Sunday 19 February 2012

പുകമഞ്ഞ് പോലെ

മാതൃനാട്‌ മാസിക, ഒക്ടോബർ 2012




                   ഭൂമിശാസ്ത്രത്തെയും ചരിത്രത്തെയും തൊടാതെ ഒരു യാത്രകളുമില്ലെന്ന്, പണ്ട് പരിഷത്തിന്റെ പുസ്തകങ്ങളുമായി നടക്കുന്ന കാലത്ത് പ്രകാശൻ കുഴിത്തുറ പറയും. എന്നാൽ  സ്കൂൾ കാലങ്ങളിലെങ്ങും  ഈ വിഷയങ്ങളോടൊന്നും തന്നെ താല്പര്യമേതും തോന്നിയിട്ടില്ലെങ്കിലും, പ്രകാശൻ എവിടെ നിന്നോ വായിച്ചെടുത്ത് വിളമ്പുന്ന ചരിത്രത്തിന്റെ നൂലുകളും നൂലാമാലകളും എനിക്ക് താല്പര്യമായി തുടങ്ങിയത് ഏറെക്കാലം മുമ്പൊന്നുമല്ല. അക്കാലത്ത് പ്രകാശൻ, ആദിനാട്ടുള്ള ഒരു പാരലൽ കോളേജിൽ  ചരിത്രം പഠിപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളാരും തന്നെ അയാൾക്കുണ്ടായിരുന്നില്ല. എന്നോടു മാത്രം പ്രകാശൻ അതിരുവിടാത്ത ഒരടുപ്പം കാട്ടി എന്നുള്ളത്‌ വിചിത്രം.


ഒരിക്കൽ ടൗണിൽ പോയി സത്യൻ അന്തിക്കാടിന്റെ ഒരു സിനിമ  കണ്ടു  മടങ്ങുമ്പോൾ എനിക്ക്  തോന്നി, ഇങ്ങനെയൊന്നും ജീവിച്ചാൽ പോരാ..... എന്തെങ്കിലും ഒരു പണി വേണം. അങ്ങനെയാണ് ചങ്ങനാശേരിയിലുള്ള രഘുരാമൻ ചെട്ടിയാരുടെ സോപ്പുവിതരണകമ്പനിയിൽ കൊണ്ടുചെന്ന് ജീവിതം വെച്ചുകൊടുക്കുന്നത്. സോപ്പ് കൂടാതെ ചെട്ടിയാർക്ക് ഒരു പ്രമുഖ കമ്പനിയുടെ ബാറ്ററിയുടെയും ഡിസ്ട്രിബ്യുഷനുണ്ടായിരുന്നു. അഞ്ചു വാനുകളും ഒരു ലോറിയും, കോട്ടയത്തും അതിർത്തി ജില്ലകളിലുമായി നിരന്തരം സോപ്പും ബാറ്ററിയും നിറച്ച് ഓടി.

അതിലൊരു വാനിൽ, കെ.കെ. റോഡ്‌ വഴി ഇടുക്കിയുടെ പല പല  കൊച്ചുസിറ്റികളിലേക്കുള്ള ഭാരിച്ച യാത്രകളിൽ, ഡ്രൈവർ ഉണ്ണിയേട്ടനോടൊപ്പം ഞാനും ചേർന്നു. പണ്ട്   സ്വന്തമായുണ്ടായിരുന്ന  കൊക്കോ കച്ചവടം  പൊളിഞ്ഞപ്പോൾ  തടിയമ്പാട് നിന്നും ചങ്ങനാശേരിയിലെത്തി ചെട്ടിയാരോടൊപ്പം കൂടിയ പ്രാരാബ്ധക്കാരൻ  ഉണ്ണിരാജൻ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശ്രദ്ധാലുവായ ഡ്രൈവറാണ്. ആ വൈരക്കണ്ണുകൾ ഏതു മഞ്ഞിലും തുളയ്ക്കും. തേയിലനാമ്പുകൾക്ക് മുകളിലൂടെ വാഹനപാതയിലേക്ക് ഇറങ്ങിക്കിടക്കാറുള്ള വെള്ളപ്പുതപ്പ് ഭേദിക്കുവാൻ  ‍ഒരു ഫോഗ് ലാമ്പിന്റെയും ആവശ്യമില്ല. ഏതു വളവിലും മിന്നുന്ന കൈകൾ. പർവ്വതനിരയുടെ പനിനീരുമായി ഒഴുകുന്ന പുഴയുടെ പാട്ടാണ്   ഇഷ്ടന്  ഏറെ പ്രിയം.ആ ശബ്ദസൗകുമാര്യം നുകർന്ന് ചൊക്കംപെട്ടിമലയും മുല്ലപ്പെരിയാർതടങ്ങളും  എത്രയോ തവണ പുളകമണിഞ്ഞിരിക്കണം. കുളിരും കൊണ്ടു  വടക്കുപടിഞ്ഞാറോട്ട്   കുണുങ്ങിയൊഴുകി അവൾ കൊടുങ്ങല്ലൂർ കായലിലേക്ക് പോയി. ചൂർണിയെന്ന പേരും അവൾക്കുണ്ടെന്ന് പ്രകാശനാണ് പറഞ്ഞു തന്നിട്ടുള്ളത്. ചരിത്രമന്വേഷിച്ചു പോയ പ്രകാശൻ   കുറെക്കാലം വിജയാബാറിലെ ബെയററായിരുന്നു. നീല വെളിച്ചമുള്ള ലഹരിയുടെ ഭൂമികയിൽ അവൻ  നാഗത്താൻമാർക്ക് സോമരസം വിളമ്പി.

പ്രകാശനാണ്‌ ഹൈറേഞ്ചിന്റെ ചരിത്രം ഒരിക്കൽ വരച്ചുകാണിച്ചത്‌. ബ്രിട്ടീഷുകാർ പീരുമേട്ടിലെ തേയിലക്കാടുകൾ വാണിരുന്ന കാലത്ത് ഹൈറേഞ്ചിൽ നിന്ന് തുറമുഖങ്ങളിലേക്ക് തേയില കൊണ്ടു വന്നിരുന്ന കാളവണ്ടിക്കാർ പണി മുടക്കിയപ്പോൾ, സമരമൊതുക്കാൻ  മൂന്ന് ലോറികൾ ഇംഗ്ലണ്ടിൽ നിന്ന് കൊണ്ടു വന്നത്രേ. അന്ന് പീരുമേട്തോട്ടങ്ങളെ നാട്ടിൻപുറവുമായി  ബന്ധിപ്പിച്ചിരുന്ന ഒരേയൊരു കാളവണ്ടിപ്പാതയിലൂടെ മുകളിലേക്ക്  കയറിയ ആ ലോറികൾ ചുരം പിടിച്ചില്ലെന്നും കുറേക്കാലം അവ കാറ്റും മഴയും മഞ്ഞും വെയിലുമേറ്റ് മുണ്ടക്കയത്ത് കിടന്നെന്നും ഒരു കഥയുണ്ട്. അല്ല ചരിത്രമെന്ന് പ്രകാശൻ !

ഹൈറേഞ്ചിലേക്കുള്ള യാത്രകളിലെല്ലാം തന്നെ മുണ്ടക്കയത്തെത്തുമ്പോൾ ആ കാറ്റ് എന്നെ തൊടാറുണ്ട്‌. വാനിന്  പുറത്തേക്ക് കണ്ണുകൾ അറിയാതെ പരതും. ആ ലോറികൾ? അവയ്ക്ക് എന്ത് സംഭവിച്ചിരിക്കും? ഒരടയാളം പോലും അവശേഷിപ്പിക്കാതെ മണ്ണോടു ചേർന്നോ? അതോ വെള്ളക്കാർ ഇംഗ്ലണ്ടിലേക്ക് തന്നെ തിരികെ കൊണ്ടുപോയോ? അതുമല്ലെങ്കിൽ ചരിത്രസ്മാരകങ്ങളായി ഇന്നും പരിരക്ഷിച്ചു പോരുന്ന കേരളത്തിലെ റോഡുകളിൽ കൂടി ഭാരവും പേറി ഉലഞ്ഞിരിക്കുമോ ?
ആർക്കറിയാം !

എന്തായാലും യുറോപ്യൻ അധിനിവേശത്തിന്റെയും തോട്ടസംസ്കൃതിയുടെയും ആ കാലത്ത്,ചുരം കയറാതെ, ഒരു തകർന്ന വെല്ലുവിളിയുടെ ശേഷിപ്പായി  കിടന്ന ആ മൂന്ന് ലോറികളുടെയും ആത്മാവുകൾ മുണ്ടക്കയം-പീരുമേട് വഴികളിലുണ്ടാവും എന്ന് എന്തുകൊണ്ടോ ഞാൻ വിശ്വസിച്ചു. കുട്ടിക്കാനത്ത് എത്തുമ്പോഴാണ് ആ തോന്നൽ കൂടുതൽ അനുഭവപ്പെടുക. ഏതെങ്കിലും ഒരു ഹെയർപിൻ  വളവിലെ മഞ്ഞ് തുളച്ചു കൊണ്ട് അവ ഓർക്കാപ്പുറത്ത് മുരണ്ടു വരുമെന്ന് എപ്പോഴും ഞാൻ ഭയപ്പെട്ടു.

അന്ന് ഒരു റംസാൻ നോമ്പുകാലത്ത് സബ്‌ സ്റ്റോക്കിസ്റ്റിനുള്ള ലോഡുമായി കട്ടപ്പനയ്ക്ക് പോകുകയായിരുന്നു. മുണ്ടക്കയത്ത്‌ നിന്ന് തിരിയുമ്പോൾ പതിവ് പോലെ കണ്ണുകൾ ഒരു ഓട്ടപ്രദക്ഷിണം നടത്തി.

"എന്നാ കുഞ്ഞേ തെരയുന്നെ...ങാ ആ ലോറികളായിരിക്കും
അല്ലേ ?  ഇതൊക്കെ ആരും    പറഞ്ഞൊണ്ടാക്കിയ കഥകളായിരിക്കുകേല.  ഞാനും കേട്ടിട്ടൊണ്ട്.... പീരുമേട്ടിലെ തോട്ടങ്ങളൊക്കെ വെള്ളക്കാരുടേതാർന്നു. അതൊറപ്പ്  തന്നെയാ. പിന്നെ അവര് പോയ്ക്കഴിഞ്ഞപ്പളാ  തിരുവന്തപുരത്തൂന്നു രാജാവും റാണിയുമൊക്കെ വന്ന് പാർത്തത്."

"ങാഹാ അത് കൊള്ളാമല്ലോ.... ഉണ്ണ്യേട്ടനിതൊക്കെ അറിയുമോ ? "

"ഓ അതൊക്കെ എല്ലാർക്കും അറിയുന്ന കാര്യമാണന്നേ... ആരോട് ചോദിച്ചാലും പറയും. അങ്ങ് തലസ്ഥാനത്ത്‌ ചൂട് കേറുമ്പോ രാജാവും റാണിയും പരിവാരങ്ങളുമെല്ലാം മല കേറിയിങ്ങുപോരും. കുട്ടിക്കാനത്ത് നല്ല തണുപ്പല്ലായോ.. ചൂട് തീരുന്നത് വരെ പാട്ടും മേളവുമായിട്ടങ്ങു കൂടും. അങ്ങനയാ കാർന്നോമ്മാര് പറഞ്ഞ് കേട്ടിട്ടുള്ളത്. എന്നാലും ഈ  ലോറിക്കഥയൊന്നും ഞാൻ കേട്ടിട്ടൊള്ളതല്ല.. കേട്ടോ." 


ഞാൻ  ചിരിച്ചു.

ഉണ്ണിയേട്ടന് ചിലതൊക്കെ അറിയാം. വാമൊഴികൾ ചരിത്ര സത്യങ്ങളിലേക്കുള്ള ജനാലകളാണ്. നൂറ്റാണ്ടിനപ്പുറമുള്ള ഭരണസംസ്കാരത്തിന്റെ തുടിപ്പുകൾ പേറുന്ന രാജവംശങ്ങളുടെ വേനൽക്കാലവസതികളിൽ കാലം മായ്ക്കാത്ത ഏകാന്തമുദ്രകളുണ്ടാവും. കാലാകാലങ്ങളിൽ തലസ്ഥാനനഗരിയിൽ വിളംബരം ചെയ്യപ്പെട്ടിരുന്ന ഉത്തരവുകളും നിയമങ്ങളും ഭരണ സംഹിതകളുമൊക്കെ ആ അകത്തളങ്ങളിൽ ഉരുവം കൊണ്ടിട്ടുണ്ട്. പീരുമുഹമ്മദ്‌ എന്ന സിദ്ധന്റെ ഖബറിടവും പാഞ്ചാലിമേടും  പരുന്തുംപാറയും....

 ഇപ്രകാരമുള്ള ഭൂമിശാസ്ത്രമെല്ലാം എന്നിൽ കുത്തി നിറച്ച, പ്രകാശൻ കുഴിത്തുറ കഴിഞ്ഞവർഷം ഡിസംബറിൽ ആത്മഹത്യ ചെയ്തു. നാട്ടിൽ നിന്നും അവൻ സ്ഥിരമായി വണ്ടികയറി വന്നെത്താറുള്ള കുട്ടിക്കാനത്തെ പരുന്തുംപാറയിൽ നിന്ന് അവൻ ഒരു പരുന്തായി പറന്നു. ഏക സഹോദരി ഒരുവനോടൊപ്പം  ഒളിച്ചോടി  പോകുകയും അമ്മ ഹൃദയാഘാതം വന്ന് മരിക്കുകയും ചെയ്തപ്പോൾ ഒറ്റയ്ക്കായി തീർന്ന പ്രകാശൻ ഒരു ദിവസമങ്ങ് സ്വയം സ്വതന്ത്രനാകാൻ തീരുമാനിക്കുകയായിരുന്നു. എന്തിനാണവൻ ‌അത് ചെയ്തതെന്ന് ഞാൻ ഒട്ടും മനസ്സ് പുണ്ണാക്കിയില്ല. കാരണം അങ്ങനെ ചെയ്തില്ലെങ്കിൽ അവൻ പ്രകാശനാവുന്നത് എങ്ങനെ? ചരിത്രത്തിൽ ഒരടയാളവും വരച്ചിടാതെ മഞ്ഞുപാളികളിൽ പറന്നുനടക്കുന്ന പരുന്തായി മാറുന്നതെങ്ങനെ?

ഇങ്ങനെയെല്ലാം ഓരോന്ന് അലയടിച്ചുകൊണ്ടിരുന്ന നേരത്ത് വണ്ടി കുട്ടിക്കാനം ചുരം കയറുകയായിരുന്നു.   കാലങ്ങൾക്ക്  മുമ്പ്‌ മലഞ്ചരക്കുകളുമായി  കാളവണ്ടികൾ മാത്രം സഞ്ചരിച്ചിരുന്ന വഴികൾ ഇന്ന്  റബ്ബറൈസ് ചെയ്തിട്ടിരിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത   വാഹനങ്ങൾ ഓടുന്ന നീലിച്ച കറുപ്പിന് താഴെ,ചരിത്രം അമർന്നു കിടന്നു.

 കുട്ടിക്കാനവും  ഏലപ്പാറയും ചപ്പാത്തും കടന്ന് വണ്ടി കട്ടപ്പനയിലെത്തി. ലോഡിറക്കാൻ അധികസമയമെടുത്തില്ല. അഞ്ചുപേർ തകൃതിയായി പണിയെടുത്തു.
ഷോപ്പിലിരുന്ന് പണമെണ്ണി തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ ചെറുതായി മഴ തൂളി. മഴ കൂടിയാൽ മടക്കയാത്ര ദുരിതമാകുമല്ലോ എന്നോർത്തു. എന്തായാലും പെട്ടെന്നു തന്നെ ആകാശം തെളിഞ്ഞു.
കട്ടപ്പന അക്ഷരാർത്ഥത്തിൽ ഒരു ടൗണായി വളർന്നു കഴിഞ്ഞു. ബഹുനിലക്കെട്ടിടങ്ങൾ ധാരാളമായി ഉയർന്നുവന്നിട്ടുണ്ട്‌,അടുത്തകാലത്തായി. മലഞ്ചരക്ക്‌ വ്യാപാരത്തെ മറികടന്നുകൊണ്ട്‌ അനവധി ബിസിനസുകൾ തഴച്ചു തുടങ്ങിയിരിക്കുന്നു. ഷോപ്പിംഗ്‌ മാളുകളും ജൂവലറികളും ടൂറിസ്റ്റ്‌ ഹോമുകളും തലയുയർത്തി നിന്നു. ഒരു മഴയുടെ ഭീഷണി നിലനിൽക്കെ, ഉള്ള സമയത്തിന്‌ ഉണ്ണിയേട്ടനോടൊപ്പം പതിവു കേന്ദ്രം സന്ദർശിച്ചതിനു ശേഷമാണ് മലയിറങ്ങി തുടങ്ങിയത്. പോരുന്ന വഴി മാട്ടുക്കട്ടയിൽ നിർത്തി അൽപം ഉണക്കമീൻ വാങ്ങി.
സിരകളിൽ ചൂട് പടർത്തിയ  വാറ്റുചാരായവും തണുപ്പുമായുള്ള മത്സരം ഏതാണ്ട് അവസാനിക്കാറായപ്പോൾ കുട്ടിക്കാനത്തിന്റെ കോടമഞ്ഞ്‌ കണ്ണുകളെ മൂടിത്തുടങ്ങി.  ബേക്കറികൾക്കും ചെറിയ പലചരക്കുകടകൾക്കും ചായക്കടകൾക്കും മീതെ മരിയൻ കോളേജും പിന്നെ പെട്രോൾബങ്കിനുമിടയിൽ കുട്ടിക്കാനം അപ്പോൾ മഞ്ഞിൽ പുതഞ്ഞ് മിണ്ടാതെ കിടക്കുകയായിരുന്നു .

കണ്ണിമചിമ്മുന്ന നേരത്ത്, എവിടെ നിന്നാണ് ഈ പുകമഞ്ഞിറങ്ങി വരുന്നത് ? കാഴ്ചകളെ മൂടിക്കൊണ്ട്, ഞരമ്പുകളിലേക്ക് തണുപ്പ് പടർത്തിക്കൊണ്ട്, ചൂളമരങ്ങളെ പുതപ്പിച്ചു കൊണ്ട് വെളുപ്പ്‌ വന്നു നിറയുന്നത്?

അതിശയമാണ്.
താഴെ അഗാധതയിൽ മഞ്ഞുപലകകൾ നിരന്നു കഴിഞ്ഞു.
കനമേറിയ പഞ്ഞിക്കെട്ടുകൾ .
തേയിലത്തുമ്പുകൾ തണുത്തു കിടുങ്ങി.

ബ്രേക്ക് ലൈനർ ഉരഞ്ഞ് തീരുന്ന ഗന്ധം വല്ലാത്ത മനംപിരട്ടലുണ്ടാക്കും. വാൻ ചുരമിറങ്ങി ക്കൊണ്ടിരുന്നു. ഞാൻ വിൻഡ്ഷീൽഡ് അടച്ചിട്ടു. ഫോഗ് ലാമ്പിന്റെ മഞ്ഞ  വെളിച്ചത്തിൽ മുൻപിലെ റോഡ്‌ ഒഴുകി നടക്കുന്നത് ശ്രദ്ധിച്ചുകൊണ്ട് പിന്നിലേക്ക്‌ തലചായ്ക്കുമ്പോൾ, ഉണ്ണിയേട്ടൻ പതിവു പാട്ട് മൂളി. തേക്കടി,  വണ്ടിപ്പെരിയാർ, പാമ്പനാർ, ചപ്പാത്ത് വഴി ആ സമയം പെരിയാർ നിറവൈദ്യുതിയോടെ  ചെറുതോണിയിലേക്കൊഴുകി.

"എന്നാ മഞ്ഞാ   ഇത്? ഇന്ന് കുറച്ചു കടുപ്പം തന്നാ കേട്ടോ... വണ്ടിയങ്ങ് സൈഡാക്കിയാലെന്നാന്ന് ഓർക്കുവാരുന്ന്. "

ഉണ്ണിയേട്ടൻ നാവെടുത്ത്‌ വളച്ചില്ല, എവിടെ നിന്നെന്നറിയില്ല മിന്നൽ പോലെ ഒരാൾ മഞ്ഞിൽ നിന്ന് വണ്ടിക്ക് മുന്നിലേക്ക്‌ വന്നു. ഉണ്ണിയേട്ടൻ നൊടിയിടയിൽ ഇടത്തേക്ക് വെട്ടിച്ച്,പെട്ടെന്ന് തന്നെ  വലത്തേക്കൊടിച്ചു. ഇടതുവശത്തെ മഞ്ഞുപലകകളുടെ  ആഴത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടെങ്കിലും, വണ്ടിയിൽ എന്തോ മുട്ടുന്ന ശബ്ദം കേട്ടു. കോടമഞ്ഞിലേക്ക്  ഞങ്ങൾ ചാടിയിറങ്ങി.

മഞ്ഞിന്റെ കനം മെല്ലെ നീങ്ങി,തെളിവാർന്നു വരുമ്പോൾ ഒരു വൃദ്ധൻ റോഡിൽ കിടപ്പുണ്ട്. പുതച്ചിരുന്ന കമ്പിളി അടുത്ത് തന്നെ പറന്നു കിടക്കുന്നു.


എന്റെ അയ്യപ്പസ്വാമിയേ... എന്ന് ഉണ്ണിയേട്ടന്റെ ചുണ്ടുകൾ മന്ത്രിക്കുന്നത് കാറ്റിന്റെ ചൂളംവിളിക്കിടയിൽ ഞാൻ കേട്ടു. 


എന്തു ചെയ്യും? 


ഒരു വാഹനം പോലും ഇരുഭാഗത്തേക്കും കാണുന്നില്ല. തിരക്കേറിയ കെ. കെ. റോഡ്‌ പെട്ടെന്ന് ഒറ്റപ്പെട്ടത് പോലെ... ആള് മരിച്ചിട്ടുണ്ടാവുമോ?  അനക്കമില്ലല്ലോ?


ഉണ്ണിയേട്ടൻ  ധൈര്യപൂർവ്വം അടുത്തെത്തി പരിശോധിച്ചു.
ഇല്ല... കുഴപ്പമില്ല...ആള് പോയിട്ടില്ല.
എന്നതാ ഇപ്പൊ ചെയ്യുന്നേ?
ഉണ്ണിയേട്ടൻ ചോദ്യരൂപേണ എന്നെ നോക്കി. 
എന്തെങ്കിലും ചെയ്തേ മതിയാകൂ...എടുത്ത്‌ വണ്ടിയിലേക്കിട്ട്‌ ഏലപ്പാറയിലുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക്‌ കൊണ്ടുപോയാലോ ?ഇനി അഥവാ ഇയാൾ മരണപ്പെടുകയാണെങ്കിൽ കാര്യങ്ങൾ കുഴങ്ങും. ഒരു ഏടാകൂടത്തിലാണല്ലോ ഉണ്ണിയേട്ടാ നമ്മൾ വന്നു ചാടിയിരിക്കുന്നത്‌. കൊലക്കുറ്റത്തിനു സമാധാനം പറയേണ്ടിവരുമല്ലോ...ഉപേക്ഷിച്ച്‌ കടന്നുകളയാനും തോന്നുന്നില്ല.
"ഉണ്ണിയേട്ടാ..പിടിക്ക്‌ ! നമുക്കിയാളെ ആശുപത്രിയിൽ കൊണ്ടുപോകാം.എന്തും സംഭവിക്കട്ടെ !"
ഈ സമയം പുൽനാമ്പുകൾ അനങ്ങുന്നപോലെ തോന്നി. തെളിഞ്ഞു  വന്ന വെളുപ്പിനിടയിലൂടെ തേയിലക്കാടുകൾക്കിടയിൽ നിന്ന് ഒരാൾ കടന്നുവന്നു.  അകലെ നിന്ന് അയാൾ നടന്നടുത്തേക്ക് വരുമ്പോൾ ഇതിഹാസങ്ങളുടെ പൈതൃകം പേറുന്ന കുന്നിൻപുറങ്ങളിൽ പുരാതനവും വന്യവുമായ ഒരു താളം പ്രതിധ്വനിച്ചു. അകലെ,പരുന്തുകൾ അകാരണമായി കരഞ്ഞു.

ഉറച്ച ശരീരവും ബലിഷ്ഠങ്ങളായ കൈകാലുകളുമുള്ള ഒരാൾ.
ഞാൻ ആ മുഖത്തേക്ക്  നോക്കി.
ആരാണിത്‌?   

                                                                                                                           
നോക്കി നിൽക്കേ, നിലത്തു കിടന്ന ഒരു തോർത്തെടുത്ത് തോളിലിടുന്ന ലാഘവത്തിൽ വൃദ്ധനെയെടുത്ത് തോളിലിട്ടു. ഈ ദുർഘടസന്ധിയിൽ രക്ഷകനായെത്തിയ ഇയാൾ ആരാണ്‌ ? ദാരുണമായ ഒരു സ്ഥിതിവിശേഷത്തിൽ ഇത്ര സംയമനപൂർവ്വം എന്നാൽ ദുരൂഹമായ ചലനങ്ങളോടെ നിൽക്കുന്ന ഇയാളുടെ ഉദ്ദേശ്യമെന്ത്‌ ?
വൃദ്ധനുമായി അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങുകയാണ്‌. നാലടി മുന്നോട്ടു നടന്ന്, ഒന്നു നിന്നു. പിന്നെ പൊടുന്നനെ തിരിഞ്ഞു ഞങ്ങളെ മാറി മാറി നോക്കി.
എവിടെയോ കണ്ടു മറന്ന മുഖം.
എവിടെ ?

നിസ്സംഗമായ ഒരു ഭാവത്തിൽ തേയിലക്കാടുകൾക്കിടയിലൂടെ  മലകയറി, അയാൾ മഞ്ഞിലേക്ക് ലയിച്ചു. സ്വപ്നമോ സത്യമോ എന്ന് തിരിച്ചറിയാനാകാതെ ഞാനും ഉണ്ണിയേട്ടനും  തരിച്ചു നിന്നു. പുനംകൃഷിക്കായി കാട് തെളിച്ചു കയറിയ ഏതോ ഗോത്രസമൂഹത്തിന്റെ കുത്തുപാട്ടിന്റെ താളം ചുറ്റും പ്രതിധ്വനിക്കുന്നതായി  തോന്നി. നൂറ്റാണ്ടുകൾക്കപ്പുറമുള്ള വിജനമായ ഒരു പാതയിൽ ഞാനും ഉണ്ണിയേട്ടനും രണ്ട് പൊട്ടുകളായി.

ആ നേരം,ഫോഗ് ലാമ്പുകളുടെ ശക്തമായ വെളിച്ചം കണ്ണിലേക്കടിച്ചു.  ഏതോ വണ്ടി ചുരം കയറി വരുന്നു. വണ്ടികൾ...


ഒന്നിനു പിറകെ ഒന്നായി മൂന്ന് ലോറികൾ മുരണ്ടുകൊണ്ട് കയറി വന്നു. കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച  പുരാതനമായ ആ വെളിച്ചം കാഴ്ചയെ കടന്നുപോകുമ്പോൾ പൊടുന്നനെ, അല്പം മുമ്പ്‌ കണ്ട ആ മുഖം എനിക്ക് തെളിവായി...

പരിഷത്ത് പ്രവർത്തകനായിരുന്ന...
കുട്ടികളെ ചരിത്രം പഠിപ്പിച്ചിരുന്ന...
മദ്യശാലയിൽ ലഹരി വിളമ്പിയിരുന്ന.....
ഓർത്തപ്പോൾ, അടിവയറ്റിൽ നിന്ന് മുകളിലേക്ക്‌ ദുരൂഹവും പ്രാകൃതവുമായ ഒരു താളം മിന്നിക്കടന്നുപോയി. മഞ്ഞിന്റെ തിരശ്ശീല പച്ചിലകളിൽ നിന്ന് നിശബ്ദമായി അഴിഞ്ഞു
വീണു. ആകാശത്ത്‌ ഒരു പരുന്ത്‌ വട്ടമിട്ടു പറന്നു



മാതൃനാട്‌ മാസിക, ഒക്ടോബർ 2012

O


40 comments:

  1. അമ്പോ ! അവസാനവരിയെത്തിയപ്പോൾ അറിയാതെ രോമങ്ങൾ എഴുന്നേറ്റു !

    ഗംഭീരം, നിധീഷ്..ഈ ആഖ്യാന പാടവംh

    കമന്റിന്റെ വേഡ് വെരിഫിക്കേഷൻ മാറ്റുവാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു !

    ReplyDelete
    Replies
    1. നന്ദി ....Viddiman ... ആ നിയന്ത്രണം അറിയാതെ സംഭവിച്ചത്‌. ചങ്ങല മാറ്റിയല്ലോ എപ്പോഴേ !

      Delete
  2. സ്ഥിരം അപകടം നടക്കുന്ന മേഖലകളിൽ ജീവിത-മരണത്തിന്റെ ഗതി നിയന്ത്രിക്കുന്നത് ആത്മാക്കളാണത്രെ...
    (അങ്ങനെ കേട്ടിട്ടുണ്ട്)
    കഥയ്ക്ക് തണുത്ത യാത്രയുടെ സുഖം...
    നന്ദി അറിയിക്കുന്നു.....

    ReplyDelete
    Replies
    1. നിറഞ്ഞ സ്നേഹം ശബ്ന !

      Delete
  3. അവസ്ഥകളെ നിയന്ത്രിക്കുന്ന ആത്മാക്കള്‍. പുല്ലുകളുടെ ചലനത്തിനോപ്പം ബലിഷ്ട്ടമായ ആ ശരീരത്തിന്റെ ആഗമനം ... ആ സമയത്തെ പരിസര വര്‍ണ്ണന. അറിയാതെ നേരിയ ഭയം ഉള്ളിലുരഞ്ഞു കൂടുന്ന പ്രതീതി.
    നല്ല കഥ .. ആശംസകള്‍

    ReplyDelete
    Replies
    1. ഒരുപാട്‌ സന്തോഷം ... നന്ദി ശ്രീ VenugOpal

      Delete
  4. ക്ലൈമാക്സ്‌ ഒന്നും മനസ്സിലായില്ല. കമന്റ്‌ വായിച്ചപ്പഴാ മനസ്സിലായത് ആത്മാവ് ആണെന്ന്. സാഹിത്യബോധം കുറവായത് കൊണ്ടാകും.:-( ആശംസകള്‍ :-)
    ഇതൊന്നു വായിക്കണേ.

    ReplyDelete
  5. നന്നായിരിക്കുന്നു
    ഈ background മാറ്റിയാല്‍ വായിക്കാന്‍ കുറച്ചു കൂടി സുഖമുണ്ടാവുമെന്ന് തോന്നുന്നു

    ReplyDelete
    Replies
    1. സന്തോഷപൂർവ്വം സ്വീകരിക്കുന്നു, ഈ നിർദ്ദേശം.

      Delete
  6. ഇഷ്ടം രേഖപ്പെടുത്തിയവർക്കെല്ലാം ഒരുപാടൊരുപാട്‌ നന്ദി... Viddiman,sabna,venugopal,rashid, artof...

    ReplyDelete
  7. kuttikkanam, revoking some nostaljic feelings of my transition time between my teenage and youth. I had a real bike accident at this location on april 2001 easter midnight

    ReplyDelete
    Replies
    1. കഥനം അറിയാതെ അനുഭവങ്ങളിലേക്കെത്തുമ്പോൾ പകർന്നുകിട്ടുന്ന ആഹ്ലാദം ഇവിടെ പങ്കുവെക്കുന്നു.anil..

      Delete
  8. യാന്ത്രികതയുടെ ചുരം കയറാത്ത കഥയുടെ നേർവഴിയിലൂടെ 'ശ്രദ്ധാലു'വായ കഥാകാരനൊപ്പം യാത്ര ചെയ്യുമ്പോൾ കാണപ്പെടുന്ന ജനാലക്കാഴ്ചകൾ. ഒരു നാടോടിയുടെ കിളിയെപ്പോലെ വർണ്ണച്ചീട്ടുകളെടുത്ത്, ഉചിതമായ 'ട്രാൻസിഷൻ' നൽകി ജീവിതവുമായി ബന്ധിപ്പിക്കുന്ന ചാരുത. പല ഫ്രെയ്മുകളിൽ മാറി മാറി യാത്ര ചെയ്യുമ്പോഴും വഴിവളവുകളിലെ മഞ്ഞു തുളച്ചുകൊണ്ടു ഓർക്കപ്പുറത്തു മുരണ്ടു വരുന്ന, അധിനിവേശത്തിനാവാതെ തളർന്ന ലോറികളും അധിനിവേശത്തിൽ തളർന്നുപോയ പ്രകാശവും. ജീവിത സഹയാത്രികൾ മിത്തുകളായിമാറുന്നതു കഥാന്ത്യം. ഫോഗുലാമ്പുകൾ തെളിയിച്ചു തന്നെ യാത്ര ചെയ്തോളൂ, പുക മഞ്ഞു മൂടിയ വഴിയിൽ ഒറ്റ നോട്ടത്തിൽ നഷ്ടപ്പെട്ടേക്കാവുന്ന കുറെ കാഴ്ചകളുണ്ട് !

    ReplyDelete
  9. ആ നേരം,ഫോഗ് ലാമ്പുകളുടെ ശക്തമായ വെളിച്ചം കണ്ണിലേക്കടിച്ചു. ഏതോ വണ്ടി ചുരം കയറി വരുന്നു.
    വണ്ടികൾ...
    ഒന്നിനു പിറകെ ഒന്നായി മൂന്ന് ലോറികൾ മുരണ്ടുകൊണ്ട് കയറി വന്നു. കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച പുരാതനമായ ആ വെളിച്ചം കാഴ്ചയെ കടന്നുപോകുമ്പോൾ പൊടുന്നനെ, അല്പം മുമ്പ്‌ കണ്ട ആ മുഖം എനിക്ക് തെളിവായി... Good...:::))))

    ReplyDelete
    Replies
    1. ലോറികളുടെ കഥ വെറും കഥയല്ല,സർ ചരിത്രമുണ്ട്‌. അത്‌ വായിച്ചറിഞ്ഞപ്പോൾ തോന്നിയ ഒരു ഭ്രാന്തൻ സ്വപ്നം. നന്ദി സർ.

      Delete
  10. നിധിഷ്‌ജി , കഥയിലെ ചരക്കുവണ്ടിക്കുള്ളില്‍ ഞാനും ഉണ്ടായിരുന്നു.ആ തണുപ്പും ഭീകര അന്തരീക്ഷവും എല്ലാം കഥാകാരന്‍ അതേപോലെ വാക്കുകളിലൂടെ അനുഭവിപ്പിച്ചതുപോലെ.ശരിക്കും . വലിഞ്ഞു ചുരം കയറുവാന്‍ കഴിയാത്ത സായ്പ്പിന്റെ വണ്ടിയുടെ ആത്മാവിന് ഒരു സല്യൂട്ട്... ഇനിയും ആത്മാക്കള്‍ കാക്കട്ടെ നമ്മുടെ പൈതൃകത്തെ...!

    ReplyDelete
    Replies
    1. ഭായ്‌ ... ഒരുപാട്‌ സന്തോഷം. സെയിൽസ്‌ വാനിലെ യാത്രകളുടെ ചൂടും ചൂരും ഞാൻ പറയണ്ടല്ലോ അംജത്‌ ഭായ്‌.... ഒരു സെയിൽസ്‌ എക്സിക്യുട്ടീവിന്റെ പണി നോക്കിയിരുന്ന കാലം എനിക്കുമുണ്ടായിരുന്നു.സുന്ദരകാലം..... അധിനിവേശകാലത്തെ വലിയ ഒരു സമരത്തിന്റെ കഥയും വെള്ളക്കാർ മുട്ടുമടക്കിയതും അന്ന് പാവം പ്രകാശൻ കുഴിത്തുറ മാത്രം കണ്ടു.

      Delete
  11. അകലെ നിന്ന് അയാൾ നടന്നടുത്തേക്ക് വരുമ്പോൾ ഇതിഹാസങ്ങളുടെ പൈതൃകം പേറുന്ന കുന്നിൻപുറങ്ങളിൽ പുരാതനവും വന്യവുമായ ഒരു താളം പ്രതിധ്വനിച്ചു. അകലെ,പരുന്തുകൾ അകാരണമായി കരഞ്ഞു....

    മുഖ്യധാരയിൽ പോലും അപൂർവ്വമായ അതിമനോഹരമായ ഗദ്യം....
    നിധീഷിനെപ്പലൊരാളെ കൂട്ടുകാരാനായി കിട്ടിയതിൽ അഭിമാനം.....

    ReplyDelete
    Replies
    1. അത്രയ്ക്കൊക്കെ ഉണ്ടോ മാഷേ ...? എന്റേത്‌ ചില ഉടായിപ്പ്‌ സ്വപ്നങ്ങളല്ലായോ .... എന്നതായാലും കൂട്ടുകാരനാകാൻ കഴിഞ്ഞതിൽ എനിക്കും പെരുത്ത്‌ അഭിമാനം സന്തോഷം.

      Delete
  12. നന്ന് നിധീഷ്!

    ReplyDelete
  13. ഇത് കഥയോ ജീവിതമോ? ഭയങ്കരം.... ഞാന്‍ ഇത് 3 തവണ വായിച്ചു...എന്താ എഫ്ഫക്റ്റ്‌....; മനോഹരം... ഇനി ഞാനും ആ മല ഇറങ്ങാന്‍ ഒന്ന് പേടിക്കും.... ആശംസകള്‍

    ReplyDelete
    Replies
    1. ഉള്ളിൽ നിന്നുള്ള അഭിപ്രായങ്ങൾക്ക്‌ വല്ലാത്ത ഒരു ശക്തിയാണ്‌ പകരാൻ കഴിയുക. നന്ദി
      Sri.Vignesh !

      Delete
  14. കഥയുടെ രസതന്ത്രം അറിയുന്നവര്‍ക്ക് ഏതു പ്രേതവും പുല്ലാണ് .ലവണ തീരത്തില്‍ ഇതിനു മുന്‍പും കഥക്കൂട്ടുകള്‍ എമ്പാടും നുകര്‍ന്നിട്ടുണ്ട് .ഈ കഥയുടെ പ്രമേയത്തെ മറികടക്കുന്ന ആഖ്യാന ചാരുത വായനാസുഖം പകരുന്നു .വീണ്ടും കഥയുടെ വിരല്‍ സ്പര്‍ശങ്ങല്‍ക്കായി കാത്തിരിക്കുന്നു .

    ReplyDelete
    Replies
    1. സിയാഫേ ..കൂട്ടുകാരാ ....

      Delete

  15. ഊര്‍ജ്ജം രൂപം പൂണ്ടുവരിക...
    അത് തോന്നലോ വിഭ്രാന്തിയോ എന്ത് തന്നെ ആയാലും...
    കഥ ഇഷ്ടമായി. നന്നായി പറഞ്ഞു.

    ReplyDelete
    Replies
    1. ഈ വാക്കുകളിലൂടെയും അതേ ഊർജ്ജമാണ്‌ കിട്ടുന്നത്‌. സ്നേഹം Soni

      Delete
  16. റിയലിസത്തിലൂടെ വന്നു ഫാന്റസിയിലേക്കുള്ള ഈ കയറ്റമുണ്ടല്ലോ ,അതാണെന്നെ ഞെട്ടിച്ചത്.കുട്ടിക്കാനത്തെ മൂടല്‍ മഞ്ഞില്‍ പെട്ടപോലുള്ള അവസ്ഥ. നിധീഷിന്റെ ഭാഷയുടെ രമ്യതയും അഭിനന്ദനീയം. ഒറ്റവാക്കില്‍,ഒന്നാംതരമല്ല,ഓരൊന്നരത്തരം രചന.

    ReplyDelete
    Replies
    1. സ്വപ്നം കാണുന്നത്‌ പകർത്താനാണ്‌ പലപ്പോഴും ശ്രമിക്കുക. അതിനാൽ ഭ്രമാത്മകത എപ്പോഴും കടന്നുവരും. നന്ദി ഈ ഒന്നൊന്നര കുറിപ്പിന്‌ Sethulakshmi chechi.

      Delete
  17. ശ്ശോ..ഏലപ്പാറയിലെ ഭാര്യവീട്ടിലേയ്ക്കും തിരിച്ചുമേത് പാതിരാത്രിയും കാറോടിച്ച് ഒറ്റയ്ക്ക് വരാറുണ്ട്.
    ഇനിയിപ്പോ ആ മൂന്ന് ലോറികളെ അറിയാതെയാണെങ്കിലും തേടുമായിരിയ്ക്കും

    ReplyDelete
    Replies
    1. മറക്കാതെ നോക്കണം. ആ ലോറികൾ ചരിത്രമാണ്‌. ഇടുക്കിയുടെ ചരിത്രം വായിച്ചപ്പോൾ അവിചാരിതമായി മനസ്സിൽ പതിഞ്ഞു പോയ ആ ലോറികളെ ഞാനും എപ്പോഴും ആ വഴിക്കൊക്കെ അന്വേഷിക്കുന്നുണ്ട്‌.

      Delete
  18. ഏതു മഞ്ഞും തുളയ്ക്കുന്ന വൈരക്കണ്ണുകളുള്ള കഥാകാരാ, നമസ്കാരം.

    ReplyDelete
    Replies
    1. ഉബൈദ്‌ ഭായി .... വണക്കം !

      Delete
  19. വായിച്ചുവരുമ്പോള്‍ പുകമഞ്ഞില്‍ പെട്ടപോലെ കൈകള്‍ കൂട്ടിത്തിരുമ്മിപ്പോവുന്ന, മനോഹരമായ കഥനം!!!

    Thanks!

    ReplyDelete
    Replies
    1. സന്തോഷം .... ഈ വരിയിൽ കവിഞ്ഞ്‌ മറ്റൊന്നും കിട്ടാനില്ല, ശിവകാമി.

      Delete
  20. വായിക്കാന്‍ വൈകി പോയി, വളരെയധികം ഇഷ്ട്ടപ്പെട്ടു. നിധീഷ്‌ മലയാള സാഹിത്യ ചരിത്രത്തിൽ ഒരടയാളം വരച്ചിട്ടെ, മഞ്ഞുപാളികളില്‍ അലിയൂ.

    ReplyDelete
  21. അങ്ങനെ ഒരു കഥ.. പാനി പിലാദോ എന്ന് പറഞ്ഞ് കാറു നിറുത്തിച്ചവളെപ്പോലെ.. സന്തോഷം .. ഈ കഥയും ഒരുപാട് ഇഷ്ടമായി..

    ReplyDelete
  22. നിധിഷ് ജി - വായിച്ചു - ഇക്കഥയിൽ ഇടയ്ക്കു ചെറുതായി ബോറടിച്ചു.
    എന്നിരുന്നാലും കഥ മോശമല്ല.

    ReplyDelete