Wednesday 9 September 2015

ഗദ്ദിക

ഗോത്രഭൂമി ഓണപ്പതിപ്പ്, ആഗസ്റ്റ് 2015





നൂൽ മുറിയാതെ മഴയായിരുന്നു.

തള്ളിയിറക്കപ്പെട്ടതിന്റെ പകപ്പിൽ മേരി, ദയാരഹിതമായി ചുരംകയറിപ്പോകുന്ന ബസ്സിലേക്ക് തിളയ്ക്കുന്ന കണ്ണുകളോടെ നോക്കി.

മാർത്തയെ നനയാതെ ചേർത്തുപിടിക്കാൻ ഒരു വിഫലശ്രമം നടത്തി. അവളുടെ വിമ്മിക്കരച്ചിൽ നെഞ്ചിൽത്തട്ടി പൊള്ളിയപ്പോൾ, കാട്ടുമൃഗങ്ങൾ മാത്രം സഞ്ചരിച്ചിരുന്ന ബസ്സിലേക്ക് നോക്കി മേരി കാർക്കിച്ചു തുപ്പി. ഒരടിപോലും ചലിക്കാനാവാതെ റോഡരികിൽ അങ്ങനെ നനഞ്ഞു നിൽക്കുമ്പോൾ കരച്ചിലിന്റെ ഒഴുക്കിനു തടയിടാൻ അത്യധികം പാടുപെട്ടു. താൻ കരഞ്ഞാൽ മാർത്തക്കൊച്ച് തളർന്നുപോകുമെന്ന് അവൾക്കറിയാമായിരുന്നു. മരത്തലപ്പുകളിൽ നിന്നും അപ്പോൾ കനമേറിയ പുകയായി, മഞ്ഞിന്റെ കമ്പളം ഭൂമിയിലേക്ക് ഊർന്നുവീണുകൊണ്ടിരുന്നു. കണ്ണുകാണാപ്പുകയിലും ചുരത്തിലൂടെ വാഹനങ്ങൾ ഇരമ്പിക്കയറി. ഏതെങ്കിലും ഒരെണ്ണം വന്നിടിച്ച് രണ്ടുപേരും അങ്ങു തുലഞ്ഞുപോയിരുന്നെങ്കിലെന്ന് മേരി പ്രാർത്ഥിച്ചു.

മാർത്തയുടെ ഉടുപ്പിന്റെ പിന്നിലൂടെയും കാലിന്റെ വശങ്ങളിലൂടെയും വഴിഞ്ഞുവീണ ചുവപ്പൻ ചിത്രങ്ങളിലേക്ക് അവൾ ആകുലതയോടെ നോക്കി. മഴജലത്തിൽ അത് പടരുന്നു. അവളെ അപ്പോൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. തണുപ്പിൽ പല്ലുകൾ കിടുകിടുത്തു. വാഹനങ്ങളുടെ കനമേറിയ ടയറുകളിൽ നിന്നും തെറിക്കുന്ന ജലകണങ്ങളാൽ കാഴ്ച, തെളിഞ്ഞും മറഞ്ഞും മായികത കാട്ടിക്കൊണ്ടിരുന്നു. ടാറിനും ടയറിനുമിടയിൽ ഈർപ്പം ചിതറുന്ന മുഴക്കം അത്രമേൽ ഭീതിദവുമായിരുന്നു. അത് രണ്ടുപേരുടെയും കാതുകളെ ഒന്നുപോലെ കൊട്ടിയടപ്പിച്ചു.

മകളെ ചേർത്തുപിടിച്ച് മഴയിലൂടെ ഏതോ പ്രേരകശക്തിയാൽ മേരി നടന്നു.

ജലനാരുകൾ നേർത്തുനേർത്തു വന്നപ്പോൾ ഇടുങ്ങിയ ഹെയർപിൻ വളവുകളുടെ ഓരങ്ങളിലൂടെ സാവധാനത്തിൽ അവർ മുകളിലേക്ക് കയറി. മാർത്തയുടെ കണ്ണുനീർ തോർന്നിരുന്നില്ല. ക്ഷീണത്താൽ അവൾ നടക്കുവാൻ നന്നേ പ്രയാസപ്പെടുന്നത് മേരി അറിയുന്നുണ്ടായിരുന്നു. കത്തുന്ന മെഴുകുതിരി പോലെ നെഞ്ചുരുകുന്നത് മകൾ മനസ്സിലാക്കുവാതിരിക്കാനാണ്‌ അവൾ തുടർച്ചയായി ശ്രമപ്പെട്ടത്.

ജനനസമയത്ത് മാർത്ത പകർന്ന വേദനയുടെ ഓർമ്മയാൽ വർഷങ്ങൾക്ക് ശേഷം ഇന്നവൾ പുളഞ്ഞു. വിചാരങ്ങളുടെ ഉരുൾപ്പൊട്ടലിൽ താൻ ചീരു എന്ന പെണ്ണായിരുന്ന കാലം മേരി ഓർമ്മിച്ചു. അപ്പോൾ അവർ നടന്നുനടന്ന് ചുരത്തിലെ ജീവിതങ്ങൾക്ക് രക്ഷയേകുന്ന വിശുദ്ധനായ ഷേക്കിന്റെ ഖബറിടത്തിൽ എത്തിയിരുന്നു. ചന്ദനത്തിരികൾ തീരാത്ത സുഗന്ധം പരത്തി പുകഞ്ഞു നിന്നു. വെള്ളത്താടിയുഴിഞ്ഞ് പുഞ്ചിരിക്കുന്ന മായികരൂപം ഇരുവരെയും മാടിവിളിച്ചു.

പഞ്ഞിപോലെ മൃദുലമായ പാദങ്ങളിലേക്കാണ്‌ ചെന്നുവീണത്.

ചുരുളുകളായി ഉയരുന്ന വെളുത്ത ധൂമവലയത്തിനുള്ളിൽ നിന്നും പ്രശാന്തതയുടെ കിരണങ്ങൾ കടന്നുവന്നു. മാർത്തക്കൊച്ചിന്റെ കണ്ണുകൾ പിന്നിലേക്ക് മറിഞ്ഞുപോയിരുന്നു. മേരി അവളെ കുലുക്കിവിളിച്ചു. അനങ്ങുന്നില്ലെന്നു കണ്ടപ്പോൾ അവൾ ഭയന്നു. സ്നേഹം സ്ഫുരിക്കുന്ന നോട്ടത്തോടെ അദ്ദേഹം ഒരു മൊന്തയിൽ വെള്ളം നീട്ടി. അത് ഇരുകൈകളും നീട്ടി വാങ്ങി, മകളുടെ നാവിലേക്ക് പതിയെ ഇറ്റിച്ചുകൊണ്ടിരുന്നപ്പോൾ ചീരു വീണ്ടും പേറ്റുനോവ് അനുഭവിച്ചു. ഒഴുകിയ ചോര അവൾ കഴുകി വെടിപ്പാക്കി. ഉടുത്തിരുന്നതിന്റെ തുമ്പ് കീറി ഉറവ പൊതിഞ്ഞുവെച്ചു.

“വയ്യ....ഏനു വയ്യമ്മാ

പ്രസവവേളയിലെ വേദനകൾക്ക് ചാരിത്ര്യം കൊണ്ട് മറുപടി പറയേണ്ടിവന്ന കാലത്തിലേക്കാണ്‌ മേരി ആ നിമിഷം ചീരുവായി മടങ്ങിപ്പോയത്. കരിവെള്ളച്ചായത്തിൽ മുക്കിയ ഈർക്കിലിനാൽ ചെമ്മൺഭിത്തിയിൽ കണക്കു തെറ്റാതെ വരച്ച ഒരു ചിത്രമെന്നപോലെ ആ നാളുകൾ ചീരുവിൽ ഒരിക്കലും മായ്ക്കുവാനാകാതെ പതിഞ്ഞുകിടക്കുകയായിരുന്നു.

“പെഴച്ചവളേ... നീ തൊലഞ്ഞു പോ.”

രയപ്പൻ അലറി. കെട്ടിക്കൊണ്ടുവന്നപ്പോൾ മുതൽ അവന്‌ ചീരുവിൽ സംശയമുണ്ടായിരുന്നു. പേറിന്റെ വൈഷമ്യതകൾ ഏറിവരുന്നതിനനുസരിച്ച് അവന്‌ കാര്യങ്ങൾ തെളിഞ്ഞുകിട്ടി. സത്യമറിയാൻ ചെന്നപ്പോൾ മണികിലുങ്ങുന്ന വാളുമായി വെളിച്ചപ്പാട് രഹസ്യം ഉറഞ്ഞുതുള്ളിപ്പറഞ്ഞു. പെഴച്ചവളായതുകൊണ്ടാണത്രേ പേറ്റുനോവ് കഠിനമാകുന്നത്! വയറുനിറയെ ചാരായം മോന്തി, അവൻ ചീരുവിന്റെ മുടിക്ക് കുത്തിപ്പിടിച്ചു. ഉന്നം തെറ്റാതെ ആഞ്ഞുതൊഴിച്ചു. അലകുമെടഞ്ഞ ഒറ്റമുറിയിൽ ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെടുകയും പിറന്നകുലത്തിനാൽ നിർദാക്ഷിണ്യം ഭ്രഷ്ടയാക്കപ്പെടുകയും ചെയ്തെങ്കിലും രക്ഷപ്പെടുത്താൻ ആളുണ്ടായിരുന്നു. സഹായഹസ്തവുമായി അവർ തേടിയെത്തി.

ചീരു മേരിയായതിന്റെ അഞ്ചാംനാൾ മാർത്ത പിറന്നു.

ക്ഷീണമകന്ന് അപ്പോൾ അവൾ അമ്മയുടെ മുഖത്തേക്ക് ആശ്വാസത്തോടെ ചിരിച്ചു. മേരിയും ഒരു കവിൾ വെള്ളമിറക്കി. മൊന്തയിലെ ജലത്തിന്‌ ചെറുമധുരമുണ്ടായിരുന്നു -ജീവിതത്തിന്റെ രുചി. മാർത്തയുടെ കവിളുകൾ തുടുത്തിരുന്നു. പെണ്ണായതിന്റെ മിനുപ്പ് ഇവളിൽ എത്രവേഗമാണ്‌ കത്തിപ്പിടിച്ചതെന്ന് മേരി ശങ്കയോടെ ഓർത്തു.

ദൈവമേ... ശക്തിയില്ലാത്ത എന്റെ ചിറകുകൾക്ക് കീഴിൽ ഇനിയിവളെ ഒളിപ്പിക്കണമല്ലോ.

അന്ന് ചുരമിറങ്ങിയത് ചീരുവിനെ ഉപേക്ഷിച്ച് മേരിയെ സ്വീകരിക്കുവാനാണെങ്കിൽ ഒരിക്കൽക്കൂടി പഴയവേഷം കെട്ടുവാനാണ്‌ വീണ്ടും കയറുന്നത്. ഓരോരോ കാലത്ത് ഓരോരോ അത്താണികൾ. മേരിയിൽ നിന്നും ചീരുവാകാൻ പ്രയാസമൊന്നുമില്ല. അതിനൊക്കെ എറ്റവും എളുപ്പത്തിലുള്ള സമ്പ്രദായങ്ങൾ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഓരോ പടംപൊഴിക്കലിനു പിന്നിലും ഒന്നേ വിചാരമുണ്ടായുള്ളു. മകൾക്ക് പട്ടിണിയുണ്ടാകരുതെന്നും അവൾക്ക് നല്ല ഭക്ഷണം കൊടുക്കണമെന്നും നന്നായി പഠിപ്പിക്കണമെന്നുമുള്ള ചിന്ത. അതുമാത്രം.

മേരി ദീർഘമായി നിശ്വസിച്ചു. അവൾ ചുറ്റും വിശുദ്ധനെ തിരഞ്ഞു. മഞ്ഞിലേക്ക് ആ രൂപം അപ്പോഴേക്കും മറഞ്ഞുകഴിഞ്ഞിരുന്നു. ഖബറിൽ ചന്ദനത്തിരികൾ പുകഞ്ഞു. ഉൾക്കാടുകളിൽ നിന്നും ചുരം വഴി താഴേക്ക് മഴയുടെ മണമുള്ള കാറ്റ് വീശി.

മാർത്തക്കൊച്ചിനെ അവൾ പതിയെ താങ്ങി, എഴുന്നേൽപ്പിച്ചിരുത്തി.

ക്ഷീണവും സങ്കടവും ഭയവുമെല്ലാം വിട്ടുമാറി അവളുടെ മുഖം കുറേശെയായി തെളിഞ്ഞു വന്നുകൊണ്ടിരിക്കുന്നതു കണ്ടപ്പോൾ മേരി ആശ്വസിച്ചു. ഓർക്കാപ്പുറത്തുണ്ടായ സംഭവത്തിൽ മാർത്ത ആകെ പകച്ചുപോയിരുന്നു. ഭയവും അപമാനവും ഒക്കെക്കൂടി ഒറ്റനിമിഷംകൊണ്ട് സ്വയം ഇല്ലാതായതായി അവൾക്ക് തോന്നി. ബസ്സിൽവെച്ച്, സിന്ദൂരച്ചെപ്പ് പൊട്ടിയതുപോലെ പൊടുന്നനെ ചുവപ്പുപടർന്നപ്പോൾ അവൾ വല്ലാതെ അന്ധാളിച്ചു. പെണ്ണുങ്ങളടക്കം ആ വണ്ടിയിലുണ്ടായിരുന്ന സർവ്വയാത്രക്കാരും എന്തിനാണതിനിത്രയും കുരച്ചുചാടിയത്? ബസ്സ് നിർത്തിച്ച് ബലപൂർവ്വം തങ്ങളെ മഴയിലേക്ക് ഇറക്കിവിട്ടത്...? എത്രയാലോചിച്ചിട്ടും അവളുടെ ഇളംമനസ്സിന്‌ ഒന്നും വ്യക്തമായില്ല. അരുതാത്തതെന്തോ തനിക്ക് സംഭവിച്ചിരിക്കുന്നതായി മാത്രം അവൾ മനസ്സിലാക്കി.

അത്രയേറെ ആളുകളുടെ കൂട്ടത്തിൽ ഹൃദയമുള്ള ഒരാൾപോലും ഉണ്ടായില്ലല്ലോ എന്നോർക്കുംതോറും മേരിക്ക് വിഷമത്തേക്കാളേറെ വിദ്വേഷവും പകയുമാണ്‌ തോന്നിയത്. ചുരമിറങ്ങി പുതുജീവിതം തുടങ്ങിയ കാലംമുതൽ നന്മയുടെ കരങ്ങൾനീട്ടി രക്ഷയ്ക്കായി അവതരിച്ചവരുടെയെല്ലാം ഇരട്ടമുഖം കണ്ട് ഭയന്നു ജീവിക്കുകയായിരുന്നു.. സമരത്തോട് സമരം നടത്തി ഇത്രടമെത്തി. തീരെ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ്‌ ഇങ്ങനെയൊരു തിരിച്ചുപോക്കിന്‌ തയ്യാറെടുത്തത്. അടിച്ചിറക്കപ്പെട്ടിടത്തേക്ക് വലിഞ്ഞു കേറിചെല്ലാൻ ഒട്ടും മനസ്സുണ്ടായിട്ടല്ല. മാർത്തയുമൊത്ത് അടിവാരത്ത് ഒരു ദിവസംപോലും ഇനി പിടിച്ചുനിൽക്കാനാവുമായിരുന്നില്ല.

ഇടങ്ങളിൽ നിന്നും ഇടങ്ങളിലേക്കുള്ള യാത്ര അവസാനിക്കുന്നില്ല.

ഇലയനക്കങ്ങൾ കേട്ട് കണ്ണുകളുയർത്തി നോക്കുമ്പോൾ ഖബറിന്റെ പിന്നിലെ കാട്ടിൽനിന്നും അസാമാന്യമായ ആകാരഭംഗിയുള്ള ഒരു മയിൽ മെല്ലെ നടന്നുവരുന്നത് അവർ കണ്ടു. താളത്തിൽ ചുവടുകളിളക്കി അത് പീലിവിരിച്ചു. നൂറുനൂറുകണ്ണുകൾ ചുറ്റും വിടരുന്ന കാഴ്ച കണ്ട് മേരിയും മാർത്തയും വേദനകൾ മറന്ന് പുഞ്ചിരിച്ചു. മെല്ലെത്തിരിഞ്ഞ് കാട്ടിനുള്ളിലേക്കുതന്നെ നീങ്ങിയ മയൂരത്തെ, ഏതോ നിയോഗത്താലെന്നവണ്ണം അമ്മയും മകളും അനുഗമിക്കുമ്പോൾ ചന്ദനത്തിരിവലയങ്ങളുടെ ശ്ലഥചലനങ്ങൾക്കൊപ്പം സഹനത്തിന്റെ വിലാപസമാനമായ വായ്ത്താരി മുഴങ്ങി. അദൃശ്യമായ ഏതോ വിരലുകൾ തുടിയിൽ താളം പെരുക്കി.

കാട് അവർക്കായി ഒരു വാതിൽ തുറന്നുവെച്ചിരുന്നു.

ചുരത്തിലാകട്ടെ, ആ നേരം വിരൽവണ്ണത്തിൽ പെയ്ത പെരുമഴയിലെ ഉരുൾപ്പൊട്ടലിൽ, എല്ലാ വാഹനങ്ങളും അസ്വസ്ഥരായ ആൾക്കൂട്ടങ്ങളെയും പേറി അനക്കമറ്റുകിടന്നു.


O

Sunday 12 April 2015

കർത്തരീമുഖം


വാരാദ്യമാധ്യമം 2015 ഏപ്രിൽ 12



   ക്യാപ്‌ തലയിൽ നിന്നെടുത്തപ്പോഴാണ്‌ അതിലാകെ നനവു വീണിരിക്കുന്നതറിയുന്നത്‌. നിലാവിനൊപ്പം എത്ര സാന്ദ്രമായാണ്‌ മഞ്ഞു പെയ്യുന്നത്‌? ആട്ടം നടക്കുന്നു-സന്താനഗോപാലം. പ്രധാന ഉത്സവമൊന്നുമല്ല; മറ്റെന്തോ വിശേഷാൽദിനം. ക്ഷേത്രമുറ്റത്തെ തുറന്ന സ്റ്റേജാണെങ്കിലും കസേരകൾ നിരത്തിയിട്ടുണ്ട്‌; അതിൽ പകുതിയോളം നിറഞ്ഞ കാണികൾ.

കഥകളി പണ്ടേ പ്രിയമാണ്‌. പദങ്ങൾ ഉയർന്നും താഴ്‌ന്നും വീശിക്കൊണ്ടിരിക്കുന്നതു കൊണ്ടു മാത്രമാണ്‌ അങ്ങോട്ടുമിങ്ങോട്ടും ചായാതെ ഇങ്ങനെ പിടിച്ചുനിൽക്കുന്നത്‌. അല്ലെങ്കിൽ കണ്ണുകളിൽ ഇടയ്ക്കിടെ ഭാരം തൂക്കിവെക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഉറക്കത്തിന്‌ കീഴ്പ്പെട്ടുപോയേനേ. ക്ഷീണാധിക്യത്തിൽ ഇങ്ങനെ ഒരേനിൽപ്പ്‌ തുടരുന്നത്‌ അത്ര പന്തിയല്ലെന്നറിയാം. സ്റ്റേജിന്റെ വശങ്ങളിലൂടെ ഒന്നു നടന്നുവരാം. കടലക്കച്ചവടക്കാരന്റെ മുന്നിൽപ്പോയി രണ്ടു വർത്തമാനം പറയാം. ഡ്യൂട്ടി തുടങ്ങുമ്പോൾ ഒറ്റയ്ക്കായിരുന്നില്ല. ഏതോ മദ്യപൻ വീട്ടിലെ മരത്തിൽ തൂങ്ങിയെന്നുള്ള വിവരമറിഞ്ഞ്‌ ജീപ്പുവന്ന് മറ്റു രണ്ടുപേരെ എടുത്തുകൊണ്ടുപോയി. ഇവിടമാണെങ്കിൽ ചെറിയ ചില പ്രശ്നങ്ങളൊക്കെയുള്ള സ്ഥലം കൂടിയാണ്‌.

ഷൂലേസ്‌ ഒന്നു അയച്ചുകെട്ടി നിവർന്നു. പുറത്ത്‌ ചെറു തണുപ്പുണ്ടെങ്കിലും ഉള്ളു നിറയെ ഉഷ്ണം.

ചാർജ്ജ്‌ വറ്റിയ ഫോൺ കീശയിലങ്ങനെ ചത്തുകിടപ്പായിട്ട്‌ നേരമേറെയായി. വൈകുന്നേരമൊന്ന് വിളിച്ചു മിണ്ടാൻ പറ്റിയത്‌ കാര്യമായി. കഴിഞ്ഞ രാത്രിയിലും അസ്വസ്ഥതകൾ അവളെ ഉറക്കിയിട്ടില്ല. രണ്ടുതവണ അബദ്ധം പിണഞ്ഞിട്ടുള്ളതിനാൽ ഇക്കുറി വളരെ ശ്രദ്ധിക്കണമെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിരിക്കുന്നു. വയറും താങ്ങി, നോക്കിനോക്കിയിരുന്ന് പാവം ഇപ്പോൾ വിഷമിക്കുന്നുണ്ടാവും. രണ്ടു മതക്കാരായാൽ എല്ലാ ദൈവങ്ങളും അടുക്കാതെ മാറിനിൽക്കുമെന്ന് മുന്നേയ്ക്കുമുന്നേ തെളിഞ്ഞതാണല്ലോ. രക്തത്തിലുള്ള ഒരാളുടെയും സഹായമില്ല.

വീട്ടിലേക്ക്‌ നടന്നുപോകാവുന്ന ദൂരമേയുള്ളൂ. എന്നാലും ഡ്യൂട്ടി കഴിയാതെ പോകുന്നതെങ്ങനെ..? ഇന്നേവരെ കൃത്യനിർവ്വഹണത്തിൽ ഒരു വിലോപവും കാണിച്ചിട്ടില്ല.

“സാറിന്‌ ഒറക്കം വരുന്നെന്ന് തോന്നുന്നല്ലോ. ദാ, ഇതു പിടി, ഒന്നു കൊറിച്ചാൽ ഉഷാറാകും.”

ഒരു കുമ്പിൾ നീണ്ടുവന്നു. തല വെട്ടിച്ചുകൊണ്ടുള്ള ഒരു നോട്ടത്തിലൂടെ  അതു നിരസിച്ചു.

അപ്പോൾ അവൻ ഒരു കസേര എടുത്തുകൊണ്ടുവന്നിട്ടു. ആ പ്രലോഭനത്തെ അത്രപെട്ടെന്ന് കുത്തിക്കെടുത്താനായില്ല. ഒരു മനോധർമ്മത്തിൽ ശ്രദ്ധയർപ്പിച്ചുകൊണ്ട്‌ അമർന്നിരുന്നത്‌ ഓർമ്മയുണ്ട്‌. കണ്ണുതുറക്കുമ്പോൾ അരങ്ങിലെ നിലവിളക്കണഞ്ഞിരിക്കുന്നു. ആരുമില്ല. ഒഴിഞ്ഞ ഇരിപ്പിടങ്ങൾ. വൈദ്യുതവെളിച്ചങ്ങൾക്ക്‌  ചുറ്റും പ്രാണികൾ പാറി മടുത്തിരിക്കുന്നു. വിശാലമായ പൂഴിപ്പരപ്പിനു നടുവിലെ ചുറ്റുമതിലിനുള്ളിൽ ക്ഷേത്രം ഉറങ്ങുന്നു. നേരമെത്രയായി പോലും..?

പൊതുസ്ഥലങ്ങളിൽ ജോലിയെടുക്കുമ്പോൾ ഇങ്ങനെ കണ്ണടഞ്ഞു പോകാറുള്ളതല്ല. ഇരുന്നുറങ്ങുന്ന പോലീസുകാരൻ മറ്റുള്ളവർക്കെപ്പോഴും ഒരു കോമാളിയാണ്‌. ഒന്നു തട്ടിവിളിക്കാതെ ആ കടലക്കച്ചവടക്കാരൻ പൊയ്ക്കളഞ്ഞല്ലോ, മഹാപാപി.

ഷൂലേസ്‌ മുറുക്കി, പതുക്കെ എഴുന്നേറ്റ്‌ തൊപ്പി തലയിൽ ഉറപ്പിച്ചു. ഇനി നടക്കാം.

അല്ലാ, ആരോ കസേരകൾക്കിടയിൽ കിടന്നുറങ്ങുന്നുണ്ടല്ലോ. ആരാണ്‌...? എന്തായാലും ഒന്നു നോക്കിപ്പോകാം. ങേ, ഇതൊരു സ്ത്രീയാണല്ലോ!  ചരിഞ്ഞു കിടക്കുന്ന അവളുടെ വയർ പുറത്തേക്കുന്തി നിൽക്കുന്നു. ഉറക്കം തന്നെയല്ലേ..? ലാത്തി കൊണ്ട്‌ കാലുകളിൽ ഒന്നു തട്ടി, രണ്ടുമൂന്നു തവണ വിരലുകൾ മൂക്കിനടുത്ത്‌ വെച്ച്‌ ഉറപ്പിക്കേണ്ടി വന്നു. കാലുകൾക്കിടയിലൂടെ ചുവപ്പ്‌ മണ്ണിലേക്കൊഴുകിക്കിടക്കുന്നത്‌ പിന്നെയാണ്‌ കണ്ടത്‌. അങ്ങോട്ട്‌ നോക്കാൻ ഭയം തോന്നി. ഒരു വിറയൽ സിരകളിലൂടെ ശരീരമാകമാനം ഓടി.

ഡ്യൂട്ടി തുടരുകയാണ്‌.

മറ്റൊരു മനുഷ്യജീവിയുടെയും സാന്നിധ്യമില്ലാതെ, മണൽപ്പുറം മഞ്ഞുതുള്ളികളാൽ നനഞ്ഞു കിടന്നു. ക്ഷേത്രവും ദൈവവും ഉറക്കം തന്നെ. നായ്ക്കൾ നിലാവത്ത്‌ അങ്ങിങ്ങ്‌ ഓടി നടക്കുന്നുണ്ട്‌. നേരം വെളുക്കുംവരെ; ആരെങ്കിലുമെത്തിച്ചേരും വരെ, അലർട്ടായിരിക്കണം. കണ്ണുകളും കാതുകളും തുറന്നുപിടിച്ച്‌, നിലയ്ക്കാൻ തുടങ്ങുന്ന രാത്രിയുടെ പദതാളങ്ങളെ മെല്ലെ ഉള്ളിലേക്കാവാഹിച്ചു.


O

Tuesday 31 March 2015

ലോഹം


മാതൃഭൂമി വാരാന്തപ്പതിപ്പ്‌ 15 മാർച്ച്‌ 2015




"എന്താടീ കൊച്ചേ, ഈ നേരത്ത്‌...?"

മിണ്ടാനാവാത്തവളാണെന്ന് അറിയാമായിരുന്നിട്ടും അയാൾ വെറുതെ ചോദിച്ചു. ആലയിൽ തിളച്ചുകൊണ്ടിരുന്ന ഇരുമ്പിന്‌ മറയാൻ വിതുമ്പുന്ന സൂര്യന്റെ നിറമായിരുന്നു. ലോഹത്തിൽ വീണുകൊണ്ടിരുന്ന ഓരോ അടിക്കും മേൽക്കൂര ഇളകിക്കരഞ്ഞു. 

പഴകിപ്പിഞ്ഞിയ വേഷത്തിനുള്ളിൽ പെണ്ണായിത്തുടങ്ങുന്നതിന്റെ മുഴുപ്പുകളിലേക്ക്‌ അയാളുടെ കണ്ണുകൾ ഇടക്കിടെ പാറിവന്നുകൊണ്ടിരിക്കുന്നത്‌ അവൾ അറിയുന്നുണ്ടായിരുന്നു. പലവിധ ഉപകരണങ്ങളും ആയുധങ്ങളും കൂട്ടിയിട്ടിരുന്ന മൂലയിലെ പൊക്കമില്ലാത്ത ഇരുമ്പുപീഠത്തിൽ അയാൾക്കെതിരെ പതർച്ചകളില്ലാതെ അവൾ ഇരുന്നു. വളഞ്ഞുയർന്ന പുരികങ്ങൾ ഒരിക്കൽക്കൂടി അർത്ഥഗർഭമായ ചോദ്യം തൊടുത്തപ്പോൾ, ചുരുട്ടിപ്പിടിച്ചിരുന്ന കടലാസുതുണ്ട്‌ അവൾ നീട്ടി. 

ചുറ്റിക താഴെവെച്ച്‌, ചുണ്ടിന്റെ വശങ്ങളിലൂടെ ഒലിച്ചിറങ്ങിയ മുറുക്കാൻനീര്‌ ഇടതുകൈയ്യാൽ തുടച്ച്, അയാൾ അതു വാങ്ങി. നോട്ടുപുസ്തകത്തിൽ നിന്നും കീറിയെടുത്ത ആ ഒറ്റവരയൻ താൾ നിവർത്തവെ, അയാൾ ആ ചിത്രം കണ്ടു. പെൻസിൽമുനയാൽ രാകിയ ഒരു കഠാരയുടെ വായ്ത്തലത്തിളക്കം!

പരുക്കൻനിലത്ത്, അടിച്ചുടച്ച മൺകുടുക്കയിലെ നാണയങ്ങളുടെ ചിലമ്പലിൽ ആലയോടൊപ്പം അയാളും നടുങ്ങി.

O

Monday 12 January 2015

നഗരം ജാഗരം

സ്നേഹരാജ്യം മാസിക ഡിസംബർ 2014




"എഴുന്നേക്കെടാ, എഴുന്നേറ്റ്‌ പോയിനെടാ..."

ആജ്ഞാസ്വരം, അപരിചിതമായിരുന്നു. അവർ കുറേയാളുകൾ ഉണ്ടെന്ന് വ്യക്തം. ആയുധങ്ങളുടെ തിളക്കവും കാണാം.

അനങ്ങിയില്ല. മാർബിൾ തിണ്ണയിൽ, ഷട്ടറിനോട്‌ കുറേക്കൂടി പറ്റിച്ചേർന്നു. ഭയമില്ലാഞ്ഞിട്ടൊന്നുമല്ല; എഴുന്നേൽക്കാനുള്ള ത്രാണി ഒട്ടുമില്ലായിരുന്നു. മുഷിഞ്ഞു കീറിയ കമ്പിളിക്കുള്ളിലേക്ക്‌ ശൈത്യം സൂചിമുള്ളുകൾ കുത്തിയിറക്കിക്കൊണ്ടിരുന്നതിനാൽ ഈ നേരം വരെ ഉറക്കം, ഇടയ്ക്കിടെ പിടി തന്നും തരാതെയും ഒളിച്ചുകളി നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

"നിന്നോട്‌ തന്നെയാ കെളവാ പറഞ്ഞേ. കേൾക്കാൻ പാടില്ലേടാ, തെണ്ടീ...!"

ഇരുമ്പുദണ്ഡ്‌ ഷട്ടറിൽ തട്ടുന്ന ഒച്ചയിൽ അറിയാതെ എഴുന്നേറ്റിരുന്നുപോയി. കാലിലെ മുറിവിൽ നിന്നും നിന്നും പഴുപ്പ്‌ കുത്തിയൊലിക്കുന്നുണ്ടായിരുന്നു. നോവുകൾ ഇരട്ടിശക്തിയോടെ ഒരു നിവർന്നുനിൽപ്പിനെ പ്രതിരോധിച്ചു. മുട്ടുകൾ, കൈകാലുകൾ, പിടലി, അരക്കെട്ട്‌ എല്ലായിടത്തും ശമിക്കാത്ത വേദനയാണ്‌. ശക്തി സംഭരിച്ച്‌ മുകളിലേക്കുയരാൻ ശ്രമിക്കുമ്പോൾ പിന്നിൽ നിന്നും ഒരു ചവിട്ടു കിട്ടി. രണ്ടു മലക്കം മറിഞ്ഞ്‌, ഫുട്‌പാത്തിന്റെ കൈവരിയിൽ ചെന്നിടിച്ചു വീണു.

വേദനകൾക്ക്‌ വേദന തന്നെയാണ്‌ മറുമരുന്ന്. മുറിവുകളാൽ മുറിവുകൾ മരവിച്ചു കഴിഞ്ഞാൽപ്പിന്നെ ഒന്നുമറിയില്ല.

ഇരുട്ടിൽ, നിരത്തിലൂടെ വലിഞ്ഞുനിരങ്ങി നീങ്ങുമ്പോൾ ഒരു മീൻവണ്ടി മുഴക്കത്തോടെ പാഞ്ഞു പോയതിന്റെ ഈർപ്പം മുഖത്ത്‌ പാറിവീണു. ചെറുനിരത്തിലേക്ക്‌ നടവഴി മുറിയുന്ന ഇടത്തിലായി, ഒരു ചവറുവീപ്പ നിർമ്മിച്ച ഇരുട്ടിലേക്ക്‌ ശരീരത്തെ ഭദ്രമായി ഒളിപ്പിച്ചു.

എവിടെയെല്ലാം അലഞ്ഞുതിരിഞ്ഞാലും, എത്ര ഇരുട്ടിയാലും ആ ജൂവലറിയുടെ പുറംതിണ്ണയിലെ മാർബിൾത്തണുപ്പിൽ വന്നുചേരാതെ തലചായ്ക്കാനാവില്ല. പണ്ട്‌ ആ കടയ്ക്കുള്ളിലെ ഒട്ടും പതുപതുപ്പില്ലാത്ത കസേരയിൽ എത്ര ഇരുന്നിട്ടുള്ളതാണ്‌. ഒറ്റചവിട്ടിനു തന്നെയാണ്‌ ആ ഇരിപ്പിടത്തിൽ നിന്ന് തെറിച്ചു വീണതും.

മുറിവുകൾക്കല്ല, ഓർമകൾക്കാണ്‌ ഏറ്റവും തീവ്രമായ വേദന.

ഇതാ, അവരിപ്പോൾ ഷട്ടറുകൾക്ക്‌ മുന്നിലായി വലിയ ഒരു ടാർപ്പോളിൻ ഷീറ്റ്‌ വലിച്ചു കെട്ടിക്കഴിഞ്ഞല്ലോ. എന്താണവർ അവിടെ ചെയ്യാൻ പോകുന്നത്‌..? താഴുകൾ തകർക്കാനുള്ള ശ്രമമാണെന്നു തോന്നുന്നു. നിരത്തിലെങ്ങും ആരെയും കാണാനില്ല. എത്ര ലാഘവത്തോടെയാണ്‌ അവർ ഒരു വലിയ മോഷണം നടത്താൻ പോകുന്നത്‌? ആരെയാണ്‌ വിളിക്കേണ്ടത്‌...?  

ശബ്ദം തൊണ്ടയിൽ കുടുങ്ങിപ്പോയിരിക്കുന്നു. അതാ അവർ ഷട്ടറുകൾ തുറന്നു കഴിഞ്ഞു. 

മോനേ... നമ്മുടെ സ്വർണ്ണക്കട ആരൊക്കെയോ ചേർന്ന് കൊള്ളയടിക്കാൻ  പോകുന്നെന്നുള്ള വിവരം വേഗം നിന്നെയൊന്നറിയിക്കണമെങ്കിൽ, എനിക്കിപ്പോ യാതൊരു മാർഗ്ഗങ്ങളുമില്ലല്ലോടാ!

O

Thursday 2 October 2014

വെള്ളില

സ്നേഹരാജ്യം മാസിക, സെപ്റ്റംബർ 2014








പാദങ്ങൾക്കടിയിൽ ഒരില പോലും ഞെരിയുന്ന ഒച്ച കേൾപ്പിക്കാതെ ശ്രദ്ധാപൂർവ്വം നടന്ന അവർ ഇലകളുടെ നിറമുള്ളതും, ഇലച്ചാർത്തുകളെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളതുമായ വേഷം ധരിച്ചിരുന്നു. ആയുധങ്ങൾ പ്രവർത്തനസജ്ജമാക്കി ശരീരത്തോടു ചേർത്തുപിടിച്ചിരുന്നു. മരങ്ങൾക്കിടയിൽ പതുങ്ങിയും, ചിലപ്പോൾ ഒട്ടു വേഗതയോടെ തുറസ്സുകൾ പിന്നിടുകയും ചെയ്ത ആ പച്ചിലക്കൂട്ടത്തിലെ വെള്ളിലയായി ഒരു മുഖം മാത്രം ഇടയ്ക്കിടെ മിന്നിത്തെളിഞ്ഞു.
 
പൊടുന്നനെ ഒരു വെടിയൊച്ച കേട്ടു. പൊന്തകൾക്കിടയിലേക്ക്‌ എല്ലാവരും നിശ്ചലരായി. വീണ്ടുമൊരനക്കത്തിൽ തുടരെത്തുടരെ യന്ത്രത്തോക്കുകൾ ശബ്ദിക്കാൻ തുടങ്ങി. ഇലകളിലേക്ക്‌ ചോര വീണു ചിതറി.

"മോളേ......!"

ഉറക്കെയുള്ള നിലവിളി കേട്ട്‌ ഞാൻ ചാടിയെഴുന്നേറ്റു കിതച്ചു. ചില്ലുജനാലയിലൂടെ ഉള്ളിലേക്ക്‌ പതിച്ചുകൊണ്ടിരുന്ന സൂര്യകിരണങ്ങൾ കണ്ണുകളെ നൊടിനേരത്തേക്ക്‌ മഞ്ഞളിപ്പിച്ചു കളഞ്ഞു.
വീട്ടിൽത്തന്നെയാണെന്ന തിരിച്ചറിവ്‌ കിട്ടാൻ അൽപസമയമെടുത്തു. വല്ലാതെ വിയർത്തു പോയിരുന്നു. മോളേ എന്ന് അമ്മ വീണ്ടും നീട്ടിവിളിച്ചപ്പോൾ, ഒരു മൂളലിലൂടെ മാത്രമേ മറുപടി കൊടുക്കാൻ സാധിച്ചുള്ളു. നേരമൊത്തിരിയായി എന്നറിയിച്ചുകൊണ്ട്‌ ആ ശബ്ദം അകന്നുപോയി. ഉറക്കത്തിന്റെ പുതപ്പുനീക്കിയെഴുന്നേറ്റ്‌ പാദങ്ങൾ നിലത്തുതൊടുമ്പോൾ ഒരു പിറന്നാൾ ദിനത്തിലേക്കുണരുന്നതിന്റെ സുഖമെല്ലാം ആ നശിച്ച സ്വപ്നം അപഹരിച്ചിരുന്നു. അഴിഞ്ഞുലഞ്ഞ മുടി ഉച്ചിയിലേക്കുയർത്തിക്കെട്ടിവെച്ചു.

പതിയെ, ജനാലപ്പാളികൾ തുറന്നിട്ടുകൊണ്ട്‌ ഒരു കാറ്റിനെ ഉള്ളിലേക്ക്‌ പിടിച്ചു.

യൂണിഫോമിലുള്ള അച്ഛന്റെ ഛായാചിത്രത്തിലേക്ക്‌ ഇളവെയിൽ വന്നുവീഴുന്നത്‌ ഓർമകളെ തൊട്ടുണർത്തും വിധം അതിസാന്ദ്രമായ ഒരു കാഴ്ചയായിരുന്നു. അമ്മ, വേർപാടിന്റെ നിറങ്ങൾ ചാലിച്ചു വരച്ച ആ ചിത്രത്തിന്‌ സാങ്കേതികമായ ചില അപൂർണ്ണതകളുണ്ടായിരുന്നെങ്കിലും ജീവന്റെ തുടിപ്പുകൾ അതിൽ നിന്നും പ്രസരിച്ചുകൊണ്ടിരിക്കുന്നതായി അന്നേരവും എനിക്കനുഭവപ്പെട്ടു.

അറിയാതെ കണ്ണുകൾ ഈറനായി. എന്തൊക്കെയാണ്‌ ഇന്നലെ അമ്മയോട്‌ പറഞ്ഞത്‌...? ക്ലാസു കഴിഞ്ഞ്‌ വന്നുകയറിയപ്പോൾ മുതൽ തുടങ്ങിയതായിരുന്നു ആ ശണ്ഠ. പതിനെട്ടു വയസ്സ്‌ തികയാൻ പോകുന്നതിന്റെ ധാർഷ്ട്യമൊന്നുമല്ല അമ്മയുടെ മേലേക്ക്‌ ചൊരിഞ്ഞിട്ടത്‌! അച്ഛനില്ലാതെ വളരുന്ന കുട്ടിയാണ്‌; പെൺകുട്ടിയാണ്‌; ഇങ്ങനെ തെറിച്ചു നടക്കേണ്ട പ്രായമല്ല നിനക്ക്‌; നാളെമുതൽ  കോളേജ്‌ പഠനം ഞാൻ അവസാനിപ്പിക്കും; എന്നൊക്കെയുള്ള പതിവുശരങ്ങളെ പ്രതിരോധിക്കാൻ എനിക്ക്‌ വല്ലാതെ ഒച്ചയെടുക്കേണ്ടി വന്നു. അമ്മയുടെ ഓരോരോ ഉപദേശങ്ങൾ കേട്ടാൽ തോന്നും പെൺകുട്ടികൾ ഈ ലോകത്തിനു തന്നെ അധികപറ്റാണെന്ന്!
 
വാശിക്ക്‌ അത്താഴം കഴിക്കാൻ ചെന്നില്ല.

സാരിയുലയുന്ന ശബ്ദത്തിനൊപ്പം കാപ്പിയുമായി അമ്മ കടന്നുവന്നു. ആ മുഖത്ത്‌ ഇപ്പോഴുള്ള ശാന്തത കണ്ട്‌ എനിക്കത്ഭുതം തോന്നി. കപ്പ്‌ ടേബിളിൽ വെച്ചുകൊണ്ട്‌  അമ്മ കൈവശമിരുന്ന പുസ്തകം എനിക്കു നീട്ടി. അടുത്തേക്കു വന്ന് നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട്‌ പറഞ്ഞു. 

“നിനക്കുള്ള പിറന്നാൾ സമ്മാനം.”

ഞാൻ വിങ്ങിപ്പോയി. അമ്മ എന്നെ ചേർത്തു പിടിച്ചു.

“കോളേജിൽ പോകണ്ടേ. പെട്ടെന്ന് റെഡിയായില്ലേൽ ട്രെയിൻ കിട്ടില്ല. ടിഫിൻ ആയിട്ടുണ്ട്‌. വേഗമാകട്ടെ.”

ധൃതിയിൽ അമ്മ അടുക്കളയിലേക്ക്‌ പോയി.

ചിലസമയത്ത്‌ ഒന്നും പിടിച്ചാൽ കിട്ടില്ല. നാവിന്റെ കെട്ടുകളെല്ലാം പൊട്ടും. അങ്ങനെയുള്ള ഒരു ദിവസമായിരുന്നു ഇന്നലെ. ആകെ കഷ്ടമായി. അമ്മ ഇനി ആ സംഭവത്തെക്കുറിച്ച്‌ ഒരക്ഷരം മിണ്ടില്ല. മിണ്ടാനുള്ള അവസരം തരികയുമില്ല. അതാണ്‌ ഏറ്റവും വലിയ സങ്കടം. 

പച്ചിലകളുടെ പുറംചട്ടയോടുകൂടിയ ഒരു പഴയ ഡയറിയായിരുന്നു അത്‌.

സന്ദേഹത്തോടെയാണ്‌ ആദ്യപേജ്‌ മറിച്ചത്‌. കുറേ പേജുകളിൽ ഒന്നുമെഴുതിയിരുന്നില്ല. മറിച്ചു മറിച്ചു ചെന്നപ്പോൾ അച്ഛന്റെ കൈപ്പട കണ്ടു. ഡയറിയിലെ ആ പേജിലുള്ള അക്കങ്ങൾ എനിക്ക്‌ ഏറെ പരിചിതമായിരുന്നു. കൃത്യമായും പതിനെട്ടു വർഷങ്ങൾക്ക്‌ മുമ്പുള്ള എന്റെ ജന്മദിവസം! മഷിപ്പേന കൊണ്ടെഴുതിയ വടിവൊത്ത അക്ഷരങ്ങൾ കണ്ണുകൾക്ക്‌ മുന്നിൽ നീലമുത്തുകളുടെ ഒരു ചതുരം തീർത്തു.

"സ്വപ്നം പോലെ, എനിക്കിന്ന് ഒരു മകൾ പിറന്നിരിക്കുന്നു. ഈ നിമിഷം ലോകത്തിന്റെ നിറുകയിലേക്ക്‌ ഞാനും ഉയർത്തപ്പെട്ടിരിക്കുന്നു. ഭൂമിയിലെ എല്ലാ സ്വാതന്ത്ര്യത്തോടെയും അവൾ പിച്ചവെച്ച്‌ വളരുന്നത്‌ എനിക്ക്‌ കാണണം. ശരീരം കൊണ്ടല്ലാതെ, ചിന്തകളുടെ ചിറകുകളാൽ അവൾ മാനം നീളെ പറക്കട്ടെ!"

പച്ചിലക്കൂട്ടത്തിലെ വെള്ളിലയായി ആ മുഖം തെളിഞ്ഞുവന്നു.

ഡയറിയിൽ മുഖമമർത്തി കരയുമ്പോൾ, നനവുള്ള വിരലുകൾ അരുമയോടെ ചുമലിൽ വന്നു തൊട്ടു.

O



Sunday 20 July 2014

ഉപരംഗം

കാവൽകൈരളി കഥാമത്സരം, ജൂലൈ 2014






    ത്ര പെട്ടെന്നാണ്‌ കനത്ത ചൂടിലേക്ക്‌ മഴത്തുള്ളികൾ ശക്തിയോടെ വന്നു പതിച്ചത്‌. കുരുക്കുവീണ ഒരു ഹെഡ്‌ഫോൺ നാട പോലെയാണ്‌ സെൻട്രൽ ജംഗ്ഷനിലെ ട്രാഫിക്‌. അഴിക്കുംതോറും മുറുകിക്കൊണ്ടിരിക്കും. ഇന്നാണെങ്കിൽ സിഗ്നൽ ലൈറ്റുകൾ പണിമുടക്കിയ ദിവസം കൂടിയാണ്‌. 

ആകെ ബഹളം.

ഏതു കുറുക്കന്റെ കല്യാണമായിരിക്കും എന്നു ചിന്തിക്കുന്ന നേരം കൊണ്ട്‌, മഴ വന്നപോലെ മടങ്ങി. കോടതിക്കെട്ടിടത്തെയും ഗാന്ധിപ്രതിമയെയും ബന്ധിപ്പിച്ചുകൊണ്ട്‌ ആകാശത്ത്‌ പൊടുന്നനെ ഒരു മഴവില്ല് വിടർന്നുവന്നത്‌ ഡ്യൂട്ടിക്കിടയിലും സിവിൽ പോലീസ്‌ ഓഫീസർ സ്റ്റീഫന്റെ കണ്ണുകൾ കണ്ടുപിടിച്ചു. അത്ഭുതാതിരേകത്താൽ അയാളുടെ മുഖം പ്രകാശപൂർണ്ണമായി.

ട്രാഫിക്‌ ഐലൻഡിനു സമീപത്തായി, രണ്ടു പ്രധാനവീഥികളെ കൂട്ടിയിണക്കുന്ന ഭാഗത്തിന്റെ തുടക്കത്തിലുള്ള സീബ്രാ ക്രോസ്സിംഗിനപ്പുറം ഇന്നലെ വരച്ചിട്ട ചോക്കടയാളം, മഴത്തുള്ളികളാൽ പടർന്നു പോയിരിക്കുന്നതായി ഇപ്പോൾ അയാൾ കണ്ടു. വാഹനഗതാഗതത്തെ കൃത്യമായി നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ഒരു പോലീസുകാരൻ ചുറ്റും നടക്കുന്ന എല്ലാ കാഴ്ചകളും എങ്ങനെയാണ്‌ കാണുന്നതെന്ന് പലർക്കും അത്ഭുതം തോന്നാം. അതൊരു മാന്ത്രികവിദ്യയാണ്‌. എത്ര തിരക്കിനിടയിലും, ഫുട്പാത്തിലൂടെ നടന്നുപോകുന്ന ഒരു സ്കൂൾകുട്ടിയുടെ ബാഗിന്റെ പിൻഭാഗത്തു നിന്നും പറന്നുപോകുന്ന ഒരു കടലാസുതുണ്ട്‌ പോലും ദൃഷ്ടിയിൽപ്പെടാതെ പോകില്ല. മനസ്സും കണ്ണുകളും പരിശീലനം കൊണ്ടും പഴക്കംകൊണ്ടും അതിനായി പരുവപ്പെട്ടിരിക്കുന്നു. വാഹനങ്ങളുടെ നാലു പുഴകൾക്ക്‌ മദ്ധ്യത്തായി ഉയരമേറിയ ഒരു തുരുത്തിൽ നായകനെപ്പോലെ അയാൾ നിലകൊള്ളും. വേർപിരിച്ചും വിലയിപ്പിച്ചും പുഴകളുടെ സന്തുലനാവസ്ഥ പരിപാലിച്ചുകൊണ്ട്‌ അയാൾ ഒരു ദിശാസൂചികയാവും; വെറും കൈകളാൽ ഒഴുക്കിനെ നിയന്ത്രിക്കുന്ന മായാജാലം.

എല്ലാ നിയമപാലകനും ഉറക്കത്തിൽ പോലും ജാഗരൂകമായിരിക്കുന്ന ഒരു മൂന്നാംകണ്ണ്‌ സൂക്ഷിക്കുന്നുണ്ട്‌. എന്നാൽ ശ്രദ്ധയ്ക്കും സൂക്ഷ്മതയ്ക്കുമപ്പുറം വിധിയുടെ ചില വിളയാട്ടങ്ങൾ നടക്കും. ആരാലും തടുക്കാനാവാത്ത ചില നിയോഗങ്ങൾ. 

ഇന്നലെ സംഭവിച്ചത്‌ പക്ഷെ, ഒരു വിധിയുടെയും തലയിൽ കെട്ടിവെച്ച്‌ കൈയ്യൊഴിയാനാവില്ല. ഹെൽമെറ്റ്‌ ധരിക്കാതെ വന്ന ഒരു സ്കൂട്ടർ യാത്രികൻ, സിഗ്നൽ കിട്ടിയ മാത്രയിൽ വണ്ടി മുന്നോട്ടെടുക്കുന്നതിനിടയ്ക്ക്‌, അവസാനമായി ക്രോസ്‌ ചെയ്ത കാൽനടക്കാരനെ ഒഴിവാക്കാൻ വേണ്ടി വെട്ടിച്ചതാണ്‌. ഒരു ടിപ്പർ ലോറിയുടെ അടിയിലേക്ക്‌ പഴയ ബജാജ്‌ സ്കൂട്ടർ തെന്നിവീണു. വലിയ ടയറുകളുടെ ഭാരത്തിൽ നിന്നും അയാൾ കഷ്ടിച്ച്‌ രക്ഷപ്പെടുന്നത്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റീഫൻ കണ്ടു. ഓടിയെത്തുമ്പോഴേക്കും തലയിടിച്ചു വീണിടത്ത്‌ ചോര പടരുന്നതാണ്‌ കണ്ടത്‌.

സ്കൂട്ടറിന്റെ ഡാഷിൽ നിന്നും തെറിച്ചു ചിതറിയ കുപ്പിയിലെ ദ്രാവകം ചോരയുമായി ഇഴചേരുന്നതു കണ്ടു. ശരീരം ഒന്നു വിറച്ചു. മധ്യവയസ്കനായ മെലിഞ്ഞ മനുഷ്യന്റെ മുഖം സ്റ്റീഫന്‌ പരിചയമുണ്ടായിരുന്നു. 

അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാൻ, ബ്ലോക്കിൽപ്പെട്ടു കിടന്ന വാഹനങ്ങളിലെ ഒരാളും തയ്യാറായില്ല. യൂണിഫോമിലുള്ള ഒരുവന്റെ വാക്കുകളായിട്ടുപോലും ആരും തന്നെ ഗൗനിച്ചില്ല. വയർലെസ്‌ സെറ്റിൽ കൺട്രോൾ റൂമിൽ വിളിച്ചു പറഞ്ഞ്‌, വണ്ടി വരുന്നതു വരെ അയാൾക്ക്‌ നോക്കിനിൽക്കേണ്ടി വന്നു. അപ്പോഴേക്കും വൈകിയിരുന്നു.

മാഞ്ഞുപോകുന്ന ചോക്കടയാളം, സ്റ്റീഫനെ മരിച്ചയാളുടെ മുഖം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. 

എഫ്‌.സി.ഐ ഗോഡൗണിന്റെ ഭാഗത്തു നിന്നും ശരങ്ങളായി പാഞ്ഞുവന്ന വെട്ടുകിളികൾ നിമിഷനേരം നഗരത്തിനു മുകളിൽ നിശ്ചലരാകുകയും, ഒരു കൂപ്പുകുത്തി തിരികെ ആവനാഴിയിലേക്കെന്ന പോലെ മിന്നിമറയുകയും ചെയ്തു. നന്മയുടെ വിളകൾ നശിപ്പിക്കുന്ന കറുത്ത നിഴലുകൾ എല്ലാ നഗരങ്ങളിലുമുണ്ട്‌.

അവസാനിക്കാത്ത ആൾക്കൂട്ടം.

മനുഷ്യൻ എപ്പോഴും എല്ലായിടത്തും; അവസരങ്ങളിലും അനവസരങ്ങളിലും കാട്ടുന്ന ധൃതി കാണുമ്പോൾ അയാൾക്ക്‌ ചിരി വരും. എങ്ങോട്ടാണ്‌  ഈ പരക്കം പാച്ചിലെന്നോർത്ത്‌ അത്ഭുതം കൂറും. എവിടെ ചെന്നാലും തിരക്കു തന്നെ. അത്തരത്തിൽ ജീവിതമെങ്ങനെ ആസ്വദിക്കാനാവും എന്നൊരു ചോദ്യം സ്റ്റീഫൻ തന്നോടു തന്നെ ചോദിച്ചിട്ടുണ്ട്‌. തിരക്കുകളെ പ്രതിരോധിച്ചുകൊണ്ട്‌ തികഞ്ഞ സംയമനത്തോടെ ജോലി ചെയ്യുകയും കരുതലോടെ കുടുംബജീവിതം നയിക്കുകയും ചെയ്യുന്നതിൽ അയാൾ ശ്രദ്ധ പുലർത്തിയിരുന്നു.

പൊടുന്നനെ സ്റ്റീഫന്റെ കാഴ്ചയിലേക്ക്‌ അവൻ നടന്നുവന്നു. പന്ത്രണ്ടോ അതിൽ താഴെയോ വയസ്‌ പ്രായമുള്ള ആ കുട്ടി, ഇടറിയ കാൽവെയ്പ്പുകളോടെ ഫുട്‌പാത്തിന്റെ ഓരംപറ്റി എങ്ങോട്ടെന്നില്ലാതെ നടന്നു നീങ്ങുകയായിരുന്നു. ഒറ്റനിമിഷം കൊണ്ട്‌ ആ മുഖം അയാൾ തിരിച്ചറിഞ്ഞു. സ്റ്റീഫന്റെ ഉള്ളൊന്നു വിങ്ങി. അപ്രതീക്ഷിതമായി അവനെ കണ്ടപ്പോഴാണ്‌ മറവിയിൽപ്പെട്ടുപോയ പ്രാധാന്യമേറിയ ഒരു വസ്തുത അയാൾക്ക്‌ വെളിപ്പെട്ടത്‌. 

ഡ്യൂട്ടിയിറങ്ങാനുള്ള സമയമായിരുന്നു. ചെയ്ഞ്ച്‌ വന്ന സുകുവിന്‌ ഒരു ചിരി കൈമാറിയിട്ട്‌ സ്റ്റീഫൻ ധൃതിയിൽ ഫുട്‌പാത്തിലേക്ക്‌ കടന്ന്, കുട്ടിയെ ലക്ഷ്യമാക്കി നീങ്ങി. ഓർക്കാപ്പുറത്ത്‌ പിന്നിലൂടെ എത്തിയ കാക്കിയുടെ നിഴലിൽ അവൻ ഒന്നു പതറി. സ്റ്റീഫന്റെ മുഖം കണ്ടപ്പോൾ, ഭയമകന്ന് അവൻ പുഞ്ചിരിച്ചു. പാറിപ്പറന്ന മുടിയും, മുഷിഞ്ഞ വസ്ത്രങ്ങളും, ഉറക്കംമുറ്റിയ കണ്ണുകളുമായി അവൻ ആകെ ക്ഷീണിതനായിരുന്നു. നന്നായി വിശക്കുന്നുണ്ടെന്ന് ആ മുഖം വിളിച്ചു പറഞ്ഞു. സ്റ്റീഫൻ അവനെയും കൂട്ടി അടുത്തുള്ള ഹോട്ടലിലേക്ക്‌ കയറി.

പാത്രത്തിലേക്ക്‌ നോക്കി അവൻ കുറേനേരമിരുന്നു. ഭക്ഷണത്തിലേക്ക്‌ തൊടാനാഞ്ഞ വിരലുകൾ എന്തോ ഓർത്തിട്ടെന്നവണ്ണം പിൻവലിഞ്ഞു. കണ്ണുകളിൽ നീർത്തുള്ളികൾ ഉരുണ്ടുകൂടി പാത്രത്തിലേക്ക്‌ വീഴുന്നത്‌ കണ്ടപ്പോൾ, സ്റ്റീഫൻ അവന്റെ തോളിൽ മൃദുവായി തട്ടി.

“നീ അപ്പനെ കണ്ടോ?”

"ഇല്ല സാർ. എവിടാന്ന് എനിക്കറിയാമ്മേലാ... അപ്പൻ വണ്ടിയിടിച്ച്‌ ചത്തൂന്ന് കടേലെ പാപ്പിച്ചായി പറഞ്ഞു. എല്ലാടത്തും പോയി തെരക്കി സാർ.... എങ്ങും കണ്ടില്ല.”

“നീ വേഗം കഴിക്ക്‌. ഞാൻ നിന്റെ കൂടെ വരാം.”

ബന്ധുക്കളാരും ഏറ്റുവാങ്ങാൻ എത്താതിരുന്നതിനാൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തെക്കുറിച്ച്‌ അപ്പോൾ സ്റ്റീഫനോർത്തു. അന്നേരം വരെ, സത്യത്തിൽ സ്റ്റീഫനും മരണപ്പെട്ടയാളുടെ മകനെക്കുറിച്ച്‌ മറന്നുപോയിരുന്നു. ഏറെക്കാലം മുമ്പ്‌, ഒരു രാത്രികാല ബീറ്റിനിടയിലാണ്‌ രണ്ടുപേരെയും അയാൾ കണ്ടുമുട്ടുന്നത്‌. നഗരപ്രാന്തത്തിലുള്ള ഒറ്റപ്പെട്ട വീട്ടിൽ മദ്യപിച്ചു വന്ന് മകനെ തല്ലുന്ന ഒരുവന്റെ ഇടയിലേക്ക്‌ സ്റ്റീഫൻ കടന്നു ചെല്ലുകയായിരുന്നു. കൈനീട്ടി ഒന്നേ വീശിയുള്ളു. ഇടതുകവിൾ പൊത്തി അയാൾ നിലത്തിരുന്നു കരഞ്ഞു. ആറാം ക്ലാസുകാരന്റെ പാഠപുസ്തകമെല്ലം അയാൾ അഗ്നിക്കിരയാക്കി രസിക്കുകയായിരുന്നു. അവർ അച്ഛനും മകനും മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളു. കുറച്ചുനാൾ മുമ്പ്‌ അമ്മ ആരുടെയോ ഒപ്പം ഓടിപ്പോയത്രേ.

പാവം ചെറുക്കൻ. ആരും ശ്രദ്ധിക്കാനില്ലാതെ വളരുകയും നിരന്തരം മർദ്ദനമേറ്റുവാങ്ങുകയും ചെയ്തുചെയ്ത്‌ അവൻ തളർന്നിരുന്നു. എന്തായിത്തീരും അവന്റെ ഭാവി എന്നുള്ള വ്യാകുലതയിൽ പെട്ടുപോയ സ്റ്റീഫൻ, അവന്റെ അച്ഛനെ മദ്യാസക്തിയിൽ നിന്ന് രക്ഷപ്പെടുത്തുവാൻ ഒരു ഡീ-അഡിക്ഷൻ സെന്ററിൽ കൊണ്ടു ചെന്നാക്കിയതുമാണ്‌. എന്നാൽ എല്ലാം വെള്ളത്തിൽ വരച്ച വര പോലെയായിത്തീർന്നു.

ഒന്നും കഴിക്കാതെ അവൻ പാത്രത്തിൽ തന്നെ നോക്കിയിരിക്കുകയായിരുന്നു. 

സ്റ്റീഫൻ അവനെയും കൂട്ടി സ്റ്റേഷനിലേക്കും, അവിടുന്ന് മോർച്ചറിയിലേക്കും പോയി. കുറേ നൂലാമാലകളുണ്ടായിരുന്നു. സ്റ്റീഫന്റെ സാന്നിധ്യം എല്ലാം എളുപ്പമാക്കി. ഇതിനിടയിൽ ചെറുക്കൻ പറഞ്ഞതനുസരിച്ച്‌ വകയിലുള്ള ഒരു ചിറ്റപ്പനെ വിവരമറിയിക്കുകയും അയാൾ സ്ഥലത്തെത്തുകയും ചെയ്തു.

ആംബുലൻസിൽ ക്രിമറ്റോറിയത്തിലെത്തുമ്പോൾ അവിടെ വെട്ടുകിളികൾ പാറുന്നുണ്ടായിരുന്നു. അസ്ഥികൾ കരിയുന്ന മനംപുരട്ടുന്ന ഗന്ധം. ചിറ്റപ്പൻ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു. അയാളുടെ ശിരസ്സ്‌ ഒരിക്കലും നേരേ നിൽക്കില്ലേ എന്ന് സ്റ്റീഫൻ അസ്വസ്ഥപ്പെട്ടു.

ഇതിനിടയിൽ, ഡ്യൂട്ടിയുടെ അടുത്ത ടേണിൽ നിന്ന് ഒഴിവാക്കിക്കിട്ടുന്നതിനു വേണ്ടി ഒന്നു വിളിച്ചു നോക്കി. ഫോണെടുത്ത പാടെ ചെവി കൊട്ടിയടയ്ക്കേണ്ടി വന്നു. ചിലർ അങ്ങനെയാണ്‌. ഓരോരുത്തർക്കും വൈചിത്ര്യമാർന്ന ഓരോ സ്വഭാവമുണ്ട്‌. ഒരു കൂട്ടർക്ക്‌ എപ്പോഴും ആരുടെയെങ്കിലും മേൽ ചവിട്ടിക്കയറിക്കൊണ്ടിരിക്കണം. ഇമ്മാതിരി ഭർത്സനങ്ങളെ സ്റ്റീഫൻ പ്രതിരോധിച്ചിരുന്നത്‌ ന്യൂറോ ലിംഗ്വിസ്റ്റിക്‌ പ്രോഗ്രാമിംഗ്‌ എന്നൊരു വിദ്യ ഉപയോഗിച്ചാണ്‌. ആക്രമിക്കുന്ന ആളിന്റെ മുഖം, ചലിക്കാത്ത ഒരു ചിത്രമായി മനസ്സിൽ കാണും. അയാളുടെ മുഖത്തിന്റെ ഇരുവശങ്ങളിലും മൂന്നുനിറത്തിലുള്ള പെയിന്റുകൾ അടിക്കും. എന്നിട്ട്‌ മൂക്കിന്റെ തുമ്പത്തായി ഒരു കുഞ്ഞുതൊപ്പി ഒട്ടിച്ചുവെക്കുന്നതായി സങ്കൽപ്പിക്കും. അറിയാതെ പുഞ്ചിരിച്ചുപോകും. പിന്നെ ഒരു സമാധാനമാണ്‌.

സ്റ്റീഫൻ കുട്ടിയെ നോക്കി.

അവൻ നിർവ്വികാരനായി നിലകൊള്ളുകയാണ്‌. ഇനി എന്താവും അവന്റെ വിധിയെന്ന് അയാൾ ഇടയ്ക്കിടെ ഓർക്കാതിരുന്നില്ല. ഒരു കുടുംബം ശിഥിലമാകാൻ ഇപ്പോൾ അധികനേരമൊന്നും വേണ്ട. മനുഷ്യന്റെ ദുരയും ദൗർബല്യങ്ങളും ദുശ്ശീലങ്ങളും അവനെ നരകത്തിലാക്കുന്നു. ഇനി ഇവനും നടന്നു കയറേണ്ടത്‌ അതേ വഴിയിലേക്കാണ്‌. 
 
നിരത്തിൽ ഒറ്റപ്പെട്ടു പോകുന്ന ഒരു ബാല്യത്തെ കാത്തിരിക്കുന്നത്‌ ഏതൊക്കെ ഇരുട്ടുകളാവും? പെട്ടുപോയാൽ ഒരിക്കലും മോചനം കിട്ടാത്ത ഊടുവഴികൾ. നാളെ ഇവൻ ആരായിത്തീരും? ഓർത്തപ്പോൾ സ്റ്റീഫന്‌ ഒരു സമാധാനവും കിട്ടിയില്ല. ഇതിനേക്കാൾ ആർദ്രമായ പല മുഹൂർത്തങ്ങളിലൂടെയും ഇക്കാലത്തിനിടയ്ക്ക്‌ അയാൾ കടന്നുപോയിട്ടുണ്ട്‌. മനസ്സിനെ ബലപൂർവ്വം പിടിച്ചു നിർത്തിയ നാൽക്കവലകൾ. എന്നിട്ടും ഇവനോടു മാത്രമെന്താ പറഞ്ഞറിയിക്കാനാവാത്ത ഒരടുപ്പം തോന്നുന്നതെന്ന് അയാൾ ചിന്താകുലനായി.

ക്രിമറ്റോറിയത്തിന്റെ ആകാശത്ത്‌ ചാരനിറമുള്ള പുക, മേഘങ്ങളുമായി കൂടിച്ചേർന്നു. ചടങ്ങുകൾ അവസാനിച്ചു കഴിഞ്ഞപ്പോഴാണ്‌ ശ്രദ്ധിച്ചത്‌. അതുവരെ നിലത്തു നോക്കിനിന്നിരുന്ന ചിറ്റപ്പന്റെ പൊടി പോലുമില്ല. അയാൾ എവിടേക്കാണ്‌ ഇത്രപെട്ടെന്ന് പുകയായി മറഞ്ഞത്‌?

അമ്പരന്നു നിന്ന കുട്ടിയുടെ കൈത്തണ്ടയിൽ സ്റ്റീഫൻ മുറുകെപ്പിടിച്ചു.

"വരൂ.."

അവൻ അനുസരിച്ചു. അവർ നഗരത്തിരക്കിലേക്ക്‌ നടന്നുകയറി. 

സ്റ്റീഫന്‌ ഡ്യൂട്ടിയുടെ ഒരു ടേൺ കൂടി ബാക്കിയുണ്ടായിരുന്നു. അയാൾ കുട്ടിയെ ബസ്‌സ്റ്റോപ്പിലെ ചാരുബെഞ്ചിൽ ഇരുത്തിയിട്ട്‌ തട്ടേൽ കയറി. സിഗ്നൽ അതുവരെയും പുന:ക്രമീകരിച്ചിരുന്നില്ല.

സന്ധ്യാനേരത്തെ അണമുറിയാത്ത വാഹനപ്പുഴ. 

ട്രാഫിക്‌ നിയന്ത്രിക്കുന്നതിനിടയിലും അയാൾ ഇടയ്ക്കിടെ കുട്ടിയെ പാളി നോക്കുന്നുണ്ടായിരുന്നു. ടൗണിനുള്ളിൽ തന്നെയുള്ള ബാലമന്ദിരത്തെക്കുറിച്ച്‌ സ്റ്റീഫൻ അപ്പോൾ ചിന്തിച്ചു. എല്ലാ അനാഥാലയങ്ങൾക്കുമുള്ളിലെ നിറം മങ്ങിയ ജീവിതത്തെക്കുറിച്ച്‌ അയാൾ അറിവുള്ളവനായിരുന്നു. എന്തെന്നാൽ അങ്ങനെയുള്ള നാലു ചുവരുകൾക്കുള്ളിലെ ബാല്യത്തിന്റെ ഓർമ്മകൾ അയാൾക്കുള്ളിൽ ഒരിക്കലും നിറം മങ്ങിയിരുന്നില്ല.

അവിടേക്ക്‌ ഇവനെ ഉപേക്ഷിക്കണോ?

നഗരക്കാഴ്ചകളിൽ കണ്ണുകൾ മുക്കി അവൻ അനങ്ങാതിരിക്കുന്നത്‌ കണ്ടപ്പോൾ, വീട്ടിൽ ഒരാൾ കൂടി എത്തിയാൽ എങ്ങനെയാവുമെന്നും മകൾക്ക്‌ ഒപ്പം കളിക്കാൻ ഒരു കൂട്ടാകുമല്ലോ എന്നൊക്കെ ചിന്തിക്കുകയും ആ വിചാരത്തെ മനസ്സിലിട്ട്‌ ഉറപ്പിക്കുകയും ചെയ്തു. 

തിരക്ക്‌ കൂടിക്കൂടി വന്നു. ഒരു ഓട്ടോറിക്ഷ ബസ്സിനിടയിലേക്ക്‌ കുത്തിത്തിരുകുന്നതിനിടയിൽ തമ്മിൽ അൽപൊമൊന്നുരഞ്ഞു. അത്‌ തർക്കമായി. ബ്ലോക്ക്‌ വിടുവിക്കാൻ കുറേ പ്രയാസപ്പെട്ടു. എല്ലാം കഴിഞ്ഞ്‌ മടങ്ങിയെത്തുമ്പോൾ, ബസ്‌സ്റ്റോപ്പിലെ ബെഞ്ചിൽ അവനെ കാണാനില്ല. സ്റ്റീഫൻ ചുറ്റും നോക്കി. 

ഒന്നും മിണ്ടാതെ ഇവനിതെവിടെപ്പോയി ?

അയാൾ വാഹനങ്ങളുടെ വെളിച്ചത്തിനപ്പുറമുള്ള ഇരുട്ടിലേക്ക്‌ നോക്കി. ഒന്നും വ്യക്തമായില്ല. ആ ഇരുട്ടിലൂടെ കുറേദൂരം നടന്നു. നടക്കുന്നതിനിടയിൽ, വെളിച്ചം മങ്ങുന്നതോടെ നഗരത്തിൽ സജീവമാകുന്ന കഞ്ചാവ്‌ വിൽപ്പനക്കാരും സ്വവർഗ്ഗഭോഗികളും ഭിക്ഷാടനമാഫിയയുമൊക്കെ സ്റ്റീഫന്റെ ഉള്ളിലൂടെ തെളിഞ്ഞു മാഞ്ഞു. ചിലപ്പോൾ ദുരൂഹസാഹചര്യത്തിൽ കണ്ട കുട്ടിയെ പട്രോളിംഗ്‌ പാർട്ടി തന്നെ കൊണ്ടുപോയതാവാനും മതി. 

ഓർക്കാപ്പുറത്ത്‌ ചില ജീവിതരംഗങ്ങൾ, തുടക്കമാണോ ഒടുക്കമാണോ എന്ന ആശയക്കുഴപ്പുണ്ടാക്കുന്ന പശ്ചാത്തലമൊരുക്കും. തിരക്കേറിയ ഒരു പാതയിലൂടെ അവൻ വന്നു; അതേ തിരക്കിലേക്ക്‌ അലിഞ്ഞുചേർന്നു എന്നയാൾ വിശ്വസിക്കാൻ ശ്രമിച്ചു. എന്നിട്ടും, വെളിച്ചത്തിനും ഇരുട്ടിനുമിടയിൽ അയാൾ പതറി. നഗരത്തിനു മുകളിൽ വെട്ടുകിളികളൊഴിഞ്ഞ ആകാശത്ത്‌, അപ്പോൾ നക്ഷത്രങ്ങളുമില്ലായിരുന്നു.

O
 
കാവൽ കൈരളി കഥാമത്സരം