Wednesday 4 July 2012

തള്ളവിരൽ

സ്നേഹരാജ്യം മാസിക, മാർച്ച്‌ 2013





ട്ടും കാത്തുനിൽക്കേണ്ടിവരാതെ, ഞങ്ങൾക്കായി തടവറയുടെ വാതിൽ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ തുറന്നു.

സബ്‌ ജയിലിനു മുന്നിലെ കൂറ്റൻ വാതിലിന്റെ കുഞ്ഞുഷട്ടറിൽ തട്ടി ഒച്ചയുണ്ടാക്കുന്നതു കൊണ്ട്‌ മാത്രമല്ല ഡ്യൂട്ടിക്കായി എത്തിച്ചേരുന്ന പോലീസുകാരുടെ സാന്നിധ്യം അകത്തുള്ള ഗാർഡ്‌ തിരിച്ചറിയുന്നത്‌. വാതിലിനു താഴെയുള്ള വിടവിലൂടെ, മങ്ങിയ ഷൂസുകളുടെ മുനയടയാളങ്ങൾ നീട്ടിത്തെളിച്ചുകൊടുക്കും.

മഴപെയ്തു നനഞ്ഞ തറയോടുകളിൽ കാൽവഴുക്കാതെ ഉള്ളിലേക്ക്‌ പ്രവേശിക്കുമ്പോൾ, പുറത്ത്‌ പഴയ ജീപ്പ്‌ കാത്തുകിടന്നു. ജീപ്പിനപ്പുറം പോലീസ്‌ ക്ലബ്ബിന്റെ പൗരാണികമായ മൗനത്തെ, ചുവന്ന ചേലചുറ്റിയ തൂപ്പുകാരി ഈർക്കിലുകളാൽ വെടിപ്പാക്കിക്കൊണ്ടിരുന്ന കാഴ്ചയെ മറച്ചുകൊണ്ട്‌ പിന്നിൽ കവാടമടഞ്ഞു. എന്നോടൊപ്പമുള്ള ദേവദാസിന്റെ പക്കലുള്ള  കൈവിലങ്ങിന്റെ പല്ലുകൾ അന്നേരം കിരുകിരാന്ന് ഞെരിഞ്ഞു.

ഗാർഡ്‌ പരിചിതഭാവത്തിൽ ചിരിച്ചു. കുറച്ചുകാലമായി സ്ഥിരമായി കാണാറുള്ള മുഖം. ഇവിടെ വാർഡൻമാരുടെ എണ്ണം വളരെ പരിമിതമാണ്‌. നിയമനം കിട്ടി എത്തുന്നവർ ഒരു ജയിലറകളിലും ഏറെനാൾ തങ്ങാറില്ല. തടവറകളുടെ ഭീകരമൗനത്തിനും മരണഗന്ധത്തിനും മടുപ്പിക്കുന്ന ചര്യകൾക്കും മുന്നിൽ ജീവിതദുരിതങ്ങളെ വെച്ച്‌ പ്രതിരോധിക്കാൻ മനസ്സുറപ്പുള്ളവർ മാത്രം അവശേഷിക്കും. ഒരിക്കൽ കണ്ട മുഖങ്ങൾ പിന്നെ എങ്ങോട്ട്‌ പോകുന്നെന്നുമറിയില്ല.

കവാടത്തിനെതിരായുള്ള നീളൻകെട്ടിടത്തിലെ ജയിൽമുറികളുടെ ഇരുമ്പഴികൾക്കപ്പുറത്തു നിന്നും ചില കണ്ണുകൾ തെറിച്ചുവന്നു. ചുഴിഞ്ഞെത്തുന്ന കൺമുനകൾ. നിർജ്ജീവമായ നോട്ടങ്ങൾ. ചില പ്രകാശപ്പൊട്ടുകളും.

ഈറനുണങ്ങാത്ത, മടുപ്പിക്കുന്ന ഗന്ധം ജയിലഴികൾക്കുള്ളിൽ നിന്നും പുറത്തേക്ക്‌ വമിച്ചു കൊണ്ടിരുന്നു. ഇവിടമാകെ അത്‌ നിറഞ്ഞുനിൽക്കുന്നുണ്ട്‌. കാലങ്ങളായി പുറത്തേക്കൊഴുകാനാവാതെ നിന്നു കറങ്ങുന്ന സ്വാതന്ത്ര്യത്തിന്റെ മുഷിഞ്ഞ ഗന്ധത്തിനോട്‌ ബീഡിപ്പുക ഇഴചേർന്നു കിടന്നു. ജയിലിനു മാത്രമായുള്ള ഒരാകാശം കണ്ണീരുണങ്ങിയ പാടുമായി നിർവ്വികാരതയോടെ നിൽക്കുന്നുണ്ടായിരുന്നു.

തൂവാനം വീണുകിടന്ന വരാന്തയിലെ വെളുത്ത ടൈലിൽ എന്റെയും ദേവദാസിന്റെയും ഷൂസുകളിലെ ചെളിയടയാളം ഓഫീസുമുറിയോളം ഭംഗിയായി മുദ്രണം ചെയ്യപ്പെട്ടു. ഞങ്ങൾ വന്നിട്ടുള്ളത്‌, കൊലക്കേസുമായി ബന്ധപ്പെട്ടുകഴിയുന്ന ഒരു റിമാന്റ്‌ തടവുകാരനെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നതിനു വേണ്ടിയാണ്‌. 

പാസ്പോർട്ട്‌ പതിക്കണം. പ്രതിയെ ഏറ്റുവാങ്ങണം.

രജിസ്റ്ററുകൾ അടുക്കിവെച്ചിരിക്കുന്ന തുറന്ന തടിയലമാരയുടെ ഇടയിൽ നിന്ന്‌ പുള്ളിയുടുപ്പിട്ട ഒരു പാറ്റ ഇടം കണ്ണിട്ടുനോക്കി മീശ വിറപ്പിച്ചു. മഞ്ഞപ്പിത്തം വന്നു വിളറിയ മുഖത്തോടെ ഒരു ഭൂഗോളം ഗുരുത്വമില്ലാതെ മേശപ്പുറത്തു വിശ്രമിക്കുന്നുണ്ട്‌. മുറ തെറ്റാത്ത ചലനങ്ങളോടെ ഹെഡ്‌ വാർഡൻ രജിസ്റ്ററെടുത്ത്‌ പതിച്ച്‌, ഒപ്പിടാനായി ഞങ്ങൾക്ക്‌ നീക്കിവെക്കുന്ന നേരത്താണ്‌ അവൻ കടന്നുവന്നത്‌.

കൈലി മാത്രമായിരുന്നു വേഷം. ചുണ്ടിനു മുകളിൽ ഒരു പഴയ മുറിപ്പാട്‌. വെളുത്തു നീണ്ട മുഖത്തുനിന്നും പുരികങ്ങൾ എഴുന്നുനിന്നു. ഇടത്തേ തള്ളവിരലിൽ മുഷിഞ്ഞ ബാൻഡേജിന്റെ മരുന്നുണങ്ങിപ്പിടിച്ച കെട്ട്‌.

"എന്നാടാ ... ഉടുതുണിയില്ലാതാന്നോടാ ആശൂത്രിയിൽ പോകുന്നേ ?"

മുറിയുടെ മൂലയ്ക്ക്‌ പത്രത്തിൽ മുഖം പൂഴ്ത്തിയിരുന്ന ഒരാൾ ഉറക്കെ ചോദിച്ചു.

അവൻ ഒന്നു പരുങ്ങി. അതേ പരുങ്ങലോടെ ഇറങ്ങിപ്പോയി, പെട്ടെന്നു തന്നെ  ചെഗുവേരയുടെ ചിത്രമുള്ള കറുത്ത ടീഷർട്ടിനുള്ളിൽ കയറി തിരികെവന്നു. കിരുകിരുപ്പോടെ വിലങ്ങ്‌ കൈത്തണ്ടയിൽ ചെന്ന് ചുറ്റുമ്പോൾ അവൻ അതിലേക്കും ദേവദാസിന്റെ മുഖത്തേക്കും മാറിമാറി നോക്കി.

മനം മടുപ്പിക്കുന്ന ജയിൽഗന്ധത്തോടൊപ്പം അകലെ ബംഗാളിൽ നിന്നു വീശിവന്ന ഒരു കാറ്റ്‌ മുഖത്തുവന്ന് തട്ടിയതുകൊണ്ടാകണം 'നടക്കെടാ' എന്ന ദേവദാസിന്റെ ശബ്ദത്തിനൊപ്പം ഞാനൊന്നു തുമ്മി. അതുകണ്ടപ്പോൾ അവന്‌ ചിരിവന്നു. എന്നാൽ ദേവദാസിന്റെ കണ്ണുകളിലെ മൂർച്ച അവന്റെ ചിരിയടക്കി.

ശാന്തതയും അനുസരണയുമുള്ള ഒരു കുട്ടിയെപ്പോലെ 'ബണ്ടി' എന്ന ബംഗാളി യുവാവ്‌ ചുറ്റുപാടുകളെക്കുറിച്ച്‌ തീർത്തും നിസംഗനായി, ഞങ്ങളോടൊപ്പം ജീപ്പിലിരുന്നു. രണ്ടാഴ്ചകൾക്ക്‌ മുമ്പുള്ള എല്ലാ പത്രങ്ങളിലും അവന്റെ ചിത്രത്തോടുകൂടിയുള്ള വാർത്തയുണ്ടായിരുന്നു - ഹൃദയം നടുക്കിയ കൊലപാതകം.

കൊല ചെയ്യപ്പട്ടത്‌ ഒൻപതാം ക്ലാസ്‌ വിദ്യാർത്ഥിയാണ്‌. സഹപാഠികൾ ആസൂത്രണം ചെയ്ത പാതകം. കൊല്ലാനുള്ള പദ്ധതി അവർക്കുണ്ടായിരുന്നില്ല പോലും. അതേ സ്കൂളിലെ ആമിന എന്നൊരു പെൺകുട്ടിയോട്‌ പ്രണയാഭ്യർത്ഥന നടത്തിയതിന്റെ പേരിൽ സുജിത്ത്‌ എന്ന ചങ്ങാതിക്കിട്ട്‌ ഒരു പണികൊടുക്കാൻ കോഴിക്കടയിലെ പണിക്കാരനായ ബംഗാളി ചെക്കന്‌ ഒരു മൊബൈൽ ഫോൺ ക്വട്ടേഷൻ. ബണ്ടി അത്‌ പറഞ്ഞേൽപ്പിച്ചതിലും വെടിപ്പായി ചെയ്തു. അത്രമാത്രം.

നഖത്തോടൊപ്പം കടിച്ചെടുക്കപ്പെട്ട തള്ളവിരലിന്റെ ഒരു കഷ്ണം കൊലചെയ്യപ്പെട്ടവന്റെ വായിൽ നിന്ന് കിട്ടിയതാണ്‌ ബണ്ടിക്കുള്ള പണി എളുപ്പമാക്കിയത്‌. രണ്ടര മണിക്കൂറിനുള്ളിൽ കുറുക്കന്മാർ പിടിയിലായി.

ഈ സംഭവത്തിനോട്‌ ചേർന്ന് എന്തെല്ലാം ഉപകഥകളുണ്ടെന്ന് അറിയില്ല. ഇനി ഉണ്ടാകുമോ എന്നുമറിയില്ല. ദൈനംദിന സംഭവങ്ങളെ എങ്ങനെ നിരീക്ഷിക്കണമെന്നുള്ളതിന്റെ വഴിതെളിക്കാൻ മാധ്യമങ്ങൾ മത്സരിക്കുന്നുണ്ടല്ലോ.

ചീട്ടെഴുതിച്ചിട്ട്‌ സർജിക്കൽ ഒ.പി യിലേക്ക്‌ ചെന്നു. രാവിലെ നല്ല തിരക്കാണ്‌. നീണ്ട ക്യൂ കണ്ടില്ലെന്ന് നടിച്ച്‌, കാക്കിയുടെ അധികാരനടത്തത്തോടെ ഞാനും ദേവദാസും വിലങ്ങിൽ നിന്ന് താൽക്കാലികമായി മുക്തനായ ബണ്ടിയോടൊപ്പം ഉള്ളിലേക്ക്‌ കടന്നു. കണ്ണട വെച്ച ലേഡി ഡോക്ടർ ബണ്ടിയെയോ ഞങ്ങളെയോ ഒന്നു നോക്കുക കൂടി ചെയ്തില്ല. വിരൽ ഡ്രസ്‌ ചെയ്യാനായി കുറിച്ച ഒ.പി ടിക്കറ്റ്‌, അവർ മുഖമുയർത്താതെ എനിക്കു തിരികെ നീട്ടി.

ക്യൂവിൽ നിന്നവരെല്ലാം ഉദ്വേഗവും അത്ഭുതവും നിറഞ്ഞ കണ്ണുകളോടെ ബണ്ടിയെ വീക്ഷിച്ചു. പത്രത്തിൽ കണ്ട കൊലയാളിയുടെ മുഖം നേരിട്ടുകാണുന്നതിന്റെ ഭയമുണ്ടായിരുന്നു പലർക്കും. ചില രോഷം നിറഞ്ഞ മുറുമുറുപ്പുകൾ അവിടവിടെ ഉയർന്നു. ഇതിനെല്ലാമിടയിൽ, ആരാധനാപൂർവ്വമുള്ള ചില മിഴിത്തിളക്കങ്ങളെ അവഗണിച്ചുകൊണ്ട്‌ ഞങ്ങൾ ഡ്രസിംഗ്‌ റൂമിലേക്ക്‌ നടന്നു.

ഒരു സീനിയർ നഴ്സ്‌ മാത്രമാണ്‌ അവിടെയുണ്ടായിരുന്നത്‌.

അങ്ങിങ്ങ്‌ വെള്ളിപുരണ്ട മുടിയിഴകളും, ചുറ്റും കറുപ്പ്‌ വീണ കണ്ണുകളുമായി നഴ്സ്‌ യാന്ത്രികമായി ഇരിപ്പിടം ചൂണ്ടിക്കാട്ടി. ബണ്ടി അനുസരണയോടെ ഇരുന്നു.

പഴയ ബാൻഡേജ്‌ നീക്കം ചെയ്യാൻ തുടങ്ങുന്നതിനിടയിലാണ്‌ അത്‌ സംഭവിച്ചത്‌. അന്നേരമായിരിക്കണം നഴ്സ്‌ ബണ്ടിയുടെ മുഖത്തേക്ക്‌ നോക്കിയത്‌. ഒരു നടുക്കത്തിൽ അവർ വിളറുന്നത്‌ എനിക്ക്‌ കാണാൻ കഴിഞ്ഞു.

കയ്യിലിരുന്ന ആന്റിസെപ്റ്റിക്‌ ലോഷന്റെ കുപ്പി നിലത്തുവീണു ചിതറി. ചില്ലുകൾ നാലുപാടും തെറിച്ചു.

ബണ്ടി ഞെട്ടി അവരുടെ മുഖത്തേക്ക്‌ നോക്കി. ഞങ്ങളും ആകെ അമ്പരന്നു. ദേവദാസ്‌ നെറ്റിചുളിച്ച്‌ ചോദ്യഭാവത്തിൽ നഴ്സിനെ നോക്കി. അവർ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു. എന്താണ്‌ പറ്റിയതെന്ന് എനിക്കും മനസിലായില്ല.

"എന്നാ.. എന്നാ പറ്റി സിസ്റ്റർ?"

അനക്കമറ്റു നിന്ന ആ സ്ത്രീയുടെ തോളിൽ ഞാൻ കൈകളമർത്തി. ഒരു സ്വപ്നത്തിൽ നിന്നെന്ന പോലെ, പെട്ടെന്നവർ ഉണർന്ന് കണ്ണുമിഴിച്ചു.

"ഇല്ല, ഒന്നുമില്ല.... പെട്ടെന്ന് എന്തോ പോലെ. ഇപ്പോ സാരമില്ല സാർ ..."

അപാരമായ ഒരു മൗനം അപ്പോൾ അവിടേക്ക്‌ കടന്നു വന്നു. നാൽപ്പത്‌ വയസ്സിലേറെ പ്രായമുള്ള ആ സ്ത്രീയുടെ കയ്യിലിരുന്ന് സിസേഴ്സ്‌ വിറയ്ക്കുന്നത്‌ എന്നോടൊപ്പം ദേവദാസും ബണ്ടിയും കണ്ടിരിക്കണം. അവർ അസ്വസ്ഥരായി.

ദേവദാസിന്റെ ഷൂസിനടിയിൽ കുപ്പിച്ചില്ലുകൾ ഞെരിഞ്ഞു.

ബെറ്റാഡിൻ പുരട്ടിയ കോട്ടൻതുണ്ട്‌ ബണ്ടിയുടെ വിരലിൽ ചുറ്റിവെക്കുമ്പോൾ നഴ്സിന്റെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടെന്ന് എനിക്ക്‌ തോന്നി.

ഇല്ല. തോന്നലാണ്‌.

എങ്കിലും എന്തോ ചില കുഴപ്പങ്ങളുണ്ട്‌. ബണ്ടിയെന്ന ബംഗാളിയുമായി ഈ സ്ത്രീക്ക്‌ എന്താണ്‌ ബന്ധം ? അവനാണെങ്കിൽ പരിചിതഭാവങ്ങളൊന്നും തന്നെ പ്രകടിപ്പിക്കുന്നില്ല താനും. ആഎന്തുമാകട്ടെ !

കുടിക്കാൻ വെള്ളം വേണമെന്ന് ബണ്ടി ആവശ്യപ്പെട്ടപ്പോൾ അവർ ഫ്ലാസ്കിൽ നിന്നും ചൂടുവെള്ളം പകർന്നു കൊടുത്തു. നാളുകളായി ദാഹിച്ചു കഴിയുന്ന ഒരുവന്റെ ആർത്തിയോടെ അവനത്‌ ഒറ്റവലിക്കിറക്കുന്നത്‌ അവർ നോക്കിനിന്നു.

എത്ര തടഞ്ഞുവെച്ചിട്ടും ചോദിക്കാതിരിക്കാനായില്ല.

"സിസ്റ്റർ, ഇവനെ നേരത്തേ അറിയുമോ അതോ..?"

മറുപടിവാക്കുകൾ അവർ ഒന്നു വിഴുങ്ങി, അൽപനേരം നിശ്ശബ്ദയായി. പിന്നെ മൗനം മുറിച്ചു.

"ഇല്ല സാർ, പക്ഷെ ഈ തള്ളവിരലിൽ മുറിവുണ്ടാക്കിയതാരാണെന്നെനിക്കറിയാം. അറിയാം സാർ, കഴിഞ്ഞ പതിനാലു വർഷങ്ങളായി അവന്റെ ഓരോ ശ്വാസവും മിടിപ്പും. അവനെയാണ്‌.....” 

പറഞ്ഞു നിർത്തുന്നതിനു മുമ്പേ കണ്ണുകൾ നദി പോലെ ഒഴുകി.

ഒരായിരം ചില്ലുകുപ്പികൾ നിലത്തുവീണു പൊട്ടുന്ന ഒച്ചയിൽ ഡ്രസിംഗ്‌ റൂം വിറച്ചു. ബണ്ടി എന്താണ്‌ മനസ്സിലാക്കിയതെന്ന് അറിയില്ല, ഉള്ളിലേക്ക്‌ പോയ ചൂടുവെള്ളം മുഴുവൻ അവൻ ചിതറിയ ചില്ലുകഷ്ണങ്ങളിലേക്ക്‌ ഛർദ്ദിച്ചു.

വല്ലാതെ വിങ്ങുന്ന വരണ്ട ഭൂമിയെ തൊടാൻ മാത്രമല്ലാതെ, ആശുപത്രിക്ക്‌ പുറത്ത്‌ ഒരു പെരുമഴ ഇരമ്പിയാർത്തുവന്നു.


O
വര - കൃഷ്ണ ദീപക്‌


സ്നേഹരാജ്യം മാസിക, മാർച്ച്‌ 2013