല; എഴുന്നേൽക്കാനുള്ള ത്രാണി ഒട്ടുമില്ലായിരുന്നു. മുഷിഞ്ഞു കീറിയ കമ്പിളിക്കുള്ളിലേക്ക്‌ ശൈത്യം സൂചിമുള്ളുകൾ കുത്തിയിറക്കിക്കൊണ്ടിരുന്നതിനാൽ ഈ നേരം വരെ ഉറക്കം, ഇടയ്ക്കിടെ പിടി തന്നും തരാതെയും ഒളിച്ചുകളി നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

"നിന്നോട്‌ തന്നെയാ കെളവാ പറഞ്ഞേ. കേൾക്കാൻ പാടില്ലേടാ, തെണ്ടീ...!"

ഇരുമ്പുദണ്ഡ്‌ ഷട്ടറിൽ തട്ടുന്ന ഒച്ചയിൽ അറിയാതെ എഴുന്നേറ്റിരുന്നുപോയി. കാലിലെ മുറിവിൽ നിന്നും നിന്നും പഴുപ്പ്‌ കുത്തിയൊലിക്കുന്നുണ്ടായിരുന്നു. നോവുകൾ ഇരട്ടിശക്തിയോടെ ഒരു നിവർന്നുനിൽപ്പിനെ പ്രതിരോധിച്ചു. മുട്ടുകൾ, കൈകാലുകൾ, പിടലി, അരക്കെട്ട്‌ എല്ലായിടത്തും ശമിക്കാത്ത വേദനയാണ്‌. ശക്തി സംഭരിച്ച്‌ മുകളിലേക്കുയരാൻ ശ്രമിക്കുമ്പോൾ പിന്നിൽ നിന്നും ഒരു ചവിട്ടു കിട്ടി. രണ്ടു മലക്കം മറിഞ്ഞ്‌, ഫുട്‌പാത്തിന്റെ കൈവരിയിൽ ചെന്നിടിച്ചു വീണു.

വേദനകൾക്ക്‌ വേദന തന്നെയാണ്‌ മറുമരുന്ന്. മുറിവുകളാൽ മുറിവുകൾ മരവിച്ചു കഴിഞ്ഞാൽപ്പിന്നെ ഒന്നുമറിയില്ല.

ഇരുട്ടിൽ, നിരത്തിലൂടെ വലിഞ്ഞുനിരങ്ങി നീങ്ങുമ്പോൾ ഒരു മീൻവണ്ടി മുഴക്കത്തോടെ പാഞ്ഞു പോയതിന്റെ ഈർപ്പം മുഖത്ത്‌ പാറിവീണു. ചെറുനിരത്തിലേക്ക്‌ നടവഴി മുറിയുന്ന ഇടത്തിലായി, ഒരു ചവറുവീപ്പ നിർമ്മിച്ച ഇരുട്ടിലേക്ക്‌ ശരീരത്തെ ഭദ്രമായി ഒളിപ്പിച്ചു.

എവിടെയെല്ലാം അലഞ്ഞുതിരിഞ്ഞാലും, എത്ര ഇരുട്ടിയാലും ആ ജൂവലറിയുടെ പുറംതിണ്ണയിലെ മാർബിൾത്തണുപ്പിൽ വന്നുചേരാതെ തലചായ്ക്കാനാവില്ല. പണ്ട്‌ ആ കടയ്ക്കുള്ളിലെ ഒട്ടും പതുപതുപ്പില്ലാത്ത കസേരയിൽ എത്ര ഇരുന്നിട്ടുള്ളതാണ്‌. ഒറ്റചവിട്ടിനു തന്നെയാണ്‌ ആ ഇരിപ്പിടത്തിൽ നിന്ന് തെറിച്ചു വീണതും.

മുറിവുകൾക്കല്ല, ഓർമകൾക്കാണ്‌ ഏറ്റവും തീവ്രമായ വേദന.

ഇതാ, അവരിപ്പോൾ ഷട്ടറുകൾക്ക്‌ മുന്നിലായി വലിയ ഒരു ടാർപ്പോളിൻ ഷീറ്റ്‌ വലിച്ചു കെട്ടിക്കഴിഞ്ഞല്ലോ. എന്താണവർ അവിടെ ചെയ്യാൻ പോകുന്നത്‌..? താഴുകൾ തകർക്കാനുള്ള ശ്രമമാണെന്നു തോന്നുന്നു. നിരത്തിലെങ്ങും ആരെയും കാണാനില്ല. എത്ര ലാഘവത്തോടെയാണ്‌ അവർ ഒരു വലിയ മോഷണം നടത്താൻ പോകുന്നത്‌? ആരെയാണ്‌ വിളിക്കേണ്ടത്‌...?  

ശബ്ദം തൊണ്ടയിൽ കുടുങ്ങിപ്പോയിരിക്കുന്നു. അതാ അവർ ഷട്ടറുകൾ തുറന്നു കഴിഞ്ഞു. 

മോനേ... നമ്മുടെ സ്വർണ്ണക്കട ആരൊക്കെയോ ചേർന്ന് കൊള്ളയടിക്കാൻ  പോകുന്നെന്നുള്ള വിവരം വേഗം നിന്നെയൊന്നറിയിക്കണമെങ്കിൽ, എനിക്കിപ്പോ യാതൊരു മാർഗ്ഗങ്ങളുമില്ലല്ലോടാ!

O